Wednesday, May 11, 2011

പാവകളി



ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

"................... "

ശരി സര്‍ .. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാം സര്‍

പടക്

കോണ്‍സ്റ്റബിള്‍ .. വേഗം റെഡി ആകൂ . മണല്‍ മാഫിയ പിന്നെയും രംഗത്ത് . ഉടന്‍ പോയി പിടികൂടണം . ഐജി യുടെ ഓര്‍ഡര്‍ ..

യെസ് സര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍

ഊ ... ഊ .... ഊ ... ഊ .... ഊ ... ഊ ....

ഓടിക്കോ ... പോലീസ്‌ ...

അറസ്റ്റ് ദെം ..

ലോക്കപ്പിലിട്ടു പൂട്ടിയെക്കൂ .. ആര് പറഞ്ഞാലും തുറന്നു വിടണ്ട .

ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

"............... "

സര്‍ അത് .....

"............... "

ശരി സര്‍ ...

തുറന്നു വിട്ടെക്കടോ അവന്മാരെ .. ഐജി യാ വിളിച്ചത് ..

ഇനീം കാണാം സാറേ ..

ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

".............."

സര്‍ ....

".............."

സോറി സര്‍

".............."

പിടിക്കാന്‍ പറയുന്നതും വിടാന്‍ പറയുന്നതും സര്‍ തന്നെ . പിടിച്ച ഉടനെ വിടാനാണെങ്കില്‍ പിന്നെ എന്തിനാ സര്‍ വെറുതെ മെനക്കെടുന്നത് ?

".............."

സര്‍ ..

പടക്

കോണ്‍സ്റ്റബിള്‍ ... റെഡി ?

റെഡി സര്‍ ...

ഊ ... ഊ .... ഊ ... ഊ .... ഊ ... ഊ ....

പരലോക ചിന്തകള്‍




നീ മരിച്ചാല്‍ നിനക്ക് സ്വര്‍ഗത്തില്‍ പോണോ അതോ നരകത്തില്‍ പോണോ ?

സ്വര്‍ഗം എന്താ? നരകം എന്താ? 

സ്വര്‍ഗം എന്നാല്‍ .. നിനക്കൊരിക്കലും സങ്കടപ്പെടേണ്ടി വരില്ല . എന്നും ഇപ്പോഴും സന്തോഷം സുഖം .

നരകം എന്നാല്‍ .. ദു:ഖം ദുരിതം , രോഗം .. എണ്ണയില്‍ ഇട്ടു പൊരിക്കും . തീയിലിട്ടു ചുടും . വിഷപ്പാമ്പുകളെക്കൊണ്ട് കടിപ്പിക്കും .... എന്നും വേദന മാത്രം ...

എനിക്ക് സ്വര്‍ഗത്തില്‍ പോയാല്‍ മതി ..

എങ്കില്‍ നല്ല കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കൂ ..

അങ്ങനെ ഒരുനാള്‍ ഞാന്‍ മരിച്ചു ... പരലോകത്തെത്തി. 

അത്ഭുതപ്പെട്ടുപോയി . വെള്ള മേഘങ്ങള്‍ നിറഞ്ഞ ഒരു സ്ഥലം . അവിടവിടെ ചില രൂപങ്ങള്‍ . 

പുതിയ ആള്‍ വന്നല്ലോ ... ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ ..........

നിങ്ങളൊക്കെ ? 

നിനക്ക് മുന്നേ മരിച്ചു വന്നവരാ ...

അപ്പൊ നിങ്ങള്‍ സ്വര്‍ഗത്തിലും നരകത്തിലും പോയില്ലേ ?

അത് നീ ദൈവത്തിനോട് ചോദിക്ക് ..

അതിനു ദൈവം എവിടെ ?

അയാള്‍ ഒരു ദിക്കിലേക്ക് ചൂണ്ടി . അവിടെ ഒരു മഞ്ഞു മറ പോലെ എന്തോ .....

അവിടേക്ക് നടന്നു .. 

ദൈവമേ .....

എന്താണ് ? ചോദിച്ചോളൂ .. സ്നേഹമസൃണമായ സ്വരം ...

അങ്ങാണോ ദൈവം ?

അതെ .. ഞാന്‍ തന്നെ ..

അങ്ങയെ കാണാന്‍ കഴിയില്ലേ ?

ഇല്ല .. എനിക്ക് രൂപമില്ല ... നിറമില്ല .. ഗന്ധമില്ല .. എന്തെന്നാല്‍ ഞാന്‍ നിങ്ങളില്‍ ഓരോരുത്തരുടെയും ജീവവായു ആണ് ..

പക്ഷെ ഭൂമിയില്‍ മനുഷ്യര്‍ ദൈവത്തിനെ പല പേരിലും രൂപത്തിലും ആരാധിക്കുന്നല്ലോ ...

നോക്കൂ .. ഞാന്‍ മനുഷ്യരെ സൃഷ്ടിച്ചതോടൊപ്പം ചെകുത്താനെയും സൃഷ്ടിച്ചു . ദൈവത്തിന്റെ പേരില്‍ അടി കൂടുന്നവര്‍ ചെകുത്താന്റെ സന്തതികള്‍ . ദൈവത്തിന്റെ പേരിലോ അല്ലാതെയോ പരസ്പരം സ്നേഹിക്കുന്നവര്‍ മനുഷ്യര്‍ ..

ആട്ടെ .. ഈ സ്വര്‍ഗ്ഗവും നരകവും എവിടെയാണ് ? 

നിന്റെ ഇടതു ഭാഗത്തേക്ക് നോക്കൂ .. അതാണ്‌ നരകം .. നിന്റെ വലതു ഭാഗത്തേക്ക് നോക്കൂ .. അതാണ്‌ സ്വര്‍ഗം ..

ഇടം വലം നോക്കി ... ശൂന്യം !!!!

ഒന്നും ഇല്ലല്ലോ ഇവിടെ !!!

അതെ .. ഒന്നും ഇല്ല . എന്തെന്നാല്‍ സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ തന്നെ ....

അപ്പോള്‍ ജീവിതകാലം മുഴുവന്‍ സങ്കടങ്ങള്‍ അനുഭവിക്കുന്നവന്‍ ? ജീവിതകാലം മുഴുവന്‍ സുഖസൌഭാഗ്യങ്ങള്‍ അനുഭവിക്കുന്നവന്‍ ? ദൈവവും പക്ഷഭേദം കാണിച്ചു തുടങ്ങിയോ ? 

