Wednesday, October 19, 2011

മലയാളി മങ്കമാരുടെ ഭാവശുദ്ധി - പണ്ഡിറ്റിന്റെ നായികമാരിലൂടെ ഒരു പുനരവലോകനം


നാം ഇന്ന് ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ ഹാസ്യ വിഷയമാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം ( ? ) . ഒരു ശരാശരി മലയാളിയുടെ ക്ഷമയെ പരീക്ഷിക്കുന്ന ഗാനാലാപനം കൊണ്ടും ഗാന ചിത്രീകരണം കൊണ്ടും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം അടുത്തു തന്നെ റിലീസ്‌ ആവുമെന്നാണ് ഏലിയന്‍ സ്റ്റാര്‍ പണ്ഡിറ്റിന്റെ പ്രഖ്യാപനം . നാം ഒരുപാട് ചര്‍ച്ച ചെയ്ത ഒരു വിഷയം ആണ് ഇതെന്നുള്ളത് കൊണ്ട് സന്തോഷ്‌ പണ്ഡിറ്റിനെ നമുക്ക് തല്‍ക്കാലം വെറുതെ വിടാം . എന്നാല്‍ ഈ ഒരു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന (? ) നായികമാരെക്കുറിച്ചു ഒരു മലയാളി സ്ത്രീ എന്ന ഒരൊറ്റ കാരണത്താല്‍ എനിക്ക് ചിലത് പറയാതിരിക്കാന്‍ വയ്യ . 

1930 ഇല്‍ വിഗത കുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത് . സ്ത്രീകളാരും മുഖ്യധാരയിലേക്ക് വരാന്‍ മടിച്ചു നിന്ന അക്കാലത്ത് ധൈര്യസമേതം ആ സിനിമയിലേക്ക് നായികയായി കടന്നു വന്ന സ്ത്രീ ആയിരുന്നു പി കെ റോസി . എന്നാല്‍ സിനിമയില്‍ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മലയാളികള്‍ ആ സ്ത്രീയെ അധിക്ഷേപിച്ചത് ചരിത്ര താളുകളിലൂടെ നമുക്ക് കാണാന്‍ കഴിയും . തിയേറ്റര്‍ സ്ക്രീനില്‍ അവരെ കാണുമ്പോഴൊക്കെ ആളുകള്‍ കൂവിയും ചെരുപ്പ് വലിച്ചെറിഞ്ഞും ആയിരുന്നു എതിരേറ്റത് . നഗരമധ്യത്തില്‍ വച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെ ചെയ്തു എന്ന് സിനിമാ ചരിത്രം നമുക്ക് തെളിവ് നല്‍കുന്നു . 

ആ ഒരു കാലഘട്ടത്തില്‍ നിന്നും പിന്നീട് മലയാള സിനിമക്ക് ഒട്ടനവധി നായികമാരെ ലഭിച്ചു . സൌന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും അഭ്രപാളികളെ കോരിത്തരിപ്പിച്ച ആ നായികാ വസന്തത്തിലൂടെ തന്നെയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ മലയാള സിനിമ മുന്നോട്ടു കുതിച്ചത് . ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി എന്താണെന്നും സ്ത്രീ ബഹുമാനിക്കപ്പെടെണ്ടവളാണെന്നും നമ്മെ പഠിപ്പിച്ചവരായിരുന്നു ആ നായികമാര്‍ . പികെ റോസിയില്‍ തുടങ്ങി എം കെ കമലത്തിലൂടെ വളര്‍ന്നു ശാരദ , ജയഭാരതി , ഷീല , മോനിഷ  തുടങ്ങിയ നടിമാരിലൂടെ പടര്‍ന്നു പന്തലിച്ച് സംയുക്ത , മഞ്ജുവാര്യര്‍ മീര , കാവ്യ , തുടങ്ങിയ നടിമാരിലൂടെ മുന്നോട്ടു നീങ്ങുന്ന മലയാള സിനിമയില്‍ മലയാള സ്ത്രീയുടെ മകുടോദാഹരണമായി നമുക്ക് ചൂണ്ടിക്കാണിക്കാന്‍ പേരുകള്‍ ഏറെ . 

