Tuesday, December 28, 2010

ഹൃദയ നാദംശോകത്തിന്‍ തെക്കിനിയില്‍ ഉയരുന്ന നാദത്തിന്‍

ശീലുകള്‍ കേള്‍ക്കെ അറിയുന്നു ഞാനിന്ന്

സപ്ത സ്വരങ്ങളാല്‍ നാദങ്ങള്‍ തീര്‍ത്തൊരെന്‍

വ്യഥിത മോഹങ്ങളും പാടുന്നുവെന്ന്അന്തരാത്മാവില്‍ നിറയുന്നോരെന്‍ പ്രിയ

തോഴന്റെ അന്ഗുലീ സ്പര്‍ശമേല്‍ക്കെ

വിഭൂതി പോല്‍ പടരുന്നു ഹൃത്തടം നിറയെ

സ്നേഹത്തിന്‍ മാതളപ്പൂക്കള്‍ തന്‍ വാസന്തംനിലവിളക്കിന്‍ പ്രഭ വൃഥാ മിഴികളിലെന്തിനോ

നഷ്ട ബാല്യത്തിന്‍ കളിക്കോപ്പ് തിരയവേ

ചുടുനീര് വറ്റിയാ കണ്‍കളില്‍ മോഹത്തിന്‍

ചെപ്പുകള്‍ സാഗര വര്‍ണം പകര്‍ത്തുന്നുഒരു നവ ലോകം എനിക്കായ് പിറന്നെങ്കില്‍

ഒരു കുഞ്ഞു സൂര്യന്‍ എനിക്കായുദിചെങ്കില്‍

വിരിയുമോ ഇനിയൊരു വാസന്തമെന്നുടെ

ഊഷര മാനസ വൃന്ദാവനികയില്‍

സമയം
വിഭ്രാന്തിയുടെ അവസാന യാമങ്ങളില്‍
നരച്ച ശവ കുടീരങ്ങള്‍ കാണ്‍കെ
അറിയുന്നു ഞാനീ യാമത്തിന്‍ ഗതിവേഗം
മൃത്യുവിന്‍ ഗീതം ശ്രവിക്കുന്നു ഞാന്‍
സമയമായി അന്ത്യ യാത്ര തുടങ്ങാന്‍
ഘടികാരത്തിന്റെ സൂചികള്‍ ചലിക്കുന്നു
എന്‍റെ ഹൃദയമിടിപ്പ്‌ പോലെ
കാലത്തിന്‍ പതിഞ്ഞ പാദ പതനം പോലെ
ജനിച്ച നാള്‍ തൊട്ടിന്നു വരെ
സമയതാല്‍ ബന്ധിതമാണീ ജീവിതം
ജനിച്ച സമയം പൊക്കിള്‍ കൊടി മുറിച്ച സമയം
പേരിടല്‍ ചടങ്ങ് മുതല്‍ സമയത്തിന്‍
ഘോഷയാത്ര തുടങ്ങുന്നു
സമയതാല്‍ ബന്ധിതം
സമയമാണ് മുഖ്യം
സമയം നോക്കി സമയം നോക്കി
സമയം നോക്കാനില്ല സമയം
ഇതാണെന്റെ സമയം
എല്ലാം അവസാനിക്കാന്‍ അവസാനിപ്പിക്കാന്‍
ഇതാണ് സമയം. ഇതാണ് ഏറ്റവും യോജിച്ച സമയം

Tuesday, December 21, 2010

മറവിഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ 
ഞാന്‍ ആരാണ് .. എന്താണ് ...
മറവിയുടെ കാണാക്കയങ്ങളില്‍ 
ഓര്‍മയുടെ 
നേര്‍ത്ത വെള്ളി രേഖകള്‍ 
ഇടറി വീഴുന്നതും 
ഇരുട്ടില്‍ അവ വീണ്ടും 
മറവിയുടെ അഗാധതയിലേക്ക്‌ 
ലയിക്കുന്നതും 
കൌതുകം സ്ഫുരിക്കുന്ന മനസ്സോടെ ...
അല്ല ...
മനസ്സെന്ന ഒന്ന് ഇല്ലല്ലോ തനിക്ക് 
മനസ്സെന്ന ഒന്ന് ഉണ്ടായിരുന്നെങ്കില്‍ 
മറവിയുടെ കൂടെ ഓര്‍മ്മകള്‍ കൂടി
ഉണ്ടായിരുന്നേനെ 

മറവിയുടെ മൂടുപടം അണിയുമ്പോഴും 
ജീവിതത്തില്‍ തോല്‍വിയുടെ 
മാറാപ്പുകള്‍ ചുമന്നു വീണ്ടും വീണ്ടും
പരാജയങ്ങളിലേക്കു കൂപ്പു കുത്തുമ്പോഴും 
ഓര്‍മ്മകള്‍ കുത്തി നോവിക്കാറുണ്ട് 

ഇരുളിന്റെ തണുപ്പില്‍
ഗര്‍ഭ ഗൃഹത്തില്‍ പ്രാണന്‍ സരുക്കൂട്ടി
വെളിച്ചത്തിന്റെ അസത്യതിലേക്ക്
കാലൂന്നിയപ്പോഴാനു
മറവി തുടങ്ങിയത്
അല്ല .. ഓര്‍മ്മകള്‍ നശിച്ചത് 

