Monday, June 13, 2011

താളവട്ടം" കൊലയാളി ... കൊലപാതകി .... കൊല്ലവളെ ...... "

നാല് പാട് നിന്നും അലര്‍ച്ചകള്‍ മുഴങ്ങുന്നു . ക്രൌര്യ മുഖത്തോടെ പാഞ്ഞടുക്കുന്ന പുരുഷാരം . 

" കൊല്ലവളെ .. ഇങ്ങനെ ഒരു ജന്മം ഇനിയീ നാട്ടില്‍ വേണ്ട .. " 

അമല കാതുകള്‍ പൊത്തി . വയ്യ .. ഇനിയും സഹിക്കാനുള്ള കരുത്തില്ല . കണ്ണുകള്‍ ഇറുക്കിയടച്ചിട്ടും ചിതറി തെറിക്കുന്ന ചോരത്തുള്ളികള്‍ തലച്ചോറിനെ പ്രകമ്പനം കൊള്ളിക്കുന്നു . 

"അമ്മേ ......................... "

തണുത്ത പരുപരുത്ത തറയിലേക്കു അമല തളര്‍ച്ചയോടെ ഇരുന്നു . വീണ്ടും അതേ നിലവിളി . പുരുഷാരത്തിന്റെ ഗര്‍ജ്ജനത്തിനൊപ്പം പ്രാണന്‍ വേര്‍പെട്ടു പോകുമ്പോഴുള്ള  അവസാനത്തെ പിടച്ചില്‍ . പ്രാവിന്റെ കുറുകല്‍ പോലെ ശ്വാസ നാളത്തില്‍ ജീവന്റെ അവസാന മുടിയാട്ടം . 

"അമ്മേ .................... "

"മോളേ ............. " നെഞ്ച് പൊട്ടിയ ഒരു വിലാപത്തോടെ അമല ജയിലിന്റെ ചുമരില്‍ തലയിടിച്ചു . പല തവണ . കണ്ണുകള്‍ ചിന്തുന്നത്‌ ചോരത്തുള്ളികള്‍ ആണെന്ന് അമലക്ക് തോന്നി . ഹൃദയത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു . നെറ്റി പൊട്ടി ചോര ചുവരിലൂടെ ഒഴുകി . തണുത്ത തറയിലേക്കു അമല കുഴഞ്ഞു വീണു .

ഓര്‍മയുടെ അഗാധതയിലെങ്ങോ കുപ്പിവളകള്‍ ഉടയുന്നത് പോലുള്ള കുസൃതിച്ചിരി. കൊച്ചരിപ്പല്ലുകള്‍ കാട്ടി കാലം തനിക്കായ് നല്‍കിയ പുണ്യം പുഞ്ചിരിക്കുന്നു . മനസിലേക്ക് ഒരു അഭൌമ ചൈതന്യം വന്നു നിറയുന്നത് പോലെ അമലക്ക് തോന്നി . മനസ് ശാന്തമാവുകയാണോ? അതോ കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയോ ? അറിയില്ല ...

ഓര്‍മയുടെ പുസ്തകത്താളുകള്‍ മറിയുന്നു .പരന്നു കിടക്കുന്ന വയലേലകളില്‍ കാറ്റിന്റെ നടനം . ഒരു നേര്‍ത്ത മന്ത്രണം പോലെ കൊയ്ത്തു പാട്ടിന്റെ ഈണം ചുരമിറങ്ങി വരുന്നു . ചെണ്ടയുടേയും ഇലത്താളത്തിന്റെയും രൌദ്ര നാദം . മനസ് ചരടറ്റ ഒരു പട്ടം പോലെ  പായുകയാണ് തന്റെ ഗ്രാമത്തിലേക്ക് ... വയല്‍ക്കരയില്‍ ദേവാലയം പോലെ ശാന്തമായ ആ കൊച്ചു വീട്ടിലേക്ക് ...

