" താങ്കളുടെ അടുത്ത ചിത്രം എന്താണ് സര്‍ ? "
മാധ്യമ പ്രതിനിധികളുടെ ഇടയില്‍ നിന്നും പെട്ടെന്ന് കൊലുസ് കിലുങ്ങുന്നത് പോലെ ഉള്ള സ്വരം കേട്ട് ക്രിസ്റ്റി ജോസഫ് അങ്ങോട്ട് നോക്കി .
വെളുത്ത് കൊലുന്നനെ ഉള്ള ഒരു പെണ്‍കുട്ടി . ഇവളെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട് . ഇവളുടെ പേരെന്താണ് ? ക്രിസ്റ്റി ഓര്‍മ്മയില്‍ പരതി
" നീരജ അല്ലേ ? ... !!! " ക്രിസ്റ്റി സംശയത്തോടെ ആ പെണ്‍കിടാവിനെ നോക്കി .
ആ പെണ്‍കുട്ടിയുടെ മുഖത്ത് ഒരു മാത്ര മിന്നി മറഞ്ഞ അത്ഭുതം ക്രിസ്റ്റി കൌതുകത്തോടെ നോക്കി നിന്നു .
" അതേ സര്‍ !! "
" ഉം . എന്താ ചോദിച്ചത് ? ഒന്നൂടെ ചോദിക്കൂ "
അവള്‍ റൈറ്റിംഗ് പാഡും പേനയുമായി കസേരയില്‍ നിന്നും എണീറ്റു .
" താങ്കളുടെ മിഥില എന്ന ചിത്രം ഒരുപാട് വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നല്ലോ . അതുപോലെ തന്നെ നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയ ഒരു ചിത്രം ഈ അടുത്ത കാലത്തൊന്നും ആരും വരച്ചിട്ടില്ല . ഇനി അങ്ങയുടെ അടുത്ത വര്‍ക്ക് ഏതാണ് ? എന്താണ് വിഷയം ? "
ഒറ്റ ശ്വാസത്തില്‍ അവള്‍ ചോദിച്ചു . ക്രിസ്റ്റി ഒരല്‍പ്പ നേരം പിന്നിലേക്ക് ചാഞ്ഞ് നെറ്റിയില്‍ തടവി . അനന്തരം നീരജയെ നോക്കി .
" മിഥില ഞാന്‍ ഒരാഴ്ച കൊണ്ട് തീര്‍ത്ത ഒരു രചനയാണ് . ഒരു തരത്തില്‍ പറഞ്ഞാല്‍ അലസ രചന . പക്ഷെ ഞാന്‍ ഇത് വരെ വരച്ച ചിത്രങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട രചന എന്ന് നിസ്സംശയം ഞാന്‍ പറയും . " ക്രിസ്റ്റി പതിയെ മേശപ്പുറത്ത് നഖം കൊണ്ട് ചുരണ്ടി .
" അങ്ങനെ എങ്കില്‍ ആ ചിത്രത്തില്‍ എത്രമാത്രം ആത്മാംശം ഉണ്ട് സര്‍ ? " നീരജ ക്രിസ്റ്റിക്ക് നേരെ ചോദ്യ ശരമെയ്തു .
ക്രിസ്റ്റി നീരജയെ കൂര്‍പ്പിച്ചു നോക്കി . ആ നോട്ടം തന്റെ ഹൃദയത്തില്‍ തുളച്ചു കയറിയ പോലെ നീരജക്ക് തോന്നി .
" അങ്ങനെ ഒന്നില്ല . !!! "
ക്രിസ്റ്റി ഒന്ന് നിര്‍ത്തിയ ശേഷം തുടര്‍ന്നു . " മിഥിലയുടെ തീം എന്ന് പറയുന്നത് മാംസ ദാഹികളാല്‍ പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ ആണ് . ആത്മാംശം സന്നിവേശിപ്പിച്ചു എന്ന് പറയാന്‍ എന്താ കാരണം ? ഞാന്‍ ഇതിനു മുമ്പ് ഏതെന്കിലും സ്ത്രീകളെ നശിപ്പിച്ചിട്ടുണ്ട് എന്നാണോ ? " ക്രിസ്റ്റി കിതച്ചു .