ഗര്‍ഭ പാത്രത്തെ ;
പൊക്കിള്‍ കൊടിയെ മറന്നുകൊണ്ടായിരുന്നു
തുടക്കം 
ചിതലരിച്ച ഓര്‍മകളില്‍ നിന്നും മുഖങ്ങള്‍ 
പുറത്തു വരാന്‍
മടി കാണിച്ചു തുടങ്ങിയപ്പോള്‍
മറവിയുടെ നിത്യ നിശബ്ദതയിലേക്ക്
പല മുഖങ്ങള്‍ ഇടറി വീണു കൊണ്ടിരുന്നു 

തോളോട് തോള്‍ ചേര്‍ന്ന് ബാല്യത്തിന്റെ
വര്‍ണങ്ങള്‍ തനിക്കായ് പകുത്തു 
നല്‍കിയ ചങ്ങാതി മറവിയുടെ 
ഇരയായി ഒടുങ്ങി 
പ്രണയത്തിന്റെ നാള്‍ വഴികളില്‍
ഇതാണെന്റെ ജീവിതം
ഇവളാണെന്റെ ജന്മം 
ഇവളാണെന്റെ ...... 
അട്ടഹാസങ്ങള്‍
മറവിയുടെ പടു കുഴിയിലേക്ക് അലര്‍ച്ചയോടെ
വീണു ആത്മഹത്യ ചെയ്തു 

കണ്ണിനു മീതെ കൈപ്പടം വച്ച് കാഴ്ച്ചയെ 
മാടി വിളിക്കുന്നത്‌ അമ്മയാണെന്ന് 
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച 
പതിത മനസിനെ മറവിയുടെ
കരാള ഹസ്തങ്ങള്‍ 
കഴുത്ത് ഞെരിച്ചു .

ചുളുങ്ങിയ അലൂമിനിയ
പിഞ്ഞാണത്തില്‍ ഭക്ഷണമെന്ന പേരില്‍
മരുമകളും മകനും
കൂടി നല്‍കിയ വാര്‍ധക്യ ജീവിതത്തെ
മറക്കാന്‍ കാലമൊരുപാട്
വേണ്ടി വന്നു 

ഇന്നൊരു വെള്ളത്തുണിയില്‍
നീണ്ടു നിവര്‍ന്നു കിടക്കവേ 
അറിയുന്നു ഞാന്‍ 
ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതാണ് പുണ്യം 
മറവിയുടെ അന്ധകാരം തന്നെയാണ് വേദം 

മറവിയുടെ ലോകത്ത് മറക്കാന്‍ മറന്നു പോയ
ഈ ഓര്‍മക്കുറിപ്പും
മറവിയുടെ വാതായനങ്ങളിലൂടെ 
അലസ ഗമനം നടത്തട്ടെ 

