Wednesday, June 8, 2011

മഴ



മഴ പെയ്യുന്ന വയല്‍ക്കരയില്‍
ഒരു നിലാപക്ഷിയായ് ഞാന്‍
വ്രണിത ഹൃദയമോടെ നില്‍ക്കെ
കേള്‍പ്പൂ പ്രകൃതിതന്‍ ദുന്ദുഭി നാദം

ഇടിമിന്നല്‍ പിണരുകള്‍ ഭൂവിന്‍റെ മാറില്‍
ക്ഷതമെല്‍പ്പിച്ചു മരിച്ചു വീഴ്കെ
ഓര്‍മ തന്‍ മാറാല നീക്കി ജ്വലിക്കുന്നു
മഴയിറ്റു വീഴും മിഴിക്കോണിന്‍ ചിത്രങ്ങള്‍

പുകപിടിച്ചു ദ്രവിച്ച പനയോല ചുമരിലൂ -
ടിറ്റിറ്റു വീഴുന്നു കണ്ണീര്‍ പോലെ മഴത്തുള്ളികള്‍
മനസ് പോലെ മങ്ങി ആളുന്ന ചിമ്മിനി വിളക്കിന്‍ ചുറ്റും
രാത്രീന്ജരന്മാര്‍ വട്ടമിട്ടു പറക്കുന്നു

നനഞ്ഞു കുതിര്‍ന്ന പായയില്‍ വിശപ്പിന്‍ രോദനം
പിഞ്ഞിത്തുടങ്ങിയ പുതപ്പിനാല്‍ മൂടി വെക്കവേ
ശരീരത്തിലാഴുന്നു നനവിന്‍ തണുത്ത സൂചികള്‍
മനസിനെക്കാള്‍ തണുപ്പോടെ വീണ്ടും വീണ്ടും

മഴയുണ്ടായിരുന്നെനിക്ക് കൂട്ടായെപ്പോഴും
ചിരിക്കു മുന്നിലും കരയുമ്പോള്‍ കൂടെ കരഞ്ഞും
മനസും ശരീരവും മരവിച്ച ഹൃദയവും
മഴ പോലെ അലിയട്ടെ ഈ ജീവ വായുവും

