Friday, April 29, 2011

നാഗമുദ്ര



നീയാര് ?

ചോദ്യത്തിന് മുന്നില്‍ പകച്ചു നിന്നപ്പോള്‍ ഇവളെന്റെ സ്വന്തമെന്നു ഉത്തരമേകി അവനവളെ ചേര്‍ത്ത് പിടിച്ചു ..

സ്വന്തമെന്നാല്‍ ? എന്ത് ബന്ധം ?

മുഖം കൈക്കുമ്പിളില്‍ കോരിയെടുത്തു അധരങ്ങളില്‍ പ്രണയ മുദ്ര ചാര്‍ത്തി അവന്‍ അതിനും മറുപടി നല്‍കി

കാലം വാര്‍ധക്യത്തിന്റെ മുറിപ്പാട് വീഴ്ത്തിയ നടവഴിയില്‍ സര്‍പ്പത്തിന്റെ സീല്‍ക്കാര ശബ്ദം കേള്‍ക്കെ തിരിഞ്ഞു നോക്കിയ അവള്‍ കണ്ടത് സര്‍പ്പത്തെപ്പോലെ കണ്ണുകളില്‍ ക്രൌര്യം നിറച്ച അവന്റെ മുഖമായിരുന്നു .

സിംഹം മാന്‍ പേടയെ കടിച്ചു കുടയുന്നത് കണ്ടു അനാഥ പ്രേതം പോലെ തലയുയര്‍ത്തി നിന്ന ചടചൌക്ക മരങ്ങളില്‍ നിന്നും ഒരു പറ്റം പക്ഷികള്‍ പ്രാണ ഭീതിയോടെ ചിറകടിച്ചു പറന്നുയര്‍ന്നു .

ഇരയെ കശക്കിയെറിഞ്ഞ് അടുത്ത നാഗ മാണിക്യം തേടി അവന്‍ നടന്നു നീങ്ങി .

സര്‍പ്പ ദംശനമേറ്റു നീലിച്ചു കിടന്ന അവളുടെ ഹൃദയത്തില്‍ അപ്പോഴും അവനോടുള്ള പ്രണയം തുടിക്കുന്നുണ്ടായിരുന്നു ..

Wednesday, April 27, 2011

എന്റെ നിള




" പുഴ മരിക്കുന്നു .. !!! "
 വലിയ തലക്കെട്ടിനു താഴെ വിശാലമായ മണല്‍പ്പരപ്പിന്റെ ചിത്രം . അവിടവിടെയായി ചെറിയ നീരൊഴുക്ക് .. നിള . മലയാളത്തിന്റെ പുണ്യം .
അസഹനീയതയോടെ പത്രം വലിച്ചെറിഞ്ഞു . നേരില്‍ കാണണം മരിക്കുന്ന പുഴയെ ..
വിജനമായ മണലിലൂടെ നടന്നു . ഇരുള്‍ പരക്കാന്‍ തുടങ്ങിയിരിക്കുന്നു . മുഖത്ത് വീശിയടിക്കുന്ന വരണ്ട കാറ്റ് .
പെട്ടെന്നൊരു തേങ്ങല്‍ ശബ്ദം ഉയര്‍ന്നോ ? ... ഭീതിയാല്‍ ശരീരമാകെ ഒന്ന് നടുങ്ങിയുലഞ്ഞു . രോമകൂപങ്ങള്‍ തുടിച്ചുയര്‍ന്നു .
ചുറ്റും വിഹ്വലതയോടെ നോക്കവേ ....
ശാന്തമായി ഒഴുകുന്ന നീര്‍ച്ചാലില്‍ നിന്നും ഒരു സ്ത്രീ രൂപം മുങ്ങി നിവര്‍ന്നു . നീണ്ട മുടിയിഴകളില്‍ നിന്നും ജല കണങ്ങള്‍ ഇറ്റിറ്റു വീഴുന്നു . ആ രൂപം തന്റെ മുന്നിലെക്കാണോ വരുന്നത് ?
ആ സ്ത്രീ രൂപത്തെ നോക്കി . പരിപൂര്‍ണ നഗ്ന .
" ആരാണ് നീ ? " ശബ്ദം അല്പം വിറച്ചു .
" ഞാന്‍ നിള ... !!! " ക്ഷീണിതയായ അവളുടെ സ്വരം
"നിളയോ ? ... " നടുക്കം പൂര്‍ണ്ണം
" അതെ .. നിങ്ങള്‍ അറിയുന്ന അതെ നിളാ നദി തന്നെ ഞാന്‍ !"
" നിങ്ങള്‍ അല്ലെ മരിച്ചുകൊണ്ടിരിക്കുന്നു എന്ന് ജനങ്ങള്‍ പറയുന്നത് ? "
" മരിക്കുകയാണോ ? കൊല്ലുകയല്ലേ ? " ചാട്ടുളി പോലെ അവളുടെ ശബ്ദം .
" കൊല്ലുകയോ ? മനസിലായില്ല ... "
" മനസിലായില്ലേ ? ഞാന്‍ മരിക്കുകയല്ല . എന്നെ കൊല്ലുകയാണ് "
" ആട്ടെ . നിങ്ങളുടെ വസ്ത്രം എവിടെ ? എന്താണ് നിങ്ങള്‍ നഗ്നയായി നില്‍ക്കുന്നത് ? "
" എന്റെ വസ്ത്രങ്ങള്‍ മണലൂറ്റുകാര്‍ അഴിച്ചെടുത്തു . ഈ മണല്‍തരികളാണ് എന്റെ വസ്ത്രം . "
" നിങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല ? എന്തുകൊണ്ട് ഉറക്കെ കരഞ്ഞില്ല ? "
" തടയാനുള്ള എന്റെ കൈകള്‍ പണ്ടേ നിങ്ങളെല്ലാവരും വെട്ടിയെടുത്തില്ലേ ? എന്റെ കൈവഴികള്‍ മുഴുവന്‍ നിങ്ങള്‍ മണ്ണിട്ട്‌ നികത്തിയില്ലേ ? എന്റെ നാവിനെ ബന്ധിച്ചു എന്നെ നിശബ്ദയാക്കി എന്നെക്കുറിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചു നിങ്ങള്‍ നിങ്ങളുടെ കീശ വീര്‍പ്പിചില്ലേ ? "
അവളുടെ ശബ്ദത്തില്‍ നിസ്സഹായതയും രോഷവും മുഴച്ചു നിന്നു . വികാരാധിക്യത്താല്‍ കിതച്ചു കിതച്ചു അവളുടെ ശബ്ദം നേര്‍ത്ത് വന്നു .
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയിരിക്കുന്നു . ചുണ്ടില്‍ കണ്ണീരിന്റെ ഉപ്പുരസം .
" നിങ്ങള്‍ എന്തിനാണ് കരയുന്നത് ? "
" ഞാന്‍ നിളയെ സ്നേഹിക്കുന്നത് കൊണ്ട് "
" നിങ്ങള്‍ക്കതിനുള്ള അവകാശമില്ല . ഈ ബാക്കിയുള്ള ശരീരത്തെ കൂടി വെട്ടി മുറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ക്ക് സ്നേഹിക്കാന്‍ എന്തവകാശം ? "
" ഇല്ല .. ഞാന്‍ മനസിലാക്കുന്നു .. എനിക്കതിനുള്ള അവകാശമില്ല .. അര്‍ഹതയില്ല ... !!! "
" എങ്കില്‍ പൊയ്ക്കോളൂ . എനിക്ക് വേണ്ടി കള്ളക്കണ്ണീര്‍ ഒഴുക്കരുത് . കപട സ്നേഹം എനിക്ക് വേണ്ട . പൊയ്ക്കോളൂ !!! "
നീര്‍ചാലിലേക്ക് തിരികെ ഇറങ്ങിപ്പോകുന്ന അവളെ കാണാന്‍ കണ്ണുകളില്‍ മൂടിയ കാപട്യത്തിന്റെ ആവരണം അനുവദിക്കുന്നില്ല.. അവളുടെ വാക്കുകള്‍ പ്രപഞ്ചം മുഴുവന്‍ അലയടിക്കുന്നു ..
" ഞാന്‍ മരിക്കുകയല്ല .. എന്നെ കൊല്ലുകയാണ് !!! "
തിരിഞ്ഞു നടക്കുമ്പോള്‍ ഒരു കാര്യം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ..
ഇനിയെങ്കിലും കൊല്ലാക്കൊല ചെയ്യാതിരിക്കാം .. നമ്മുടെ നിളയെ .. നമ്മുടെ പൈതൃകത്തെ .. നമ്മുടെ സ്വന്തം .............. !!!