Thursday, December 9, 2010

ശ്യാമാംബരം
കണ്ണ് തുറന്നത് അമ്മയുടെ നിര്‍ത്താതെ ഉള്ള വിളി കേട്ടാണ്‌.. എണീല്‍ക്കാന്‍ തോന്നിയില്ല. പുതപ്പിനുള്ളില്‍ തല പൂഴ്ത്തി കിടക്കാന്‍ നല്ല സുഖം. പല തരം പക്ഷികളുടെ കള കൂജനം ഒരു താരാട്ട് പാട്ടിന്റെ സുഖം നല്‍കി. മനസ്സ് ശൂന്യമാണല്ലോ എന്ന് ഒട്ടൊരു അത്ഭുതത്തോടെ ആണ് ചിന്തിച്ചത്‌. എഴുന്നേല്‍ക്കണമല്ലോ എന്നാലോചിച്ചപ്പോള്‍ ഒട്ടൊരു മടിയും."എന്താ കുട്ട്യേ ഇത്? നേരം എത്ര്യായെന്നാ വിചാരം? .. ഇന്ന് എകാദശിയാ.. മറന്ന്വോ അത്? .. വേഗം എണീറ്റ്‌ കുളിച്ചു അമ്പലത്തില്‍ പോയി തൊഴുതിട്ടു വന്നോളൂ ന്‍റെ കുട്ട്യേ.. "അമ്മയുടെ സ്വരം പുറത്തു കേട്ടു.. അറിയാതെ ഓര്‍ത്തു .. എന്നും ഒരു വേവലാതി മുഴച്ചു നില്‍ക്കും അമ്മയുടെ സംസാരത്തില്‍. ആത്മഹത്യാ മുനമ്പില്‍ നിന്നും മൂന്നു പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് ജീവിതത്തിന്റെ പരുക്കന്‍ പാതയിലേക്ക് ചങ്കൂറ്റത്തോടെ; ഒരു ആണിന്റെ മനസ്തൈര്യത്തോടെ പൊരുതിക്കയറിയ അമ്മ. കുത്ത് വാക്കുകളോടും അവഗണനകളോടും മത്സര ബുദ്ധിയോടെ എതിരിട്ട അമ്മയെ കൈ കൂപ്പി തൊഴണം.'ദേ പെണ്ണെ .. നീ എഴുന്നെല്‍ക്കുന്നുണ്ടോ .. ഇല്യാച്ചാ ന്‍റെ വായീന്ന് നീ നല്ലത് കേക്കും. വേഗം എണീറ്റ്‌ പോയി കുളിക്കെടീ" ..ചിന്തകളുടെ ചെപ്പ് പൊട്ടിച്ചിതറി. ഇനിയും കിടന്നാല്‍ അമ്മ ഭൂകമ്പം ഉണ്ടാക്കും. പുതപ്പു മാറ്റി എണീറ്റു. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ബ്രഷും പേസ്റ്റും സോപ്പും എടുത്ത് കുളക്കടവിലേക്ക് നടന്നു. വിശാലമായ കുളം. കാലം ബാക്കി വച്ച ഗ്രാമത്തിന്റെ തിരു ശേഷിപ്പുകളില്‍ ഒരെണ്ണം. പല്ല് തേപ്പു കഴിഞ്ഞു ഒന്ന് മുങ്ങിയപ്പോള്‍ ശരീരം പൊട്ടി തരിക്കുന്ന പോലെ.... ഗ്രാമത്തിന്റെ വിശുദ്ധി തന്നെ വലയം ചെയ്യുന്ന പോലെ. കുളത്തിന്റെ പാതി വരെ പായല്‍ നീക്കി വെടിപ്പാക്കിയിട്ടുന്ദ്‌. ഒന്ന് നീന്തിപ്പതച്ചു. പാപങ്ങളെല്ലാം അലിഞ്ഞു തീരട്ടെ എന്ന് വെറുതെ എങ്കിലും ചിന്തിച്ചു. സെറ്റ് സാരി ഉടുത്ത്‌ തലയില്‍ തുളസിക്കതിര്‍ ചൂടി ക്ഷേത്രത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് ചാറ്റല്‍ മഴ തുടങ്ങിയത്." കുട എടുത്തോളൂ കുട്ട്യേ.. മഴ നനഞ്ഞു പനി പിടിക്കണ്ട ഇനി "" വേണ്ടമ്മേ.. ചാറുന്നതല്ലേ ഉള്ളൂ.. കുടയൊന്നും വേണ്ട. ഈ മഴ നനഞ്ഞാലൊന്നും എനിക്ക് പനി പിടിക്കില്ല. "അമ്മയുടെ ആകുലത നിറഞ്ഞ മുഖം കണ്ടില്ലെന്നു നടിച്ച് നടന്നു. പാട വരമ്പത്ത് കൂടെ നടക്കുമ്പോള്‍ കണ്ട പച്ചപ്പ്‌ മനസ്സിലേക്കും പടര്‍ന്നു കയറി. ഏകാദശി ആയതുകൊണ്ടാവാം.. ക്ഷേത്രത്തില്‍ നല്ല തിരക്ക്. പലരും ഒട്ടൊരു അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ സന്തോഷം അലതല്ലി." ദെവക്യമ്മെടെ മോളാ.. ഇപ്പൊ പൊറം നാട്ടിലൊക്കെ പോയി പണിയെടുത്ത്‌ വല്യ നെലേല്‍ ആയി "ആരൊക്കെയോ കുശുകുശുക്കുന്നത് കേട്ടു. നോക്കാന്‍ പോയില്ല. കൃഷ്ണനെ കൈ കൂപ്പി തോഴുമ്പോള്‍ എന്തോ ഒരു ചൈതന്യം മനസിലേക്ക് അലയടിച്ചു കയറി. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അറിഞ്ഞില്ല. പ്രസാദം വാങ്ങി നെറ്റിയില്‍ അണിഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ വിസ്മയത്തോടെ നോക്കിയവര്‍ക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു."ദേവ്യേ.. അവടോന്നു നിന്നേ.. ഒരൂട്ടം പറയട്ടെ. " ചിരപരിചിതമായ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. ജയേട്ടന്‍.." ഇപ്പൊ വല്യ കാശുകാരായപ്പോ നമ്മളെ ഒന്നും കണ്ടാ മിണ്ടില്ലാന്നായോ? "സ്വത സിദ്ധമായ ചെറു പുഞ്ചിരിയോടെ ഉള്ള ചോദ്യം കേട്ടു ആദ്യം ചിരിയാണ് വന്നത്. ജയേട്ടന്‍ എന്നും ഇങ്ങനെ തന്നെ ആയിരുന്നല്ലോ.. എത്ര ദേഷ്യം ഉണ്ടായാലും ചിരിച്ചുകൊണ്ടേ സംസാരിക്കാറുള്ളൂ." അങ്ങനെ ഒന്നും ഇല്ല ജയേട്ടാ.. ഓരോ ചിന്തകളില്‍ പെട്ട് അങ്ങനെ നടന്നു. ഞാന്‍ കണ്ടില്ലായിരുന്നു.. കണ്ടിരുന്നെങ്കില്‍ ഞാന്‍ മിണ്ടാതെ പോകുമോ? " ക്ഷമാപണത്തിന്റെ സ്വരത്തില്‍ അങ്ങനെ പറയാനാണ് തോന്നിയത്‌." ഞാന്‍ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ.. വീട്ടിലെക്കല്ലേ? .. നടന്നോളൂ.. ഞാനും ആ വഴിക്കാ. എഴുത്തച്ഛനെ ഒന്ന് കാണണം. ഒന്ന് രണ്ടു പുസ്തകങ്ങള്‍ എടുക്കണം."കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല ജയേട്ടന്. അധ്യാപനവും വായനയും അല്ലറ ചില്ലറ കലാ പ്രവര്‍ത്തനവും എഴുത്തച്ഛന്റെ വീട്ടിലെ സാഹിത്യ സദസ്സും... അങ്ങനെ അങ്ങനെ.. എന്നും ജയേട്ടന്‍ തനിക്കൊരു അത്ഭുതം ആയിരുന്നല്ലോ എന്ന് വിസ്മയത്തോടെ ചിന്തിച്ചു. അതായിരുന്നല്ലോ തമ്മിലുള്ള അടുപ്പം പ്രണയം എന്ന് പറയാവുന്ന തലത്തിലേക്ക് വളര്‍ന്നത്‌.. ജയേട്ടന്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.. കേള്‍ക്കാന്‍ നല്ല രസം തോന്നി. നാണിയമ്മ മരിച്ചത്... കുന്നെക്കാവിലെ മൂവാണ്ടന്‍ മാവ് കടപുഴകി വീണത്‌.. സാവിത്രിയുടെയും വിനോദിന്റെയും കല്യാണം കഴിഞ്ഞത്... സ്കൂളിന് പുതിയ ചുറ്റുമതില്‍ കെട്ടിയത്... കാട്ടുവാചിറ അമ്പലത്തിലെ എഴുന്നള്ളത്തിനിടയില്‍ ആന ഇടഞ്ഞത്.. എല്ലാം മനക്കണ്ണില്‍ കാണുകയായിരുന്നു.. വീടെത്തിയത് അറിഞ്ഞില്ല.."ഇനി എന്നാ തിരിച്ച്? " ചോദ്യം പ്രതീക്ഷിച്ചതായിരുന്നെന്കിലും കേട്ടപ്പോള്‍ അറിയാതെ ഞെട്ടി."പോണം. പോയല്ലേ പറ്റൂ.. അടുത്ത് തന്നെ പോകും " വാക്കുകള്‍ എന്നില്‍ നിന്ന് തന്നെ ആണോ വന്നതെന്ന് സംശയിച്ചു. കൌതുകത്തോടെ നോക്കിയ ജയേട്ടന്റെ മുന്നില്‍ നിന്നും ഓടി രക്ഷപെടാനാണ് തോന്നിയത്. ഒറ്റക്കിരുന്നു കുറച്ചു നേരം കരയണം. ജയേട്ടനോട് യാത്ര പറഞ്ഞ് കളപ്പുരയിലേക്ക് നടന്നു. ഇതാണ് പറ്റിയ സ്ഥലം. അല്പം ഉച്ചത്തില്‍ കരഞ്ഞാലും ആരും കേള്‍ക്കില്ലല്ലോ. അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു. മതിയാവോളം കരഞ്ഞു. മനസ്സില്‍ അടക്കിപ്പിടിച്ചിരുന്ന വിങ്ങലുകളെല്ലാം കണ്ണിലൂടെ അണപൊട്ടി ഒഴുകി.തന്‍ നശിച്ചാലും തന്റെ കുടുംബം രക്ഷപെട്ടല്ലോ എന്ന് ഓര്‍ത്തപ്പോള്‍ അല്പം സമാധാനം തോന്നി. പേര്‍സണല്‍ സെക്രട്ടറി എന്നാ പേര് അക്ഷരാര്‍ത്ഥത്തില്‍ പേര്‍സണല്‍ ആക്കിയ ബോസ്സ്. തന്നെ വെറും വില്‍പ്പന ചരക്കാക്കി കോടികളുടെ ബിസിനസ്‌ പിടിച്ചെടുക്കുന്ന സമര്‍ത്ഥന്‍. പക്ഷെ അയാള്‍ അറിയുന്നില്ലല്ലോ ഒരു പാവം മലയാളി പെണ്‍കൊടിയുടെ ജീവിതം ആണ് തന്‍ പൂക്കുല പോലെ ചിതറിച്ചു കളയുന്നതെന്ന്.. അവള്‍ നെയ്തു കൂട്ടിയ