പെറ്റു വീണപ്പോള്‍  തന്നെ തന്തയെ കൊന്ന കരിം പൂരാടക്കാരി എന്ന കുത്ത് വാക്കുകള്‍ ഓര്മ വച്ച കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ . അമ്മാവന്മാരുടെയും അമ്മാവിമാരുടെയും കണ്ണിലെ കരടായി   ജീവിച്ച നരച്ച ബാല്യം. ആകെയുള്ള ഒരു ആശ്വാസം അമ്മയുടെ സാന്ത്വനം മാത്രം. കണ്ണീരു കൂട്ടി കഴിച്ച ഒരു പിടി ചോറിന്റെ രുചി അച്ഛന്റെ പട്ടടയില്‍ എത്തി നില്‍ക്കുന്നത് വരെയുള്ള ചീത്ത വിളികള്‍ . തന്റെ പ്രതികരണ ശേഷി അമ്മയുടെ കണ്ണീരോടെയുള്ള യാചനകള്‍ക്കു മുന്നില്‍ മുനയൊടിഞ്ഞു പോകുന്നത് ഒട്ടൊരു അപമാനത്തോടെയെ നോക്കി കാണാന്‍ കഴിഞ്ഞുള്ളു അന്ന്. എന്നാല്‍ ഇന്ന് ഈ അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ അറിയുന്നു അമ്മയുടെ കണ്ണീരിന്റെ വില എത്ര ഉണ്ടായിരുന്നെന്ന്. ജീവിതത്തിന്റെ ഊഷര ഭൂമിയില്‍ പകച്ചു നില്‍ക്കുമ്പോള്‍ താങ്ങും തണലുമായി വന്ന പ്രിയപ്പെട്ടവനെ സ്വീകരിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. 

അമ്മയുടെ പോലും എതിര്‍പ്പിനെ അവഗണിച്ച് ഇറങ്ങി പുറപ്പെടുമ്പോള്‍ ഒരു കാരാഗൃഹത്തില്‍ നിന്നുള്ള മോചനത്തിന്റെ സുഗന്ധ മാരുതന്‍ തഴുകി തലോടാന്‍ ഉണ്ടായിരുന്നു.   

സ്വര്‍ഗമായിരുന്നു ആ വീട് . രാഹുലിന്റെ  വലിയ ഒരു ആഗ്രഹമായിരുന്നു. വയല്‍ക്കരയില്‍ ഒരു വീട്. ശാന്തമായ അന്തരീക്ഷത്തില്‍ ഗ്രാമ സൌന്ദര്യം അനുഭവിക്കാന്‍ രാഹുല്‍ തെരഞ്ഞെടുത്തതായിരുന്നു ആ മലഞ്ചെരുവിലെ സ്വപ്ന ഗേഹം .ജീവനായിരുന്നു രാഹുലിന് തന്നെ . ശാപത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും സ്നേഹത്തിന്റെ താഴ്വരയിലേക്ക് പറിച്ചു മാറ്റപ്പെട്ടപ്പോള്‍ മനസും ഹൃദയവും മന്ത്രിച്ചു . ഇത്രയും കാലം കണ്ണീരു കുടിച്ചതിനു ദൈവം തന്ന കാരുണ്യമായിരിക്കാം ഈ ജീവിതം. 

തേവരുടെ മുന്നില്‍ നിത്യം നമിക്കുന്നതിന്റെ പുണ്യമായിരുന്നോ തങ്ങള്‍ക്കിടയിലേക്ക്‌ പിറന്നു വീണ പൊന്നു ?  ആയിരിക്കാം. തങ്ങളുടെ സ്നേഹ സാമ്രാജ്യത്തിലേക്ക് സന്തോഷത്തിന്റെ വര്‍ണ രാജികള്‍ വിതറിക്കൊണ്ട് മാലാഖയെപ്പോലെ വന്ന പൊന്നു . അവളായിരുന്നു തങ്ങള്‍ക്കു എല്ലാം. അവള്‍ക്കു വേണ്ടിയായിരുന്നു ജീവിതം. തങ്ങളുടെ .....

" ഇങ്ങോട്ട് എണീക്കെടീ .... തലയെല്ലാം തല്ലിപ്പൊട്ടിച്ചു ഇവിടെ കിടന്നെങ്ങാന്‍ ചത്ത്‌  പോയാല്‍ ഉത്തരം പറയേണ്ടത് ഞങ്ങളാ .. "

ജയില്‍ വാര്‍ഡന്റെ  സ്വരം . അമല തല ഉയര്‍ത്തി . ചുമരിലൂടെ ഒഴുകിയ ചോരച്ചാലുകള്‍ ഉണങ്ങി  തുടങ്ങിയിരിക്കുന്നു .  

