Tuesday, May 31, 2011

അശരണരുടെ വാര്‍ഡ്‌" ഇച്ചിരി തണുത്ത വെള്ളം ഇങ്ങെടുത്തേ മാലതീ ... !!! "

ദാക്ഷായണിയമ്മ തിണ്ണയിലേക്ക് ഇരുന്നു . തോളില്‍ ഇട്ടിരുന്ന തോര്‍ത്ത്‌ എടുത്തു വീശി വിയര്‍പ്പാറ്റി .

മാലതി ഓട്ടു മൊന്തയില്‍ വെള്ളമെടുത്തു ദാക്ഷായണിയമ്മക്ക് നീട്ടി . അമ്മ കിതപ്പോടെ വെള്ളം കുടിക്കുന്നത് മാലതി നോക്കി നിന്നു .

" അമ്മ ഈ പൊരി വെയിലത്ത്‌ ഇതെങ്ങോട്ടു പോയതാ ? "

"  ഞാന്‍ ആശൂത്രി വരെ പോയതാ . വിലാസിനിയെ അവിടെ അഡ്മിറ്റ്‌ ചെയ്തെക്കുവാണെന്നു കേശവനാ പറഞ്ഞേ . അറിഞ്ഞിട്ടും ഒന്ന് പോയി കാണാതിരിക്കുന്നത് എങ്ങനെയാ .. "

ദാക്ഷായണിയമ്മ ഓട്ടു മൊന്ത നിലത്ത് വച്ചു .

"ആയമ്മക്ക് എന്താ അസുഖം ? അവരെ ഏതോ അഗതിമന്ദിരത്തില്‍ ആക്കീതല്ലായിരുന്നോ മക്കള്‍ എല്ലാരൂടെ ? "

മാലതി തിണ്ണയിലേക്ക് ഇരുന്ന് അമ്മയുടെ മുഖത്തേക്ക് നോക്കി .

"ഉം . അതെ. വിലാസിനി പറഞ്ഞപ്പഴാ അവിടത്തെ കഥകളൊക്കെ അറിഞ്ഞേ . വൃദ്ധ സദനം  ... നരാധമന്മാരുടെ ലോകം എന്ന് പറയണതാ ഒന്നൂടെ ശരി "

ദാക്ഷായണിയമ്മയുടെ പല്ലുകള്‍ ഞെരിഞ്ഞു . മുഖം ക്രോധം കൊണ്ട് വിറച്ചു .

മാലതി അമ്മയുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി . അമ്മ ഇത്രയ്ക്കു ക്ഷുഭിതയായി ആദ്യം കാണുകയാണ് അവള്‍ . അമ്മ പറയുമ്പോള്‍ നേരില്‍ കാണുന്നത് പോലെ അനുഭവിക്കുകയായിരുന്നു മാലതി .

നോക്കാന്‍ സമയമില്ലാത്തത് കാരണം അമ്മയെ വൃദ്ധസദനത്തില്‍ എത്തിച്ച മക്കള്‍ . മരുമക്കളുടെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കൊതിച്ചിരിക്കുകയായിരുന്ന അമ്മ . പക്ഷെ എരിതീയില്‍ നിന്നും വറചട്ടിയിലേക്കുള്ള പ്രയാണം ആയിരുന്നു അത് .

പണം മാത്രം ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഒരു കച്ചവട സ്ഥാപനം ആണ് ആ വൃദ്ധ സദനം എന്ന് ആദ്യ നാളുകളില്‍ തന്നെ വിലാസിനിയമ്മ മനസ്സിലാക്കി . അന്തെവാസികളെക്കൊണ്ട് മാടുകളെപ്പോലെ പണിയെടുപ്പിക്കുന്ന കാവല്‍ക്കാര്‍ . ഭക്ഷണം എന്ന പേരില്‍ നല്‍കുന്ന മാടുകള്‍ പോലും തിന്നാന്‍ അറയ്ക്കുന്ന വിഭവങ്ങള്‍ . ഇവിടത്തെ കാര്യങ്ങള്‍ പുറത്തു മിണ്ടിയാല്‍ കുടുംബത്തെ വേരോടെ പിഴുതെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഗുണ്ടകളെപ്പോലെ ഉള്ള ചിലര്‍ ....