സ്വപ്‌നങ്ങള്‍.. ഒരു പാവം വാധ്യാരുമൊത്തുള്ള ജീവിതം.. എല്ലാം പുല്ലില്‍ ചിതറിയ തവിട് പോലെ ആയതു അയാള്‍ ആസ്വദിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എത്രയെത്ര മനുഷ്യര്‍ ... എത്രയെത്ര മുഖങ്ങള്‍ ... ഇനിയും ആ ചെളിക്കുഴിയിലേക്ക് തന്നെ മടങ്ങിപ്പോകണമല്ലോ എന്നോര്‍ത്തപ്പോള്‍ അറിയാതെ ഒരു ഉള്‍ക്കിടിലം. കളപ്പുരയുടെ മൂലയില്‍ വച്ചിരിക്കുന്ന വിഷക്കുപ്പി തന്നെ നോക്കി പല്ലിളിക്കുന്നതായി ദേവിക്ക് തോന്നി. ഭ്രാന്തമായ ഒരു മുഴക്കം തലച്ചോറിനെ ബാധിക്കുന്നു...ഇനി ഒരു തിരിച്ച് പോക്ക് എങ്ങോട്ട് ?... ജീവിതം എന്ന അഴുക്കു ചാലിലേക്കോ അതോ....കളപ്പുരയിലെ നേര്‍ത്ത ഇരുട്ട് തന്റെ മനസ്സിലേക്കും വ്യാപിക്കുന്നത് അവള്‍ ഒരു ഉന്മാദത്തോടെ അറിഞ്ഞു. പകലോന്‍ അപ്പോഴും പുറത്ത്‌ പുഞ്ചിരി തൂകുകയായിരുന്നു.