നിനക്ക് തെറ്റി . ഒരാള്‍ ദു:ഖം അനുഭവിക്കുന്നു എങ്കില്‍ അതിലിരട്ടി സന്തോഷവും അയാള്‍ അനുഭവിക്കുന്നുണ്ട് . ഒരു നേരത്തെ ഭക്ഷണത്തിന് കൊതിക്കുന്നവന് ഭക്ഷണം കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം .. അതീ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമാണ് . 

സുഖം അനുഭവിക്കുന്നവന്‍ അതിനേക്കാള്‍ വലിയ ദു:ഖം അനുഭവിക്കുന്നുണ്ട് . അപമാന ഭയത്താല്‍ പുറത്തു പറയുന്നില്ലെന്ന് മാത്രം .. 

എങ്കിലും ........

എങ്കിലും എന്നതിന് പ്രസക്തി ഇല്ല . എങ്കിലും എന്നത് മനസ്സിന്റെ തോന്നലാണ് . ചിന്തകള്‍ക്ക് കടിഞ്ഞാണിടൂ ... എന്നിട്ട് വിശ്രമിക്കൂ .... സ്വസ്ഥമായി .. ഇത്രയും കാലം നീ ഉറങ്ങാതിരുന്നതിനു പ്രതിഫലമായി നീ ഉറങ്ങുക ... എന്നെന്നേക്കുമായി ....

കാഴ്ച മങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ തേടി ...

എവിടെ സ്വര്‍ഗം ? എവിടെ നരകം ? ....

Thursday, May 5, 2011

നമ്മുടെ നാട് .... അല്പം കൂടി കഴിഞ്ഞാല്‍ ....



കാളേ ... നടകാളേ  ..... 

ചന്തയിലേക്കുള്ള പോക്കാണ് . ഇന്നൊരു അത്ഭുത വസ്തു വരുന്നുണ്ട് . 

സകല ആളുകളുടെയും പോക്ക് ചന്തയിലേക്ക് തന്നെ . വേഗം എത്തണം . ഇല്ലെങ്കില്‍ മുന്‍വശത്ത് നില്‍ക്കാന്‍ പറ്റില്ല . 

ആദ്യം കാണണം ആ കാഴ്ച . കണ്‍കുളിര്‍ക്കെ ... രണ്ടു തലമുറകളായി ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വസ്തു ഇന്ന് കാണണം ...

ആഹ്ലാദത്തോടെ വീണ്ടും 

" കാളേ ... നടകാളേ  ..... "

ചന്ത മുക്ക് ജനസമുദ്രം ... സൂചി കുത്താന്‍ ഇടമില്ല . കാള സ്റ്റാന്‍ഡില്‍ കാളകളെ കെട്ടി ഇട്ടു . പാര്‍ക്കിംഗ് സ്ലിപ് വാങ്ങി പോക്കറ്റില്‍ ഇട്ടു . തുടര്‍ന്ന് ആള്‍ക്കൂട്ടത്തിലേക്ക് ..

" വരുന്നുണ്ടേ ................... വരുന്നുണ്ടേ .............. " ഏതോ ഒരു ഭാഗത്ത്‌ നിന്നും അലര്‍ച്ച ... 

ജനം ഏറ്റു പിടിച്ചു .

" വരുന്നുണ്ടേ .... വരുന്നുണ്ടേ ..... " 

അതാ വരുന്നു .... മന്ദം മന്ദം  ഒരു ... ഒരു ... 

ഒരു കാര്‍ ........................

ഹോണ്‍  അടിച്ചു പയ്യെ പയ്യെ വരികയാണത് .  ജനം പരിസരം മറന്നു നില്ക്കുന്നു .. ചിലര്‍ ഭക്തിപൂര്‍വ്വം തൊഴുന്നു .... 

ഉരുണ്ടുരുണ്ട് ആ കാര്‍ പതിയെ കണ്ണില്‍ നിന്ന് മറഞ്ഞു ...

ഇനിയെന്നു കാണും ഇതുപോലൊരു അത്ഭുത കാഴ്ച ? ....

ഇനി അടുത്ത അത്ഭുതം കാണും വരെ ചന്തയോട് വിട ...

നട കാളേ .... നട നട .....

അവലംബം : ഡീസലിന് മൂന്നും പെട്രോളിന് നാലും രൂപ കൂട്ടിയേക്കും [ വാര്‍ത്ത ]

ഈ പോക്ക് പോയാല്‍ കുറച്ചു കാലത്തിനു ശേഷം ഉള്ള നാട് .. ഒരു സങ്കല്പം 

Wednesday, May 4, 2011

നീതിദേവതയുടെ കണ്ണുകള്‍




വാദി ഭാഗം കൂട്ടില്‍ നിന്ന് അയാള്‍ ഡയസിലേക്ക് നോക്കി . ജഡ്ജിക്ക് പകരം ഒരു കുന്നു നോട്ടുകെട്ടുകള്‍ സംസാരിച്ചു

" അതി ക്രൂരമായി ഒരു പെണ്‍കുട്ടിയെ കൊന്ന കുറ്റത്തിന് ഇയാള്‍ക്ക് ഈ കോടതി മരണ ശിക്ഷ വിധിച്ചിരിക്കുന്നു " 

ജഡ്ജി പുച്ഛത്തോടെ അയാളെ നോക്കി . അയാള്‍ നിര്‍വികാരനായി നിന്നു .

തുടര്‍ന്ന് പ്രതിഭാഗത്തേക്ക് തിരിഞ്ഞു നീതിപാലകന്‍ അരുള്‍ ചെയ്തു .

" നിങ്ങള്‍ക്കെതിരെ തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ പ്രതിഭാഗത്തിന് കഴിയാത്തതിനാല്‍ ഈ കോടതി നിങ്ങളെ വെറുതെ വിടുന്നു "

പ്രതിഭാഗത്തുള്ള നോട്ടുകൂമ്പാരം പുഞ്ചിരിച്ചു .

സാക്ഷികള്‍ പണച്ചാക്കുകള്‍ തലയിലേന്തി ആര്‍ത്തു ചിരിച്ചു .

കണ്ണുകള്‍ കറുത്ത തുണി കൊണ്ട് കൂട്ടിക്കെട്ടിയ നീതി ദേവത  ഇനിയൊരു അനീതി സഹിക്കാനാവാതെ മുഖം തിരിച്ചു കളഞ്ഞു .