തുടക്കം ... ഒടുക്കം ....




" പിറവിക്ക് മുന്നേ ഒടുങ്ങാനാണ് നിന്റെ വിധി  "

അമ്മയുടെ വയറിനു മേലെ എന്റെ ദേഹത്ത് തല ചായ്ച്ചു കൊണ്ട് അച്ഛന്‍ മനസ്സില്‍ പറഞ്ഞ വാചകങ്ങള്‍ ഞാന്‍ വ്യക്തമായി തൊട്ടറിഞ്ഞു . 

" പെണ്‍കുഞ്ഞാണെങ്കില്‍ നമുക്കിത് വേണ്ട ....!!!"

അമ്മയുടെ നിര്‍വികാരമായ സ്വരം ഒരിക്കല്‍ കൂടി എന്നെ നടുക്കി 

ഡോക്റ്റര്‍മാരുടെ കത്തിയുടെയും കത്രികയുടെയും ശബ്ദ വിന്യാസം ഒരിക്കല്‍ കൂടി നടുങ്ങാനുള്ള പ്രേരണ മനസ്സിന് നല്‍കിയെങ്കിലും നടുങ്ങാനുള്ള ബാല്യം ഉദരത്തിനുള്ളില്‍ പോലും എനിക്കില്ലായിരുന്നു.

ചിതറിയ മാംസത്തുണ്ടുകളായി കിടക്കുമ്പോള്‍ എനിക്കരികിലൂടെ പാഞ്ഞു പോയ ഒരു മാരുതി വാന്‍ വീണ്ടും എന്റെ ചിന്തകളെ അലോസരപ്പെടുത്തിയോ?

ആ വാനിനുള്ളില്‍ നിന്നും ഉയര്‍ന്നു കേട്ട ഒരു പെണ്‍കുട്ടിയുടെ ആര്‍ത്ത നാദം അപ്പുറത്ത് എവിടെയോ കിടന്ന എന്റെ കര്‍ണങ്ങളില്‍ പതിക്കവേ പുഴുവരിച്ചു കിടന്ന ഹൃദയം ദീര്‍ഘമായി ഒന്ന്  നിശ്വസിച്ചു .

" അമ്മേ ... നിങ്ങളുടെ തീരുമാനമാണ് ശരി . പിറവിയെടുക്കുന്നതിലും നല്ലതാണ് പിറവിക്ക് മുന്നേ ഒടുങ്ങുന്നത് ...... !!!"

ഹവിസ്സ്




നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണല്‍പ്പരപ്പിലേക്ക് നിരഞ്ജന്‍ പകച്ചു നോക്കി. തന്റെ മനസ് പോലെ വരണ്ടുണങ്ങി കിടക്കുന്ന നിളാ നദി. ഹൃദയത്തില്‍ നിന്നൂറി വരുന്ന ചോരച്ചാലുകള്‍ പോലെ അവിടവിടെ മാത്രം വിളറി വെളുത്ത് ജീവിതത്തിന്‍റെ വക്ര തലങ്ങള്‍ പോലെ ഒഴുകുന്ന നീര്‍ച്ചാലുകള്‍ .

എവിടെ? .. എവിടെപ്പോയി അവള്‍ ?.. എന്റെ ഹൃദയത്തിന്റെ തന്ത്രികള്‍ സപ്ത സ്വരങ്ങളും ചേര്‍ത്തു മീട്ടി എന്റെ ജന്മം കുളിര്‍പ്പിച്ചവള്‍ . ഒരു നിസ്വനമായ് വന്നെന്റെ സിരകളില്‍ അനുരാഗത്തിന്റെ പൊന്‍ കിരണം വിരിയിച്ചവള്‍ . അനാഥത്വം ഇരുള്‍ പടര്‍ത്തിയ വഴിത്താരയില്‍ വച്ച് ഒരു സ്വപ്നാടകയെപ്പോലെ വന്നെത്തിയ യാമിനി. പുലരിയുടെ തീനാമ്പുകള്‍ തൊട്ടുണര്‍ത്തിയ മനസിന്റെ ആത്മ ബലിയായി വിടപറയാതെ മരണത്തിന്റെകാണാക്കയത്തിലേക്ക് എടുത്തു ചാടിയവള്‍ . വൈദ്യശാസ്ത്രത്തിനു പോലും പകച്ചു നില്‍ക്കേണ്ടി വന്ന അഭിശപ്ത നിമിഷങ്ങള്‍ . യൌവനത്തിന്റെ തീഷ്ണതയില്‍ നിന്നും മരണത്തിന്റെ നീരാളിപ്പിടുത്തത്തിലേക്ക് പതിച്ചവള്‍ ... യാമിനി....

 കയ്യിലെ ചിതാ ഭസ്മ കുംഭത്തിലേക്ക്‌ നോക്കിയ നിരന്ജന് യാമിനി തന്നെ സാകൂതം ഇമ ചിമ്മാതെ നോക്കുന്നത് പോലെ തോന്നി. തന്നെ ഈ നവാമുകുന്ദന്റെ തിരു സന്നിധിയില്‍ എന്നെന്നേക്കുമായി കുടിയിരുത്തുകയാണോ?... ആ മനസ്സില്‍ നിന്ന് പോലും എന്നെ കുടിയിറക്കുകയാണോ?... അവളുടെ കണ്ണില്‍ നിന്നും ബ്രഹ്മാസ്ത്രം കണക്കെ തന്റെ മുന്നിലേക്ക്‌ മൂകമായി ചോദ്യ ശരങ്ങള്‍ പതിക്കുകയാണെന്നു നിരന്ജന് തോന്നി. 

വയ്യ... കണ്ണില്‍ ഊറിക്കൂടിയ കണ്ണീരിന്റെ പാട.. മുന്നിലെ കാഴ്ചകള്‍ മറയ്ക്കുന്നുവോ? മുടിയഴിച്ചാടുന്ന യക്ഷികളെപ്പോലെ മണല്‍പ്പരപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുല്‍ക്കൊടികള്‍ കാറ്റിന്റെ കൈ പിടിച്ചു തുള്ളി വിറയ്ക്കുന്നു.. ആ മണ്‍ കുടം നെഞ്ചില്‍ ചേര്‍ത്തു വച്ച് നിരഞ്ജന്‍ ആ വിശാലമായ മണല്‍പ്പരപ്പില്‍ നീണ്ടു നിവര്‍ന്നു കിടന്നു. അക്കരെ ക്ഷേത്രത്തില്‍ നിന്നുള്ള ദീപ ശകലങ്ങള്‍ നോക്കി അവന്‍ പതിയെ കണ്ണുകളടച്ചു ... കാതുകളില്‍ കൊലുസിന്റെ മന്ത്രണം ... ഹൃദയത്തില്‍ രഥോത്സവത്തിന്റെ ആരവം ...