ക്രിസ്റ്റിയുടെ ആ ഭാവം കണ്ടു നീരജ വല്ലാതായി . മറ്റു മാധ്യമ പ്രവര്‍ത്തകരും അന്തം വിട്ടു നില്‍ക്കുകയാണ് . സ്വതേ ശാന്ത ശീലനായ ക്രിസ്റ്റി യുടെ ഭാഗത്ത് നിന്നും ആദ്യമായാണ് ഇങ്ങനെ ഒരു ഭാവമാറ്റം .
" കൂള്‍ ഡൌണ്‍ മിസ്റ്റര്‍ ക്രിസ്റ്റി . ഞാന്‍ അങ്ങനെ അല്ല ഉദ്ദേശിച്ചത് . താങ്കള്‍ ഇതിനു മുമ്പ് വരച്ച ചിത്രങ്ങളില്‍ എല്ലാം ആത്മാംശം ഉണ്ടെന്നു താങ്കള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ് . അതുകൊണ്ട് ചോദിച്ചെന്നു മാത്രം !! " നീരജ ക്രിസ്റ്റിയെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു . ക്രിസ്റ്റിക്ക് അത് മനസിലായെന്നു തോന്നി . പതിയെ അദ്ദേഹം ശാന്തനായി .
" സോറി മൈ ഡിയര്‍ ഫ്രെണ്ട്സ് . നമുക്കിനി പിന്നീടൊരിക്കല്‍ സംസാരിക്കാം . !!! " ക്രിസ്റ്റി തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു .
മാധ്യമപ്പടയുടെ ഇടയില്‍ നിന്നും പിറുപിറുക്കലുകള്‍ ഉയര്‍ന്നു . അതൊന്നും കാര്യമാക്കാതെ ക്രിസ്റ്റി ഹാളില്‍ നിന്നും പുറത്തിറങ്ങി .
പ്രതീക്ഷിച്ച പോലെ തന്നെ അനീറ്റ പുറത്തു കാത്തു നില്‍പ്പുണ്ട് . ക്രിസ്റ്റിയുടെ മുഖഭാവത്തില്‍ നിന്ന് തന്നെ അനീറ്റ കാര്യങ്ങള്‍ ഏതാണ്ട് ഊഹിച്ചെടുത്തു . അവള്‍ ക്രിസ്റ്റിയുടെ കരം കവര്‍ന്ന് മൃദുവായി തലോടി . ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് . ചിലപ്പോ സാന്ത്വന വാക്കുകള്‍ ആയിരിക്കും വേദനിപ്പിക്കുന്ന ഹൃദയത്തെ കൂടുതല്‍ ആഴത്തില്‍ കീറി മുറിക്കുന്നത് .
ഡോര്‍ തുറന്നു അകത്തു കയറിയ ക്രിസ്റ്റി അനീറ്റയെ ക്ഷണിച്ചു.
" കയറ് ... "
നിന്ന വഴിയെ ദാക്ഷിണ്യമില്ലാതെ ഞെരിച്ചുകൊണ്ട് ക്രിസ്റ്റി കാര്‍ മുമ്പോട്ടെടുത്തു . സ്റ്റിയറിംഗ് വീലില്‍ അറിയാതെ കൈകള്‍ ഞെരിഞ്ഞു . നീരജ .... അവള്‍ കുറച്ചു കാലമായി ഇതുപോലുള്ള ചോദ്യങ്ങളുമായി പിറകെ നടക്കുന്നു . അവള്‍ക്കിത് എന്തിന്റെ കേടാണ് ?
ക്രിസ്റ്റിയുടെ മുഖം ക്രോധത്താല്‍ ചുവന്നു . അനീറ്റ കൌതുകത്തോടെ അതിലേറെ ആരാധനയോടെ ക്രിസ്റ്റിയെ നോക്കി .