Friday, April 29, 2011

പോരാളികള്‍



ഒരു സേനാനി

ഞാന്‍ എന്റെ പന്ത്രണ്ടാം വയസ്സില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു . സ്വാതന്ത്ര്യം കിട്ടി വര്ഷം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും പെന്‍ഷനും തെണ്ടി നടക്കുവാ . മരിക്കുന്നതിനു മുമ്പ്‌ ഒരു പ്രാവശ്യമെന്കിലും സ്വാതന്ത്ര്യ സമര പെന്‍ഷന്‍ വാങ്ങണം എന്നുണ്ട് .

*******
മറ്റൊരു സേനാനി

എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയത് . കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആരൊക്കെയോ ഞാന്‍ സ്വാതന്ത്ര്യ സമര സേനാനി ആണെന്ന് പറഞ്ഞു എടുത്തുകൊണ്ട് പോയി. ഇന്നെനിക്ക് വീടായി പത്രാസായി ... അധികാരങ്ങളായി . മരിക്കുവോളം ഈ അധികാരം എനിക്ക് വേണം

രണ്ടു സേനാനികളുടെയും നൊമ്പരങ്ങള്‍ കണ്ടു ത്രിവര്‍ണ്ണ പതാക നാണിച്ചു തല താഴ്ത്തി

വഴിത്താരകള്‍




കത്തി ജ്വലിക്കുന്ന സൂര്യന്‍ . വിണ്ടു കീറി പൊളിഞ്ഞിളകിയ റോഡില്‍ നഗ്ന പാദങ്ങള്‍ പതിയുമ്പോള്‍ പൊള്ളുന്നത് കാല്‍വെള്ള മാത്രമല്ല . മനസ്സ് കൂടി ആണ് .

അമ്മയുടെ കൈ പിടിച്ചു ശൂന്യമായ മനസ്സോടെ നടക്കുമ്പോള്‍ കാലിന്റെ പൊള്ളല്‍ അറിയുന്നില്ലെന്നോ ? ചുമലില്‍ തൂക്കിയ തുണിസഞ്ചിയുടെ ഭാരം കാലുകളെ തളര്‍ത്തുന്നു . അമ്മയുടെ മുഖത്തേക്ക് നോക്കി .

നിര്‍വികാരമായ മുഖം . കണ്ണുകളില്‍ പൊഴിയാന്‍ വെമ്പി നില്‍ക്കുന്ന രണ്ടു തുള്ളി ചുടുകണങ്ങള്‍ . ചേച്ചി നന്നേ ക്ഷീണിച്ചിരിക്കുന്നു . പൊള്ളുന്ന കാലുകള്‍ ഇടയ്ക്കിടെ കുടയുന്നു . 

മുന്നില്‍ നീണ്ടു പരന്നു കിടക്കുന്ന പാത . അനന്തതയിലേക്ക് തന്നെ അല്ലെ ഈ യാത്രയും ? എവിടെ ചെന്നെത്തി നില്‍ക്കും ? 

" പതിനാറു കഴിഞ്ഞില്ലേ ? നിങ്ങള്‍ പോകുന്നില്ലേ ? " അച്ഛമ്മയുടെ അസഹിഷ്ണുതയോടെ ഉള്ള സ്വരം . മടുത്തിരിക്കുന്നു അവര്‍ക്ക് . അച്ഛന്‍ മരിച്ചതിനു ശേഷം പതിനാറു ദിവസം എന്തൊക്കെ കുത്തുവാക്കുകള്‍ കേട്ടു . അപ്പോള്‍ അമ്മ എത്ര കേട്ടിട്ടുണ്ടാവും ? സ്വന്തം മകന്റെ ഭാര്യയും മക്കളും ആണെന്ന് ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ല അച്ഛമ്മ . അച്ഛമ്മ മാത്രം അല്ല . ചിറ്റപ്പനും ഇളയമ്മയും ആരും . ഏതോ അഭയാര്‍ഥികളോട് പെരുമാറുന്ന പോലെ . 

അമ്മ ഇടയ്ക്കു പറഞ്ഞു . " അവര്‍ എന്ത് വേണമെങ്കില്‍ പറഞ്ഞോട്ടെ . നീ ഒന്നും പറയാന്‍ നില്‍ക്കണ്ട . നാട്ടുകാരെ ബോധ്യപ്പെടുത്താനെങ്കിലും അടിയന്തിരം കഴിയുന്നത് വരെ ഇവിടെ നില്‍ക്കണം . " 

സഹനത്തിന്റെ കഠിന പാതകളില്‍ നിരന്തരം സഞ്ചരിച്ച അമ്മയുടെ സ്വരത്തില്‍ കരച്ചിലിന്റെ ധ്വനി ഉണ്ടായിരുന്നു . 

എടുക്കാനുള്ള തുണിയും മറ്റും എടുത്തു ഞങ്ങളുടെ കൈ പിടിച്ചു അമ്മ ഇറങ്ങി . അച്ഛമ്മയുടെയും മറ്റും മുഖത്ത് ഒരു ശല്യം ഒഴിവായി എന്ന ഭാവം ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി മനസ്സില്‍ കിടന്നു .

വീട്ടിലേക്കുള്ള ഇടവഴിയിലേക്കു കയറി . നോക്കിയാല്‍ കാണാം . തകര്‍ന്നു വീഴാറായ ഓല കൊണ്ട് മറച്ച വീട് . മുറ്റത്തേക്ക് കയറാന്‍ വയ്യ . ചപ്പു ചവറുകള്‍ കുന്നു കൂടി കിടക്കുന്ന മുറ്റം .
പതിനാറു ദിവസം കൊണ്ട് ഒരു വീടിനു ഇത്രയും മാറ്റങ്ങള്‍ സംഭവിക്കുമോ ? അമ്മയെ നോക്കി . നടുങ്ങിയിട്ടെന്ന പോലെ നില്‍ക്കുകയാണ് അമ്മ . ചേച്ചി തളര്‍ന്നു കൂനി മുറ്റത്തിന്റെ ഒരു കോണില്‍ ഇരുന്നു . വാടിതളര്‍ന്നിരിക്കുന്നു അവള്‍ . ഇടയ്ക്കിടെ വരുന്ന അപസ്മാരം അവളെ ഒരൊറ്റ നോട്ടത്തില്‍ തന്നെ ഒരു രോഗിയാക്കി മാറ്റിയിട്ടുണ്ട് .