എന്നാല്‍ നാം ഇന്ന് കാണുന്ന ചിത്രങ്ങളില്‍ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു . ചായക്കൂട്ടുകളില്‍ നാം തീര്‍ത്ത നായികാ സങ്കല്പങ്ങള്‍ മാറ്റി രചിക്കപ്പെടുകയാണ് . നിങ്ങള്‍ക്കെന്നെ കൊല്ലാം എന്നാലും സിനിമയില്‍ അഭിനയിക്കാന്‍ വരില്ല എന്ന് പറഞ്ഞിരുന്ന മലയാള സ്ത്രീകളില്‍ നിന്നും ഇന്നത്തെ സ്ത്രീകള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു . ക്യാമറ കണ്ടാല്‍ തുണിയുരിയാന്‍ വരെ മടിയില്ലാത്ത ഒരു കൂട്ടം സ്ത്രീകളായി അധ:പതിച്ചിരിക്കുന്നു ഇന്നത്തെ മലയാളി നായിക ( ? ) . എല്ലാവരെയും അല്ല ഞാന്‍  പറയുന്നത് . ഇന്നത്തെ സിനിമാ രംഗത്ത് നാം കാണുന്ന നഗ്ന സത്യങ്ങള്‍ . 

കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ ഗാന രംഗങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ . പക്ഷെ ആ ചില രംഗങ്ങള്‍ മാത്രം മതി എന്റെ ചിന്തകള്‍ സത്യമെന്നു അടിവരയിടാന്‍ . സഭ്യതയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്ന തരത്തില്‍ ചിത്രീകരിച്ച രാത്രി ശുഭരാത്രി എന്ന ഗാനം കാണുക ( നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാവും . കാണാത്തവര്‍ ; എന്തും സഹിക്കാനുള്ള കെല്‍പ്പുള്ളവര്‍ മാത്രം ഒന്ന് കാണുക . കണ്ടവര്‍ ഒരിക്കല്‍ കൂടി കാണുക ) വെറും നാലാം കിട ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഇതിനേക്കാള്‍ മാന്യത ഉള്ള കാര്യമാണെന്ന് ബോധ്യമാവും നിങ്ങള്‍ക്ക് . അതിനു ശേഷം " കണ്ണന്റെ ലീലകള്‍ " എന്ന ഗാനം കൂടി ഒന്ന് കാണുക . 

ആ ചിത്രത്തില്‍ അഭിനയിച്ച ( ? ) നടിമാരോട് ഒരൊറ്റ കാര്യം മാത്രമേ എനിക്ക് ചോദിക്കാനുള്ളൂ . നിങ്ങള്‍ക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലേ? ഒരു സിനിമയില്‍ (?) അഭിനയിക്കുക എന്നുള്ളത് കിളിമാസു കളിക്കുന്ന പോലെ ഉള്ള ഒരു കാര്യം അല്ലല്ലോ . എന്തായാലും വീട്ടില്‍ സ്വന്തം അമ്മയോ അച്ഛനോ അറിയാതെ നടക്കില്ല എന്നുള്ളത് ഒരു സത്യം മാത്രമല്ലേ ? . ശരി . അഭിനയിക്കുന്നു എന്ന് തന്നെ ഇരിക്കട്ടെ . ഇത്തരം കാര്യങ്ങളിലേക്ക് ചാടി വീഴുന്നതിനു മുമ്പ്‌ ഏതൊരു സ്ത്രീ ആണെങ്കിലും ( പുരുഷന്മാരുടെ കാര്യം തല്‍ക്കാലം വിടാം . ) ചോദിച്ചറിയുന്ന ഒരു കാര്യം ഉണ്ട് . എന്താണ് കഥ ? ഞാന്‍ അവതരിപ്പിക്കേണ്ട റോള്‍ എന്താണ് ? . പെണ്‍കുട്ടികളുടെ കാര്യവും നമുക്ക് വിടാം . പ്രായത്തിന്റെ പക്വത ഏറിയും കുറഞ്ഞും ഇരിക്കും ഓരോരുത്തരിലും . ഇതിലെ നടിമാര്‍ക്കും ഇത്തിരി പക്വത കുറവാണെന്ന് നമുക്ക് കരുതി അവരെയും നമുക്ക് വെറുതെ വിടാം . പക്ഷെ ഇവരുടെ രക്ഷിതാക്കള്‍ അങ്ങനെ ആണോ? തന്റെ മകള്‍ ഒരു സിനിമയുടെ ഭാഗഭാക്കാവുന്നത് ഇന്നത്തെ കാലത്ത് ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് എന്നുള്ളത് ഒരു സത്യം മാത്രമാണ് . ഒരു കാവ്യാമാധവനോ മീരാ ജാസ്മിനോ സംവൃതാ സുനിലോ ഒക്കെയായി തന്റെ പെണ്മക്കള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവുന്നത് അവര്‍ സ്വപ്നം കാണുന്നെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അത്രമാത്രം സിനിമാ ലോകം നമ്മുടെ ചിന്തകളെ മാറ്റി മറിച്ചിരിക്കുന്നു . പണവും പ്രശസ്തിയും നേടിയെടുക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം ഇല്ലതന്നെ . 