അയനം


"കാപ്പി കാപ്പീ ...."ട്രെയിനില്‍ കാപ്പി വില്‍ക്കുന്ന പയ്യന്‍റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത് . പുറത്തേക്കു നോക്കി . ഷൊര്‍ണൂര്‍ എത്താറായിരിക്കുന്നു. മുഖത്തേക്ക് മഴത്തുള്ളികള്‍ തെറിച്ചു വീണു. മഴ പെയ്യുന്നുണ്ട്. വെള്ളം തുടച്ചു മാറ്റാന്‍ തോന്നിയില്ല. ഏറെ കാലത്തിനു ശേഷം നാടിന്‍റെ എന്‍റെ പ്രിയ ഗ്രാമത്തിന്‍റെ ശ്വാസ ഗതി ഈ മഴയിലൂടെ തിരിച്ചരിയാനാകുന്നുണ്ട്. എത്ര കാലമായി ഇതുപോലെ ശാന്തമായ മനസോടെ മഴ നനഞ്ഞിട്ട്‌ . പുറത്തു അലറികുതിക്കുന്ന ഭാരത പുഴ . തന്റെ നാടിന്റെ സുകൃതം .


ഈ പുഴ ആണോ മരിച്ചു കൊണ്ടിരിക്കുന്നു എന്ന് മാധ്യമങ്ങളും മറ്റുംവിലപിക്കുന്നത് ? യമുനക്ക് അറിയാതെ ചിരി വന്നു . എന്തൊക്കെ കോപ്രായങ്ങളാണ് ഇവര്‍ കാണിച്ചു കൂട്ടുന്നത്‌ . വെറും വാര്‍ത്തക്കും പണത്തിനും വേണ്ടി . താന്‍ കണ്ടിട്ടുള്ള ഭാരതപ്പുഴ എന്നും ഇങ്ങനെ ആയിരുന്നു. നിറഞ്ഞു കവിഞ്ഞു കുഞ്ഞോളങ്ങള്‍ മണല്‍ പരപ്പില്‍ കുസൃതി കാണിച്ചു അലസമായി ഒഴുകുന്ന ഭാരതപ്പുഴ . ആ ഒരു ചിത്രം മാത്രമേ മനസ്സില്‍ ഉള്ളൂ. എന്നും അത് തന്നെ മതി .

"കാപ്പി കാപ്പീ ...."


ഒരു കാപ്പി വാങ്ങി . നല്ല ചൂട്. പുറത്തു നിന്നും അടിക്കുന്ന തണുത്ത കാറ്റില്‍ ഈ ചൂട് നല്ലതാണ്. പതിയെ കാപ്പി ഊതി കുടിച്ചു. പുറത്തു മഴക്ക് ശക്തി കൂടിയെന്ന് തോന്നുന്നു . മുഖത്തിന്‍റെ ഒരു വശം ആകെ

നനഞ്ഞു .

"ആ ജനല്‍ അങ്ങ് ക്ലോസ്‌ ചെയ്യൂ കുട്ടീ " .


മുമ്പിലത്തെ സീറ്റില്‍ ഇരിക്കുന്ന വൃദ്ധ അല്പം ഈര്‍ഷ്യയോടെ ആണത് പറഞ്ഞത് . കാപ്പി ഗ്ലാസ്‌ പുറത്തേക്കു എറിഞ്ഞു യമുന വിന്‍ഡോ താഴ്ത്തി. ഒരു നേര്‍ത്ത ഇരുട്ട് കമ്പാര്‍ട്ട് മെന്റില്‍ തളം കെട്ടി . ജാലകത്തിലേക്ക് തല ചായ്ച്ച് യമുന ചിന്തകളുടെ ലോകത്തേക്ക് ഊളിയിട്ടു.