" നീ ആ ചൂലെടുത്തു മുറ്റം ഒക്കെ വൃത്തിയാക്ക് . അകത്തേക്ക് കയറണ്ട. ചിലപ്പോ എല്ലാം കൂടി തലയിലേക്ക് വീഴും . അമ്മൂനെ നോക്കിക്കോ " 

പറഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് കയറി . എല്ലാം വൃത്തിയാക്കി വന്നപ്പഴേക്കും തളര്‍ന്നു തൂങ്ങി . 

" നാളെ വിഷു അല്ലെ അമ്മെ ? " 

കിടക്കുമ്പോള്‍ കാതുകളില്‍ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം വന്നലച്ചു . 

"ഉം .... !!! " അമ്മ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് പുറംതിരിഞ്ഞു കിടന്നു .
എപ്പോഴോ ഉറങ്ങിപ്പോയി . കാതടപ്പിക്കുന്ന ഒരു മുഴക്കം കേട്ടുകൊണ്ടാണ് ഞെട്ടിയുണര്‍ന്നത് .
പുറത്തു നിന്നും " കണി ... കണി ... " എന്നുള്ള ശബ്ദഘോഷം . 

കലാവേദിക്കാര്‍ ഓരോ വീട്ടിലും കണി ഒരുക്കി കൊണ്ട് പോകും . വീട് വീടാന്തരം കയറി ഇറങ്ങി കണി കാണിച്ചു ദക്ഷിണയും വാങ്ങി പോകും . കണി ഒരുക്കാത്തവര്‍ക്ക് ഒരു നല്ല കാര്യമാണ് അവര്‍ ചെയ്യുന്നത് . മുറ്റത്ത്‌ നിന്നും ഉള്ള ഭജന ഉച്ചത്തിലായി .

" അമ്മെ .. അമ്മേ ... എനീക്ക് .. കനിയും കൊണ്ട് വന്നിരിക്കുന്നു .... !!! "

" എണീക്കണ്ട . ആരും ഇല്ലെന്നു കരുതി അവര് പോയ്ക്കോളും . "
അമ്മ ഉണര്‍ന്നിരിക്കുകയായിരുന്നോ ? 

" അപ്പൊ കണി കാണണ്ടേ അമ്മേ ? "

" അവര്‍ക്ക് ദക്ഷിണ വെക്കാന്‍ പൈസ ഇല്ല ... " ഗദ്ഗദം അമ്മയുടെ വാക്കുകളെ മുറിച്ചു .
പതിയെ എണീറ്റു . ശബ്ദമുണ്ടാക്കാതെ ഓലമറയുടെ വിടവിലൂടെ കോലായില്‍ വച്ചിരിക്കുന്ന കണി കണ്ടു . ശബ്ദമുണ്ടാക്കാതെ തന്നെ വന്നു കിടക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു . 
******************************************************************************
കുളി കഴിഞ്ഞു വന്നപ്പോഴേക്കും അമ്മ ചേച്ചിയെ കുളിപ്പിച്ചിരുന്നു ,
" നീ ഇവളെ നോക്ക് . ഞാനൊന്ന് മുങ്ങിയിട്ട് വരാം " എന്റെ കയ്യില്‍ നിന്ന് സോപ്പും തോര്‍ത്തും വാങ്ങി അമ്മ കുളത്തിലേക്ക്‌ പോയി . ചായ തിളപ്പിച്ച്‌ ചേച്ചിക്ക് കൊടുത്ത ശേഷം അരി ഇട്ടു വച്ച പാത്രത്തിന്റെ മൂടി തുറന്നു . 

ശൂന്യം ... !!!

വിഷുവിനു ചോറ് വെക്കാന്‍ അരി ഇല്ല . അമ്മ വരട്ടെ . അമ്മയുടെ കയ്യില്‍ പൈസ ഇല്ലെന്നാണല്ലോ രാവിലെ പറഞ്ഞത് . എന്താ ഇനി ചെയ്യാ ?

" അമ്മേ .. അരി തീര്‍ന്നു . വാങ്ങിക്കണ്ടേ ? " 

കുളി കഴിഞ്ഞു വന്ന അമ്മ ഒന്ന് മൂളിക്കൊണ്ട് അകത്തേക്ക് കയറി . പഴയ തകരപ്പാട്ടയില്‍ നിന്ന് ഏതാനും ചില്ലറത്തുട്ടുകള്‍ പെറുക്കിയെടുത്തു . ആകെ അതില്‍ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ . കുറച്ചു നേരം അമ്മ ആ ചില്ലറത്തുട്ടുകളിലേക്ക് ഇമവെട്ടാതെ നോക്കി . 

" നീ പോയി അരക്കിലോ അരി വാങ്ങിച്ചു കൊണ്ട് വാ " അമ്മ ആ പൈസ എന്റെ നേരെ നീട്ടി 
" അരക്കിലോ അരി എങ്ങനെയാ അമ്മേ വാങ്ങിക്കുക ? ഇന്ന് വിഷു അല്ലെ ? കടക്കാര്‍ എന്ത് വിചാരിക്കും ? "

അമ്മ ഒന്ന് ഞെട്ടിയത് പോലെ തോന്നി . 

" എങ്കില്‍ ...... അരക്കിലോ പച്ചരി വാങ്ങിച്ചോ ..... "

പൊട്ടി വന്ന കരച്ചില്‍ അമ്മ പണിപ്പെട്ടു അടക്കിയത് ആര്‍ത്തലയ്ക്കുന്ന ഹൃദയത്തോടെ ആണ് കണ്ടത് .

അറിയും വാങ്ങി തിരിച്ചു വരുമ്പോള്‍ അയല്വക്കത്തെ വീടുകളില്‍ കുട്ടികള്‍ കമ്പിത്തിരിയും മത്താപ്പും ചക്രവുമെല്ലാം കത്തിക്കുന്നത് കൊതിയോടെ ഇത്തിരി നേരം നോക്കി നിന്നു . 
അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ...... 
അറിയാതെ വിതുമ്പി .

" നിനക്ക് വേണോ ... ? " കുട്ടികളില്‍ ആരോ വിളിച്ചു ചോദിച്ചു .

വേണം ... വേണം ... മനസ്സ് കുതി കുതിച്ചു . എങ്കിലും നാവില്‍ നിന്നു വീണത്‌ വേണ്ട എന്നാണു .

