Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, April 24, 2013

പേശാമടന്ത


തന്റെ വാക്കുകളെ അവന്‍ തിന്നു തുടങ്ങിയപ്പോഴാണ്
അവള്‍ ആദ്യമായി നിശബ്ദയായത്
കേട്ട കേള്‍വികള്‍ വാക്കുകളായി കേള്‍വിയെ നോവിച്ചപ്പോള്‍
വീണ്ടുമവള്‍ നിശബ്ദയായി
പറയേണ്ട കാര്യങ്ങള്‍ പറഞ്ഞ കാലത്ത് ജനം അവളെ
അധികപ്രസംഗി എന്ന് വിളിച്ചു
പറച്ചില്‍ നിര്‍ത്തി കേള്‍വി തുടങ്ങിയപ്പോള്‍
അവള്‍ അവര്‍ക്ക് പേശാമടന്തയായി.

വാക്കുകള്‍ ഉപയോഗിച്ച കാലത്ത് അവള്‍ക്കു ചുറ്റും
കാതുകള്‍ ഉണ്ടായിരുന്നു .
മൌനം ഭുജിച്ച കാലം കേട്ട കാതുകള്‍
വാക്കുകളായി പരിണമിച്ചു .
അന്ന് പറയാന്‍ ഒരു വായും കേള്‍ക്കാന്‍
ആയിരം കാതുകളും
ഇന്ന് പറയാന്‍ ആയിരം " വാ " യും
കേള്‍ക്കാന്‍ ഒരു കാതും മാത്രം

പൂക്കാലത്ത് അവളൊരു പൂന്തോട്ടമായിരുന്നു
ഇന്നവള്‍ വെറും ചെടി
പുഷ്പിക്കാത്ത , കായ്ക്കാത്ത വെറും
പാഴ്ചെടി

വാക്കിന്റെ കനം നോക്കിയിരുന്നവര്‍
ഇന്നവളുടെ മൌനത്തെ ദംഷ്ട്രകളാല്‍
കാര്‍ന്നു തിന്നു .

Sunday, April 15, 2012

പെയ്തുതോര്‍ന്ന സന്ധ്യയില്‍



അര്‍ത്ഥരഹിതമായ വാക്കുകള്‍
കടിപിടി കൂടുന്ന പാര്‍ട്ടിയില്‍ വച്ചാണ്
അവനെ ആദ്യമായി കണ്ടത്

അന്തരീക്ഷത്തില്‍ വിലകൂടിയ
സിഗരറ്റിന്റെ ധൂമ പടലങ്ങള്‍
പുകച്ചുരുളുകള്‍ക്ക് മേമ്പൊടിയായി
വിലകുറഞ്ഞ ഫലിതത്തിന്റെ കഫക്കെട്ടുകള്‍

പളപളപ്പാര്‍ന്ന പട്ടുവസ്ത്രങ്ങളില്‍ പൊതിഞ്ഞ
കെട്ടിലമ്മമാര്‍ക്കപ്പുറത്ത് നിസ്സംഗ ഭാവത്തോടെ
വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ പുരട്ടാതെ
വെറും പച്ച മനുഷ്യനായി അവന്‍ !!!

അലസമായി പാറിപ്പറക്കുന്ന മുടിയിഴകള്‍
അതിലേറെ അലസമായി കോതിയൊതുക്കി
ഇനിയും പ്രസവവേദന തുടങ്ങിയിട്ടില്ലാത്ത
മേഘക്കെട്ടുകളെ ആര്‍ദ്രമായി നോക്കി
ഒരു ശില പോലെ അവന്‍ !!!

സീല്‍ക്കാരമടിച്ചെത്തിയ പിശറന്‍ കാറ്റിനൊപ്പം
നൃത്തം വെക്കാന്‍ തുടങ്ങിയ കേശഭാരം
ഒരുവേള കാഴ്ച മറച്ചപ്പോള്‍
വിരഹവേദന തപിപ്പിച്ച പ്രണയിനിയുടെ
വിതുമ്പുന്ന താപം മനസ്സില്‍ നിറഞ്ഞു .