നിര്‍വികാരമായിരുന്നു ഇത് വരെ മനസ്. ഇപ്പോള്‍ എന്തോ അഭൌമമായ ഒരു ശാന്തത കളിയാടുന്നു . ഇതാണോ ജന്മ നാടിന്റെ പുണ്യം? നീണ്ട വര്‍ഷങ്ങള്‍ . ഒരു തരം പകയായിരുന്നു മനസ്സില്‍ . ജീവിതത്തില്‍

മനസിനെക്കാള്‍ പണത്തിനും പ്രതാപത്തിനും പ്രാധാന്യം നല്‍കിയവരുടെ മുന്നില്‍ ഒരു നിമിഷമെങ്കിലും അതെ അഹന്തയോടെ നില്‍ക്കണം എന്നുള്ള പക . ചിതറി ഉടഞ്ഞ കുന്നിക്കുരു ഭരണിയില്‍ നിന്നും ചോരപ്പൊട്ടുകള്‍ പോലെ പടര്‍ന്നു വീണ കുന്നിക്കുരുക്കള്‍ . കണ്ണീര്‍ കണങ്ങള്‍ പോലെ അവ തെക്കിനിയില്‍ തുള്ളിതെറിച്ചത് ഇപ്പോഴും കണ്മുന്നില്‍ ഉണ്ട് .
സ്നേഹം അല്ലായിരുന്നു ദേവേട്ടനോട് തനിക്ക്‌ . ഒരു തരം അഭിനിവേശം ആയിരുന്നു. തനിക്കായ് ഈ ലോകത്തില്‍ ദൈവം തന്ന വരദാനം . ദേവേട്ടനും അങ്ങനെ തന്നെ ആയിരുന്നല്ലോ . അതോ വെറും സഹാനുഭൂതി മാത്രം

ആയിരുന്നോ ? ഒരു പാവം പെണ്‍കുട്ടിക്ക് സാന്ത്വനമായി നല്കിയതായിരുന്നോ ആ സ്നേഹം? അറിയില്ല. പക്ഷെ ക്ഷയിച്ചു പോയ തറവാട്ടില്‍ നിന്നും ഒരു പെണ്ണിനെ താലി കെട്ടാനുള്ള മകന്റെ ആഗ്രഹം പുത്തന്‍ പണക്കാരനായ അച്ഛന്റെ ഗര്‍വിനു മുന്നില്‍ പത്തി താഴ്ത്തുന്നത് താനും നേരിട്ട് കണ്ടതാണല്ലോ . " ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ " എന്നുള്ള അച്ഛന്റെ കര്‍ശനമായ കല്പനയ്ക്ക് മുന്നില്‍ തലയും താഴ്ത്തി നടന്നു മറഞ്ഞ ദേവേട്ടന്റെ ചിത്രം. വേദനയെക്കാളേറെ പുച്ഛമാണ് തോന്നിയത്. ദേവേട്ടനോട് മാത്രമല്ല, പുരുഷ വര്‍ഗത്തിനോട് മുഴുവന്‍ .


തകര്‍ന്നു നിന്ന തനിക്കരികിലെത്തി തലയില്‍ തലോടി സാന്ത്വനം പകര്‍ന്നത് അമ്മയായിരുന്നു . " ന്‍റെ കുട്ടിക്ക് ഇതിലും നല്ലൊരു ബന്ധം കിട്ടും. ഈശ്വരന്‍ വിധിചിട്ടില്ല്യാന്നു കരുതി സമാധാനിക്കാനല്ലാതെ എന്താ ഞാന്‍ ന്‍റെ മോളോട് പറയാ ? കരഞ്ഞോളൂ കുട്ട്യേ . ഒന്നുറക്കെ കരഞ്ഞാല്‍ ഈ വേദന മാറിക്കോളും. അത്രേ ഉള്ളൂ ജീവിതം. കണ്ണീരില്‍ ഒഴുക്കി കളയാന്‍ മാത്രമുള്ള വേദനകളെ ദൈവം നമുക്ക് തരൂ . "


അമ്മയുടെ നെഞ്ചില്‍ തല ചേര്‍ത്ത് വിങ്ങി കരഞ്ഞു . അമ്മയും കരയുകയാനെന്നു തലയിലേക്ക് കണ്ണീരിന്‍റെ നനവ്‌ തട്ടിയപ്പോഴാണ് മനസിലായത് . പാവം അമ്മ. മനസുറച്ച കാലം മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ അമ്മയുടെ കണ്ണീര്‍ . എന്നും കരയാന്‍ മാത്രമാണ് അമ്മയുടെ വിധി .

"പ്രേമവും സ്നേഹവും ഒക്കെ പാവപ്പെട്ടവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല മോളെ.

പാവപ്പെട്ടവര്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അര്‍ഹത ഇല്ല.

