Saturday, November 26, 2011

മൃത്യുഗീതം പാടുന്ന മുല്ലപ്പെരിയാര്‍



യസ്യ നാസ്തി സ്വയം പ്രജ്ഞാ ശാസ്ത്രം തസ്യ കരോതി കിം
ലോചനാഭ്യാം വിഹീനസ്യ ദര്‍പ്പണ: കിം കരിഷ്യതി
അര്‍ത്ഥം :
സ്വയം വിവേക ജ്ഞാനമില്ലാത്തവര്‍ക്ക് ശാസ്ത്ര ജ്ഞാനം കൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ് ? കണ്ണില്ലാത്തവന് കണ്ണാടി കൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ് ?
==========
ചാണക്യ നീതിയിലെ ചില വരികളാണ് മുകളില്‍ എഴുതിയത് . നാം മലയാളികളും ഇന്ന് സ്വയം വിവേക ജ്ഞാനമില്ലാത്തവരായിരിക്കുകയാണ് . അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുകയാണ് . കണ്ണുണ്ടെങ്കിലും കുരുടന്മാരായി അഭിനയിക്കുന്ന മലയാളി സമൂഹം നമ്മെ ഭരിക്കുന്ന കിഴങ്ങേശ്വരന്മാര്‍ക്ക് ( ഇതിലും നല്ല പ്രയോഗം അവര്‍ അര്‍ഹിക്കുന്നുണ്ടെങ്കിലും എന്റെ മാന്യത ആ പേരുകള്‍ വിളിക്കാന്‍ എന്നെ അനുവദിക്കുന്നില്ല ) ഓശാന പാടുകയാണ് . നാല്പതു ലക്ഷം മനുഷ്യ ജീവനുകള്‍ കൊണ്ട് പന്താടാന്‍ മത്സരിക്കുന്ന നമ്മുടെ മഹാന്മാരായ നേതൃ വൃന്ദം എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു . തീന്‍ മേശയിലെ വിഭവങ്ങളും മധുചഷകങ്ങളിലെ ലഹരിയും തലയ്ക്കു പിടിച്ച അധികാര ഭ്രാന്തും കേരള ജനതയെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിലേക്കാണ് തള്ളി വിടുന്നത് .

അധികാര ദുര്‍മ്മോഹികളുടെ ചോരക്കൊതി നാം ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. സ്വന്തം കുടുംബത്തിന് നാശനഷ്ടം വരുത്താത്ത എന്തും അവര്‍ക്ക് തൃണസമാനമാണെന്നിരിക്കെ നാം വിലപിക്കുന്ന വിലാപങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോകും എന്നത് ഒരു പരമമായ സത്യം മാത്രം .

തമിഴന് വെള്ളം കിട്ടുന്നതിനു വേണ്ടി മാത്രം നിര്‍മ്മിച്ച ഒരു അണക്കെട്ട് എന്നതിലുപരി കേരളത്തിന്റെ ഭക്ഷ്യ വ്യവസ്ഥിതിയെത്തന്നെ നിയന്ത്രിക്കുന്ന ചരിത്രമാണ് ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ അണക്കെട്ടുകളില്‍ ഒന്നായ മുല്ലപ്പെരിയാറിനുള്ളത്. കേരളത്തെ ഒരു ഉപഭോക്താവായി മാത്രം കാണുന്ന തമിഴന് കേരള ജനതയുടെ ഈ നെഞ്ചിടിപ്പ് അത്ര വലിയ കാര്യമായിരിക്കില്ല . കേരളത്തിലെ അഞ്ചു ജില്ലകള്‍ ഒലിച്ചു പോവുന്നതിലുപരി നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഉണ്ടാക്കിയ പാട്ടക്കരാര്‍ അസാധുവായിപ്പോവും എന്നതാണ് അവരുടെ  സങ്കടം .