കൊതിയൂറുന്ന ഭോജ്യവസ്തുക്കളുടെ കൂടെ
എച്ചില്‍ തമാശകള്‍ ചവച്ചു തുപ്പുന്ന
മദ്യം നിറച്ച വീപ്പകള്‍
എച്ചില്‍ പാത്രത്തിനു മുകളിലേക്ക്
മറ്റൊരു എച്ചിലായ് വീണുകിടക്കുന്ന ചിലര്‍

ഒരുമാത്ര നോട്ടം ഇടഞ്ഞ നേരം
ഹൃദയത്തില്‍ വെട്ടിയ വെള്ളിടി 
പ്രകൃതിയില്‍ പ്രകമ്പനം കൊണ്ടു .
കറുത്തിരുണ്ട മേഘപാളികള്‍ ചിതറിത്തെറിപ്പിച്ച്
ഭൂമിയുടെ മാറില്‍ ക്ഷതമേല്‍പ്പിച്ച്
ആദ്യാനുരാഗത്തിന്റെ മഴത്തുള്ളികള്‍ ആവാഹിച്ച്
അലച്ചുതല്ലി പെയ്തു തുടങ്ങിയ കള്ളക്കര്‍ക്കിടകം

ഒരു കുഞ്ഞിനെപ്പോലെ മഴയിലേക്ക് ഇറങ്ങി നടക്കുന്ന
അവനു പിന്നാലെ മസ്തിഷ്കം മരവിച്ച പോലെ
പതറിയ കാല്‍വെപ്പുകളോടെ
പതിയെ പതിയെ ...

മതില്‍ക്കെട്ടിനപ്പുറത്ത്‌ പഴയ കുത്തുവിളക്ക് നാട്ടിയ
ക്ഷേത്ര മേല്‍ക്കൂരയിലിരുന്ന് രണ്ടു പ്രാവുകള്‍ കുറുകി
ഹൃദയഭാഷ കണ്ണുകളിലൂടെ പകര്‍ന്നു നല്‍കി
പ്രണയപരവശമായ രണ്ടു മനസ്സുകള്‍

മുടിയിഴയിലൂടെ കര്‍ക്കിടകം പെയ്തു കൊണ്ടിരുന്നു
രണ്ടു മനസ്സുകളെ ചേര്‍ത്തുവെക്കാന്‍ പ്രകൃതിയുടെ നാട്യം
കുളിരണിയിക്കുന്ന മനസ്സിലേക്ക് വീണ്ടും വീണ്ടും മഴ
വിങ്ങി വിതുമ്പി നേര്‍ത്ത് .. നേര്‍ത്ത് .....

Thursday, July 7, 2011

ശലഭം



മര്‍ത്ത്യ ജന്‍മം വെടിഞ്ഞു ഞാനൊരു

ശലഭമായീ ഭൂവില്‍ പിറന്നു

ദര്‍ഭ മുനയുടെ താഡനമേല്‍ക്കാതെ

പട്ടുനൂല്‍ പുതപ്പില്‍ ഞാനെന്‍
പിറവിയെ കാത്തു കിടന്നു
കൊതിച്ചപോലൊരുദിനം
വസന്തത്തിന്‍ പട്ടുമെത്തയിലേക്ക്
വര്‍ണ വിളക്കുകള്‍ ചിറകായ്
തെളിയിച്ചു ഞാനെന്‍ ജന്മം
ഭൂവിനായ് പകുത്തു നല്‍കി
സൌന്ദര്യമാകെ ദേഹത്ത് വിരിയിച്ച
ദൈവത്തിനൊരു നന്ദി പറയാതെ
മധുവുണ്ണാന്‍ തിടുക്കമായ്‌
പറന്നകന്നു ഞാനെന്‍
ഗര്‍ഭ ഗൃഹത്തെ ഗൌനിക്കാതെ
നിറങ്ങള്‍ ചുടുചായം പൂശിയ
പൂക്കളില്‍ മറ്റൊരു വര്‍ണമായ് ഞാന്‍
മന്ദ മാരുതന്‍ തൊട്ടിലാട്ടി
പച്ചില ചാര്‍ത്തില്‍ നിദ്ര പൂകി
തേന്‍ നുകര്‍ന്നതില്‍ പിന്നെ
പൂമരം തേടി ഞാന്‍
പറന്നകലവേ ചിറകറ്റു വീണു ഞാന്‍
ഇത്തിരി തേനുമായ് ഒത്തിരി ദിനരാത്രം
ഇരുള്‍ വീണു കേഴുന്നു
ഇതളടര്‍ന്ന പൂ പോലെ
വരും ജന്മത്തിലും എനിക്കീ ചിറകുകള്‍ വേണം
വര്‍ണം പടര്‍ത്തും ശലഭ ജന്‍മം 