പണക്കാര്‍ക്ക് തട്ടിക്കളിക്കാന്‍ ഉള്ള വെറും ഉപകരണം മാത്രമാ നമ്മളൊക്കെ. "


അമ്മക്ക് ആശ്വസിപ്പിക്കാന്‍ മാത്രേ കഴിയൂ . അതേ അറിയൂ . വഴക്ക് പറയാന്‍

അറിയില്ല. കണ്ണീരു വീണു തലയിണ നനഞ്ഞു കുതിര്‍ന്ന ദിനരാത്രങ്ങള്‍ കടന്നുപോകെ ഒരു സത്യം മനസിലാക്കി. മറ്റൊരു സ്ത്രീയുടെ കൂടെ ദേവേട്ടനെ കാണാനുള്ള കരുത്ത് തനിക്കില്ല . അതുകൊണ്ടാണ് അമ്മാവന്റെ കെയറോഫില്‍ ഒരു ജോലി ശരിയായപ്പോ ഒന്നും ചിന്തിക്കാതെ ഡല്‍ഹിക്ക് യാത്രയായത്. പക്ഷെ ആ യാത്ര ഇത്രയും നീളുമെന്ന് ഒരിക്കലും കരുതിയില്ല.
 

എല്ലാം വെട്ടിപ്പിടിക്കാനുള്ള വാശി ആയിരുന്നു. പണത്തിന്റെ കരുതുകൊന്ദ്

ജീവിതം മാത്രമല്ല സ്വഭാവവും രീതികളും മാറ്റാന്‍ കഴിയുമെന്ന് മനസിലാക്കിയ

ദിനങ്ങള്‍. യമുന എന്ന ആ നാട്ടിന്‍പു
റത്ത്കാരി മാറുകയായിരുന്നു. ജീവിക്കാന്‍ തന്നെ മറന്നുപോയി. ജീവിതം പണമാണെന്ന് വിശ്വസിച്ചു. അതിനു മുന്നില്‍ അമ്മയുടെ കണ്ണീരിനും യാനകള്‍ക്കും നേരെ മുഖം തിരിച്ചു. മുഖം തിരിച്ചതല്ല. ജീവിതത്തില്‍ തന്നെ തോല്പ്പിച്ചവരോടുള്ള പക അമ്മയുടെ കണ്ണീരിനേക്കാള്‍ വലുതാണെന്ന് മനസ്സില്‍ ആഴത്തില്‍ കൊത്തിവച്ചിരുന്നു.

കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. ട്രെയിന്‍ ഏതോ

പാലത്തിന്റെ മുകളിലൂടെ പോയതാണ്. സ്റ്റേഷന്‍ എത്താറായി എന്ന് തോന്നുന്നു. പതിയെ എഴുനേറ്റു. യാത്രക്കാര്‍ എല്ലാം എഴുനേറ്റു വാതിലിനടുത്തേക്ക് നടക്കുന്നു. പാലക്കാട് സ്റ്റേഷനില്‍ ട്രെയിന്‍ കിതച്ചുകൊണ്ട് നിന്നു . ലഗ്ഗെജെസ് എടുത്തുകൊണ്ട് പുറത്തിറങ്ങി. ഒരു ടാക്സി പിടിക്കാം .
 

 ഡ്രൈവറോട് സ്ഥലം പറഞ്ഞു . ബാഗുകള്‍ ഒക്കെ ഡിക്കിയില്‍ അടുക്കി വച്ചു പിന്‍ സീറ്റില്‍ കയറി ഇരുന്നു .
 

അമ്മക്ക് തീരെ വയ്യ . അവസാനമായി ഒന്ന് കാണണം. അമ്മയല്ല വിളിച്ചത്. ശേഖരമാമയാണ് . എണീക്കാന്‍ പോലും വയ്യത്രെ. ഇത്രയം കാലത്തെ അമ്മയുടെ കണ്ണീരിന്റെ നനവും ചൂടും മനസിനെ  പൊള്ളിച്ചുവോ

ഒരു നിമിഷം ? അത് തന്നെ ആവാം കാരണം. പൊക്കിള്‍ കൊടി ബന്ധം ... അമ്മ എന്ന സ്നേഹ മന്ത്രം ... പോവണം . അമ്മയെ കാണണം . ഇത്രയും കാലം അമ്മയെ വിഷമിപ്പിച്ചതിനും വേദനിപ്പിച്ചതിനും കാലില്‍ വീണു മാപ്പ് പറയണം .

" മാഡം .. സ്ഥലം എത്തി . "


 ഡ്രൈവറുടെ സ്വരം . ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിട്ടു .

 തന്റെ ഗ്രാമം . കൂലി കൊടുത്തു പുറത്തേക്കു കാല്‍ വച്ചപ്പോള്‍ അവാച്യമായ

ഒരു ചൈതന്യം തന്റെ സിരകളിലേക്ക് പടരുന്നതായി യമുനക്ക് തോന്നി . ബാഗുകള്‍ എടുത്തു തിരിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് . വീടിനു മുന്നില്‍ ആളുകള്‍ കൂടി നില്‍ക്കുന്നു . താന്‍ വരുന്നത് കാത്തു ഇത്രയധികം ആളുകളോ ? യമുനക്ക് ചിരി വന്നു . മുറ്റത്തേക്ക് കയറിയപ്പോള്‍ ആളുകള്‍ അടക്കം പറയുന്നതും

എല്ലാവരുടെയും കണ്ണുകള്‍ തന്റെ മേലേക്ക് നീളുന്നതും ഒട്ടൊരു അസ്വസ്ഥതയോടെ യമുന നോക്കി കണ്ടു .
 