" പിടിച്ചു കൊണ്ട് വാ അവളെ . മരുന്ന് വച്ചു കെട്ടാം. എന്നിട്ട്  പിന്നേം പോയി തല തല്ലി പൊട്ടിക്കട്ടെ . മനുഷ്യനെ മെനക്കെടുത്താനായിട്ടു . ശവം .  "

മുറിവില്‍ മരുന്ന് വച്ചു കെട്ടുമ്പോള്‍ നല്ല സുഖം തോന്നി. " അവളെ അങ്ങ് ബോധം കെടുത്തി ഇട്ടേക്കു ഡോക്ടറെ . അല്ലെങ്കില്‍ അവളിനീം തലമണ്ട അടിച്ചു  പൊട്ടിക്കും. അല്ലെങ്കിലെ സ്വൈര്യം ഇല്ല. അതിനെടയിലാ ഇവളുമാരുടെ ഓരോ സൂക്കേട്‌ . " വാര്‍ഡന്റെ പ്രാക്ക് . ഞരമ്പുകളില്‍ സൂചിയുടെയും മരുന്നിന്റെയും തണുപ്പ് . കാഴ്ച മങ്ങുന്നു. ബോധ മണ്ഡലം ചുരുങ്ങി ചെറുതാവുന്നു . വയലേലകളില്‍ കാറ്റിന്റെ മര്‍മരം . കൊയ്ത്തു പാട്ടിന്റെ ഈണം ...
ദൈവത്തിനു പോലും അസൂയ തോന്നിയിരിക്കാം തങ്ങളുടെ ജീവിതം കണ്ടിട്ട്. സ്നേഹിച്ചു കൊതി തീരും മുമ്പേ രാഹുലിനെ വിധി തന്നില്‍ നിന്നും തട്ടിയെടുത്തു . പ്രജ്ഞയില്‍ ഇരുള്‍ മൂടിയ ദിനരാത്രങ്ങള്‍ . പ്രതീക്ഷയുടെയും മുന്നോട്ടുള്ള പ്രയാണത്തിന്റെയും കൈത്തിരി നാളമായി പൊന്നു കൂടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ജീവിതം അവസാനിപ്പിക്കാതിരുന്നത് . പൊന്നുവിനെ പഠിപ്പിക്കണം. വല്യ ആളാക്കണം ... 

മോളെ ചേര്‍ത്ത് പിടിച്ചു ഇരുളിലേക്ക് കണ്ണും നട്ട്‌ അനിശ്ചിതത്വത്തിന്റെ അഗാധതയിലേക്ക്‌ കൂപ്പു കുത്തുമ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത് . 

" ആരാ ... ? "

" ഞങ്ങളാ .. വാതില്‍ തുറക്ക് .. !!! "

" ഞങ്ങള്‍ക്ക് പേരില്ലേ? ... ഞങ്ങള്‍ എന്താ ഈ അസമയത്ത് ? " വാക്കുകള്‍ പേടി കൊണ്ട് അല്പം ഇടറിയോ എന്ന് സംശയിച്ചു .