മനസ്സില്‍ ശാന്തി മന്ത്രം അലയടിച്ചുയരുന്നു... മണ്‍ ചെരാതുകളില്‍ തെളിയുന്ന ദീപ പ്രഭയില്‍ അഗ്രഹാരങ്ങളുടെ നവ്യ ദര്‍ശനം . ഇടയ്ക്കയുടെ നാദ മാധുരിയില്‍ ദീപാരാധന തൊഴുതു നില്‍ക്കുന്ന ഭക്ത ജനാവലി... അര്‍ദ്ധ നിമീലിത നേത്രനായി പ്രാര്‍ഥിച്ചു തിരിയുമ്പോള്‍ ജീവ ധമനിയിലേക്ക് ഒരു കൊള്ളിയാന്‍ മിന്നിയ പോലെ... തന്നെ അല്പം ഒരു അമ്പരപ്പോടെ നോക്കി നില്‍ക്കുന്ന രണ്ടു നയനങ്ങള്‍ .. അവയില്‍ നിന്നുള്ള ജ്വാല വജ്ര സൂചികള്‍ പോലെ ഹൃദയത്തിലേക്ക് പാഞ്ഞു കയറിയോ?... എവിടെയോ കണ്ടു മറന്ന മുഖം ... നുണകുഴികള്‍ ചെന്താമര വിരിയിക്കുന്ന അരുണ കപോലങ്ങള്‍ ...തിരിഞ്ഞു നടക്കാനാഞ്ഞ പാദങ്ങള്‍ ആരോ പിടിച്ചു നിര്‍ത്തുന്ന പോലെ.. അവളുടെ കണ്ണുകള്‍ തന്റെ ജീവനിലേക്കിറങ്ങി വന്നു പിടിച്ചു നിര്‍ത്തുകയാണോ?.. ആ കണ്ണുകളിലേക്കു നോക്കി നില്‍ക്കുമ്പോള്‍ ആരാധ്യ മൂര്‍ത്തിയുടെ മുന്നില്‍ ആത്മാവ് തന്നെ സമര്‍പ്പിച്ചു ധ്യാനിച്ച്‌ നില്‍ക്കുന്ന പ്രതീതി....

അവള്‍ ആരെന്നറിയണം ... എവിടെ വച്ചാണ് കണ്ടതെന്നറിയണം ... എല്ലാം അറിയണം ... ക്ഷേത്രത്തിനു പുറത്തു കാത്തു നിന്നു. ഒരു ദേവാംഗനയേപ്പോലെ അവള്‍ ഇറങ്ങി വരുന്നു.. ദാവണി ചുറ്റി ഒരു തുളസിക്കതിരിന്റെ നൈര്‍മല്യത്തോടെ അവള്‍ ... ഏതോ മാന്ത്രികന്റെ മായാജാലം കൊണ്ടെന്നപോലെ അവള്‍ തന്റെ അടുത്തേക്ക് വരുന്നത് ഒട്ടൊരു ഭയത്തോടെയാണ് നോക്കി നിന്നത്. ഏതോ മുജ്ജന്മ ബന്ധം ... ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പം .. 

ആകാശ താഴ്വരയില്‍ ദേവ കന്യയുടെ സ്നേഹ പ്രവാഹത്തില്‍ അലിഞ്ഞു ചേര്‍ന്ന ദിനങ്ങള്‍ .. മനസ്സില്‍ പാലക്കാടന്‍ കാറ്റിന്റെ വന്യത.. കാറ്റില്‍ അലിഞ്ഞു ചേരുന്ന കരിമ്പനകള്ളിന്റെ വീര്യം ... യാമിനി.. കല്പാത്തി ആഗ്രഹാരത്തിന്റെ സുകൃതം.. മുജ്ജന്മങ്ങളില്‍ താന്‍ ചെയ്ത പുണ്യം .. ഒരു പുണ്യാഹമായി തന്റെ നെറുകയില്‍ പതിച്ച സ്നേഹ ഗംഗ. പ്രണയത്തിന്റെനാള്‍വഴികളില്‍ നാദ ബ്രഹ്മമായി അലയടിച്ച എന്റെ പ്രിയ യാമിനി. ദൈവത്തിനു പോലും അസൂയ തോന്നിയിട്ടുണ്ടാവാം തങ്ങളുടെ സ്നേഹം കണ്ട്. 

ആശുപത്രി കിടക്കയില്‍ ഓപ്പറേഷന്‍ ചെയ്തു കിടത്തിയിരിക്കുന്ന യാമിനിയെ ഒരൊറ്റ നോക്കെ കണ്ടുള്ളൂ... ഒരു അസ്ഥി പഞ്ജരമായി കിടക്കുന്ന... ദിവസങ്ങള്‍ മാത്രം ഇനി ജീവിതത്തില്‍ ബാക്കിയുള്ള എന്റെ പ്രിയ സഖി.. ഹൃദയം പൊടിഞ്ഞ് കണ്ണീര്‍ ലാവ പോലെ കവിളിനെ ചുട്ടു പൊള്ളിച്ചു കുതിച്ചൊഴുകുമ്പോള്‍  ആ കണ്ണീരിനിടയിലൂടെ അവളുടെ വിളറിയ കണ്ണുകള്‍ കണ്ടു.. ശുഷ്കിച്ച വിരലുകള്‍ കൊണ്ട് തന്റെ കൈത്തലം അവള്‍ തന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ഒരിക്കലും എന്നെ വിട്ടു പോകരുതേ എന്നുള്ള അവളുടെ മനസിന്റെ അലമുറ ആ ശ്വാസ ഗതിയില്‍ തന്റെ വിരലുകള്‍ തൊട്ടറിഞ്ഞ നിമിഷം . അവളുടെ സ്നേഹം കണ്ണീരായി ഒഴുകിയിറങ്ങി.. വിങ്ങി വിതുമ്പുന്ന ചുണ്ടുകള്‍ കടിച്ചു പിടിച്ചു അവള്‍ തന്റെ കണ്ണിലേക്കു തന്നെ നോക്കി. പൊട്ടി വന്ന കരച്ചില്‍ പണിപ്പെട്ടു അടക്കി.... അനന്തതയിലേക്കുള്ള പ്രയാണം അവള്‍ ആരംഭിച്ചു കഴിഞ്ഞുവോ?...

നിരന്ജനില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു. താന്‍ കരയുകയായിരുന്നോ?... മണലില്‍ നിന്നു എണീറ്റു .. ക്ഷേത്രത്തില്‍ നിന്നും സുപ്രഭാത ധ്വനി മുഴങ്ങി.. പതിയെ അവന്‍ അക്കരേയ്ക്ക് നടന്നു. തര്‍പ്പണം ചെയ്യാനുള്ള രശീതി എടുത്തതിനാല്‍ അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. വിരലില്‍ ദര്‍ഭ അണിഞ്ഞ് തര്‍പ്പണം ചെയ്യുമ്പോള്‍ തലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന ജല കണങ്ങളില്‍ കണ്ണീര്‍ ഒളിപ്പിക്കാന്‍ ഒരു വിഫല ശ്രമം നടത്തി. എള്ളും അരിയും പൂവും ബലി പിണ്ഡത്തിലേക്ക് സമര്‍പ്പിക്കുമ്പോള്‍ ഹൃദയം പ്രകമ്പനം കൊള്ളുന്നു. കണ്ണുകള്‍ ചുട്ടു പഴുക്കുന്നു.. 

"ആ ചിതാ ഭസ്മം നിളയിലേക്ക് സമര്‍പ്പിച്ചോളൂ.. എന്നിട്ട് മൂന്നുരു മുങ്ങി വന്നോളൂ. പിന്നെ അധികം താഴേക്ക്‌ ഇറങ്ങണ്ട. അടിയൊഴുക്കുള്ള സ്ഥലാ...സൂക്ഷിച്ചോളൂ " തിരുമേനിയുടെ മുന്നറിയിപ്പ് ..

