Thursday, July 7, 2011

ശലഭം



മര്‍ത്ത്യ ജന്‍മം വെടിഞ്ഞു ഞാനൊരു

ശലഭമായീ ഭൂവില്‍ പിറന്നു

ദര്‍ഭ മുനയുടെ താഡനമേല്‍ക്കാതെ

പട്ടുനൂല്‍ പുതപ്പില്‍ ഞാനെന്‍
പിറവിയെ കാത്തു കിടന്നു
കൊതിച്ചപോലൊരുദിനം
വസന്തത്തിന്‍ പട്ടുമെത്തയിലേക്ക്
വര്‍ണ വിളക്കുകള്‍ ചിറകായ്
തെളിയിച്ചു ഞാനെന്‍ ജന്മം
ഭൂവിനായ് പകുത്തു നല്‍കി
സൌന്ദര്യമാകെ ദേഹത്ത് വിരിയിച്ച
ദൈവത്തിനൊരു നന്ദി പറയാതെ
മധുവുണ്ണാന്‍ തിടുക്കമായ്‌
പറന്നകന്നു ഞാനെന്‍
ഗര്‍ഭ ഗൃഹത്തെ ഗൌനിക്കാതെ
നിറങ്ങള്‍ ചുടുചായം പൂശിയ
പൂക്കളില്‍ മറ്റൊരു വര്‍ണമായ് ഞാന്‍
മന്ദ മാരുതന്‍ തൊട്ടിലാട്ടി
പച്ചില ചാര്‍ത്തില്‍ നിദ്ര പൂകി
തേന്‍ നുകര്‍ന്നതില്‍ പിന്നെ
പൂമരം തേടി ഞാന്‍
പറന്നകലവേ ചിറകറ്റു വീണു ഞാന്‍
ഇത്തിരി തേനുമായ് ഒത്തിരി ദിനരാത്രം
ഇരുള്‍ വീണു കേഴുന്നു
ഇതളടര്‍ന്ന പൂ പോലെ
വരും ജന്മത്തിലും എനിക്കീ ചിറകുകള്‍ വേണം
വര്‍ണം പടര്‍ത്തും ശലഭ ജന്‍മം