പച്ചരിച്ചോറും പച്ചമുളകും തേങ്ങയും ചേര്‍ത്തരച്ച ചമ്മന്തിയും കൂട്ടി വിഷു സദ്യ ഉണ്ണുമ്പോള്‍ അമ്മയുടെ മിഴികളില്‍ നിന്നും ചോറിലേക്ക് ഹൃദയം വെന്തു ചോര പെയ്തു . 

ഒരു പൊട്ടിക്കരച്ചിലോടെ അമ്മ എന്നെയും ചേച്ചിയും മാറോട് ചേര്‍ത്ത് അമര്‍ത്തി .

ഗദ്ഗദം തൊണ്ടയില്‍ പിടുത്തമിട്ട നിമിഷം വായിലിട്ട ചോറുരുള പുറത്തേക്കു വിക്കി .

ആ വിഷുസദ്യക്ക് കണ്ണീരിന്‍റെ ഉപ്പുണ്ടായിരുന്നു . അച്ഛന്റെ ചോരയുടെ ഗന്ധം ഉണ്ടായിരുന്നു . എത്ര നല്ല സദ്യ ഉണ്ടാലും ആ ഒരു പിടി പച്ചരിച്ചോറിന്റെയും ചമ്മന്തിയുടെയും രുചി തന്നെ ജീവിതത്തിലെ ഏറ്റവും രുചിയുള്ള നിമിഷം 

മാപ്പിളൈ - ഒരു ചെറിയ അവലോകനം




ചിത്രം - മാപ്പിളൈ

സംവിധാനം - സുരാജ്

സംഗീതം - മണിശര്‍മ്മ

കാസറ്റ്‌ ആന്‍ഡ്‌ ക്ര്യൂ - ധനുഷ്‌ , ഹന്‍സിക , മനീഷ, വിവേക്‌ , മനോബാല തുടങ്ങിയവര്‍


എന്റെ കാഴ്ചപ്പാട്

20 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ രാജനികാന്തും , അമലയും , ശ്രീവിദ്യയും തകര്‍ത്തഭിനയിച്ച , ചിരഞ്ജീവി നിര്‍മ്മിച്ച്‌ ഇളയരാജ സംഗീതം നല്‍കിയ മാപ്പിളൈ എന്ന ബ്ലോക്ക്‌ ബസ്റ്റര്‍ ചിത്രത്തിന്റെ പുനരാവിഷ്കരണം ആണ് ധനുഷിന്റെ മാപ്പിളൈ . പുതിയ തലമുറയ്ക്ക് വേണ്ടി അഭ്ര പാളികളില്‍ എത്തുന്നത്‌ ധനുഷിനോപ്പം ഹന്‍സിക , മനീഷ വിവേക്‌ എന്നിവരാണ് . സംവിധാനം സുരാജ് , സംഗീതം മണിഷര്‍മ്മ . പഴയ രജനിയുടെ ചിത്രം കണ്ടവര്‍ക്ക് പുതിയ ചിത്രവും കഥാപാത്രങ്ങളുടെ അഭിനയവും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല . 

കഥ : 

ഒരു പക്കാ റൌഡി ആയ നായകന്‍. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നിരന്തരം തലവേദന ഉണ്ടാക്കുന്ന മകനെ വീട്ടില്‍ നിന്ന് കുറച്ചു ദിവസത്തേക്ക് അകറ്റി നിര്‍ത്താന്‍ തീരുമാനിക്കുന്നു അച്ഛനും അമ്മയും . വീട്ടില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ നാട്ടുകാര്‍ പുത്രന് അന്ത്യ കൂദാശ നല്‍കും . അങ്ങനെ മകന്‍ ചെന്നൈ യില്‍ ഉള്ള ബന്ധുവിന്റെ അടുത്തേക്ക് താമസം മാറ്റുന്നു . അവിടെ മൂപ്പര്‍ ഭയങ്കര ഭക്തന്‍ ആയിട്ടാണ് അറിയപ്പെടുന്നത് . വഴക്കില്ല. ചീത്ത സ്വഭാവം ഇല്ല ... ഒരു നല്ല നായകന്‍ . അവിടത്തെ പ്രധാന വായ്നോക്കികള്‍ ആണ് ചൈല്‍ഡ്‌ ചിന്നയും കൂട്ടാളികളും . ചിന്നയെ അവതരിപ്പിക്കുന്നത്‌ വിവേക്‌ ആണ് . ചിന്നയുടെ തലമുടിയും സ്ലാങ്ങും തന്നെ ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത . 

പെട്ടെന്ന് പണക്കാരനാവാന്‍ എന്ത് ചെയ്യണം എന്ന ചിന്നയുടെ ചോദ്യത്തിന് പണക്കാരി പെണ്ണിനെ ലൈനടിച്ചു കല്യാണം കഴിച്ചാല്‍ മതി എന്ന് നായകന്‍ പറയുന്നു . അങ്ങനെ ചിന്ന ലൈനടിക്കാന്‍ കണ്ടു വെക്കുന്ന പെണ്ണിനെ നായകന്‍ പ്രേമിക്കുന്നു ( നേരെ മറിച്ചാണ് . നായിക നായകനെ പ്രേമിക്കുന്നു )

പെണ്ണിന്റെ അമ്മ മനീഷ കാര്യം അറിയുന്നു . മകളെ നായകന് കെട്ടിച്ചു കൊടുക്കാന്‍ ഒരുങ്ങുന്നു . അപ്പോഴാണ്‌ നായകന്‍ ഭയങ്കര സംഭവം ആണ് എന്ന് അറിയുന്നത് . മനീഷ നേരെ ചെന്ന് ആശിഷ്‌ വിദ്യാര്‍ഥിയുടെ മകനെകൊണ്ട് മകളെ കെട്ടിക്കാന്‍ ഒരുങ്ങുന്നു . നായകന്‍ ഇതറിഞ്ഞു തന്ത്രപൂര്‍വ്വം നായികയെ കെട്ടുന്നു . 

അമ്മയിയമ്മക്ക് ബിപി കൂടി . മരുമകനെ വെല്ലു വിളിക്കുന്നു . മകളെക്കൊണ്ട് നിന്നെ വേണ്ട എന്ന് പറയിപ്പിക്കും എന്ന് അമ്മായിയമ്മ . അത് നടക്കില്ലെന്നും നിങ്ങളുടെ ഈ പണം കൊണ്ടുള്ള അഹങ്കാരം തീര്‍ത്തു എന്നെ മാപ്പിളൈ എന്ന് നല്ല മനസ്സോടെ വിളിപ്പിക്കും എന്ന് മരുമകന്‍ 

ജുദ്ധം സ്റ്റാര്‍ട്ട്‌ ...