Wednesday, June 8, 2011

മഴ



മഴ പെയ്യുന്ന വയല്‍ക്കരയില്‍
ഒരു നിലാപക്ഷിയായ് ഞാന്‍
വ്രണിത ഹൃദയമോടെ നില്‍ക്കെ
കേള്‍പ്പൂ പ്രകൃതിതന്‍ ദുന്ദുഭി നാദം

ഇടിമിന്നല്‍ പിണരുകള്‍ ഭൂവിന്‍റെ മാറില്‍
ക്ഷതമെല്‍പ്പിച്ചു മരിച്ചു വീഴ്കെ
ഓര്‍മ തന്‍ മാറാല നീക്കി ജ്വലിക്കുന്നു
മഴയിറ്റു വീഴും മിഴിക്കോണിന്‍ ചിത്രങ്ങള്‍

പുകപിടിച്ചു ദ്രവിച്ച പനയോല ചുമരിലൂ -
ടിറ്റിറ്റു വീഴുന്നു കണ്ണീര്‍ പോലെ മഴത്തുള്ളികള്‍
മനസ് പോലെ മങ്ങി ആളുന്ന ചിമ്മിനി വിളക്കിന്‍ ചുറ്റും
രാത്രീന്ജരന്മാര്‍ വട്ടമിട്ടു പറക്കുന്നു

നനഞ്ഞു കുതിര്‍ന്ന പായയില്‍ വിശപ്പിന്‍ രോദനം
പിഞ്ഞിത്തുടങ്ങിയ പുതപ്പിനാല്‍ മൂടി വെക്കവേ
ശരീരത്തിലാഴുന്നു നനവിന്‍ തണുത്ത സൂചികള്‍
മനസിനെക്കാള്‍ തണുപ്പോടെ വീണ്ടും വീണ്ടും

മഴയുണ്ടായിരുന്നെനിക്ക് കൂട്ടായെപ്പോഴും
ചിരിക്കു മുന്നിലും കരയുമ്പോള്‍ കൂടെ കരഞ്ഞും
മനസും ശരീരവും മരവിച്ച ഹൃദയവും
മഴ പോലെ അലിയട്ടെ ഈ ജീവ വായുവും