ക്രിസ്റ്റി ജോസഫ് . കേവലം നാലു ചിത്രങ്ങളിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ന്ന അതുല്യ കലാ പ്രതിഭ . ആദ്യ ചിത്രമായ കാവല്‍മാടം ജനം നോക്കിക്കണ്ടത് ഒരല്‍പം ഭീതിയോടെയാണ് . ഭയാനകമായ ഒരു സൌന്ദര്യം ആയിരുന്നു ആ ചിത്രത്തില്‍ . അതിനടുത്ത ചിത്രങ്ങളായ അരൂപികളുടെ ശയനവും , വിരക്തിയും വരച്ചതോടെ ക്രിസ്റ്റി അതുല്യനായി വളരുകയായിരുന്നു . നാലാമതായി വരച്ച മിഥില എന്ന ചിത്രമാണ് ക്രിസ്റ്റിയുടെ ജാതകം തിരുത്തിയെഴുതിയത് . ചായക്കൂട്ടുകളാല്‍ ഒരു പതിതയാക്കപ്പെട്ട സ്ത്രീയുടെ വിഹ്വലതകള്‍ വരച്ചു ചേര്‍ത്ത ആ ചിത്രം കാഴ്ചക്കാരുടെ മനസ്സില്‍ ഇടിമിന്നല്‍ സൃഷ്ടിക്കാന്‍ പോന്നതായിരുന്നു .
ക്രിസ്റ്റിയുടെ പ്രതിശ്രുത വധുവാണ് അനീറ്റ . ഒരു വര്ഷം മുമ്പ് പറഞ്ഞുറപ്പിച്ച ബന്ധം . കുറച്ചു കാലം കൂടി കഴിഞ്ഞിട്ട് മതി വിവാഹം എന്നായിരുന്നു ക്രിസ്റ്റിയുടെ നിബന്ധന . കുറച്ചു നല്ല ചിത്രങ്ങള്‍ ചെയ്യണം . കുടുംബം ആയാല്‍ ഇപ്പോള്‍ ഉള്ള ഏകാഗ്രത നഷ്ടപ്പെടും .
" നീ ഇറങ്ങുകയല്ലേ ? ... "
ക്രിസ്റ്റിയുടെ ചോദ്യമാണ് അനീറ്റയെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് . തന്റെ വീടെത്തിയിരിക്കുന്നു .
" ഞാന്‍ ക്രിസ്റ്റിയുടെ വീട്ടിലേക്കു വരുവാ . "
" വേണ്ട . !!! " ക്രിസ്റ്റിയുടെ മറുപടി പെട്ടെന്നായിരുന്നു . " എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണം "
അനീറ്റയുടെ മുഖം വാടി . " എന്നാല്‍ വീട്ടിലൊന്നു കയറിയിട്ട് പോവാം ക്രിസ്റ്റി . ഇതുവരെ വന്നതല്ലേ ? "
" പിന്നീടൊരിക്കല്‍ ആവട്ടെ . ഇപ്പോള്‍ ഞാന്‍ വന്നാല്‍ ശരിയാവില്ല " ക്രിസ്റ്റി കാര്‍ മുന്നോട്ടെടുത്തു .
പോവട്ടെ . കുറച്ചു നേരം തനിച്ചിരിക്കട്ടെ . അനീറ്റ ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് തിരിഞ്ഞു നടന്നു .
അസ്വസ്ഥമായ മനസ്സോടെ ക്രിസ്റ്റി കാറോടിച്ചു . നല്ല തിരക്കുള്ള നിരത്ത് . പൊടുന്നനെ ഒരു മിന്നായം . ബ്രേക്ക് അലറി . ഒരു കൈക്കുഞ്ഞിനെയും ഒക്കത്ത് വച്ചുകൊണ്ട് ഒരു സ്ത്രീ കാറിനു മുമ്പില്‍ .
" എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നെ ? ....... "
ആ സ്ത്രീ പുഴുത്ത തെറി വിളിച്ചു . ഏതോ തെരുവുപെണ്ണ് . ആരോ സമ്മാനിച്ച കൈക്കുഞ്ഞുമായി അവള്‍ റോഡില്‍ നിന്ന് തുള്ളിയുറഞ്ഞു . ക്രിസ്റ്റിയുടെ മനസ്സില്‍ അലകടല്‍ ഇരമ്പി .
പോര്‍ച്ചില്‍ വണ്ടി നിര്‍ത്തി ക്രിസ്റ്റി വീട്ടിലേക്കു കയറി . സിറ്റൗട്ടില്‍ ഇന്നത്തെ പത്രം . എടുത്തു നോക്കി . മുന്‍ പേജില്‍ തന്നെ അവള്‍ .. !!!!!
മിഥില !!!!!!!!!