സമ്മാനം


ഇന്നെന്‍ ജന്‍മദിനം
ഭൂമിയെ കാണാന്‍ കൊതിച്ചു
വര്‍ണത്തിന്‍ വെളിച്ചത്തിലേയ്ക്കു ഞാന്‍
ഊളിയിട്ടിറങ്ങിയിട്ടിന്നു
ഒരു വര്‍ഷമാകുന്നു
അമ്മിഞ്ഞപ്പാലിന്‍ മാധുര്യം ; ചുണ്ടില്‍
മാതൃത്വത്തിന്‍ വാത്സല്യം
പറിച്ചു മാറ്റപ്പെട്ടിട്ടു ഇന്നേക്ക്
നാളേറെ കഴിയുന്നു
വര്‍ണ വിളക്കുകള്‍ തെളിഞ്ഞ
വീടിന്റെ ചുറ്റിലും
വിരുന്നുകാര്‍ വന്നെത്തി
വിളിച്ചവരും വിളിക്കാത്തവരും
കൌതുകം കണ്ണില്‍ വിരുന്നിനെത്തി
വിളക്കിന്‍ ചുവട്ടില്‍
ഈയം പാറ്റ പോലെ ഞാനെന്ന
വിളക്കിന്‍ മുന്നില്‍ പൊതിയുന്നു പുരുഷാരം
ഹാപ്പി ബര്‍ത്ത് ഡേ പാടി എല്ലാവരും
അര്‍ത്ഥമെന്തെന്നറിയാത്ത
കൊച്ചു കിടാങ്ങള്‍ അതേറ്റു ചൊല്ലി
കൈ കൊട്ടി പാടുമ്പോഴും അവരുടെ കണ്ണില്‍
വിരിയുന്നു എന്നെക്കാളേറെ
മുന്നില്‍ വച്ചിരിക്കുന്ന
മെഴുകു തിരി കാലുകള്‍ നാട്ടിയ
കേക്കിന്റെ സൌരഭ്യം
അച്ഛന്റെ കൈയില്‍ തിളങ്ങും
കത്തിയാല്‍ വെട്ടിമുറിച്ച്
മധുരത്തിന്‍ തുള്ളികള്‍ തെറിപ്പിക്കെ
ഒരു വാക്കിനാല്‍ എന്റെ പിറന്നാള്‍
ഒതുക്കിയവര്‍
മധുരത്തിനായി
മല്‍പ്പിടിത്തം നടത്തുന്നു
ബഹളത്തില്‍ പിന്നിലേക്കെറിയപ്പെട്ട
പിഞ്ചിളം കണ്ണുകള്‍ ചുറ്റിലും പരതവേ
പീള മൂടിയ കണ്ണുകള്‍ വലം വെക്കുന്നു
മുത്തശ്ശി എന്നാണതിന് പേരെന്ന്
ആരോ ചൊല്ലി തന്നതോര്‍ക്കുന്നു
പഴയ ചാക്കുകള്‍ അടുക്കിയ മുറിയില്‍
ഇരുള്‍ മൂടിയ പുക പിടിച്ച
ചുമരുകള്‍ക്കുള്ളില്‍
ഞാനും ഒരു ജന്മമാണെന്നു
ദീന ദീനം കേഴുന്ന
വിളര്‍ത്തു മെലിഞ്ഞ ഒരു അസ്ഥി പഞ്ജരം
മുത്തശ്ശി എന്ന വിരോധാഭാസം
അതിഥികള്‍ പോകും വരെ
മുറിയില്‍ കിടക്കണം
പുറത്തേക്കു വരരുത്.
അപമാനമാണ് ഞങ്ങള്‍ക്കത്
അച്ഛന്റെ ആജ്ഞ മുത്തശ്ശിയുടെ കണ്‍കളില്‍
ദിവാ സ്വപ്നത്തിന്റെ ഭീതി നിറക്കെ
കണ്ണുകള്‍ തേടുന്നു
വിശപ്പ്‌ മണക്കുന്ന സുഭിക്ഷമായ
പാത്രങ്ങളിലേക്ക്
വിശപ്പിന്‍ മൂര്‍ധന്യതയില്‍
ആര്‍ത്തിയോടെ നോക്കുന്ന മുത്തശ്ശി
കയ്യില്‍ ഇപ്പോഴും ബാക്കി കിടക്കുന്ന 
മധുരത്തിന്‍ തുണ്ടുമായ് ഇരുള്‍ വീണ
ഇടനാഴിയിലൂടെ ആ കയ്യിലേക്ക്
പകരവേ അറിയുന്നു ഞാന്‍
ഇതാണെന്‍ സമ്മാനം. മുത്തശ്ശിയുടെ വിറയാര്‍ന്ന
കൈകളാല്‍ തലയില്‍ തലോടലിന്‍
വാത്സല്യം വിളമ്പിയ ഈ സ്നേഹമാണെനിക്ക്
ലഭിച്ച അമൂല്യ സമ്മാനം

തവപ്പുതല്‍വന്‍


" പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു . ആ രാജാവിന് അതി സുന്ദരിയായ ഒരു മകള്‍ . രാജകുമാരിയുടെ പേര് .... "

അപ്പു മാഷ്‌ അംഗ വിക്ഷേപങ്ങളോടെ കഥ പറഞ്ഞു തുടങ്ങി. കുട്ടികള്‍ ഉദ്വേഗം തിങ്ങുന്ന മിഴികളോടെ ഇമ വെട്ടാതെ മാഷിന്റെ മുഖത്തേക്ക് നോക്കി നിന്നു . 

" ആ രാജ കുമാരിയുടെ പേരാണ് ..... "

അപ്പോഴാണ്‌ അപ്പു മാഷ് അത് കണ്ടത്. 

ഓട മുള കൊണ്ടുള്ള പരമ്പു ചുമരിനിടയിലൂടെ  കൌതുകം വിരിഞ്ഞ രണ്ടു കുഞ്ഞി കണ്ണുകള്‍ . മാഷിന്റെ കഥാ കഥനത്തില്‍ ലയിച്ചു നില്‍ക്കുകയാണ് . 

" ആരാ അത് ? ..... "

കുഞ്ഞി കണ്ണുകളില്‍ നടുക്കത്തിന്റെ ഒരു അല മിന്നി .