തന്റെ ജീവനെ താന്‍ നിളയ്ക്ക് സമര്‍പ്പിക്കുകയാണ്. നീയില്ലെങ്കില്‍ ഞാനില്ലെന്നു പഞ്ച ഭൂതങ്ങളെ സാക്ഷിയാക്കി മന്ത്രിച്ചത് നിരഞ്ജന്‍ ഒട്ടൊരു വ്യഥയോടെ ഓര്‍ത്തു. പിന്നെ പതിയെ ആ മണ്‍ കുടത്തില്‍ ഉറങ്ങിക്കിടക്കുന്ന യാമിനിയെ കലങ്ങി മറിഞ്ഞു കിടക്കുന്ന ജലത്തിലേക്ക് ചൊരിഞ്ഞു... പുഞ്ചിരിയോടെ ആ കുടവും അവന്‍ നിളയ്ക്ക് നല്‍കി. ഒരു പ്രാവശ്യം മുങ്ങി നിവര്‍ന്നു. രണ്ടാമതും മുങ്ങി... വെള്ളത്തിനടിയില്‍ ഒരു അപ്സരസ്സിനെപ്പോലെ തന്നെ നോക്കി നില്‍ക്കുന്ന യാമിനി... നിവര്‍ന്നു തിരിഞ്ഞു നോക്കി... തര്‍പ്പണം ചെയ്യാന്‍ വന്ന ഒരാളോട് സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന തിരുമേനി.. പ്രഭാപൂരിതനായി അനുഗ്രഹ വര്‍ഷം ചൊരിഞ്ഞു നില്‍ക്കുന്ന നാവാമുകുന്ദന്‍  ... മൂന്നാം പ്രാവശ്യവും നിരഞ്ജന്‍ നിളയുടെ മടിത്തട്ടില്‍ തന്റെ മുഖം ഒളിപ്പിച്ചു. ഓളപ്പരപ്പില്‍ നിരവധി കുമിളകള്‍ വന്നു പൊട്ടി. ആഴങ്ങളിലേക്ക് ഒരു ചുഴി പടര്‍ന്നിറങ്ങി... നിള പിന്നെയും ശാന്തമായൊഴുകി.. എല്ലാത്തിനും സാക്ഷിയായി ആ വിശാലമായ മണല്‍പ്പരപ്പ്‌ മാത്രം മൂകയായി നിലകൊണ്ടു. ആലിലകളില്‍ നിന്നും ഒരു ചെറു തെന്നല്‍ ക്ഷേത്രത്തിന്റെ കവാടം കടന്നു ദേവന്റെ പാദങ്ങളില്‍ വിശ്രമിച്ചു.

ഗ്രഹനില




ജാതകത്തില്‍ ശനിയുടെ അപഹാരം ..

ജ്യോല്‍സ്യന്‍ അട്ടഹസിച്ചു . 

പ്രതിവിധി ? 

ബലിയാട് കേണു .

അപഹാരം മാറ്റണം . പണപ്പെട്ടി വലിയതൊരെണ്ണം . 

ഗ്രഹത്തിന്റെ മുതലാളിയുടെ കല്പന ...

പെട്ടിയിലടച്ച ഗ്രഹങ്ങളുടെ കണ്ണീരു വീണു കവടി നനഞ്ഞു . 

ഗ്രഹങ്ങള്‍ പ്രസാദിച്ച സന്തോഷത്തില്‍ വില്ലനായ ശനിയെ പ്രാകിക്കൊണ്ട് അപഹാരമേറ്റവന്‍ തിരിഞ്ഞു നടന്നു .

ഇതൊന്നുമറിയാതെ കറങ്ങുന്ന കോമേഡിയനായ ശനിയെയും കവടിയിലിരിക്കുന്ന വില്ലനായ ശനിയെയും കണ്ടു സൂര്യനും ചന്ദ്രനും ഊറിച്ചിരിച്ചു .

Tuesday, December 28, 2010

ഹൃദയ നാദം



ശോകത്തിന്‍ തെക്കിനിയില്‍ ഉയരുന്ന നാദത്തിന്‍

ശീലുകള്‍ കേള്‍ക്കെ അറിയുന്നു ഞാനിന്ന്

സപ്ത സ്വരങ്ങളാല്‍ നാദങ്ങള്‍ തീര്‍ത്തൊരെന്‍

വ്യഥിത മോഹങ്ങളും പാടുന്നുവെന്ന്



അന്തരാത്മാവില്‍ നിറയുന്നോരെന്‍ പ്രിയ

തോഴന്റെ അന്ഗുലീ സ്പര്‍ശമേല്‍ക്കെ

വിഭൂതി പോല്‍ പടരുന്നു ഹൃത്തടം നിറയെ

സ്നേഹത്തിന്‍ മാതളപ്പൂക്കള്‍ തന്‍ വാസന്തം



നിലവിളക്കിന്‍ പ്രഭ വൃഥാ മിഴികളിലെന്തിനോ

നഷ്ട ബാല്യത്തിന്‍ കളിക്കോപ്പ് തിരയവേ

ചുടുനീര് വറ്റിയാ കണ്‍കളില്‍ മോഹത്തിന്‍

ചെപ്പുകള്‍ സാഗര വര്‍ണം പകര്‍ത്തുന്നു



ഒരു നവ ലോകം എനിക്കായ് പിറന്നെങ്കില്‍

ഒരു കുഞ്ഞു സൂര്യന്‍ എനിക്കായുദിചെങ്കില്‍

വിരിയുമോ ഇനിയൊരു വാസന്തമെന്നുടെ

ഊഷര മാനസ വൃന്ദാവനികയില്‍

സമയം




വിഭ്രാന്തിയുടെ അവസാന യാമങ്ങളില്‍
നരച്ച ശവ കുടീരങ്ങള്‍ കാണ്‍കെ
അറിയുന്നു ഞാനീ യാമത്തിന്‍ ഗതിവേഗം
മൃത്യുവിന്‍ ഗീതം ശ്രവിക്കുന്നു ഞാന്‍
സമയമായി അന്ത്യ യാത്ര തുടങ്ങാന്‍
ഘടികാരത്തിന്റെ സൂചികള്‍ ചലിക്കുന്നു
എന്‍റെ ഹൃദയമിടിപ്പ്‌ പോലെ
കാലത്തിന്‍ പതിഞ്ഞ പാദ പതനം പോലെ
ജനിച്ച നാള്‍ തൊട്ടിന്നു വരെ
സമയതാല്‍ ബന്ധിതമാണീ ജീവിതം
ജനിച്ച സമയം പൊക്കിള്‍ കൊടി മുറിച്ച സമയം
പേരിടല്‍ ചടങ്ങ് മുതല്‍ സമയത്തിന്‍
ഘോഷയാത്ര തുടങ്ങുന്നു
സമയതാല്‍ ബന്ധിതം
സമയമാണ് മുഖ്യം
സമയം നോക്കി സമയം നോക്കി
സമയം നോക്കാനില്ല സമയം
ഇതാണെന്റെ സമയം
എല്ലാം അവസാനിക്കാന്‍ അവസാനിപ്പിക്കാന്‍
ഇതാണ് സമയം. ഇതാണ് ഏറ്റവും യോജിച്ച സമയം

Tuesday, December 21, 2010

മറവി



ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ 
ഞാന്‍ ആരാണ് .. എന്താണ് ...
മറവിയുടെ കാണാക്കയങ്ങളില്‍ 
ഓര്‍മയുടെ 
നേര്‍ത്ത വെള്ളി രേഖകള്‍ 
ഇടറി വീഴുന്നതും 
ഇരുട്ടില്‍ അവ വീണ്ടും 
മറവിയുടെ അഗാധതയിലേക്ക്‌ 
ലയിക്കുന്നതും 
കൌതുകം സ്ഫുരിക്കുന്ന മനസ്സോടെ ...
അല്ല ...
മനസ്സെന്ന ഒന്ന് ഇല്ലല്ലോ തനിക്ക് 
മനസ്സെന്ന ഒന്ന് ഉണ്ടായിരുന്നെങ്കില്‍ 
മറവിയുടെ കൂടെ ഓര്‍മ്മകള്‍ കൂടി
ഉണ്ടായിരുന്നേനെ 

മറവിയുടെ മൂടുപടം അണിയുമ്പോഴും 
ജീവിതത്തില്‍ തോല്‍വിയുടെ 
മാറാപ്പുകള്‍ ചുമന്നു വീണ്ടും വീണ്ടും
പരാജയങ്ങളിലേക്കു കൂപ്പു കുത്തുമ്പോഴും 
ഓര്‍മ്മകള്‍ കുത്തി നോവിക്കാറുണ്ട് 

ഇരുളിന്റെ തണുപ്പില്‍
ഗര്‍ഭ ഗൃഹത്തില്‍ പ്രാണന്‍ സരുക്കൂട്ടി
വെളിച്ചത്തിന്റെ അസത്യതിലേക്ക്
കാലൂന്നിയപ്പോഴാനു
മറവി തുടങ്ങിയത്
അല്ല .. ഓര്‍മ്മകള്‍ നശിച്ചത് 