1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152അടിഉയരത്തിൽ പ്രസ്തുത ആവശ്യത്തിനായി ഡാം നിർമ്മിച്ചത്.അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിൽ നിർമ്മിച്ചു.പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 65ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്. ( വിക്കി )

അന്ന് ഈ പദ്ധതിയില്‍ ഒപ്പുവെക്കുമ്പോള്‍ അന്നത്തെ രാജാവായിരുന്ന ശ്രീ വിശാഖം തിരുനാൾ മാർത്താണ്ഡവർമ എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ്  വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്. ഇന്ന് നാം മലയാളികള്‍ ഓരോരുത്തരും സ്വന്തം ഹൃദയ രക്തം കൊണ്ട് തന്നെയാണ് മുല്ലപ്പെരിയാറിന് വേണ്ടി ; മുല്ലപ്പെരിയാര്‍ സംരക്ഷിക്കുന്നതിന് വേണ്ടി ; കേരളത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ; നാല്പതു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി ഒപ്പ് വെക്കുന്നത് എന്നുള്ളത് വിധിയുടെ വിളയാട്ടം തന്നെ ആയിരിക്കാം .

അമ്പതു വര്‍ഷം ആയുസ്സ് വിധിച്ച മുല്ലപ്പെരിയാര്‍ ഇന്ന് നൂറും കഴിഞ്ഞു മുന്നോട്ടു കുതിക്കുകയാണ് . തമിഴ്നാടുമായി ഉണ്ടാക്കിയ പാട്ടക്കരാര്‍ അനുസരിച്ച് ഇനിയും 800 വര്‍ഷങ്ങള്‍ ഒരു കേടും കൂടാതെ മുല്ലപ്പെരിയാര്‍ നിലനില്‍ക്കും . കാരണം അന്ന് അവരുമായി ഉണ്ടാക്കിയ കരാര്‍ 999 വര്‍ഷത്തേക്കായിരുന്നു . ഇനിയും എത്രയോ വര്‍ഷങ്ങള്‍ കിടക്കുന്നു അതിന്റെ ബാക്കി . അപ്പോള്‍ പിന്നെ ആ കരാര്‍ കാലാവധി തീരുന്നത് വരെ മുല്ലപ്പെരിയാര്‍ അതേപടി നിലനിന്നേ പറ്റൂ . നിലനിന്നില്ലെങ്കില്‍ മുല്ലപ്പെരിയാറിനെതിരെ വിശ്വാസ വഞ്ചന , കൊലക്കുറ്റം എന്നീ വകുപ്പുകളിലായി തമിഴ്നാട് കേസ്‌ കൊടുക്കാന്‍ വരെ സാധ്യതയുണ്ട് . അതിന്റെ ഫലമായി മുല്ലപ്പെരിയാറിനെ ചിലപ്പോള്‍ തൂക്കിക്കൊല്ലുകയോ ചുരുങ്ങിയത് ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കുകയോ ചെയ്തേക്കാം . മുല്ലപ്പെരിയാറേ ... ജാഗ്രതൈ ..

ഇന്നലെയും ഇന്നും ആയി പത്ര മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു വാര്‍ത്തയുണ്ട് . ശരത് പവാറിന്റെ മുഖത്തടിച്ച സംഭവം . അവര്‍ക്കത് സെന്‍സേഷണല്‍ ന്യൂസ് ആണ് . കട്ട് മുടിച്ചു കീശ വീര്‍പ്പിക്കുന്ന നമ്മുടെ ഇത്തരം നേതാക്കളുടെ കരണം പൊളിഞ്ഞതാണ് അവര്‍ക്ക് ചൂടുള്ള വാര്‍ത്ത . ആ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഒരു ഫുള്‍ പേജ് വരെ മാറ്റി വച്ച പത്ര ധര്‍മ്മത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ നമുക്കെന്തേ ഇത്ര താമസം ? കേരളത്തിലെ അഞ്ചു ജില്ലകള്‍ മാപ്പില്‍ നിന്നേ ഒഴുകിപ്പോകുന്ന ഘട്ടത്തിലും അതിനു വേണ്ടി ഒരു കോളം വാര്‍ത്ത പോലും കൊടുക്കാത്ത ഈ നാറിയ പത്ര ധര്‍മ്മത്തിനെതിരെ ഒരു ചെറുവിരല്‍ പോലും നാം അനക്കില്ല . കാരണം നമുക്ക് വേണ്ടത് നമ്മുടെ തന്നെ ജീവന്‍ അപകടപ്പെടുമ്പോഴുള്ള തത്രപ്പാടല്ല . മറിച്ച് ഇതുപോലുള്ള ചൂടുള്ള വാര്‍ത്തകളോടാണ് നമുക്ക് പ്രിയം . പാമ്പിന്റെ വായില്‍ അകപ്പെട്ട തവളയുടെ അവസ്ഥ . അപ്പോഴും മുന്നിലൊരു പ്രാണിയെ കണ്ടാല്‍ ആ പ്രാണിയെ പിടിച്ചു തിന്നാനാണ് നോക്കുന്നത് .