ക്രിസ്റ്റിയുടെ ദേഹം ഒന്ന് നടുങ്ങിയുലഞ്ഞു . വാര്‍ത്ത വിശദമായി കൊടുത്തിട്ടുണ്ട് .
മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ തിരോധാനം . അന്വേഷണം വഴിമുട്ടുന്നു .
തലക്കെട്ടിനു താഴെ സില്‍വിയയുടെ ചിത്രം . താന്‍ വരച്ച മിഥില . ക്രിസ്റ്റിയുടെ മനസ്സില്‍ വെള്ളിടി വെട്ടി
ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി സില്‍വിയ ആന്റണിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു . വീട്ടില്‍ നിന്നും ക്ലാസ്സിലേക്ക് പോയ സില്‍വിയയെ നാല് ദിവസം മുമ്പാണ് കാണാതായത് ..... വാര്‍ത്തകള്‍ നീളുന്നു .
ക്രിസ്റ്റി പത്രം വലിച്ചെറിഞ്ഞു . വല്ലാത്ത പരവേശം . ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തു കുടിച്ചു . കുപ്പി തിരികെ വച്ച് ക്രിസ്റ്റി ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് നോക്കി . തണുത്തു മരവിച്ച സില്‍വിയയുടെ മൃതദേഹം തന്നെ നോക്കുന്നു . ക്രിസ്റ്റിയുടെ മുഖത്ത് ഇരയെ നോക്കുന്ന വന്യമൃഗത്തിന്റെതായ ഒരു ഭാവം വിരിഞ്ഞു . ഫ്രിഡ്ജില്‍ നിന്നും പ്രവഹിച്ച വെളിച്ചത്തില്‍ അയാളുടെ ഉളിപ്പല്ലുകള്‍ വെട്ടിത്തിളങ്ങി .
കസേരയിലേക്ക് ചാഞ്ഞിരുന്ന്‍ ക്രിസ്റ്റി കണ്ണുകളടച്ചു .
" താങ്കളുടെ അടുത്ത ചിത്രം എന്താണ് സര്‍ ? "
നീരജ . വജ്രപ്പൊട്ടുകള്‍ തിളങ്ങുന്ന അവളുടെ കണ്ണുകള്‍ . അയാള്‍ നിശബ്ദമായി പുഞ്ചിരിച്ചു .
" അടുത്ത ചിത്രം ഏതെന്നു അറിയണമല്ലേ ? അറിയിക്കാം " പിറുപിറുത്തുകൊണ്ട് അയാള്‍ എഴുന്നേറ്റു . ഡ്രോയിംഗ് ഷീറ്റ് സെറ്റ് ചെയ്ത ശേഷം പാലെറ്റിലേക്ക് ചായങ്ങള്‍ നിറച്ചു . ചുവന്ന ചായത്തില്‍ ബ്രഷ് മുക്കി അയാള്‍ ആദ്യം തന്നെ അടിക്കുറിപ്പെഴുതി .
" ചെഞ്ചായം "
നീരജയുടെ രൂപം മനസ്സിലേക്ക് ആവാഹിച്ച് അയാള്‍ വരയ്ക്കാന്‍ തുടങ്ങി . ആ ക്ഷണം ഫോണ്‍ റിംഗ് ചെയ്തു .
അനീറ്റയാണ് .
" ഹലോ ... "
" ക്രിസ്റ്റീ ... നീ പത്രം കണ്ടോ ? നീ വരച്ച മിഥിലയുടെ രൂപമുള്ള ഒരു പെണ്ണിനെ കാണാതായി എന്ന് "
" ഉം ... ഞാനും കണ്ടു !!! "
" എന്താ ക്രിസ്റ്റീ ഇതൊക്കെ ? ആ കുട്ടിയെ നീ കണ്ടിട്ടുണ്ടോ ? എന്താ നിങ്ങള്‍ തമ്മില്‍ ബന്ധം ? ... " അനീറ്റ കരയാനുള്ള പുറപ്പാടാണ് .
" എനിക്കറിയില്ല അനീറ്റ . എന്റെ മനസ്സില്‍ വന്ന ഒരു രൂപം ഞാന്‍ പകര്‍ത്തി എന്നേ ഉള്ളൂ . ... " ക്രിസ്റ്റി പതിയെ പറഞ്ഞു .