" ഇങ്ങു വന്നേ ... " മാഷ് അവനെ നോക്കി .

സംശയത്തോടെ അവന്‍ ചുറ്റും നോക്കി . ഇരുന്നിടത്ത് നിന്നും പതിയെ എണീറ്റ്‌ മാഷിന്റെ അടുത്തേക്ക് ചുവടു വച്ചു .

പിഞ്ഞി തുടങ്ങിയ ട്രൌസര്‍ . ബട്ടണുകള്‍ ഇല്ലാത്ത മുഷിഞ്ഞ കുപ്പായം. വലതു വശത്തേക്ക് വീണു കിടക്കുന്ന അലസമായ പാറിപ്പറന്ന തലമുടി . 

" എന്താ നിന്റെ പേര് ? " 

സംശയത്തോടെ അവന്‍ ചുറ്റും നോക്കി. മറ്റു  കുട്ടികളുടെ എല്ലാം ശ്രദ്ധ തന്റെ മേലാണെന്ന് അവന്‍ തിരിച്ചറിഞ്ഞു . 

" ശെന്തില്‍ "

താഴേക്കു നോക്കിയാണവന്‍ അത് പറഞ്ഞത് . 

" ആരാ നീ ? നിന്റെ വീടെവിടെയാ? "

" ആ വിറകു വെട്ടാനൊക്കെ പോകുന്ന അണ്ണാച്ചിയുടെ മോനാ മാഷേ ... "

കുട്ടികളുടെ കൂട്ടത്തില്‍ നിന്നും ആരൊക്കെയോ ഉറക്കെ പറഞ്ഞു . മാഷ്‌ അവന്റെ മുഖത്തേക്ക് സാകൂതം നോക്കി. 

" എന്തിനാ ശെന്തില്‍ ഒളിച്ചു നിന്നത്? "

അവന്റെ മുഖത്ത് വിഹ്വലത കളിയാടി . " എനക്ക് കഥ നാ റൊമ്പ പുടിക്കും സാര്‍ . അതിനാലെ താം ..... " 

അവന്‍ വീണ്ടും തല താഴ്ത്തി . മാഷ് ആകെ വല്ലാത്തൊരു അവസ്ഥയില്‍ ആയി. തമിഴ് അത്രയ്ക്ക് വശമില്ല. കേട്ടാല്‍ മനസിലാകും എന്നല്ലാതെ പറയാന്‍ അറിഞ്ഞു കൂടാ. പുറം നാടുകളില്‍ ഒന്നും പോകാത്തത് കൊണ്ടായിരിക്കാം. എന്തായാലും അറിയുന്ന തമിഴില്‍ പറയാം 

" ഉനക്ക് പടിക്കണോന്നു ആസയിരുക്കാ ? "

" ആം ... !!! "

"എങ്കി അവരുടെ കൂടെ പോയി ഇരുന്നോ . "

അവന്റെ മുഖത്ത് അവിശ്വനീയത വന്നു നിറഞ്ഞു . കളിയായിട്ടു പറഞ്ഞതാണോ എന്ന മട്ടില്‍ അവന്‍ മാഷിന്റെ മുഖത്തേക്ക് നോക്കി . മാഷ് അതെ എന്ന അര്‍ത്ഥത്തില്‍ കണ്ണ് ചിമ്മി . 

അവന്റെ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞു തുളുമ്പി . മാഷ് കൈ നീട്ടി ആ കണ്ണീര്‍ തുടച്ചു . " ഇനിമേ അഴക്കൂടാത് . എപ്പോതും ഉന്‍ മുഖത്തിലെ സിരിപ്പ് താന്‍ വരണം . പുരിയിതാ ? . പോയി ഉക്കാര് "

അവന്‍ സമ്മതത്തോടെ തലയാട്ടി. നിറഞ്ഞ പുഞ്ചിരിയോടെ പിന്‍ ബെഞ്ചില്‍ പോയി ഇരുന്നു . മറ്റു കുട്ടികളെല്ലാം ഒരു അത്ഭുത വസ്തുവിനെ കാണുന്ന പോലെ അവനെ നോക്കി 

" ഇനി ശേന്തിലും നിങ്ങളുടെ കൂട്ടത്തില്‍ ഒരാളാണ്. നിങ്ങളുടെ കൂട്ടുകാരന്‍ . അങ്ങനെ വേണം അവനോടു പെരുമാറാന്‍ . കേട്ടല്ലോ ? "

" ശരി സാര്‍ .. !!! " കുഞ്ഞുങ്ങള്‍ ഏക സ്വരത്തില്‍ വിളിച്ചു കൂവി .