സമ്മാനം


ഇന്നെന്‍ ജന്‍മദിനം
ഭൂമിയെ കാണാന്‍ കൊതിച്ചു
വര്‍ണത്തിന്‍ വെളിച്ചത്തിലേയ്ക്കു ഞാന്‍
ഊളിയിട്ടിറങ്ങിയിട്ടിന്നു
ഒരു വര്‍ഷമാകുന്നു
അമ്മിഞ്ഞപ്പാലിന്‍ മാധുര്യം ; ചുണ്ടില്‍
മാതൃത്വത്തിന്‍ വാത്സല്യം
പറിച്ചു മാറ്റപ്പെട്ടിട്ടു ഇന്നേക്ക്
നാളേറെ കഴിയുന്നു
വര്‍ണ വിളക്കുകള്‍ തെളിഞ്ഞ
വീടിന്റെ ചുറ്റിലും
വിരുന്നുകാര്‍ വന്നെത്തി
വിളിച്ചവരും വിളിക്കാത്തവരും
കൌതുകം കണ്ണില്‍ വിരുന്നിനെത്തി
വിളക്കിന്‍ ചുവട്ടില്‍
ഈയം പാറ്റ പോലെ ഞാനെന്ന
വിളക്കിന്‍ മുന്നില്‍ പൊതിയുന്നു പുരുഷാരം
ഹാപ്പി ബര്‍ത്ത് ഡേ പാടി എല്ലാവരും
അര്‍ത്ഥമെന്തെന്നറിയാത്ത
കൊച്ചു കിടാങ്ങള്‍ അതേറ്റു ചൊല്ലി
കൈ കൊട്ടി പാടുമ്പോഴും അവരുടെ കണ്ണില്‍
വിരിയുന്നു എന്നെക്കാളേറെ
മുന്നില്‍ വച്ചിരിക്കുന്ന
മെഴുകു തിരി കാലുകള്‍ നാട്ടിയ
കേക്കിന്റെ സൌരഭ്യം
അച്ഛന്റെ കൈയില്‍ തിളങ്ങും
കത്തിയാല്‍ വെട്ടിമുറിച്ച്
മധുരത്തിന്‍ തുള്ളികള്‍ തെറിപ്പിക്കെ
ഒരു വാക്കിനാല്‍ എന്റെ പിറന്നാള്‍
ഒതുക്കിയവര്‍
മധുരത്തിനായി
മല്‍പ്പിടിത്തം നടത്തുന്നു
ബഹളത്തില്‍ പിന്നിലേക്കെറിയപ്പെട്ട
പിഞ്ചിളം കണ്ണുകള്‍ ചുറ്റിലും പരതവേ
പീള മൂടിയ കണ്ണുകള്‍ വലം വെക്കുന്നു
മുത്തശ്ശി എന്നാണതിന് പേരെന്ന്
ആരോ ചൊല്ലി തന്നതോര്‍ക്കുന്നു
പഴയ ചാക്കുകള്‍ അടുക്കിയ മുറിയില്‍
ഇരുള്‍ മൂടിയ പുക പിടിച്ച
ചുമരുകള്‍ക്കുള്ളില്‍
ഞാനും ഒരു ജന്മമാണെന്നു
ദീന ദീനം കേഴുന്ന
വിളര്‍ത്തു മെലിഞ്ഞ ഒരു അസ്ഥി പഞ്ജരം
മുത്തശ്ശി എന്ന വിരോധാഭാസം
അതിഥികള്‍ പോകും വരെ
മുറിയില്‍ കിടക്കണം
പുറത്തേക്കു വരരുത്.
അപമാനമാണ് ഞങ്ങള്‍ക്കത്
അച്ഛന്റെ ആജ്ഞ മുത്തശ്ശിയുടെ കണ്‍കളില്‍
ദിവാ സ്വപ്നത്തിന്റെ ഭീതി നിറക്കെ
കണ്ണുകള്‍ തേടുന്നു
വിശപ്പ്‌ മണക്കുന്ന സുഭിക്ഷമായ
പാത്രങ്ങളിലേക്ക്
വിശപ്പിന്‍ മൂര്‍ധന്യതയില്‍
ആര്‍ത്തിയോടെ നോക്കുന്ന മുത്തശ്ശി
കയ്യില്‍ ഇപ്പോഴും ബാക്കി കിടക്കുന്ന 
മധുരത്തിന്‍ തുണ്ടുമായ് ഇരുള്‍ വീണ
ഇടനാഴിയിലൂടെ ആ കയ്യിലേക്ക്
പകരവേ അറിയുന്നു ഞാന്‍
ഇതാണെന്‍ സമ്മാനം. മുത്തശ്ശിയുടെ വിറയാര്‍ന്ന
കൈകളാല്‍ തലയില്‍ തലോടലിന്‍
വാത്സല്യം വിളമ്പിയ ഈ സ്നേഹമാണെനിക്ക്
ലഭിച്ച അമൂല്യ സമ്മാനം

Monday, May 23, 2011

കടപ്പാടിന്‍റെ നേര്‍ രേഖ

ഈ പാഴ് ജന്മത്തില്‍
എനിക്കാരോടാണ് കടപ്പാട് ..
എന്നെ
ഈ ഭൂമിയിലേക്ക്‌ ദൌത്യത്തിനായി
തള്ളി വിട്ട ദൈവത്തിനോടോ

ഒരു ചെറു ബീജമായ്
നാട വിര പോല്‍ ജനിച്ചു കൈകാല്‍ കുടഞ്ഞു
ഗോളാകൃതിയില്‍
എനിക്ക് പ്രാണന്‍റെ ആദ്യ പാഠം
ചൊല്ലിതന്ന
ഗര്‍ഭ പാത്രത്തിനോടോ

അമിഞ്ഞപാലിന്‍റെ മാധുര്യം
എന്‍റെ നാവിന്‍ തുമ്പില്‍
ജീവാമൃതമായ് സ്നേഹവും ലാളനയും
സമം ചേര്‍ത്ത് നല്‍കിയ
അമ്മ തന്‍ വാല്‍സല്യത്തിനോടോ

ജീവിച്ചു തുടങ്ങും മുമ്പേ
ജീവിതത്തെക്കാള്‍ വലിയ ഭാരം
ചുമടായ് ചുമന്നു രക്തം ചുടു വിയര്‍പ്പായ്‌
ഒഴുക്കി എനിക്ക് അന്നം നല്‍കിയ
അച്ഛന്‍റെ വിയര്‍പ്പു തുള്ളികളോടോ ...