അനീറ്റ കരയാന്‍ തുടങ്ങി " എന്തൊക്കെയാ നടക്കുന്നെ ? എനിക്കറിയാന്‍ മേല എന്റെ കര്‍ത്താവേ .... "
" ഞാന്‍ പിന്നെ വിളിക്കാം അനീറ്റ . " ക്രിസ്റ്റി ഫോണ്‍ വച്ചു . അനന്തരം ഫ്രിഡ്ജ് തുറന്നു സില്‍വിയയുടെ മൃതദേഹം എടുത്തു കാറിന്റെ ഡിക്കിയില്‍ കൊണ്ടിട്ടു . കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അതിവേഗം പുറത്തേക്കു ഓടിച്ചു പോയി .
**********************************************
രക്തത്തില്‍ കുളിച്ച് ചേതനയറ്റു കിടക്കുന്ന നീരജയെ നോക്കി ക്രിസ്റ്റി ചിത്രം വരയ്ക്കാന്‍ തുടങ്ങി . ചുവന്ന നിറവും കറുത്ത നിറവും ബ്രഷില്‍ മുക്കുമ്പോഴെല്ലാം അയാള്‍ പല്ല് ഞെരിച്ചു .
ഭീകരമായ ഇരുളില്‍ രക്തത്തില്‍ മുങ്ങിക്കിടന്നിരുന്ന അമ്മയുടെ ചിത്രം . അച്ഛന്റെ രണ്ടാം ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സ്വത്തിന് വേണ്ടി വീട് കുരുതിക്കളമാക്കിയപ്പോള്‍ അമ്മയുടെയും അനിയത്തിയുടെയും ചെഞ്ചായം പൂശിയ ശരീരത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ കുഞ്ഞു ക്രിസ്റ്റി .
പുറം ലോകം കാണാതെ സൂക്ഷിച്ചു വച്ച ചിത്രങ്ങളില്‍ ചായക്കൂട്ടുകളായി മാറിയ രണ്ടാനമ്മയും ബന്ധുജനങ്ങളും .
അയാള്‍ കിതച്ചു . തന്നെ ഒരു സാഡിസ്റ്റായി മാറ്റിയ ചുവന്ന നിറം . കറുത്ത രാത്രി ....
നാളെ പുലരുമ്പോള്‍ പ്രശസ്ത ചിത്രകാരന്‍ ക്രിസ്റ്റിയുടെ മറ്റൊരു മുഖം ലോകം കാണും . അതിനു മുമ്പ് തന്റെ അവസാന ചിത്രം തനിക്ക് പൂര്‍ത്തിയാക്കണം .
ഡ്രോയിംഗ് ഷീറ്റില്‍ ബ്രഷ് തെരുതെരെ ചലിച്ചു . ചായക്കൂട്ടുകള്‍ക്ക് ജീവന്‍ വച്ചു . നീരജയെ അയാള്‍ ബ്രഷിലേക്ക് ആവാഹിച്ചു .
അവസാന വട്ട മിനുക്കുപണികളും തീര്‍ത്തു അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു . പിറകിലേക്ക് നീങ്ങി ചിത്രത്തെ വീക്ഷിച്ച ക്രിസ്റ്റിയുടെ മനസ്സില്‍ വെള്ളിടി വെട്ടി .
നീരജയുടെ ചിത്രത്തിന് അനീറ്റയുടെ മുഖം !!!!
അലറി വിളിച്ചുകൊണ്ട് അയാള്‍ ആ ചിത്രത്തിലേക്ക് ബ്രഷിന്റെ മുന കുത്തിയിറക്കി . പെയിന്റ് പാലെററ്റില്‍ നിന്നും ഭീകരതയുടെ നിറങ്ങള്‍ നിലത്ത് ചിതറി .
അടുത്ത ദിവസത്തെ പത്രത്താളുകളില്‍ വാര്‍ത്തകള്‍ നിറഞ്ഞു .
ക്രിസ്റ്റി ജോസെഫിന്റെ മരണ വാര്‍ത്തയുടെ കൂടെ സില്‍വിയ ആന്റണി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയും ഒരു കോണില്‍ ഇടം പിടിച്ചു . ക്രിസ്റ്റിയുടെ രചനാമുറിയില്‍ അപ്പോഴും ചായക്കൂട്ടുകള്‍ ഉണങ്ങാതെ കിടന്നു .