" ഉനക്ക് മലയാളം തെരിയുമാ? "

" കൊഞ്ചം തെരിയും സാര്‍ .  കേട്ടാ തെരിയും. ആനാ പേസ തെരിയാത് "

ഭാഗ്യം. മലയാളം കേട്ടാല്‍ അറിയാമല്ലോ. തന്നെപ്പോലെ തന്നെ . മാഷ്‌ നേര്‍ത്തൊരു പുഞ്ചിരിയോടെ കുട്ടികളെ നോക്കി . എല്ലാരും അവനെ തന്നെ സാകൂതം നോക്കി നില്‍ക്കുകയാണ് . 

അപ്പു മാഷ്‌ കഥ തുടര്‍ന്നു . ഏതോ അത്ഭുത ലോകത്ത് എത്തിപ്പെട്ട പോലെ കുട്ടികള്‍ കഥയില്‍ മുഴുകി. 

" ഡേയ് ശെന്തില്‍ .......... !!!!! "

പെട്ടെന്ന് ഒരു അലര്‍ച്ച മുഴങ്ങി . മാഷും കുട്ടികളും ഒരുപോലെ ഞെട്ടിത്തിരിഞ്ഞു നോക്കി . വാതില്‍ക്കല്‍ നില്‍ക്കുന്നു കറുത്ത് തടിച്ചു ഭീമാകാരനായ ഒരാള്‍ . കയ്യില്‍ മൂര്‍ച്ചയേറിയ കോടാലി . അയാളെ കണ്ടതേ ശെന്തില്‍ ചാടി എണീറ്റു . പേടി കൊണ്ട് ആ കുരുന്നു വിറക്കാന്‍ തുടങ്ങി . 

" ഇങ്കെ എന്നടാ ഉനക്ക് വേല ? .... "

" അപ്പാ അത് വന്ത് ... നാന്‍ സുമ്മാ ... "

ഇതാണോ ആ വിറകുവെട്ടുകാരന്‍ അണ്ണാച്ചി ? മുഖം കണ്ടാല്‍ അറിയാം മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവനാണെന്ന് . മാഷ് എഴുന്നേറ്റു അയാളുടെ അടുത്തേക്ക് ചെന്നു .

" അണ്ണാച്ചി . അവന്‍ ഇവിടെ ഇരുന്നു പഠിച്ചോട്ടെ . അവനു പഠിക്കാന്‍ നല്ല ആഗ്രഹം ഉണ്ട് . പഠിത്തത്തിന്റെ ചെലവുകളെല്ലാം ഞാന്‍ നോക്കിക്കോളാം .. "

" സാറ് സാറിന്റെ കാര്യം പാത്താ പോതും. എന്‍ പുള്ളയെ എപ്പടി വളക്കണോങ്ക്രത് എനക്ക് നല്ലാവേ തെരിയും . !!!  വാടാ ഇങ്കെ  . ഉനക്ക് പടിക്കണുമാ ? നാന്‍ കത്ത് തറേണ്ടാ നായെ  .. "
അണ്ണാച്ചി കലി കൊണ്ട് തുള്ളി വിറച്ചു. ശെന്തില്‍ ഇപ്പൊ തളര്‍ന്നു വീഴും എന്ന മട്ടില്‍ നില്‍ക്കുകയാണ്. മാഷിനു സഹതാപം തോന്നി ആ കുരുന്നിനോട് . ഒപ്പം അണ്ണാച്ചിയോടു  അല്പം രോഷവും .

" അതേയ് .. ഇതൊരു സ്കൂളാണ് . അല്പം കൂടി മാന്യമായി സംസാരിക്കണം . കൊച്ചു കുട്ടികളുടെ മുന്നില്‍ വച്ചാണോ ഇങ്ങനെ ഒക്കെ പറയുന്നത് ? " ശബ്ദം അല്പം കൂടിപ്പോയോ എന്ന് മാഷ്‌ സംശയിച്ചു .