ഒരു നേര്‍ത്ത തെന്നല്‍ പോലെ
ധമനികളില്‍ പ്രേമത്തിന്‍ മുദ്രകള്‍ ചാര്‍ത്തി
സൌഹൃദത്തിന്റെ മൂട് പടം
അണിയിച്ചു ഹൃദയം
പിച്ചി പറിച്ചു കണ്‍ മുന്നിലൂടെ
തകര്‍ന്ന മനസ്സില്‍ ചവിട്ടി അനന്തതയിലേക്ക്
നടന്നു കയറിയ പ്രണയത്തോടോ .....

ഒരു നുള്ള് കുങ്കുമം സീമന്ത രേഖയിലും
താലി ചരടിന്റെ പരുക്കന്‍ ബാന്ധവം
കഴുത്തിലും വലം കയ്യിലേക്ക് ചേര്‍ത്ത് വച്ച് തന്ന
മറു കയ്യിന്‍റെ സംരക്ഷണയില്‍
വലതു കാല്‍ വച്ച് ജീവിതത്തിലേക്ക്
നടന്നു കയറിയ
ജീവിതത്തിന്‍റെ മറു പാതിയോടോ ....

മാതൃത്വത്തിന്‍ ആനന്ദം
കൈ കാലുകള്‍ കുടഞ്ഞു
ലോകത്തെ നോക്കി അലറിക്കരഞ്ഞു
പിഞ്ചു കൈകളാല്‍
മാതൃത്വത്തെ തൊട്ടുണര്‍ത്തിയ
കടിഞ്ഞൂല്‍ കുരുന്നിനോടോ .....

അമ്മെ എന്നാദ്യം കൊഞ്ചി
അമ്മിഞ്ഞ പാലിന്റെ കൂടെ
ജീവനും ജീവിതവും പകുത്തു വാങ്ങി
മാതൃത്വത്തിന്റെ താപം ശമിപ്പിച്ച
പിന്ജിളം ചുണ്ടിനോടോ ...

വാര്‍ധക്യത്തിന്റെ തണുത്തു മരവിച്ച
പായിലിരുന്ന് മരണത്തെ കൈ നീട്ടി
വിളിച്ചു അനന്ത വിഹായസ്സിലേക്ക് പറന്നുയരുമ്പോള്‍
അത് വരെ എനിക്ക് കൂട്ടിരുന്ന
മുഷിഞ്ഞു നാറിയ കീറിപ്പറിഞ്ഞ
പുല്‍ പായയോടോ ....

ചിതയിലോടുങ്ങും മുന്‍പേ
നാവില്‍ വീണ അരി മണികളും ഗംഗാ ജലവും
അഷ്ട ഗന്ധവും സാമ്പ്രാണിയും
ചന്ദന തിരികളും നിലവിളക്കും
എന്‍റെ കടപ്പാടിന്‍റെ അംശം
കൈക്കൊള്ളാനായി കാത്തു നില്‍ക്കില്ലേ ....

തെക്കേ ചിതയില്‍ എന്നെ ജ്വലിപ്പിക്കുന്ന
മൂവാണ്ടന്‍ മാവിനോടോ ...
ആരോടാണ് എനിക്ക് അവസാന കടപ്പാട് ...
അറിയില്ല ...

ഈ ജന്മം എനിക്ക് മരണത്തെ വരിക്കാനാവില്ല
കടങ്ങളും കടപ്പാടുകളും ജീവിതത്തിന്‍റെ
ഏകാന്ത നിമിഷങ്ങളും
സ്നേഹത്തിന്‍ ദ്യുതി ഉച്ചി മുതല്‍ ഉടല്‍ വരെ
എനിക്കായ് നല്‍കിയ എന്നെ അറിഞ്ഞ ഞാന്‍ അറിഞ്ഞ
ഓരോ പുല്‍ക്കൊടിയോടും ഉള്ള
കടപ്പാടുകളുടെ ആകെത്തുക
ഈ ജന്മമാണ് ...
ഇത് നിങ്ങള്‍ എടുക്കുക ...
ഈ ജന്മമാണ് നിങ്ങള്‍ക്ക് ഞാന്‍
നല്‍കുന്ന എന്‍റെ പ്രത്യുപകാരം ...

