Sunday, April 15, 2012

പെയ്തുതോര്‍ന്ന സന്ധ്യയില്‍



അര്‍ത്ഥരഹിതമായ വാക്കുകള്‍
കടിപിടി കൂടുന്ന പാര്‍ട്ടിയില്‍ വച്ചാണ്
അവനെ ആദ്യമായി കണ്ടത്

അന്തരീക്ഷത്തില്‍ വിലകൂടിയ
സിഗരറ്റിന്റെ ധൂമ പടലങ്ങള്‍
പുകച്ചുരുളുകള്‍ക്ക് മേമ്പൊടിയായി
വിലകുറഞ്ഞ ഫലിതത്തിന്റെ കഫക്കെട്ടുകള്‍

പളപളപ്പാര്‍ന്ന പട്ടുവസ്ത്രങ്ങളില്‍ പൊതിഞ്ഞ
കെട്ടിലമ്മമാര്‍ക്കപ്പുറത്ത് നിസ്സംഗ ഭാവത്തോടെ
വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ പുരട്ടാതെ
വെറും പച്ച മനുഷ്യനായി അവന്‍ !!!

അലസമായി പാറിപ്പറക്കുന്ന മുടിയിഴകള്‍
അതിലേറെ അലസമായി കോതിയൊതുക്കി
ഇനിയും പ്രസവവേദന തുടങ്ങിയിട്ടില്ലാത്ത
മേഘക്കെട്ടുകളെ ആര്‍ദ്രമായി നോക്കി
ഒരു ശില പോലെ അവന്‍ !!!

സീല്‍ക്കാരമടിച്ചെത്തിയ പിശറന്‍ കാറ്റിനൊപ്പം
നൃത്തം വെക്കാന്‍ തുടങ്ങിയ കേശഭാരം
ഒരുവേള കാഴ്ച മറച്ചപ്പോള്‍
വിരഹവേദന തപിപ്പിച്ച പ്രണയിനിയുടെ
വിതുമ്പുന്ന താപം മനസ്സില്‍ നിറഞ്ഞു .

കൊതിയൂറുന്ന ഭോജ്യവസ്തുക്കളുടെ കൂടെ
എച്ചില്‍ തമാശകള്‍ ചവച്ചു തുപ്പുന്ന
മദ്യം നിറച്ച വീപ്പകള്‍
എച്ചില്‍ പാത്രത്തിനു മുകളിലേക്ക്
മറ്റൊരു എച്ചിലായ് വീണുകിടക്കുന്ന ചിലര്‍

ഒരുമാത്ര നോട്ടം ഇടഞ്ഞ നേരം
ഹൃദയത്തില്‍ വെട്ടിയ വെള്ളിടി 
പ്രകൃതിയില്‍ പ്രകമ്പനം കൊണ്ടു .
കറുത്തിരുണ്ട മേഘപാളികള്‍ ചിതറിത്തെറിപ്പിച്ച്
ഭൂമിയുടെ മാറില്‍ ക്ഷതമേല്‍പ്പിച്ച്
ആദ്യാനുരാഗത്തിന്റെ മഴത്തുള്ളികള്‍ ആവാഹിച്ച്
അലച്ചുതല്ലി പെയ്തു തുടങ്ങിയ കള്ളക്കര്‍ക്കിടകം

ഒരു കുഞ്ഞിനെപ്പോലെ മഴയിലേക്ക് ഇറങ്ങി നടക്കുന്ന
അവനു പിന്നാലെ മസ്തിഷ്കം മരവിച്ച പോലെ
പതറിയ കാല്‍വെപ്പുകളോടെ
പതിയെ പതിയെ ...

മതില്‍ക്കെട്ടിനപ്പുറത്ത്‌ പഴയ കുത്തുവിളക്ക് നാട്ടിയ
ക്ഷേത്ര മേല്‍ക്കൂരയിലിരുന്ന് രണ്ടു പ്രാവുകള്‍ കുറുകി
ഹൃദയഭാഷ കണ്ണുകളിലൂടെ പകര്‍ന്നു നല്‍കി
പ്രണയപരവശമായ രണ്ടു മനസ്സുകള്‍

മുടിയിഴയിലൂടെ കര്‍ക്കിടകം പെയ്തു കൊണ്ടിരുന്നു
രണ്ടു മനസ്സുകളെ ചേര്‍ത്തുവെക്കാന്‍ പ്രകൃതിയുടെ നാട്യം
കുളിരണിയിക്കുന്ന മനസ്സിലേക്ക് വീണ്ടും വീണ്ടും മഴ
വിങ്ങി വിതുമ്പി നേര്‍ത്ത് .. നേര്‍ത്ത് .....

6 comments:

  1. നല്ല കവിത.... ആശംസകൾ

    ReplyDelete
  2. നന്നായിട്ടുണ്ട്, ആശംസകള്‍

    ReplyDelete
  3. Super like :)

    Regards
    jenithakavisheshangal.blogspot.com

    ReplyDelete
  4. അസൂയ പൂണ്ടു മഴ
    ആദ്യമാദ്യം തിമിര്‍ത്തു
    പിന്നെ നേര്‍ത്തു നേര്‍ത്തു
    ഒരു കള്ളാ ചിരിയോടെ
    അവരിലേക്ക്‌ ചുരുങ്ങി


    കവിത നന്നായി

    ReplyDelete