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ചുണ്ണാമ്പും കരിങ്കല്ലും സുര്‍ക്കിയും ചേര്‍ത്താണ് . ഒരു അണക്കെട്ടിന്റെ ആയുസ്സ് അമ്പതു മുതല്‍ അറുപതു വര്‍ഷം വരെ മാത്രം ആണെന്നിരിക്കെ നൂറു കഴിഞ്ഞും നിലനില്‍ക്കുന്ന ഒരു അണക്കെട്ടിനെ ചൂണ്ടി ദൈവഹിതം എന്ന് മാത്രമേ നമുക്ക് പറയാന്‍ കഴിയൂ . ഇടയ്ക്കിടെ നടത്തുന്ന അറ്റകുറ്റപ്പണികള്‍ വിള്ളല്‍ വീണ ഭാഗം ഓട്ടയടക്കുക എന്നത് മാത്രമാണ് . 136 അടി വെള്ളം സംഭരിക്കാന്‍ കെല്‍പ്പുള്ള ഈ അണക്കെട്ടിലെ ഇന്നത്തെ സംഭരണം 142.2 അടി ആണെന്നുള്ളത് തന്നെ നമ്മെ ഭീതിയിലാഴ്ത്താന്‍ പോന്ന വാര്‍ത്തയാണ് . 136  എന്നത് ഡാം ഉണ്ടാക്കിയ കാലത്ത് പറഞ്ഞിട്ടുള്ള കണക്കാണ് . അതായത് ഡാമില്‍ സംഭരിക്കാവുന്ന ഏറ്റവും കൂടിയ വെള്ളത്തിന്റെ അളവാണിത് . ഈ വെള്ളം കൊണ്ടും മതിയാവാതെ തമിഴ്നാടിന്റെ വികസനം മാത്രം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശാസിച്ചതിന്റെ ഫലമായി ഡാമിലെ വെള്ളത്തിന്റെ അളവ് പിന്നെയും കൂട്ടി . ഡാമിന്റെ കേടുപാടുകളും ബലക്ഷയവും ജനങ്ങളുടെ ജീവന് തന്നെ അപകടം ഉണ്ടായേക്കാവുന്ന സ്ഥിതി വിശേഷവും കേരളം ഇവരുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മറിയുന്ന തമിഴ്നാടിനോടായിരുന്നു അന്നും കേന്ദ്ര ഭരണത്തിനും സര്‍ക്കാരിനും കൂറ് . തമിഴ്നാടിന്റെ കടും പിടിത്തത്തിന് മുന്നില്‍ കേരളം അപഹാസ്യരായ കാഴ്ചയാണ് അന്ന് നാം കണ്ടത് .