ബാക്കി എല്ലാം വെള്ളിത്തിരയില്‍ 

കഥയുടെ കാര്യം ഞാന്‍ പറയേണ്ടല്ലോ . ഒരു കാലത്ത് ഗംഭീര വിജയം നേടിയ ഒരു ചിത്രം എന്ന നിലയില്‍ കഥ നല്ലതായിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല . പക്ഷെ പുതിയ വേര്‍ഷനില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റ് പറ്റിയോ ? അതോ അവര്‍ക്ക് നല്‍കിയ വേഷത്തില്‍ അല്‍പ്പം അതിഭാവുകത്വം കലര്ന്നോ ? ഓരോരുത്തരെ ആയി പറയാം

ധനുഷ്‌ :

അഭിനയിക്കാന്‍ അറിയാം എന്ന് ആടുകാലം , യാരടി നീ മോഹിനി , എന്നീ ചിത്രങ്ങളിലൂടെ ധനുഷ്‌ തെളിയിച്ചിട്ടുള്ളതാണ് . മാപ്പിളൈ എന്നാ ചിത്രത്തിലും അദ്ദേഹത്തിനാല്‍ കഴിയുന്ന രീതിയില്‍ അദ്ദേഹം നീതി പുലര്‍ത്തിയിട്ടുണ്ട് . പക്ഷെ നല്ലവനായ നായകനില്‍ നിന്നും ലോക്കല്‍ ഗുണ്ടയിലേക്കുള്ള കൂടുമാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല . ധനുഷ്‌ അടിച്ചു വീഴ്ത്തുന്ന ആളുകളുടെ ശരീര പ്രകൃതി തന്നെ ആ ദഹനക്കേടിന് കാരണം . കാരണം വില്ലന്മാര്‍ ഒന്ന് തുമ്മിയാല്‍ പറന്നു പോകാവുന്ന അത്രയെ ഉള്ളൂ ധനുഷ്‌ . ആ ധനുഷിന്റെ മേല്‍ ഇത്തരം ഒരു വേഷം കെട്ടി വച്ചത് ശരിയായോ ? ( തമിഴില്‍ .. ഇപ്പോള്‍ മലയാളത്തിലും .. ഇതൊന്നും വലിയ പുത്തരി അല്ലല്ലോ . അത് കൊണ്ട് നമുക്ക് അക്കാര്യം വിടാം )

മനീഷ :

മനീഷയുടെ ഒരു തിരിച്ചു വരവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം . ഒരു അമ്മായിയമ്മ മരുമകന്‍ മത്സരമായ ചിത്രത്തില്‍ രണ്ടുപേരും തകര്‍ത്തു അഭിനയിച്ചിട്ടുണ്ട് ( അഭിനയം എന്ന് ഒരു അരങ്ങിനു വേണ്ടി പറഞ്ഞതാണ് .. സത്യത്തില്‍ അങ്ങനെ ഒരു കാര്യം ആരെങ്കിലും ഈ ചിത്രത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് വിവേക്‌ , നായകന്‍റെ അച്ഛന്‍ , അമ്മ , കള്ളാ സ്വാമി ആയി അഭിനയിച്ച മനോബാല എന്നിവരാണ് )

പക്ഷെ മനീഷയുടെ കഥാപാത്രത്തിന് പുതിയ ഉടുപ്പ് തുന്നിയപ്പോള്‍ അതില്‍ പടയപ്പയിലെ നീലാംബരിയെ ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ചത് വകതിരിവില്ലാത്ത ഒരു കാര്യം ആയിപ്പോയി . മനീഷയെ ഇന്ട്രോഡ്യൂട് ചെയ്യുന്ന സമയത്ത് ഒരു നീലാംബരി പ്രേതം മനീഷയില്‍ കടന്നു കൂടി എന്ന് എനിക്ക് തോന്നിയത് എന്റെ തെറ്റാവാം ചിലപ്പോള്‍ . ക്ഷമിക്കുക .

എങ്കിലും മനീഷ തന്റെ റോള്‍ ഭംഗിയാക്കി എന്ന് തന്നെ വേണം പറയാന്‍ ( പഴയ വേര്‍ഷനില്‍ നമ്മുടെ സ്വന്തം വിദ്യാമ്മ ( ശ്രീവിദ്യ ) അവിസ്മരണീയമാക്കിയ രാജ രാജെശ്വരിക്ക് പുതു ജീവന്‍ നല്‍കിയപ്പോള്‍ അത് വിദ്യാമ്മയുടെ ഒരു നിഴല്‍ മാത്രം ആയി എന്ന് മിഴിപക്ഷം )

ഹന്‍സിക :

ഇപ്പോള്‍ തമിഴ്‌ , മലയാളം സിനിമകളില്‍ നായികമാര്‍ എന്താണോ ചെയ്യുന്നത് അത് തന്നെയേ ഹന്സികക്കും ഇതില്‍ ചെയ്യാനുള്ളൂ . നായകനെ പ്രേമിക്കുക , നാല് മരം ചുറ്റി പ്രേമ ഗാനങ്ങള്‍ . തീര്‍ന്നു . എന്തിനു ബോളിവുഡില്‍ നിന്നും ഈ താരത്തെ തമിഴില്‍ കൊണ്ട് വന്നു എന്ന് എനിക്ക് മനസിലായില്ല . ഒരു സാദാ നായിക . നോ കമ്മന്റ്സ്

വിവേക്‌ :

ഞെട്ടിച്ചു കളഞ്ഞു . ഉത്തമ പുത്തിരന് ശേഷം വിവേക്‌ പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുക തന്നെ ആണ് . ഉത്തമ പുത്തിരനിലെ ഇമോഷണല്‍ എകാംബരം നമ്മെ പൊട്ടിച്ചിരിയുടെ പുതിയൊരു മേഖലയിലേക്ക് കൊണ്ട് പോയത് എങ്ങനെയോ അതിനേക്കാള്‍ ഒരുപടി മേലെ ആണ് ഈ ചിത്രത്തിലെ ചൈല്‍ഡ്‌ ചിന്ന . രൂപത്തിലും ഭാവത്തിലും ശൈലിയിലും ഓരോ നിമിഷവും പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കാന്‍ വിവേകിന് കഴിയുന്നുണ്ട് . പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ സംശയിച്ചു .ഇതോരു ധനുഷ്‌ പടമോ അതോ വിവേക്‌ പടമോ ? സംശയിക്കാന്‍ കാരണം ഉണ്ട് . അത്രയ്ക്ക് മികച്ച റോള്‍ ആണ് വിവേകിന് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത് .