പനി പിടിച്ചു കിടന്ന സുമിത്ര എന്ന സ്ത്രീ മരിച്ചതോടെയാണ് അവിടത്തെ ഭീകരമായ അന്തരീക്ഷം വിലാസിനിയമ്മ നേരില്‍ കണ്ടത് . ഒരാള് പോലും തിരിഞ്ഞു നോക്കാതെ പനി പിടിച്ചു തളര്‍ന്ന അവര്‍ ഇടയ്ക്കിടെ വെള്ളത്തിനായി കേണു . ഡോക്ടര്‍ എന്ന പേരില്‍ ഒരാള്‍ വന്നു ചികില്‍സിച്ചു . മാരകമായ പകര്ച്ചപ്പനിയാണ് .. മാറ്റി പാര്‍പ്പിചില്ലെങ്കില്‍ എല്ലാവര്ക്കും പകരും . 

അങ്ങനെ സുമിത്രാമ്മയെ ഒരു പ്രത്യേക മുറിയിലേക്ക് മാറ്റി . വല്ലപ്പോഴും ജനലിലൂടെ നല്‍കുന്ന ഭക്ഷണ പാനീയങ്ങള്‍ . നാലാം ദിവസം നാറ്റമടിച്ചു തുടങ്ങിയതോടെ പുഴുവരിച്ചു തുടങ്ങിയ അവരുടെ  മൃതദേഹം പുറത്തെടുത്തു . കണ്ടു നിന്ന പലരും ബോധം കെട്ട് വീണു . പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ അന്തേവാസികളെ നടുക്കിയത് മറ്റൊന്നായിരുന്നു .

അമ്മ മരിച്ചെന്ന് അറിഞ്ഞ മക്കള്‍ പറഞ്ഞ കാര്യം

" ഞങ്ങള്‍ക്ക് വരാന്‍ കഴിയില്ല . നിങ്ങള്‍ തന്നെ യഥാവിധി ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്തേക്കൂ . അതിനുള്ള ചെലവ് കാശ് ഞങ്ങള്‍ അയച്ചു തരാം !!! "

ചികില്‍സ കിട്ടാതെ ആ സ്ത്രീ മരിച്ച സംഭവം മൂടി വെക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും എങ്ങനെയോ പുറം ലോകം അറിഞ്ഞു . നാട്ടുകാര്‍ വൃദ്ധസദനം തല്ലിത്തകര്‍ത്തു . അധികൃതരെ അറസ്റ്റ് ചെയ്തു .

അവശരായ അന്തേവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

" ഇതൊക്കെ അറിഞ്ഞിട്ടും ന്റെ മോന്‍ ഒന്ന് വിളിച്ചത് പോലും ഇല്ല്യ ന്റെ ദാക്ഷായന്യേ ... !!! "

വിലാസിനിയമ്മ ദാക്ഷായണിയമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് പൊട്ടിക്കരഞ്ഞു .

ദാക്ഷായണിയമ്മ തളര്‍ന്ന് ചുമരിലേക്ക് ചാരി . മാലതി നടുങ്ങി നില്‍ക്കുകയാണ് .

" നാളെ നീയും എന്നെ അതെ പോലെ ഒരിടത്തേക്ക് പറഞ്ഞയക്ക്യോ മാലതീ? ..... "

ദാക്ഷായണിയമ്മ വ്യഥയോടെ മാലതിയെ നോക്കി . 

നടുങ്ങിയുലഞ്ഞ മാലതി നേര്‍ത്തൊരു വിലാപത്തോടെ അമ്മയെ ചേര്‍ത്തുപിടിച്ചു പൊട്ടിക്കരഞ്ഞു .