കൃത്രിമ അണക്കെട്ടുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കും എന്നുള്ള കാര്യം പണ്ടെങ്ങോ പുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു . ഭൂമി ശാസ്ത്രപരമായി ഇടയ്ക്കിടെ ചലനം സംഭവിക്കുന്ന ഭൂവിഭാഗമാണ് ഇടുക്കി . ഇടയ്ക്കിടെ ഉണ്ടാവുന്ന ഭൂചലനങ്ങളും ഉരുള്‍പൊട്ടലുകളും വാര്‍ത്തകളില്‍ ഇടവേളകളിട്ടു വരാരുള്ളതും നാം കാണുന്നതാണ് . അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അണക്കെട്ടുകള്‍ക്ക് വരെ പൊളിച്ചു പണി ആവശ്യപ്പെടുമ്പോള്‍ തമിഴന്റെ കൃഷിയും വൈദ്യുതിയും മാത്രം മുഖവിലക്കെടുത്ത് ; ഇതെപ്പറ്റി ഗൌരവമായി ചിന്തിക്കാന്‍ വരെ സമയം ചോദിക്കുന്ന സര്‍ക്കാര്‍ നമുക്ക് ആവശ്യമുണ്ടോ ? ചിന്തിക്കുക .

തൊട്ടതിനും പിടിച്ചതിനും ബന്തും ഹര്‍ത്താലും ആചരിക്കുന്ന നമ്മുടെ പ്രബുദ്ധ കേരളത്തില്‍ മരുന്നിനു പോലും ഈ കാര്യത്തില്‍ പ്രതിഷേധം ഉയരാത്തത് മലയാളിയുടെ മഹത്വം തന്നെയാണ് . നമ്മള്‍ ആവേശത്തോടെ ആദരിക്കുകയും അനുകരിക്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട നടന്മാരും നടികളും ഒന്നും ഇതിനെതിരെ ഒരു വാക്ക് പോലും പ്രതിഷേധിച്ചു കണ്ടില്ല . നമ്മള്‍ അവര്‍ക്ക് നല്‍കുന്ന സ്നേഹത്തിന് പകരമായി വേണ്ട. നമ്മുടെ ജന്മനാട് കൂലം കുത്തി ഒഴുകിപ്പോകുന്ന അവസ്ഥാ വിശേഷം കണ്ടിട്ടെങ്കിലും അവര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ . ചോറ് ഇവിടെയും കൂറ് അവിടെയും എന്ന ആണും പെണ്ണും കെട്ട പണിയാണ് അവര്‍ ചെയ്യുന്നത് . സ്വന്തം ജന്മനാട് നശിച്ചു പോകുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തില്‍ തമിഴന്മാരുടെ മൂട് താങ്ങി നടക്കുന്ന ഇവന്മാരെ നാം എന്ത് പേരിട്ടു വിളിക്കും ? നാല്പതു ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ അവര്‍ക്ക് മുഖ്യം തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം അവര്‍ പണിഞ്ഞിരിക്കുന്ന കെട്ടിടങ്ങള്‍ക്കാണ് . നാടിനെയും നാട്ടാരെയും അവരുടെ ജീവനെയും പുല്ലുപോലെ അവഗണിക്കുന്ന ഇവര്‍ക്കൊക്കെ നാം പൂമാല തന്നെ ഇടണം .

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഡാം നില്‍ക്കുന്ന ഇടുക്കി , അയല്‍ ജില്ലകളായ എറണാകുളം , കോട്ടയം, പത്തനംതിട്ട , ആലപ്പുഴ , കൊല്ലത്തിന്റെ പകുതിയോളം ഭാഗം എന്നിവ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിയും . മുല്ലപ്പെരിയാര്‍ തകരുമ്പോള്‍ ബേബി ഡാം കൂടെ തകരും . ഈ വെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഇടുക്കി ഡാമിലേക്കാണ് . കേരളത്തിന്‌ ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കി ഡാം ഈ വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമല്ല തന്നെ . ഇടുക്കി ഡാം തകരുന്നതോടെ ഈ സ്ഥലങ്ങളെല്ലാം വെറും വെള്ളവും ചെളിയും കൊണ്ട് നിറയും . നാല്പതു ലക്ഷത്തില്‍പരം ആളുകള്‍ കൊല്ലപ്പെടും . അഞ്ചു ജില്ലകള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമാവും.  അത്രയോളം ആളുകള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ആയിരിക്കും . ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ ഹിരോഷിമ നാഗസാക്കി അണുവിസ്ഫോടനത്തില്‍ പോലും ഒരു ലക്ഷത്തില്‍ താഴെ ആളുകളെ കൊല്ലപ്പെട്ടിട്ടുള്ളൂ എന്ന വസ്തുത നമ്മുടെ ഈ കൊച്ചു കേരളം അനുഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു .

സായിപ്പിനെ ഈ നാട്ടില്‍ നിന്ന് ഓടിച്ച കൂട്ടത്തില്‍ അവര്‍ ഉണ്ടാക്കി വച്ച നൂറുകണക്കിന് കരാറുകളും നമ്മുടെ നാട് കീറിയെറിഞ്ഞു . പക്ഷെ കേരളവും തമിഴ്നാടും തമ്മില്‍ ഉള്ള ഈ പാട്ടക്കരാര്‍ മാത്രം ആരും കണ്ടില്ല . അതോ ഇനി തമിഴന്മാര്‍ അധികാരികളുടെ കണ്ണ് മൂടിക്കെട്ടിയതോ ? ഡാം സ്ഥിതി ചെയ്യുന്ന നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത് . പാട്ടത്തുകയായി 40000 രൂപ കേരളത്തിനു അതായത് അന്നത്തെ തിരുവിതാം കൂറിന് ലഭിക്കും . ചുരുക്കി പറഞ്ഞാല്‍ ആയിരം ഗ്യാലന്‍ വെള്ളത്തിനു തമിഴ്നാട് നമുക്ക് നല്‍കുന്നത് 0.047 പൈസയാണ് . കരാര്‍ ഉണ്ടാക്കിയ കാലത്തെ അതേ തുക തന്നെ ആണ് ഇന്നും തമിഴന്മാര്‍ നമുക്ക് നല്‍കി വരുന്നത് .

ഇന്ന് കാലത്തും ഇടുക്കി ജില്ലയില്‍ ഭൂചലനമുണ്ടായി . റിക്റ്റര്‍ സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ചലനം നമ്മളേവരും നടുക്കത്തോടെയാണ് കേട്ടത് . ഉറക്കമുണരുമ്പോള്‍ ആരൊക്കെ അവശേഷിക്കും എന്ന ഭയത്തില്‍ ഉറങ്ങാന്‍ കിടക്കുന്ന ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ ദന്ത ഗോപുര നിവാസികളായ നേതാക്കന്മാര്‍ക്കും നമ്മുടെ തലതൊട്ടപ്പന്മാര്‍ക്കും എങ്ങനെ മനസ്സിലാവാനാണ് ? ഭീതിയോടെ അര്‍ദ്ധമയക്കത്തിലും ഉറങ്ങാതെയും ഇരുട്ടി വെളുപ്പിക്കുന്ന ലക്ഷക്കണക്കായ ജനങ്ങളുടെ ജീവന് അധികാരപ്പെട്ടവര്‍ വില കല്പിച്ചില്ലെങ്കിലും നാം മലയാളികള്‍ എങ്കിലും വില കല്‍പ്പിക്കെണ്ടതല്ലേ ?

നമുക്ക് ചെയ്യാന്‍ കഴിയുന്നത് :

ഈ വിപത്തിനെതിരെ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ശക്തിയായി പ്രതിഷേധിക്കുക എന്നുള്ളതാണ് . കൊച്ചിയില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തിയ ജനങ്ങളുടെ അംഗ സംഖ്യ തന്നെ നാം എത്ര വലിയ അപകടത്തിലാണ് എന്നുള്ള കാര്യം വിളിച്ചോതുന്നു . നമ്മെക്കൊണ്ട് ഒരു പുല്‍ക്കൊടി എങ്കിലും ഇളക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആയില്ലേ ?