അറിയാതെ യമുനക്ക് ഒരു ഉള്‍ക്കിടിലം അനുഭവപ്പെട്ടു . സാമ്പ്രാണിയുടെയും

ചന്ദന തിരിയുടെയും അഷ്ട ഗന്ധത്തിന്റെയും സമ്മിശ്ര ഗന്ധം ഉണ്ടോ

അന്തരീക്ഷത്തില്‍ ?
 

വെള്ള പുതപ്പിച്ചു കിടത്തിയ അമ്മയുടെ ചേതനയറ്റ രൂപം . മനസിലും കണ്ണിലും

ഇരുള്‍ വന്നു നിറയുന്നതായി യമുനക്ക് തോന്നി . ഒന്ന് മാപ്പിരക്കാന്‍ പോലും

സമയം തരാതെ അമ്മ പോയ്ക്കളഞ്ഞോ?

അമ്മേ ....


ദീനമായ ഒരു നിലവിളിയോടെ യമുന അമ്മയുടെ കാല്‍ക്കലേക്ക് വീണു .

" ഈ പാപിയായ മോളോട് ക്ഷമിക്കണേ അമ്മേ .. മഹാ പാപിയാണ് ഞാന്‍ .. അമ്മയുടെ "മോളേ " എന്ന വിളി കേള്‍ക്കാന്‍ പോലും എനിക്ക് സമയം തന്നില്ലല്ലോ ... "

മലയിറങ്ങി വന്ന ഒരു പാലക്കാടന്‍ കാറ്റില്‍ നിലവി
ക്കിലെ തിരികള്‍ ചാഞ്ചാടി . അമ്മയുടെ കര സ്പര്‍ശം പോലെ ആ തെന്നല്‍ യമുനയുടെ ശിരസ്സിലൂടെ തഴുകി കടന്നു പോയി ..

അമ്മയുടെ സ്വരം ആ കാറ്റില്‍ അലയടിക്കുന്ന പോലെ യമുനക്ക് തോന്നി
 

" മനുഷ്യരെ ശിക്ഷിക്കാന്‍ നമ്മള്‍ ആരും അല്ല കുട്ടീ . മറ്റുള്ളവരെ

ശിക്ഷിക്കാന്‍ പുറപ്പെടുമ്പോള്‍ നമ്മള്‍ നമ്മെ തന്നെയാണ്

ശിക്ഷിക്കുന്നതെന്ന് മനസിലാക്കണം. നല്ലതേ വരൂ മോള്‍ക്ക്‌ . ഈ അമ്മ ഉണ്ടാകും കൂടെ. എന്നും ഇപ്പോഴും ..... "

പുറത്തു മഴ പെയ്യുകയാണ് .. യമുനയുടെ കണ്ണീര്‍ പോലെ ... വിങ്ങി വിതുമ്പി ..

Wednesday, December 8, 2010

സമസ്യ - കവിത


ഒരു പുണ്യ തീര്‍ത്ഥമായ് എന്‍ നെറുകയില്‍ വീണ

സ്വേദ കണത്തിന്‍ വിശുദ്ധിയാനെനിക്ക് നീ

വര്‍ണ പ്രപഞ്ചത്തിന്‍ വാസന്ത രേണുവായ്

മലര്‍വാടിയാക്കി നീ എന്‍റെ ജന്മംകൊഞ്ചും ചിലങ്ക തന്‍ സപ്ത സ്വരങ്ങളാല്‍

എന്‍ മനോ തന്ത്രികള്‍ തൊട്ടുണര്‍ത്തി

ഞാന്‍ പാടും ഗാനങ്ങള്‍ നിനക്കായ് മാത്രം

തൂലിക തുമ്പിലെ മഷിക്കൂട്ടിനും നിന്‍ മുഖം മാത്രംഹവിസ്സില്‍ നിന്നുയരും കര്‍പ്പൂര ഗന്ധമായ്

എന്‍ ജീവനില്‍ നീ പടര്‍ന്നിറങ്ങി

സ്വര രാഗ കല്പക വാടിയില്‍ ഞാന്‍ കോര്‍ത്ത

മാല്യങ്ങളെന്തേ നീ ചൂടിയില്ലകാത്തിരിക്കുന്നുവോ എന്‍ നൂപുര ധ്വനി കേള്‍ക്കാന്‍

ഉള്ളം തുടിക്കുന്നുവോ എന്‍ സ്നേഹാമൃതം നുകരാന്‍

ഗന്ധര്‍വനായെന്‍റെ ചാരെ നീ അണയുമ്പോള്‍

അപ്സര കന്യയായ് എതിരേറ്റിടാം ഞാന്‍സ്നേഹാക്ഷരങ്ങളാല്‍ നീ പാടും ഗാനങ്ങള്‍

കേള്‍ക്കാന്‍ കൊതിപ്പൂ ഞാനീ ജന്മം മുഴുവനും

അണയുമോ നീയെന്‍റെ ചാരെയായ് തോഴാ

വര്‍ണമായ് പടരുമോ എന്‍ ജീവ സാഫല്യമായ്