അമ്മേ ഞാന്‍ ഇവിടെ തനിച്ചാണ്



അനന്തതയിലേക്ക് മിഴി ചേര്‍ത്ത് തേങ്ങുമ്പോള്‍
ഹൃദയത്തില്‍ വിരിയുന്നു അമ്മതന്‍ സ്നേഹം
പര ശത സഹസ്ര ദലങ്ങളായ് പൂക്കുന്നു
വറ്റാത്തോരുറവയാം വാത്സല്യ സാഗരം

കണ്ണീരിന്‍ ചാലുകള്‍ പലരറിയും എന്നാല്‍
കരളിന്റെ വേദന ആരറിയും ?
അമ്മക്കിനാവിന്റെ സാന്ത്വന മേഘങ്ങള്‍
ആശ്വാസ ഗീതമായ് വന്നുവെങ്കില്‍ ....

പിറവി മുതലിന്നു വരെയും ശാപത്തിന്‍
വിത്തുകള്‍ എറിയുന്നു ബാന്ധവരോക്കെയും
എകാന്തതയിലാനെന്റെ ബാല്യം
ഇരുളും നിലാവുമാനെന്റെ തോഴര്‍

ദേഹത്തിന്‍ മുറിവുകള്‍ മായ്ച്ചു കളയാം പക്ഷെ
ദേഹി തന്‍ മുറിവുകള്‍ ആരുണക്കും?
കൂരമ്പ്‌ പോലത്തെ വാക്കുകളേറ്റെന്റെ
മനസ് മുറിയുന്നതും അമ്മേ നീ അറിയുന്നുവോ

അമ്മ തന്‍ മാറില്‍ തല ചായ്ച്ചുറങ്ങാന്‍
അമ്മിഞ്ഞ പാലിന്റെ മാധുര്യം നുണയാന്‍
താരാട്ട് പാട്ടിന്റെ ഈണങ്ങള്‍ കേള്‍ക്കാന്‍
കഴിയാത്തൊരീ ജന്മം എന്തിനു നല്‍കി നീ

ഇനിയൊരു ജന്മമുന്ടെന്കിലെനിക്കെന്റെ
അമ്മക്കിനാവിന്റെ സ്നേഹാമൃതമുണ്ണണം
ശാപത്തിന്‍ കറകളെ ഈ ജീവിതം തീര്‍ത്ത
കണ്ണീരിനാല്‍ മായ്ച്ചു വിട വാങ്ങിടുന്നു ഞാന്‍ 