ഫെയ്സ്ബുക്കിലും ട്വിറ്ററിലും എന്ന് വേണ്ട ... സകലവിധ ഓണ്‍ലൈന്‍   കമ്മ്യൂണിറ്റികളിലും പ്രതിഷേധ തരംഗം അലയടിക്കുകയാണ് . ഓരോ ഗ്രൂപ്പിലും ആയിരക്കണക്കിന് അംഗങ്ങള്‍ ഉണ്ടെന്നുള്ളതാണ് സത്യം . ഇത്രയും ആളുകളെ ഏകോപിപ്പിച്ച് ഒരൊറ്റ ഗ്രൂപ്പ് ആക്കി പ്രതിഷേധിച്ചാല്‍ അത് കണ്ടില്ലെന്നു നടിക്കാന്‍ ഒരാള്‍ക്കും കഴിയില്ല . ആയിരം പേര്‍ പ്രതിഷേധിച്ചാല്‍ ഇവിടെ ഒരു ചുക്കും നടക്കില്ല എന്നുള്ള കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം . പക്ഷെ ലക്ഷക്കണക്കിന് ആളുകളുടെ പ്രതിഷേധത്തിന് അധികാരികളുടെ ചെറുവിരല്‍ അല്ല അവരെ മുഴുവനോടെ പിഴുതെറിയാന്‍ കഴിയും .

ഒരു നിമിഷം ചിന്തിക്കുക . നമ്മള്‍ മലയാളികള്‍ ഒഴുകിപ്പോയാല്‍ തമിഴന് ഒന്നുമില്ല . അവര്‍ക്ക് വേണ്ടത് ചുളുവിലക്ക് കിട്ടുന്ന വെള്ളം മാത്രമാണ് . മുല്ലപ്പെരിയാര്‍ പൊളിച്ചു പുതുക്കിപ്പണിതാല്‍ അടുത്ത ഇരുപതു വര്‍ഷത്തേക്ക് അവര്‍ക്ക് കേരളത്തില്‍ നിന്നും വെള്ളം കിട്ടാതെയാവും എന്നുള്ളത് തന്നെയാണ് അവരെ ഇത്രമേല്‍ പ്രകൊപിതരാക്കാന്‍ കാരണം . കേരളത്തില്‍ പിറന്നു കേരളത്തില്‍ തന്നെ അവസാനിക്കുന്ന പെരിയാറിന്റെ മേല്‍ തമിഴ്‌നാടിനു എന്ത് അവകാശം ?

ഇനിയും വൈകരുത് . കേരളം ലക്ഷക്കണക്കിന് ആളുകളുടെ കുരുതിക്കളമാവുന്നതിനു മുമ്പ്‌ ഒരു നിമിഷം ചിന്തിക്കുക .. ഇതില്‍ നാം കൂടി ഉള്‍പ്പെടും , നമ്മുടെ ബന്ധുജനങ്ങള്‍ , സുഹൃത്തുക്കള്‍ , അതിലുപരി അനേക ലക്ഷം നിരപരാധികള്‍ ചത്തൊടുങ്ങും . ധനുഷ്‌കോടിക്ക് പ്രേത നഗരി എന്ന് പേരിട്ട പോലെ കേരളത്തിലെ ശവപ്പറമ്പായ അഞ്ചു ജില്ലകള്‍ക്കും ഇതുപോലെ ഓരോ ഓമനപ്പേരും കണ്ടുപിടിച്ചുകൊണ്ട് നമ്മുടെ നേതാക്കള്‍ കണ്ണീരും ഒലിപ്പിച്ചുകൊണ്ടു വരും . അവരുടെ മുതലക്കണ്ണീര്‍ കണ്ടു അന്നും നമ്മള്‍ കയ്യടിക്കും . അവര്‍ക്ക് ജയ് വിളിക്കും . അതാണ്‌ മലയാളി .
അതാവണമെടാ മലയാളി .