കണ്ടിരിക്കാന്‍ പറ്റിയ ഒരു നല്ല ചിത്രം . സംഘട്ടന രംഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു നല്ല എന്റര്‍ടെയ്നര്‍ .

വാല്‍ക്കഷണം : ഒറിജിനല്‍ മാപ്പിളയുമായി താരതമ്യപ്പെടുതാതിരിക്കുക . ധനുഷിന്റെ പടം കാണാന്‍ വേണ്ടി പോവുക. അല്ലാതെ രജനി പടത്തിന്റെ അതെ ഗുണത്തില്‍ കാണണം എന്ന ആവേശവുമായി ആണ് ഈ ചിത്രം കാണുന്നതെങ്കില്‍ നിരാശയായിരിക്കും ഫലം .

ഒരു കാര്യം പറയാന്‍ മറന്നു പോയി . സംഗീതവും സംവിധാനവും . രണ്ടും ആവറെജ് . അതിനപ്പുറം ഇല്ല .

ഖജനാവ്‌




നിന്റെ മുതുകില്‍ എന്താണ് ഇത്രയ്ക്കു തഴമ്പ് ? 

പണമുണ്ടോ എന്ന് കയ്യിട്ടു നോക്കിയവരുടെ കൈ പുറത്തു പതിഞ്ഞു ഉണ്ടായതാണ് 
അപ്പോള്‍ അതില്‍ പണം ഇല്ലായിരുന്നോ ?

ഞാനും കുടുംബവും രണ്ടു കൊല്ലമായി അവിടെ താമസിക്കുന്നു . ഒരു പൈസ പോലും ഇത് വരെ ഞാന്‍ കണ്ടില്ല .

ഭക്ഷണം ഒക്കെ ?

പ്രസ്താവനകളും നിവേദനങ്ങളും ഖജനാവിന്റെ അപ്പുറത്ത് ഒരു മൂലയ്ക്ക് കുന്നു കൂട്ടി ഇട്ടിരിക്കുന്നുണ്ട് . ചില പ്രസ്താവനകള്‍ക്ക് ഭയങ്കര രുചിയാണ് . നിവേദനങ്ങള്‍ക്ക് കണ്ണീരിന്റെ ഉപ്പ് ചുവ 

നിങ്ങള്‍ അവിടെ താമസിക്കുന്നത് ആരും കണ്ടില്ലേ ? ആരും ആട്ടിപ്പായിചില്ലേ ?

അവര്‍ക്ക് അവരെ കാണാന്‍ തന്നെ സമയം ഇല്ല . പിന്നെങ്ങനെ അവര്‍ മറ്റുള്ളവരെ കാണും ? ആട്ടിപ്പായിക്കാന്‍ അവര്‍ക്ക് കാടിന്റെ മക്കള്‍ ഉണ്ട് . പട്ടിണിപ്പാവങ്ങള്‍ ഉണ്ട് . അതിനിടയില്‍ സുഭിക്ഷമായി കഴിയുന്ന ഞങ്ങളെ നോക്കാന്‍ അവര്‍ക്കെവിടെ സമയം ?

ആട്ടെ നിന്റെ വിശേഷം എന്താണ് ?

കോടികള്‍ക്കിടയിലാണ് ഞാന്‍ താമസിക്കുന്നത് . പക്ഷെ ആ നോട്ടുകല്‍ക്കെല്ലാം കടത്തിന്റെ ഗന്ധമുണ്ട് . ഇന്നല്ലെങ്കില്‍ നാളെ ആ പണം ആരെങ്കിലും എടുത്തുകൊണ്ട് പോകും . അത് വരെ സുഭിക്ഷം 

കണ്ണില്‍ കണ്ണില്‍ നോക്കി ഓരോ ദീര്‍ഘ നിശ്വാസം വിട്ട ശേഷം ഒരു എലി കേരള ഖജനാവിലെക്കും രണ്ടാമത്തെ എലി കേന്ദ്ര ഖജനാവിലെക്കും യാത്രയായി .

നാഗമുദ്ര



നീയാര് ?

ചോദ്യത്തിന് മുന്നില്‍ പകച്ചു നിന്നപ്പോള്‍ ഇവളെന്റെ സ്വന്തമെന്നു ഉത്തരമേകി അവനവളെ ചേര്‍ത്ത് പിടിച്ചു ..

സ്വന്തമെന്നാല്‍ ? എന്ത് ബന്ധം ?

മുഖം കൈക്കുമ്പിളില്‍ കോരിയെടുത്തു അധരങ്ങളില്‍ പ്രണയ മുദ്ര ചാര്‍ത്തി അവന്‍ അതിനും മറുപടി നല്‍കി

കാലം വാര്‍ധക്യത്തിന്റെ മുറിപ്പാട് വീഴ്ത്തിയ നടവഴിയില്‍ സര്‍പ്പത്തിന്റെ സീല്‍ക്കാര ശബ്ദം കേള്‍ക്കെ തിരിഞ്ഞു നോക്കിയ അവള്‍ കണ്ടത് സര്‍പ്പത്തെപ്പോലെ കണ്ണുകളില്‍ ക്രൌര്യം നിറച്ച അവന്റെ മുഖമായിരുന്നു .

സിംഹം മാന്‍ പേടയെ കടിച്ചു കുടയുന്നത് കണ്ടു അനാഥ പ്രേതം പോലെ തലയുയര്‍ത്തി നിന്ന ചടചൌക്ക മരങ്ങളില്‍ നിന്നും ഒരു പറ്റം പക്ഷികള്‍ പ്രാണ ഭീതിയോടെ ചിറകടിച്ചു പറന്നുയര്‍ന്നു .

ഇരയെ കശക്കിയെറിഞ്ഞ് അടുത്ത നാഗ മാണിക്യം തേടി അവന്‍ നടന്നു നീങ്ങി .

സര്‍പ്പ ദംശനമേറ്റു നീലിച്ചു കിടന്ന അവളുടെ ഹൃദയത്തില്‍ അപ്പോഴും അവനോടുള്ള പ്രണയം തുടിക്കുന്നുണ്ടായിരുന്നു ..