Tuesday, December 28, 2010

ഹൃദയ നാദം



ശോകത്തിന്‍ തെക്കിനിയില്‍ ഉയരുന്ന നാദത്തിന്‍

ശീലുകള്‍ കേള്‍ക്കെ അറിയുന്നു ഞാനിന്ന്

സപ്ത സ്വരങ്ങളാല്‍ നാദങ്ങള്‍ തീര്‍ത്തൊരെന്‍

വ്യഥിത മോഹങ്ങളും പാടുന്നുവെന്ന്



അന്തരാത്മാവില്‍ നിറയുന്നോരെന്‍ പ്രിയ

തോഴന്റെ അന്ഗുലീ സ്പര്‍ശമേല്‍ക്കെ

വിഭൂതി പോല്‍ പടരുന്നു ഹൃത്തടം നിറയെ

സ്നേഹത്തിന്‍ മാതളപ്പൂക്കള്‍ തന്‍ വാസന്തം



നിലവിളക്കിന്‍ പ്രഭ വൃഥാ മിഴികളിലെന്തിനോ

നഷ്ട ബാല്യത്തിന്‍ കളിക്കോപ്പ് തിരയവേ

ചുടുനീര് വറ്റിയാ കണ്‍കളില്‍ മോഹത്തിന്‍

ചെപ്പുകള്‍ സാഗര വര്‍ണം പകര്‍ത്തുന്നു



ഒരു നവ ലോകം എനിക്കായ് പിറന്നെങ്കില്‍

ഒരു കുഞ്ഞു സൂര്യന്‍ എനിക്കായുദിചെങ്കില്‍

വിരിയുമോ ഇനിയൊരു വാസന്തമെന്നുടെ

ഊഷര മാനസ വൃന്ദാവനികയില്‍

സമയം




വിഭ്രാന്തിയുടെ അവസാന യാമങ്ങളില്‍
നരച്ച ശവ കുടീരങ്ങള്‍ കാണ്‍കെ
അറിയുന്നു ഞാനീ യാമത്തിന്‍ ഗതിവേഗം
മൃത്യുവിന്‍ ഗീതം ശ്രവിക്കുന്നു ഞാന്‍
സമയമായി അന്ത്യ യാത്ര തുടങ്ങാന്‍
ഘടികാരത്തിന്റെ സൂചികള്‍ ചലിക്കുന്നു
എന്‍റെ ഹൃദയമിടിപ്പ്‌ പോലെ
കാലത്തിന്‍ പതിഞ്ഞ പാദ പതനം പോലെ
ജനിച്ച നാള്‍ തൊട്ടിന്നു വരെ
സമയതാല്‍ ബന്ധിതമാണീ ജീവിതം
ജനിച്ച സമയം പൊക്കിള്‍ കൊടി മുറിച്ച സമയം
പേരിടല്‍ ചടങ്ങ് മുതല്‍ സമയത്തിന്‍
ഘോഷയാത്ര തുടങ്ങുന്നു
സമയതാല്‍ ബന്ധിതം
സമയമാണ് മുഖ്യം
സമയം നോക്കി സമയം നോക്കി
സമയം നോക്കാനില്ല സമയം
ഇതാണെന്റെ സമയം
എല്ലാം അവസാനിക്കാന്‍ അവസാനിപ്പിക്കാന്‍
ഇതാണ് സമയം. ഇതാണ് ഏറ്റവും യോജിച്ച സമയം

Tuesday, December 21, 2010

മറവി



ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ 
ഞാന്‍ ആരാണ് .. എന്താണ് ...
മറവിയുടെ കാണാക്കയങ്ങളില്‍ 
ഓര്‍മയുടെ 
നേര്‍ത്ത വെള്ളി രേഖകള്‍ 
ഇടറി വീഴുന്നതും 
ഇരുട്ടില്‍ അവ വീണ്ടും 
മറവിയുടെ അഗാധതയിലേക്ക്‌ 
ലയിക്കുന്നതും 
കൌതുകം സ്ഫുരിക്കുന്ന മനസ്സോടെ ...
അല്ല ...
മനസ്സെന്ന ഒന്ന് ഇല്ലല്ലോ തനിക്ക് 
മനസ്സെന്ന ഒന്ന് ഉണ്ടായിരുന്നെങ്കില്‍ 
മറവിയുടെ കൂടെ ഓര്‍മ്മകള്‍ കൂടി
ഉണ്ടായിരുന്നേനെ 

മറവിയുടെ മൂടുപടം അണിയുമ്പോഴും 
ജീവിതത്തില്‍ തോല്‍വിയുടെ 
മാറാപ്പുകള്‍ ചുമന്നു വീണ്ടും വീണ്ടും
പരാജയങ്ങളിലേക്കു കൂപ്പു കുത്തുമ്പോഴും 
ഓര്‍മ്മകള്‍ കുത്തി നോവിക്കാറുണ്ട് 

ഇരുളിന്റെ തണുപ്പില്‍
ഗര്‍ഭ ഗൃഹത്തില്‍ പ്രാണന്‍ സരുക്കൂട്ടി
വെളിച്ചത്തിന്റെ അസത്യതിലേക്ക്
കാലൂന്നിയപ്പോഴാനു
മറവി തുടങ്ങിയത്
അല്ല .. ഓര്‍മ്മകള്‍ നശിച്ചത് 

ഗര്‍ഭ പാത്രത്തെ ;
പൊക്കിള്‍ കൊടിയെ മറന്നുകൊണ്ടായിരുന്നു
തുടക്കം 
ചിതലരിച്ച ഓര്‍മകളില്‍ നിന്നും മുഖങ്ങള്‍ 
പുറത്തു വരാന്‍
മടി കാണിച്ചു തുടങ്ങിയപ്പോള്‍
മറവിയുടെ നിത്യ നിശബ്ദതയിലേക്ക്
പല മുഖങ്ങള്‍ ഇടറി വീണു കൊണ്ടിരുന്നു 