ഗര്‍ഭ പാത്രത്തെ ;
പൊക്കിള്‍ കൊടിയെ മറന്നുകൊണ്ടായിരുന്നു
തുടക്കം 
ചിതലരിച്ച ഓര്‍മകളില്‍ നിന്നും മുഖങ്ങള്‍ 
പുറത്തു വരാന്‍
മടി കാണിച്ചു തുടങ്ങിയപ്പോള്‍
മറവിയുടെ നിത്യ നിശബ്ദതയിലേക്ക്
പല മുഖങ്ങള്‍ ഇടറി വീണു കൊണ്ടിരുന്നു 

തോളോട് തോള്‍ ചേര്‍ന്ന് ബാല്യത്തിന്റെ
വര്‍ണങ്ങള്‍ തനിക്കായ് പകുത്തു 
നല്‍കിയ ചങ്ങാതി മറവിയുടെ 
ഇരയായി ഒടുങ്ങി 
പ്രണയത്തിന്റെ നാള്‍ വഴികളില്‍
ഇതാണെന്റെ ജീവിതം
ഇവളാണെന്റെ ജന്മം 
ഇവളാണെന്റെ ...... 
അട്ടഹാസങ്ങള്‍
മറവിയുടെ പടു കുഴിയിലേക്ക് അലര്‍ച്ചയോടെ
വീണു ആത്മഹത്യ ചെയ്തു 

കണ്ണിനു മീതെ കൈപ്പടം വച്ച് കാഴ്ച്ചയെ 
മാടി വിളിക്കുന്നത്‌ അമ്മയാണെന്ന് 
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച 
പതിത മനസിനെ മറവിയുടെ
കരാള ഹസ്തങ്ങള്‍ 
കഴുത്ത് ഞെരിച്ചു .

ചുളുങ്ങിയ അലൂമിനിയ
പിഞ്ഞാണത്തില്‍ ഭക്ഷണമെന്ന പേരില്‍
മരുമകളും മകനും
കൂടി നല്‍കിയ വാര്‍ധക്യ ജീവിതത്തെ
മറക്കാന്‍ കാലമൊരുപാട്
വേണ്ടി വന്നു 

ഇന്നൊരു വെള്ളത്തുണിയില്‍
നീണ്ടു നിവര്‍ന്നു കിടക്കവേ 
അറിയുന്നു ഞാന്‍ 
ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതാണ് പുണ്യം 
മറവിയുടെ അന്ധകാരം തന്നെയാണ് വേദം 

മറവിയുടെ ലോകത്ത് മറക്കാന്‍ മറന്നു പോയ
ഈ ഓര്‍മക്കുറിപ്പും
മറവിയുടെ വാതായനങ്ങളിലൂടെ 
അലസ ഗമനം നടത്തട്ടെ 

Thursday, December 9, 2010

ശ്യാമാംബരം




കണ്ണ് തുറന്നത് അമ്മയുടെ നിര്‍ത്താതെ ഉള്ള വിളി കേട്ടാണ്‌.. എണീല്‍ക്കാന്‍ തോന്നിയില്ല. പുതപ്പിനുള്ളില്‍ തല പൂഴ്ത്തി കിടക്കാന്‍ നല്ല സുഖം. പല തരം പക്ഷികളുടെ കള കൂജനം ഒരു താരാട്ട് പാട്ടിന്റെ സുഖം നല്‍കി. മനസ്സ് ശൂന്യമാണല്ലോ എന്ന് ഒട്ടൊരു അത്ഭുതത്തോടെ ആണ് ചിന്തിച്ചത്‌. എഴുന്നേല്‍ക്കണമല്ലോ എന്നാലോചിച്ചപ്പോള്‍ ഒട്ടൊരു മടിയും.



"എന്താ കുട്ട്യേ ഇത്? നേരം എത്ര്യായെന്നാ വിചാരം? .. ഇന്ന് എകാദശിയാ.. മറന്ന്വോ അത്? .. വേഗം എണീറ്റ്‌ കുളിച്ചു അമ്പലത്തില്‍ പോയി തൊഴുതിട്ടു വന്നോളൂ ന്‍റെ കുട്ട്യേ.. "



അമ്മയുടെ സ്വരം പുറത്തു കേട്ടു.. അറിയാതെ ഓര്‍ത്തു .. എന്നും ഒരു വേവലാതി മുഴച്ചു നില്‍ക്കും അമ്മയുടെ സംസാരത്തില്‍. ആത്മഹത്യാ മുനമ്പില്‍ നിന്നും മൂന്നു പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് ജീവിതത്തിന്റെ പരുക്കന്‍ പാതയിലേക്ക് ചങ്കൂറ്റത്തോടെ; ഒരു ആണിന്റെ മനസ്തൈര്യത്തോടെ പൊരുതിക്കയറിയ അമ്മ. കുത്ത് വാക്കുകളോടും അവഗണനകളോടും മത്സര ബുദ്ധിയോടെ എതിരിട്ട അമ്മയെ കൈ കൂപ്പി തൊഴണം.



'ദേ പെണ്ണെ .. നീ എഴുന്നെല്‍ക്കുന്നുണ്ടോ .. ഇല്യാച്ചാ ന്‍റെ വായീന്ന് നീ നല്ലത് കേക്കും. വേഗം എണീറ്റ്‌ പോയി കുളിക്കെടീ" ..



ചിന്തകളുടെ ചെപ്പ് പൊട്ടിച്ചിതറി. ഇനിയും കിടന്നാല്‍ അമ്മ ഭൂകമ്പം ഉണ്ടാക്കും. പുതപ്പു മാറ്റി എണീറ്റു. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ബ്രഷും പേസ്റ്റും സോപ്പും എടുത്ത് കുളക്കടവിലേക്ക് നടന്നു. വിശാലമായ കുളം. കാലം ബാക്കി വച്ച ഗ്രാമത്തിന്റെ തിരു ശേഷിപ്പുകളില്‍ ഒരെണ്ണം. പല്ല് തേപ്പു കഴിഞ്ഞു ഒന്ന് മുങ്ങിയപ്പോള്‍ ശരീരം പൊട്ടി തരിക്കുന്ന പോലെ.... ഗ്രാമത്തിന്റെ വിശുദ്ധി തന്നെ വലയം ചെയ്യുന്ന പോലെ. കുളത്തിന്റെ പാതി വരെ പായല്‍ നീക്കി വെടിപ്പാക്കിയിട്ടുന്ദ്‌. ഒന്ന് നീന്തിപ്പതച്ചു. പാപങ്ങളെല്ലാം അലിഞ്ഞു തീരട്ടെ എന്ന് വെറുതെ എങ്കിലും ചിന്തിച്ചു. സെറ്റ് സാരി ഉടുത്ത്‌ തലയില്‍ തുളസിക്കതിര്‍ ചൂടി ക്ഷേത്രത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് ചാറ്റല്‍ മഴ തുടങ്ങിയത്.



" കുട എടുത്തോളൂ കുട്ട്യേ.. മഴ നനഞ്ഞു പനി പിടിക്കണ്ട ഇനി "



" വേണ്ടമ്മേ.. ചാറുന്നതല്ലേ ഉള്ളൂ.. കുടയൊന്നും വേണ്ട. ഈ മഴ നനഞ്ഞാലൊന്നും എനിക്ക് പനി പിടിക്കില്ല. "



അമ്മയുടെ ആകുലത നിറഞ്ഞ മുഖം കണ്ടില്ലെന്നു നടിച്ച് നടന്നു. പാട വരമ്പത്ത് കൂടെ നടക്കുമ്പോള്‍ കണ്ട പച്ചപ്പ്‌ മനസ്സിലേക്കും പടര്‍ന്നു കയറി. ഏകാദശി ആയതുകൊണ്ടാവാം.. ക്ഷേത്രത്തില്‍ നല്ല തിരക്ക്. പലരും ഒട്ടൊരു അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ സന്തോഷം അലതല്ലി.



" ദെവക്യമ്മെടെ മോളാ.. ഇപ്പൊ പൊറം നാട്ടിലൊക്കെ പോയി പണിയെടുത്ത്‌ വല്യ നെലേല്‍ ആയി "



ആരൊക്കെയോ കുശുകുശുക്കുന്നത് കേട്ടു. നോക്കാന്‍ പോയില്ല. കൃഷ്ണനെ കൈ കൂപ്പി തോഴുമ്പോള്‍ എന്തോ ഒരു ചൈതന്യം മനസിലേക്ക് അലയടിച്ചു കയറി. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അറിഞ്ഞില്ല. പ്രസാദം വാങ്ങി നെറ്റിയില്‍ അണിഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ വിസ്മയത്തോടെ നോക്കിയവര്‍ക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.