" മര്യാദക്ക് വാതില്‍ തുറക്കുന്നോ അതോ ഞങ്ങള്‍ ചവിട്ടി തുറക്കണോ ... ??? !!! "
വാതിലില്‍ ഉള്ള മുട്ട് ഉച്ചത്തിലായി . മോള്‍ ഉണര്‍ന്നു കരയാന്‍ തുടങ്ങി . അടുത്തെങ്ങും വീടുകള്‍ ഇല്ലാത്തതില്‍ അന്നാദ്യമായി അമലക്ക് ഉള്‍ക്കിടിലം ഉണ്ടാക്കി . ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കിയാല്‍ പോലും ആരും കേള്‍ക്കില്ല . തലയിണക്കടിയില്‍ വച്ചിരിക്കുന്ന വെട്ടു കത്തിയില്‍ അമല പിടി മുറുക്കി. രാഹുല്‍ പോയതിനു ശേഷം എപ്പോഴും ആ കത്തി തലയിണക്കടിയില്‍ വെക്കാന്‍ മറക്കാറില്ല . 
" നീ അത്ര പുണ്യാളത്തി ഒന്നും ചമയണ്ട . മര്യാദക്ക് വാതില്‍ തുറക്കെടീ .. "
വാതില്‍ ചവിട്ടി  പൊളിക്കാനുള്ള ശ്രമമാണ് . മോളെ ഒന്ന് കൂടി മുറുകെ പിടിച്ചു . എന്ത് തന്നെ വന്നാലും കീഴടങ്ങില്ല .
വാതില്‍ തകര്‍ന്നു വീണു . അകത്തേക്ക് പാഞ്ഞു കയറിയ മൂന്നു പേരില്‍ ആദ്യത്തെ ആള്‍ക്ക് നേരെ വെട്ടു കത്തി ആഞ്ഞു വീശി. കാളക്കൂറ്റന്റെ അമറിച്ച പോലെ ഒരു ആക്രന്തനം അയാളില്‍ നിന്നുയര്‍ന്നു . വെട്ടുകത്തിയിലൂടെ ചോര കയ്യിലേക്ക് ഒഴുകിയിറങ്ങി . കൂടെയുള്ള രണ്ടു പേര്‍ പകച്ചു നില്‍ക്കുകയാണ് . മോള്‍ ഒരു മൂലയില്‍ പേടിച്ചരണ്ടു വിതുമ്പുന്നു . 
" ആര്‍ക്കാടാ എന്നെ വേണ്ടത് ? വരിനെടാ ... !!! " കോമരങ്ങള്‍ ഉറഞ്ഞു തുള്ളി . രൌദ്ര താളങ്ങള്‍ മുഴങ്ങുന്നു ചുറ്റിലും . അങ്കക്കലി പൂണ്ടു നില്‍ക്കുകയാണ് മനസ്സ് . അടുത്തവന്‍ മുന്നോട്ടാഞ്ഞതും വീണ്ടും വെട്ടുകത്തി വീശി . ഒരു നിമിഷം . ഒരു കുഞ്ഞുടുപ്പിന്റെ മിന്നല്‍ മുന്നില്‍ . ഒരുത്തന്‍ പൊന്നുവിനെ വാരിയെടുത്ത് മുന്നിലേക്ക്‌ നീട്ടിപ്പിടിച്ചതാണെന്ന് കാണാന്‍ വൈകി . മുഖത്തേക്ക് ചോര ചിതറിത്തെറിച്ചു .
"അമ്മേ .............. !!! " 
മോളുടെ അലരിക്കരച്ചില്‍ ഇടയ്ക്കു വച്ചു മുറിഞ്ഞു . പിഞ്ചു കണ്ണുകളില്‍ ദയനീയത ഓളം വെട്ടി . ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ പൊന്നു .....
രൌദ്ര താളം വീണ്ടും . മുടിയാട്ടത്തിനുള്ള സംഘം  നിരന്നു കഴിഞ്ഞു .  വീരാളിപ്പട്ടുടുത്ത കോമരങ്ങള്‍ വാളും ചിലമ്പുമായി  ഉറഞ്ഞു തുള്ളുന്നു . കതിനാ വെടികള്‍ മുഴങ്ങി . തലയിലൂടെ അനേകം ചെറു വണ്ടുകള്‍ മൂളിപ്പറക്കുന്നു .
" മോളേ .................... !!! " 
അമല ചാടി എണീറ്റു . ചെണ്ടയുടെ നാദം ചെവികളില്‍ അല തല്ലുന്നു .  തലച്ചോര്‍ പ്രകമ്പനം കൊള്ളുന്നു . ദംഷ്ട്ര കാട്ടി കോലങ്ങള്‍ അലറി വിളിക്കുന്നു . 
വയ്യ .. സഹിക്കാന്‍ വയ്യ . ചിതറി വീണ മുടിയിഴകള്‍ വലിച്ചു പറിച്ചു അമല . തലക്കുള്ളില്‍ കൊടുംകാറ്റിന്റെ ഇരമ്പം . അലറി തിമര്‍ത്തു പെയ്യുന്ന മഴ . മിന്നാമിനുങ്ങുകള്‍ തലക്കകത്ത് വെള്ളി വെളിച്ചം നിറക്കുന്നു . സെല്ലിന്റെ  കമ്പിയഴികളില്‍  ഭ്രാന്തമായ മനസ്സോടെ അമല  തലയിടിച്ചു . 
" മോളേ ..................... !!! " ഹൃദയം തകര്‍ന്ന നിലവിളി പകുതിക്ക് വച്ചു മുറിഞ്ഞു . പകരം അനിയന്ത്രിതമായ അട്ടഹാസം ചിറകടിച്ചുയര്‍ന്നു . വിതുമ്പലുകളുടെ രാക്കോലങ്ങള്‍   ഇനി മടങ്ങിവരാത്ത അവസാന യാത്ര ചൊല്ലി പുറത്തെ മഴയിലേക്ക്‌ ഇറങ്ങിപ്പോയി . എല്ലാത്തിനും സാക്ഷിയായി മങ്ങി കത്തുന്ന വൈദ്യുതി വിളക്ക് പതിയെ കണ്ണടച്ചു .