പക്ഷേ ഇത്തരം പത്താം കിട ( അതിലും താഴെയോ ? ) ചിത്രങ്ങളില്‍ മക്കളെ പരസ്യമായി അഴിഞ്ഞാടാന്‍ വിടുന്ന അച്ഛനെയും അമ്മയെയും വിളിക്കാന്‍ മലയാള ഭാഷയില്‍ ഒരൊറ്റ വാക്കേ ഉള്ളൂ . കൂട്ടിക്കൊടുപ്പുകാര്‍ . അവര്‍ക്ക് പോലും ഇത്തിരി നാണവും മാനവും ഉണ്ടാവും . സ്വന്തം മക്കളെ ഒരിക്കലും അവര്‍ കൂട്ടിക്കൊടുക്കില്ല . അങ്ങനെ ചിന്തിക്കുമ്പോള്‍ ഇവരുടെ സ്ഥാനം ഇന്ന് എവിടെയാണ് ? അറയ്ക്കുകയും വെറുക്കുകയും ചെയ്യപ്പെടേണ്ട ഒരു സമൂഹമാണ് ഇത്തരം മാതാപിതാക്കള്‍ എന്ന് മിഴിപക്ഷം . 

സ്ത്രീകളുടെ അഭിമാനത്തെപ്പറ്റിയും സമത്വത്തെപ്പറ്റിയും ഘോരഘോരം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ കണ്ടില്ലേ ഇതൊന്നും ? അതോ ഇതൊന്നും സ്ത്രീകളുടെ മാനക്കേടിനെ ബാധിക്കുന്ന കാര്യം അല്ലെന്നു വനിതാ കമ്മീഷനും സ്ത്രീ രക്ഷാവാദികളും അങ്ങ് ഉറപ്പിച്ചോ ? അതുമല്ലെങ്കില്‍ തസ്നി ഭാനുമാര്‍ അപമാനിക്കപ്പെടുമ്പോള്‍ മാത്രമേ വനിതാമേലാളന്‍മാരുടെ രക്തം പതഞ്ഞു പൊങ്ങുകയുള്ളോ? . 

ഞാന്‍ ആദ്യം റോസി എന്ന ആദ്യ നായികയുടെ അനുഭവം ചിത്രീകരിച്ചതിന് കാരണം ഉണ്ട് . ആദ്യ നായിക പീഡനം എറ്റു വാങ്ങിയത് അന്നത്തെ സാമൂഹിക പരിതസ്ഥിതി ആണെന്ന് നമുക്ക് കരുതാം . പക്ഷേ ഈ നടിമാരെ അതിനേക്കാള്‍ ഭീകരമായി ജനം ചിത്രവധം ചെയ്യുന്ന കാലം വിദൂരമല്ല . എന്റെ കണ്മുന്നില്‍ അവളുമാരെ കാണുകയാണെങ്കില്‍ അവരുടെ മുഖത്ത് ഞാന്‍ കാര്‍ക്കിച്ചു തുപ്പിയിരിക്കും എന്നുള്ളത് ഹൃദയത്തില്‍ തട്ടിയ സത്യം . 