"ദേവ്യേ.. അവടോന്നു നിന്നേ.. ഒരൂട്ടം പറയട്ടെ. " ചിരപരിചിതമായ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. ജയേട്ടന്‍..



" ഇപ്പൊ വല്യ കാശുകാരായപ്പോ നമ്മളെ ഒന്നും കണ്ടാ മിണ്ടില്ലാന്നായോ? "



സ്വത സിദ്ധമായ ചെറു പുഞ്ചിരിയോടെ ഉള്ള ചോദ്യം കേട്ടു ആദ്യം ചിരിയാണ് വന്നത്. ജയേട്ടന്‍ എന്നും ഇങ്ങനെ തന്നെ ആയിരുന്നല്ലോ.. എത്ര ദേഷ്യം ഉണ്ടായാലും ചിരിച്ചുകൊണ്ടേ സംസാരിക്കാറുള്ളൂ.



" അങ്ങനെ ഒന്നും ഇല്ല ജയേട്ടാ.. ഓരോ ചിന്തകളില്‍ പെട്ട് അങ്ങനെ നടന്നു. ഞാന്‍ കണ്ടില്ലായിരുന്നു.. കണ്ടിരുന്നെങ്കില്‍ ഞാന്‍ മിണ്ടാതെ പോകുമോ? " ക്ഷമാപണത്തിന്റെ സ്വരത്തില്‍ അങ്ങനെ പറയാനാണ് തോന്നിയത്‌.



" ഞാന്‍ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ.. വീട്ടിലെക്കല്ലേ? .. നടന്നോളൂ.. ഞാനും ആ വഴിക്കാ. എഴുത്തച്ഛനെ ഒന്ന് കാണണം. ഒന്ന് രണ്ടു പുസ്തകങ്ങള്‍ എടുക്കണം."



കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല ജയേട്ടന്. അധ്യാപനവും വായനയും അല്ലറ ചില്ലറ കലാ പ്രവര്‍ത്തനവും എഴുത്തച്ഛന്റെ വീട്ടിലെ സാഹിത്യ സദസ്സും... അങ്ങനെ അങ്ങനെ.. എന്നും ജയേട്ടന്‍ തനിക്കൊരു അത്ഭുതം ആയിരുന്നല്ലോ എന്ന് വിസ്മയത്തോടെ ചിന്തിച്ചു. അതായിരുന്നല്ലോ തമ്മിലുള്ള അടുപ്പം പ്രണയം എന്ന് പറയാവുന്ന തലത്തിലേക്ക് വളര്‍ന്നത്‌.. ജയേട്ടന്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.. കേള്‍ക്കാന്‍ നല്ല രസം തോന്നി. നാണിയമ്മ മരിച്ചത്... കുന്നെക്കാവിലെ മൂവാണ്ടന്‍ മാവ് കടപുഴകി വീണത്‌.. സാവിത്രിയുടെയും വിനോദിന്റെയും കല്യാണം കഴിഞ്ഞത്... സ്കൂളിന് പുതിയ ചുറ്റുമതില്‍ കെട്ടിയത്... കാട്ടുവാചിറ അമ്പലത്തിലെ എഴുന്നള്ളത്തിനിടയില്‍ ആന ഇടഞ്ഞത്.. എല്ലാം മനക്കണ്ണില്‍ കാണുകയായിരുന്നു.. വീടെത്തിയത് അറിഞ്ഞില്ല..



"ഇനി എന്നാ തിരിച്ച്? " ചോദ്യം പ്രതീക്ഷിച്ചതായിരുന്നെന്കിലും കേട്ടപ്പോള്‍ അറിയാതെ ഞെട്ടി.



"പോണം. പോയല്ലേ പറ്റൂ.. അടുത്ത് തന്നെ പോകും " വാക്കുകള്‍ എന്നില്‍ നിന്ന് തന്നെ ആണോ വന്നതെന്ന് സംശയിച്ചു. കൌതുകത്തോടെ നോക്കിയ ജയേട്ടന്റെ മുന്നില്‍ നിന്നും ഓടി രക്ഷപെടാനാണ് തോന്നിയത്. ഒറ്റക്കിരുന്നു കുറച്ചു നേരം കരയണം. ജയേട്ടനോട് യാത്ര പറഞ്ഞ് കളപ്പുരയിലേക്ക് നടന്നു. ഇതാണ് പറ്റിയ സ്ഥലം. അല്പം ഉച്ചത്തില്‍ കരഞ്ഞാലും ആരും കേള്‍ക്കില്ലല്ലോ. അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു. മതിയാവോളം കരഞ്ഞു. മനസ്സില്‍ അടക്കിപ്പിടിച്ചിരുന്ന വിങ്ങലുകളെല്ലാം കണ്ണിലൂടെ അണപൊട്ടി ഒഴുകി.



തന്‍ നശിച്ചാലും തന്റെ കുടുംബം രക്ഷപെട്ടല്ലോ എന്ന് ഓര്‍ത്തപ്പോള്‍ അല്പം സമാധാനം തോന്നി. പേര്‍സണല്‍ സെക്രട്ടറി എന്നാ പേര് അക്ഷരാര്‍ത്ഥത്തില്‍ പേര്‍സണല്‍ ആക്കിയ ബോസ്സ്. തന്നെ വെറും വില്‍പ്പന ചരക്കാക്കി കോടികളുടെ ബിസിനസ്‌ പിടിച്ചെടുക്കുന്ന സമര്‍ത്ഥന്‍. പക്ഷെ അയാള്‍ അറിയുന്നില്ലല്ലോ ഒരു പാവം മലയാളി പെണ്‍കൊടിയുടെ ജീവിതം ആണ് തന്‍ പൂക്കുല പോലെ ചിതറിച്ചു കളയുന്നതെന്ന്.. അവള്‍ നെയ്തു കൂട്ടിയ

സ്വപ്‌നങ്ങള്‍.. ഒരു പാവം വാധ്യാരുമൊത്തുള്ള ജീവിതം.. എല്ലാം പുല്ലില്‍ ചിതറിയ തവിട് പോലെ ആയതു അയാള്‍ ആസ്വദിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എത്രയെത്ര മനുഷ്യര്‍ ... എത്രയെത്ര മുഖങ്ങള്‍ ... ഇനിയും ആ ചെളിക്കുഴിയിലേക്ക് തന്നെ മടങ്ങിപ്പോകണമല്ലോ എന്നോര്‍ത്തപ്പോള്‍ അറിയാതെ ഒരു ഉള്‍ക്കിടിലം. കളപ്പുരയുടെ മൂലയില്‍ വച്ചിരിക്കുന്ന വിഷക്കുപ്പി തന്നെ നോക്കി പല്ലിളിക്കുന്നതായി ദേവിക്ക് തോന്നി. ഭ്രാന്തമായ ഒരു മുഴക്കം തലച്ചോറിനെ ബാധിക്കുന്നു...ഇനി ഒരു തിരിച്ച് പോക്ക് എങ്ങോട്ട് ?... ജീവിതം എന്ന അഴുക്കു ചാലിലേക്കോ അതോ....



കളപ്പുരയിലെ നേര്‍ത്ത ഇരുട്ട് തന്റെ മനസ്സിലേക്കും വ്യാപിക്കുന്നത് അവള്‍ ഒരു ഉന്മാദത്തോടെ അറിഞ്ഞു. പകലോന്‍ അപ്പോഴും പുറത്ത്‌ പുഞ്ചിരി തൂകുകയായിരുന്നു.


അയനം


"കാപ്പി കാപ്പീ ...."