Wednesday, April 27, 2011

എന്റെ നിള




" പുഴ മരിക്കുന്നു .. !!! "
 വലിയ തലക്കെട്ടിനു താഴെ വിശാലമായ മണല്‍പ്പരപ്പിന്റെ ചിത്രം . അവിടവിടെയായി ചെറിയ നീരൊഴുക്ക് .. നിള . മലയാളത്തിന്റെ പുണ്യം .
അസഹനീയതയോടെ പത്രം വലിച്ചെറിഞ്ഞു . നേരില്‍ കാണണം മരിക്കുന്ന പുഴയെ ..
വിജനമായ മണലിലൂടെ നടന്നു . ഇരുള്‍ പരക്കാന്‍ തുടങ്ങിയിരിക്കുന്നു . മുഖത്ത് വീശിയടിക്കുന്ന വരണ്ട കാറ്റ് .
പെട്ടെന്നൊരു തേങ്ങല്‍ ശബ്ദം ഉയര്‍ന്നോ ? ... ഭീതിയാല്‍ ശരീരമാകെ ഒന്ന് നടുങ്ങിയുലഞ്ഞു . രോമകൂപങ്ങള്‍ തുടിച്ചുയര്‍ന്നു .
ചുറ്റും വിഹ്വലതയോടെ നോക്കവേ ....
ശാന്തമായി ഒഴുകുന്ന നീര്‍ച്ചാലില്‍ നിന്നും ഒരു സ്ത്രീ രൂപം മുങ്ങി നിവര്‍ന്നു . നീണ്ട മുടിയിഴകളില്‍ നിന്നും ജല കണങ്ങള്‍ ഇറ്റിറ്റു വീഴുന്നു . ആ രൂപം തന്റെ മുന്നിലെക്കാണോ വരുന്നത് ?
ആ സ്ത്രീ രൂപത്തെ നോക്കി . പരിപൂര്‍ണ നഗ്ന .
" ആരാണ് നീ ? " ശബ്ദം അല്പം വിറച്ചു .
" ഞാന്‍ നിള ... !!! " ക്ഷീണിതയായ അവളുടെ സ്വരം
"നിളയോ ? ... " നടുക്കം പൂര്‍ണ്ണം
" അതെ .. നിങ്ങള്‍ അറിയുന്ന അതെ നിളാ നദി തന്നെ ഞാന്‍ !"
" നിങ്ങള്‍ അല്ലെ മരിച്ചുകൊണ്ടിരിക്കുന്നു എന്ന് ജനങ്ങള്‍ പറയുന്നത് ? "
" മരിക്കുകയാണോ ? കൊല്ലുകയല്ലേ ? " ചാട്ടുളി പോലെ അവളുടെ ശബ്ദം .
" കൊല്ലുകയോ ? മനസിലായില്ല ... "
" മനസിലായില്ലേ ? ഞാന്‍ മരിക്കുകയല്ല . എന്നെ കൊല്ലുകയാണ് "
" ആട്ടെ . നിങ്ങളുടെ വസ്ത്രം എവിടെ ? എന്താണ് നിങ്ങള്‍ നഗ്നയായി നില്‍ക്കുന്നത് ? "
" എന്റെ വസ്ത്രങ്ങള്‍ മണലൂറ്റുകാര്‍ അഴിച്ചെടുത്തു . ഈ മണല്‍തരികളാണ് എന്റെ വസ്ത്രം . "
" നിങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല ? എന്തുകൊണ്ട് ഉറക്കെ കരഞ്ഞില്ല ? "
" തടയാനുള്ള എന്റെ കൈകള്‍ പണ്ടേ നിങ്ങളെല്ലാവരും വെട്ടിയെടുത്തില്ലേ ? എന്റെ കൈവഴികള്‍ മുഴുവന്‍ നിങ്ങള്‍ മണ്ണിട്ട്‌ നികത്തിയില്ലേ ? എന്റെ നാവിനെ ബന്ധിച്ചു എന്നെ നിശബ്ദയാക്കി എന്നെക്കുറിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചു നിങ്ങള്‍ നിങ്ങളുടെ കീശ വീര്‍പ്പിചില്ലേ ? "
അവളുടെ ശബ്ദത്തില്‍ നിസ്സഹായതയും രോഷവും മുഴച്ചു നിന്നു . വികാരാധിക്യത്താല്‍ കിതച്ചു കിതച്ചു അവളുടെ ശബ്ദം നേര്‍ത്ത് വന്നു .
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയിരിക്കുന്നു . ചുണ്ടില്‍ കണ്ണീരിന്റെ ഉപ്പുരസം .
" നിങ്ങള്‍ എന്തിനാണ് കരയുന്നത് ? "
" ഞാന്‍ നിളയെ സ്നേഹിക്കുന്നത് കൊണ്ട് "
" നിങ്ങള്‍ക്കതിനുള്ള അവകാശമില്ല . ഈ ബാക്കിയുള്ള ശരീരത്തെ കൂടി വെട്ടി മുറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ക്ക് സ്നേഹിക്കാന്‍ എന്തവകാശം ? "
" ഇല്ല .. ഞാന്‍ മനസിലാക്കുന്നു .. എനിക്കതിനുള്ള അവകാശമില്ല .. അര്‍ഹതയില്ല ... !!! "
" എങ്കില്‍ പൊയ്ക്കോളൂ . എനിക്ക് വേണ്ടി കള്ളക്കണ്ണീര്‍ ഒഴുക്കരുത് . കപട സ്നേഹം എനിക്ക് വേണ്ട . പൊയ്ക്കോളൂ !!! "
നീര്‍ചാലിലേക്ക് തിരികെ ഇറങ്ങിപ്പോകുന്ന അവളെ കാണാന്‍ കണ്ണുകളില്‍ മൂടിയ കാപട്യത്തിന്റെ ആവരണം അനുവദിക്കുന്നില്ല.. അവളുടെ വാക്കുകള്‍ പ്രപഞ്ചം മുഴുവന്‍ അലയടിക്കുന്നു ..
" ഞാന്‍ മരിക്കുകയല്ല .. എന്നെ കൊല്ലുകയാണ് !!! "
തിരിഞ്ഞു നടക്കുമ്പോള്‍ ഒരു കാര്യം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ..
ഇനിയെങ്കിലും കൊല്ലാക്കൊല ചെയ്യാതിരിക്കാം .. നമ്മുടെ നിളയെ .. നമ്മുടെ പൈതൃകത്തെ .. നമ്മുടെ സ്വന്തം .............. !!!