സ്വന്തം അഭിമാനത്തിനും മാനത്തിനും ജീവനേക്കാള്‍ വിലമതിക്കുന്നവരാന്  ഭാരത സ്ത്രീകള്‍ . പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകള്‍ . ആ സ്ത്രീകളുടെ ഭാവ ശുദ്ധിക്ക് കളങ്കം വരുത്തുകയാണ് ; സ്ത്രീയുടെ മാനത്തിന് വില പറയുകയാണ്‌ ഇത്തരം തേഡ് റേറ്റ്‌ നായികമാര്‍ . അഭിനയിക്കുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല ഇത്തരം കടന്നു കയറ്റങ്ങള്‍ എന്ന് അവര്‍ക്ക് വാദിക്കാം . പക്ഷേ യൂട്യൂബില്‍ ഇപ്പോഴും ആളുകളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന ആ ഗാന രംഗങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ് .  അതൊന്നും അവര്‍ അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതൊരിക്കലും മാപ്പ് കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല . അവര്‍ പറയണമായിരുന്നു സന്തോഷ്‌ പണ്ടിറ്റിനോട് ആ ഗാന രംഗങ്ങള്‍ ഒഴിവാക്കണം എന്ന് . അവര്‍ അങ്ങനെ പറഞ്ഞിട്ടും സന്തോഷ്‌ പണ്ഡിറ്റ്‌ ആ രംഗങ്ങള്‍ റിമൂവ് ചെയ്തിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നേ ഉള്ളൂ . സ്ത്രീകളുടെ അഭിമാനത്തിന് വില പറയുകയാണ്‌ അയാള്‍ ചെയ്തിരിക്കുന്നത് . അതൊരിക്കലും അനുവദിച്ചു കൊടുക്കാന്‍ ആവില്ല . ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ഇവരെപ്പോലെ ഉള്ള അമ്മമാരും അച്ഛന്മാരും ആണ് സന്തോഷ്‌ പണ്ടിറ്റുമാര്‍ക്ക് വളം വച്ച്കൊടുക്കുന്നത് . നിങ്ങള്‍ക്കും ഉണ്ട് പെണ്മക്കള്‍ . അവരാണ് ഇങ്ങനെ ഒരു രംഗത്ത് നിങ്ങളുടെ പൂമുഖത്ത് ജനമദ്ധ്യത്തില്‍ അഴിഞ്ഞാടുന്നതെങ്കില്‍ ; ചിന്തിച്ചു നോക്കുക . 

എവിടെ എത്തി ഇന്ന് വിശുദ്ധിക്കും സ്വഭാവമഹിമയ്ക്കും പേരു കേട്ട മലയാളി മങ്കമാരുടെ മാനാഭിമാനത്തിന്റെ തോത് ? സര്‍വ്വതും കച്ചവടക്കണ്ണു കൊണ്ട് കാണുന്ന സിനിമാ ലോകത്ത്‌ ഇതൊന്നും പുത്തരി അല്ലായിരിക്കാം . സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ അവിഞ്ഞ സോഷ്യല്‍ മെന്റാലിറ്റിയുടെ മുന്നിലും ഇത് കൊട്ടിഘോഷിക്കപ്പെടെണ്ട കാര്യമായിരിക്കില്ല . പക്ഷേ ഒരു ശരാശരി മലയാളിപ്പെണ്ണിന്റെ കാഴ്ചപ്പാടില്‍ ഇത് ക്ഷമിക്കാനാവാത്ത തെറ്റ് തന്നെയാണ് . 

എനിക്കറിയാം . ചിലപ്പോള്‍ ഇതെന്റെ കാഴ്ചപ്പാടില്‍ മാത്രമേ ശരിയാവുകയുള്ളൂ . മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഞാനീ പറഞ്ഞത് തെറ്റായിരിക്കാം . എന്നിരിക്കിലും പറയാതെ വയ്യ . വരുംകാല നായികമാരില്‍ ഒരാള്‍ക്കെങ്കിലും ഈ വരികള്‍ വായിച്ചു ബോധോദയം ഉണ്ടായാല്‍ അത് മതി എനിക്ക് സംതൃപ്തി നല്‍കാന്‍ .