ട്രെയിനില്‍ കാപ്പി വില്‍ക്കുന്ന പയ്യന്‍റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത് . പുറത്തേക്കു നോക്കി . ഷൊര്‍ണൂര്‍ എത്താറായിരിക്കുന്നു. മുഖത്തേക്ക് മഴത്തുള്ളികള്‍ തെറിച്ചു വീണു. മഴ പെയ്യുന്നുണ്ട്. വെള്ളം തുടച്ചു മാറ്റാന്‍ തോന്നിയില്ല. ഏറെ കാലത്തിനു ശേഷം നാടിന്‍റെ എന്‍റെ പ്രിയ ഗ്രാമത്തിന്‍റെ ശ്വാസ ഗതി ഈ മഴയിലൂടെ തിരിച്ചരിയാനാകുന്നുണ്ട്. എത്ര കാലമായി ഇതുപോലെ ശാന്തമായ മനസോടെ മഴ നനഞ്ഞിട്ട്‌ . പുറത്തു അലറികുതിക്കുന്ന ഭാരത പുഴ . തന്റെ നാടിന്റെ സുകൃതം .


ഈ പുഴ ആണോ മരിച്ചു കൊണ്ടിരിക്കുന്നു എന്ന് മാധ്യമങ്ങളും മറ്റുംവിലപിക്കുന്നത് ? യമുനക്ക് അറിയാതെ ചിരി വന്നു . എന്തൊക്കെ കോപ്രായങ്ങളാണ് ഇവര്‍ കാണിച്ചു കൂട്ടുന്നത്‌ . വെറും വാര്‍ത്തക്കും പണത്തിനും വേണ്ടി . താന്‍ കണ്ടിട്ടുള്ള ഭാരതപ്പുഴ എന്നും ഇങ്ങനെ ആയിരുന്നു. നിറഞ്ഞു കവിഞ്ഞു കുഞ്ഞോളങ്ങള്‍ മണല്‍ പരപ്പില്‍ കുസൃതി കാണിച്ചു അലസമായി ഒഴുകുന്ന ഭാരതപ്പുഴ . ആ ഒരു ചിത്രം മാത്രമേ മനസ്സില്‍ ഉള്ളൂ. എന്നും അത് തന്നെ മതി .

"കാപ്പി കാപ്പീ ...."


ഒരു കാപ്പി വാങ്ങി . നല്ല ചൂട്. പുറത്തു നിന്നും അടിക്കുന്ന തണുത്ത കാറ്റില്‍ ഈ ചൂട് നല്ലതാണ്. പതിയെ കാപ്പി ഊതി കുടിച്ചു. പുറത്തു മഴക്ക് ശക്തി കൂടിയെന്ന് തോന്നുന്നു . മുഖത്തിന്‍റെ ഒരു വശം ആകെ

നനഞ്ഞു .

"ആ ജനല്‍ അങ്ങ് ക്ലോസ്‌ ചെയ്യൂ കുട്ടീ " .


മുമ്പിലത്തെ സീറ്റില്‍ ഇരിക്കുന്ന വൃദ്ധ അല്പം ഈര്‍ഷ്യയോടെ ആണത് പറഞ്ഞത് . കാപ്പി ഗ്ലാസ്‌ പുറത്തേക്കു എറിഞ്ഞു യമുന വിന്‍ഡോ താഴ്ത്തി. ഒരു നേര്‍ത്ത ഇരുട്ട് കമ്പാര്‍ട്ട് മെന്റില്‍ തളം കെട്ടി . ജാലകത്തിലേക്ക് തല ചായ്ച്ച് യമുന ചിന്തകളുടെ ലോകത്തേക്ക് ഊളിയിട്ടു.


നിര്‍വികാരമായിരുന്നു ഇത് വരെ മനസ്. ഇപ്പോള്‍ എന്തോ അഭൌമമായ ഒരു ശാന്തത കളിയാടുന്നു . ഇതാണോ ജന്മ നാടിന്റെ പുണ്യം? നീണ്ട വര്‍ഷങ്ങള്‍ . ഒരു തരം പകയായിരുന്നു മനസ്സില്‍ . ജീവിതത്തില്‍

മനസിനെക്കാള്‍ പണത്തിനും പ്രതാപത്തിനും പ്രാധാന്യം നല്‍കിയവരുടെ മുന്നില്‍ ഒരു നിമിഷമെങ്കിലും അതെ അഹന്തയോടെ നില്‍ക്കണം എന്നുള്ള പക . ചിതറി ഉടഞ്ഞ കുന്നിക്കുരു ഭരണിയില്‍ നിന്നും ചോരപ്പൊട്ടുകള്‍ പോലെ പടര്‍ന്നു വീണ കുന്നിക്കുരുക്കള്‍ . കണ്ണീര്‍ കണങ്ങള്‍ പോലെ അവ തെക്കിനിയില്‍ തുള്ളിതെറിച്ചത് ഇപ്പോഴും കണ്മുന്നില്‍ ഉണ്ട് .
സ്നേഹം അല്ലായിരുന്നു ദേവേട്ടനോട് തനിക്ക്‌ . ഒരു തരം അഭിനിവേശം ആയിരുന്നു. തനിക്കായ് ഈ ലോകത്തില്‍ ദൈവം തന്ന വരദാനം . ദേവേട്ടനും അങ്ങനെ തന്നെ ആയിരുന്നല്ലോ . അതോ വെറും സഹാനുഭൂതി മാത്രം

ആയിരുന്നോ ? ഒരു പാവം പെണ്‍കുട്ടിക്ക് സാന്ത്വനമായി നല്കിയതായിരുന്നോ ആ സ്നേഹം? അറിയില്ല. പക്ഷെ ക്ഷയിച്ചു പോയ തറവാട്ടില്‍ നിന്നും ഒരു പെണ്ണിനെ താലി കെട്ടാനുള്ള മകന്റെ ആഗ്രഹം പുത്തന്‍ പണക്കാരനായ അച്ഛന്റെ ഗര്‍വിനു മുന്നില്‍ പത്തി താഴ്ത്തുന്നത് താനും നേരിട്ട് കണ്ടതാണല്ലോ . " ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ " എന്നുള്ള അച്ഛന്റെ കര്‍ശനമായ കല്പനയ്ക്ക് മുന്നില്‍ തലയും താഴ്ത്തി നടന്നു മറഞ്ഞ ദേവേട്ടന്റെ ചിത്രം. വേദനയെക്കാളേറെ പുച്ഛമാണ് തോന്നിയത്. ദേവേട്ടനോട് മാത്രമല്ല, പുരുഷ വര്‍ഗത്തിനോട് മുഴുവന്‍ .


തകര്‍ന്നു നിന്ന തനിക്കരികിലെത്തി തലയില്‍ തലോടി സാന്ത്വനം പകര്‍ന്നത് അമ്മയായിരുന്നു . " ന്‍റെ കുട്ടിക്ക് ഇതിലും നല്ലൊരു ബന്ധം കിട്ടും. ഈശ്വരന്‍ വിധിചിട്ടില്ല്യാന്നു കരുതി സമാധാനിക്കാനല്ലാതെ എന്താ ഞാന്‍ ന്‍റെ മോളോട് പറയാ ? കരഞ്ഞോളൂ കുട്ട്യേ . ഒന്നുറക്കെ കരഞ്ഞാല്‍ ഈ വേദന മാറിക്കോളും. അത്രേ ഉള്ളൂ ജീവിതം. കണ്ണീരില്‍ ഒഴുക്കി കളയാന്‍ മാത്രമുള്ള വേദനകളെ ദൈവം നമുക്ക് തരൂ . "


അമ്മയുടെ നെഞ്ചില്‍ തല ചേര്‍ത്ത് വിങ്ങി കരഞ്ഞു . അമ്മയും കരയുകയാനെന്നു തലയിലേക്ക് കണ്ണീരിന്‍റെ നനവ്‌ തട്ടിയപ്പോഴാണ് മനസിലായത് . പാവം അമ്മ. മനസുറച്ച കാലം മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ അമ്മയുടെ കണ്ണീര്‍ . എന്നും കരയാന്‍ മാത്രമാണ് അമ്മയുടെ വിധി .

"പ്രേമവും സ്നേഹവും ഒക്കെ പാവപ്പെട്ടവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല മോളെ.

പാവപ്പെട്ടവര്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അര്‍ഹത ഇല്ല.