" ഉങ്കക്കിട്ടെ എന്ന പേച്ച് .  " അയാള്‍ ക്ലാസ്സിലേക്ക് കയറി ശെന്തിലിന്റെ കയ്ക്കു പിടിച്ചു പുറത്തേക്കു വലിച്ചിഴച്ചു . പിഞ്ചു കണ്ണുകള്‍ നിറഞ്ഞൊഴുകി. ദയനീയമായി അവന്‍ മാഷേ നോക്കി . 
" എന്നെ പറഞ്ഞയക്കല്ലേ മാഷേ .. " എന്നവന്റെ കണ്ണുകള്‍ തന്നോട് പറയുകയാണോ? ആ കാഴ്ച കാണാനാവാതെ മാഷ് മുഖം തിരിച്ചു . 

ലാസ്റ്റ് പിര്യേഡ്‌ ആണ് . ഇനി ക്ലാസ്സെടുക്കാന്‍ ഒരു മൂഡില്ല .  മാഷിന്റെ മനസ് വായിചിട്ടെന്നോണം നീണ്ട ബെല്‍ മുഴങ്ങി . അത് കേള്‍ക്കാന്‍ കാത്തു നിന്ന പോലെ കുട്ടികള്‍ പുറത്തേക്കു കുതിച്ചു . വീട്ടിലേക്കു നടക്കുമ്പോഴും മാഷിന്റെ മനസ്സില്‍ ആ കുരുന്നു മുഖമായിരുന്നു . വീട്ടിലേക്കു പോണോ ? വേണ്ട. ഒരു ചായ കുടിച്ചാല്‍ മനസിന്‌ ഒരു ലാഘവം കിട്ടും. അല്ലെങ്കില്‍ തന്നെ വീട്ടിലേക്കു പോയിട്ട് ആരിരിക്കുന്നു അവിടെ? 

പത്തു വര്‍ഷം മുമ്പ് തന്നെ വിട്ടു പോയ ഭാര്യയും മോനും. ദൈവത്തിന്റെ മറ്റൊരു വികൃതി . സ്നേഹിച്ചു കൊതി തീരുന്നതിനു മുമ്പ് പറിച്ചു മാറ്റിക്കളഞ്ഞു ദൈവം. ആ തമിഴ് പയ്യന്‍റെ അതേ പ്രായം തന്നെ ആയിരുന്നു മരണത്തിന്‍റെ ഇരുളിലേക്ക് നടന്നു കയറിയ തന്‍റെ കണ്ണനും . 

" എവിടെക്കാ മാഷെ ? ചായക്കട ഇതാണ് .... !!! " ചായക്കടക്കാരന്‍ ഗോവിന്ദന്റെ ശബ്ദമാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത് . കടയും കഴിഞ്ഞു കുറെ മുന്നോട്ടു പോയിരിക്കുന്നു . അല്പം ഒരു ജാള്യതയോടെ മാഷ് കടയിലേക്ക് കയറി . ഭക്ഷണം എല്ലാം ഗോവിന്ദന്റെ കടയില്‍ നിന്നാണ്. ക്ലാസ്സ്‌ കഴിഞ്ഞാല്‍ പിന്നെ ചായക്കടയില്‍ വന്നിരുന്നു വെടിവട്ടം പറയുന്നതാണ് മാഷിന്റെ പതിവ് ദിനചര്യ . 

" എന്താ മാഷെ ഇത്ര വല്യ ആലോചന ? " ഗോവിന്ദന്‍ ചായ മേശപ്പുറത്തു വച്ചു .

" ഇന്നൊരു സംഭവം ഉണ്ടായി ഗോവിന്ദാ സ്കൂളില്‍ " മാഷ് ചായ പതിയെ മൊത്തിക്കുടിച്ചു കൊണ്ട് സംഭവം വിവരിച്ചു. ഗോവിന്ദന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു . 