തോളോട് തോള്‍ ചേര്‍ന്ന് ബാല്യത്തിന്റെ
വര്‍ണങ്ങള്‍ തനിക്കായ് പകുത്തു 
നല്‍കിയ ചങ്ങാതി മറവിയുടെ 
ഇരയായി ഒടുങ്ങി 
പ്രണയത്തിന്റെ നാള്‍ വഴികളില്‍
ഇതാണെന്റെ ജീവിതം
ഇവളാണെന്റെ ജന്മം 
ഇവളാണെന്റെ ...... 
അട്ടഹാസങ്ങള്‍
മറവിയുടെ പടു കുഴിയിലേക്ക് അലര്‍ച്ചയോടെ
വീണു ആത്മഹത്യ ചെയ്തു 

കണ്ണിനു മീതെ കൈപ്പടം വച്ച് കാഴ്ച്ചയെ 
മാടി വിളിക്കുന്നത്‌ അമ്മയാണെന്ന് 
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച 
പതിത മനസിനെ മറവിയുടെ
കരാള ഹസ്തങ്ങള്‍ 
കഴുത്ത് ഞെരിച്ചു .

ചുളുങ്ങിയ അലൂമിനിയ
പിഞ്ഞാണത്തില്‍ ഭക്ഷണമെന്ന പേരില്‍
മരുമകളും മകനും
കൂടി നല്‍കിയ വാര്‍ധക്യ ജീവിതത്തെ
മറക്കാന്‍ കാലമൊരുപാട്
വേണ്ടി വന്നു 

ഇന്നൊരു വെള്ളത്തുണിയില്‍
നീണ്ടു നിവര്‍ന്നു കിടക്കവേ 
അറിയുന്നു ഞാന്‍ 
ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതാണ് പുണ്യം 
മറവിയുടെ അന്ധകാരം തന്നെയാണ് വേദം 

മറവിയുടെ ലോകത്ത് മറക്കാന്‍ മറന്നു പോയ
ഈ ഓര്‍മക്കുറിപ്പും
മറവിയുടെ വാതായനങ്ങളിലൂടെ 
അലസ ഗമനം നടത്തട്ടെ 

Wednesday, December 8, 2010

സമസ്യ - കവിത


ഒരു പുണ്യ തീര്‍ത്ഥമായ് എന്‍ നെറുകയില്‍ വീണ

സ്വേദ കണത്തിന്‍ വിശുദ്ധിയാനെനിക്ക് നീ

വര്‍ണ പ്രപഞ്ചത്തിന്‍ വാസന്ത രേണുവായ്

മലര്‍വാടിയാക്കി നീ എന്‍റെ ജന്മം



കൊഞ്ചും ചിലങ്ക തന്‍ സപ്ത സ്വരങ്ങളാല്‍

എന്‍ മനോ തന്ത്രികള്‍ തൊട്ടുണര്‍ത്തി

ഞാന്‍ പാടും ഗാനങ്ങള്‍ നിനക്കായ് മാത്രം

തൂലിക തുമ്പിലെ മഷിക്കൂട്ടിനും നിന്‍ മുഖം മാത്രം



ഹവിസ്സില്‍ നിന്നുയരും കര്‍പ്പൂര ഗന്ധമായ്

എന്‍ ജീവനില്‍ നീ പടര്‍ന്നിറങ്ങി

സ്വര രാഗ കല്പക വാടിയില്‍ ഞാന്‍ കോര്‍ത്ത

മാല്യങ്ങളെന്തേ നീ ചൂടിയില്ല



കാത്തിരിക്കുന്നുവോ എന്‍ നൂപുര ധ്വനി കേള്‍ക്കാന്‍

ഉള്ളം തുടിക്കുന്നുവോ എന്‍ സ്നേഹാമൃതം നുകരാന്‍

ഗന്ധര്‍വനായെന്‍റെ ചാരെ നീ അണയുമ്പോള്‍

അപ്സര കന്യയായ് എതിരേറ്റിടാം ഞാന്‍



സ്നേഹാക്ഷരങ്ങളാല്‍ നീ പാടും ഗാനങ്ങള്‍

കേള്‍ക്കാന്‍ കൊതിപ്പൂ ഞാനീ ജന്മം മുഴുവനും

അണയുമോ നീയെന്‍റെ ചാരെയായ് തോഴാ

വര്‍ണമായ് പടരുമോ എന്‍ ജീവ സാഫല്യമായ്