പണക്കാര്‍ക്ക് തട്ടിക്കളിക്കാന്‍ ഉള്ള വെറും ഉപകരണം മാത്രമാ നമ്മളൊക്കെ. "


അമ്മക്ക് ആശ്വസിപ്പിക്കാന്‍ മാത്രേ കഴിയൂ . അതേ അറിയൂ . വഴക്ക് പറയാന്‍

അറിയില്ല. കണ്ണീരു വീണു തലയിണ നനഞ്ഞു കുതിര്‍ന്ന ദിനരാത്രങ്ങള്‍ കടന്നുപോകെ ഒരു സത്യം മനസിലാക്കി. മറ്റൊരു സ്ത്രീയുടെ കൂടെ ദേവേട്ടനെ കാണാനുള്ള കരുത്ത് തനിക്കില്ല . അതുകൊണ്ടാണ് അമ്മാവന്റെ കെയറോഫില്‍ ഒരു ജോലി ശരിയായപ്പോ ഒന്നും ചിന്തിക്കാതെ ഡല്‍ഹിക്ക് യാത്രയായത്. പക്ഷെ ആ യാത്ര ഇത്രയും നീളുമെന്ന് ഒരിക്കലും കരുതിയില്ല.
 

എല്ലാം വെട്ടിപ്പിടിക്കാനുള്ള വാശി ആയിരുന്നു. പണത്തിന്റെ കരുതുകൊന്ദ്

ജീവിതം മാത്രമല്ല സ്വഭാവവും രീതികളും മാറ്റാന്‍ കഴിയുമെന്ന് മനസിലാക്കിയ

ദിനങ്ങള്‍. യമുന എന്ന ആ നാട്ടിന്‍പു
റത്ത്കാരി മാറുകയായിരുന്നു. ജീവിക്കാന്‍ തന്നെ മറന്നുപോയി. ജീവിതം പണമാണെന്ന് വിശ്വസിച്ചു. അതിനു മുന്നില്‍ അമ്മയുടെ കണ്ണീരിനും യാനകള്‍ക്കും നേരെ മുഖം തിരിച്ചു. മുഖം തിരിച്ചതല്ല. ജീവിതത്തില്‍ തന്നെ തോല്പ്പിച്ചവരോടുള്ള പക അമ്മയുടെ കണ്ണീരിനേക്കാള്‍ വലുതാണെന്ന് മനസ്സില്‍ ആഴത്തില്‍ കൊത്തിവച്ചിരുന്നു.

കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. ട്രെയിന്‍ ഏതോ

പാലത്തിന്റെ മുകളിലൂടെ പോയതാണ്. സ്റ്റേഷന്‍ എത്താറായി എന്ന് തോന്നുന്നു. പതിയെ എഴുനേറ്റു. യാത്രക്കാര്‍ എല്ലാം എഴുനേറ്റു വാതിലിനടുത്തേക്ക് നടക്കുന്നു. പാലക്കാട് സ്റ്റേഷനില്‍ ട്രെയിന്‍ കിതച്ചുകൊണ്ട് നിന്നു . ലഗ്ഗെജെസ് എടുത്തുകൊണ്ട് പുറത്തിറങ്ങി. ഒരു ടാക്സി പിടിക്കാം .
 

 ഡ്രൈവറോട് സ്ഥലം പറഞ്ഞു . ബാഗുകള്‍ ഒക്കെ ഡിക്കിയില്‍ അടുക്കി വച്ചു പിന്‍ സീറ്റില്‍ കയറി ഇരുന്നു .
 

അമ്മക്ക് തീരെ വയ്യ . അവസാനമായി ഒന്ന് കാണണം. അമ്മയല്ല വിളിച്ചത്. ശേഖരമാമയാണ് . എണീക്കാന്‍ പോലും വയ്യത്രെ. ഇത്രയം കാലത്തെ അമ്മയുടെ കണ്ണീരിന്റെ നനവും ചൂടും മനസിനെ  പൊള്ളിച്ചുവോ

ഒരു നിമിഷം ? അത് തന്നെ ആവാം കാരണം. പൊക്കിള്‍ കൊടി ബന്ധം ... അമ്മ എന്ന സ്നേഹ മന്ത്രം ... പോവണം . അമ്മയെ കാണണം . ഇത്രയും കാലം അമ്മയെ വിഷമിപ്പിച്ചതിനും വേദനിപ്പിച്ചതിനും കാലില്‍ വീണു മാപ്പ് പറയണം .

" മാഡം .. സ്ഥലം എത്തി . "


 ഡ്രൈവറുടെ സ്വരം . ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിട്ടു .

 തന്റെ ഗ്രാമം . കൂലി കൊടുത്തു പുറത്തേക്കു കാല്‍ വച്ചപ്പോള്‍ അവാച്യമായ

ഒരു ചൈതന്യം തന്റെ സിരകളിലേക്ക് പടരുന്നതായി യമുനക്ക് തോന്നി . ബാഗുകള്‍ എടുത്തു തിരിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് . വീടിനു മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കുന്നു . താന്‍ വരുന്നത് കാത്തു ഇത്രയധികം ആളുകളോ ? യമുനക്ക് ചിരി വന്നു . മുറ്റത്തേക്ക് കയറിയപ്പോള്‍ ആളുകള്‍ അടക്കം പറയുന്നതും

എല്ലാവരുടെയും കണ്ണുകള്‍ തന്റെ മേലേക്ക് നീളുന്നതും ഒട്ടൊരു അസ്വസ്ഥതയോടെ യമുന നോക്കി കണ്ടു .
 

അറിയാതെ യമുനക്ക് ഒരു ഉള്‍ക്കിടിലം അനുഭവപ്പെട്ടു . സാമ്പ്രാണിയുടെയും

ചന്ദന തിരിയുടെയും അഷ്ട ഗന്ധത്തിന്റെയും സമ്മിശ്ര ഗന്ധം ഉണ്ടോ

അന്തരീക്ഷത്തില്‍ ?
 

വെള്ള പുതപ്പിച്ചു കിടത്തിയ അമ്മയുടെ ചേതനയറ്റ രൂപം . മനസിലും കണ്ണിലും

ഇരുള്‍ വന്നു നിറയുന്നതായി യമുനക്ക് തോന്നി . ഒന്ന് മാപ്പിരക്കാന്‍ പോലും

സമയം തരാതെ അമ്മ പോയ്ക്കളഞ്ഞോ?

അമ്മേ ....


ദീനമായ ഒരു നിലവിളിയോടെ യമുന അമ്മയുടെ കാല്‍ക്കലേക്ക് വീണു .

" ഈ പാപിയായ മോളോട് ക്ഷമിക്കണേ അമ്മേ .. മഹാ പാപിയാണ് ഞാന്‍ .. അമ്മയുടെ "മോളേ " എന്ന വിളി കേള്‍ക്കാന്‍ പോലും എനിക്ക് സമയം തന്നില്ലല്ലോ ... "

മലയിറങ്ങി വന്ന ഒരു പാലക്കാടന്‍ കാറ്റില്‍ നിലവി
ക്കിലെ തിരികള്‍ ചാഞ്ചാടി . അമ്മയുടെ കര സ്പര്‍ശം പോലെ ആ തെന്നല്‍ യമുനയുടെ ശിരസ്സിലൂടെ തഴുകി കടന്നു പോയി ..

അമ്മയുടെ സ്വരം ആ കാറ്റില്‍ അലയടിക്കുന്ന പോലെ യമുനക്ക് തോന്നി
 

" മനുഷ്യരെ ശിക്ഷിക്കാന്‍ നമ്മള്‍ ആരും അല്ല കുട്ടീ . മറ്റുള്ളവരെ

ശിക്ഷിക്കാന്‍ പുറപ്പെടുമ്പോള്‍ നമ്മള്‍ നമ്മെ തന്നെയാണ്

ശിക്ഷിക്കുന്നതെന്ന് മനസിലാക്കണം. നല്ലതേ വരൂ മോള്‍ക്ക്‌ . ഈ അമ്മ ഉണ്ടാകും കൂടെ. എന്നും ഇപ്പോഴും ..... "

പുറത്തു മഴ പെയ്യുകയാണ് .. യമുനയുടെ കണ്ണീര്‍ പോലെ ... വിങ്ങി വിതുമ്പി ..