" അയാക്ക് പ്രാന്താ മാഷേ . ഇപ്പൊ അടുത്ത് വന്നതാ. ഇതിന്റെ അപ്പുറത്ത് തന്നെയാ അയാള് താമസിക്കണേ . കേശവന്‍ ചേട്ടന്റെ വാടക വീട്ടില്‍ . ആ ചെക്കനെ എടുത്തിട്ട് പേപ്പട്ടിയെ തല്ലുന്ന പോലെയാ മാഷേ അയാള് തല്ലി ചതക്കുന്നത് . കള്ള് കുടിച്ചാല്‍ പിന്നെ യാതൊരു ബോധവും ഉണ്ടാകില്ല . മാഷ് കൊച്ചീല്‍ അല്ലായിരുന്നോ . അതാ അറിയാതെ പോയത് . "

ശരിയാണ് . ഒരു ബന്ധു വീട്ടിലേക്കു പോയതായിരുന്നു. രണ്ടാഴ്ച അവിടെ ആയിരുന്നു . ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഗ്രാമത്തില്‍ നടക്കുന്ന എല്ലാ വിവരങ്ങളും വള്ളി പുള്ളി വിടാതെ ചായക്കടയില്‍ നിന്നു അറിഞ്ഞേനെ . 

" മനസ്സ് ആകെ പതറി നില്‍ക്കുവാ . ആ കുഞ്ഞിന്റെ മുഖം മനസീന്നു പോണില്ല "

" ഹാ വിട്ടു കള മാഷേ . അതൊക്കെ ചിന്തിച്ചു തല പുണ്ണാക്കാന്‍ നിന്നാല്‍ അതിനെ നേരം കാണൂ " ഗോവിന്ദന്‍ കാലിയായ ഗ്ലാസും എടുത്തുകൊണ്ട് തിരിഞ്ഞു നടന്നു . മാഷ് മുടിയില്‍ വിരലുകലാഴ്ത്തി മേശയിലേക്ക്‌ തല ചായ്ച്ചു 

" എനക്ക് കഥ നാ റൊമ്പ പുടിക്കും സാര്‍ "

 " ഉനക്ക് പടിക്കണോന്നു ആസയിരുക്കാ ? "

" ആം ... !!! "

**********************
ബസ്‌ കുത്തനെ ഉള്ള കയറ്റം കയറുകയാണ് . വിതുമ്പുന്ന കുരുന്നു മുഖം . പൊള്ളിയടര്‍ന്ന കൈപ്പത്തിയിലേക്കു സ്നേഹത്തിന്റെ സ്പര്‍ശനം. തന്‍റെ നെഞ്ചിലേക്ക്‌ തല ചായ്ച്ചു മയങ്ങുന്ന ശെന്തിലിനെ മാഷ് കാരുണ്യത്തോടെ നോക്കി . തനിക്കു കണ്ണന് പകരം ദൈവം വച്ചു നീട്ടിയ നിധി . അവന്റെ പൊള്ളി കരിഞ്ഞു കരുവാളിച്ച വലത്തേ കയ്യിലേക്ക് മാഷ് നോക്കി . മരുന്ന് വച്ചിട്ടുണ്ട്.  

" അപ്പാ .. വലിക്കിതപ്പാ .. യ്യോ .... കൊല്ലല്ലേ .... "

"സത്തു പോടാ നായെ ... !!! "

മാംസം കരിയുന്ന ഗന്ധം . പ്രാണന്‍ പിടയുന്ന നിലവിളി . തടസ്സം പിടിക്കാന്‍ ചെന്നവരുടെ നേരെ പഴുത്ത കമ്പി നീട്ടി അലറി വിളിക്കുന്ന രാക്ഷസന്‍ . മനസ്സില്‍ തീരുമാനിച്ചത് പെട്ടെന്നാണ് . തനിക്കു വേണം ഇവനെ . കണ്ണന് പകരം . അല്ല കണ്ണനായി തന്നെ ...

തളര്‍ന്നു മയങ്ങുന്ന ശെന്തിലിനെ മാഷ്‌ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു . ആരും തന്നില്‍ നിന്നു പറിച്ചു മാറ്റാതിരിക്കാനെന്നവണ്ണം . പറിച്ചു മാറ്റില്ല. അത് കൊണ്ട് തന്നെയാണ് കണ്ണെത്താത്ത ദൂരത്തേക്കു ശേന്തിലിനെയും കൊണ്ട് പോകുന്നത് .
നരഭോജികള്‍ ആക്രമിക്കാതിരിക്കട്ടെ . ഈ നെയ്ത്തിരി നാളം അണയാതിരിക്കട്ടെ .