Tuesday, May 31, 2011

അശരണരുടെ വാര്‍ഡ്‌" ഇച്ചിരി തണുത്ത വെള്ളം ഇങ്ങെടുത്തേ മാലതീ ... !!! "

ദാക്ഷായണിയമ്മ തിണ്ണയിലേക്ക് ഇരുന്നു . തോളില്‍ ഇട്ടിരുന്ന തോര്‍ത്ത്‌ എടുത്തു വീശി വിയര്‍പ്പാറ്റി .

മാലതി ഓട്ടു മൊന്തയില്‍ വെള്ളമെടുത്തു ദാക്ഷായണിയമ്മക്ക് നീട്ടി . അമ്മ കിതപ്പോടെ വെള്ളം കുടിക്കുന്നത് മാലതി നോക്കി നിന്നു .

" അമ്മ ഈ പൊരി വെയിലത്ത്‌ ഇതെങ്ങോട്ടു പോയതാ ? "

"  ഞാന്‍ ആശൂത്രി വരെ പോയതാ . വിലാസിനിയെ അവിടെ അഡ്മിറ്റ്‌ ചെയ്തെക്കുവാണെന്നു കേശവനാ പറഞ്ഞേ . അറിഞ്ഞിട്ടും ഒന്ന് പോയി കാണാതിരിക്കുന്നത് എങ്ങനെയാ .. "

ദാക്ഷായണിയമ്മ ഓട്ടു മൊന്ത നിലത്ത് വച്ചു .

"ആയമ്മക്ക് എന്താ അസുഖം ? അവരെ ഏതോ അഗതിമന്ദിരത്തില്‍ ആക്കീതല്ലായിരുന്നോ മക്കള്‍ എല്ലാരൂടെ ? "

മാലതി തിണ്ണയിലേക്ക് ഇരുന്ന് അമ്മയുടെ മുഖത്തേക്ക് നോക്കി .

"ഉം . അതെ. വിലാസിനി പറഞ്ഞപ്പഴാ അവിടത്തെ കഥകളൊക്കെ അറിഞ്ഞേ . വൃദ്ധ സദനം  ... നരാധമന്മാരുടെ ലോകം എന്ന് പറയണതാ ഒന്നൂടെ ശരി "

ദാക്ഷായണിയമ്മയുടെ പല്ലുകള്‍ ഞെരിഞ്ഞു . മുഖം ക്രോധം കൊണ്ട് വിറച്ചു .

മാലതി അമ്മയുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി . അമ്മ ഇത്രയ്ക്കു ക്ഷുഭിതയായി ആദ്യം കാണുകയാണ് അവള്‍ . അമ്മ പറയുമ്പോള്‍ നേരില്‍ കാണുന്നത് പോലെ അനുഭവിക്കുകയായിരുന്നു മാലതി .

നോക്കാന്‍ സമയമില്ലാത്തത് കാരണം അമ്മയെ വൃദ്ധസദനത്തില്‍ എത്തിച്ച മക്കള്‍ . മരുമക്കളുടെ പീഡനങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കൊതിച്ചിരിക്കുകയായിരുന്ന അമ്മ . പക്ഷെ എരിതീയില്‍ നിന്നും വറചട്ടിയിലേക്കുള്ള പ്രയാണം ആയിരുന്നു അത് .

പണം മാത്രം ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഒരു കച്ചവട സ്ഥാപനം ആണ് ആ വൃദ്ധ സദനം എന്ന് ആദ്യ നാളുകളില്‍ തന്നെ വിലാസിനിയമ്മ മനസ്സിലാക്കി . അന്തെവാസികളെക്കൊണ്ട് മാടുകളെപ്പോലെ പണിയെടുപ്പിക്കുന്ന കാവല്‍ക്കാര്‍ . ഭക്ഷണം എന്ന പേരില്‍ നല്‍കുന്ന മാടുകള്‍ പോലും തിന്നാന്‍ അറയ്ക്കുന്ന വിഭവങ്ങള്‍ . ഇവിടത്തെ കാര്യങ്ങള്‍ പുറത്തു മിണ്ടിയാല്‍ കുടുംബത്തെ വേരോടെ പിഴുതെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഗുണ്ടകളെപ്പോലെ ഉള്ള ചിലര്‍ ....

പനി പിടിച്ചു കിടന്ന സുമിത്ര എന്ന സ്ത്രീ മരിച്ചതോടെയാണ് അവിടത്തെ ഭീകരമായ അന്തരീക്ഷം വിലാസിനിയമ്മ നേരില്‍ കണ്ടത് . ഒരാള് പോലും തിരിഞ്ഞു നോക്കാതെ പനി പിടിച്ചു തളര്‍ന്ന അവര്‍ ഇടയ്ക്കിടെ വെള്ളത്തിനായി കേണു . ഡോക്ടര്‍ എന്ന പേരില്‍ ഒരാള്‍ വന്നു ചികില്‍സിച്ചു . മാരകമായ പകര്ച്ചപ്പനിയാണ് .. മാറ്റി പാര്‍പ്പിചില്ലെങ്കില്‍ എല്ലാവര്ക്കും പകരും . 

അങ്ങനെ സുമിത്രാമ്മയെ ഒരു പ്രത്യേക മുറിയിലേക്ക് മാറ്റി . വല്ലപ്പോഴും ജനലിലൂടെ നല്‍കുന്ന ഭക്ഷണ പാനീയങ്ങള്‍ . നാലാം ദിവസം നാറ്റമടിച്ചു തുടങ്ങിയതോടെ പുഴുവരിച്ചു തുടങ്ങിയ അവരുടെ  മൃതദേഹം പുറത്തെടുത്തു . കണ്ടു നിന്ന പലരും ബോധം കെട്ട് വീണു . പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ അന്തേവാസികളെ നടുക്കിയത് മറ്റൊന്നായിരുന്നു .

അമ്മ മരിച്ചെന്ന് അറിഞ്ഞ മക്കള്‍ പറഞ്ഞ കാര്യം

" ഞങ്ങള്‍ക്ക് വരാന്‍ കഴിയില്ല . നിങ്ങള്‍ തന്നെ യഥാവിധി ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്തേക്കൂ . അതിനുള്ള ചെലവ് കാശ് ഞങ്ങള്‍ അയച്ചു തരാം !!! "

ചികില്‍സ കിട്ടാതെ ആ സ്ത്രീ മരിച്ച സംഭവം മൂടി വെക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും എങ്ങനെയോ പുറം ലോകം അറിഞ്ഞു . നാട്ടുകാര്‍ വൃദ്ധസദനം തല്ലിത്തകര്‍ത്തു . അധികൃതരെ അറസ്റ്റ് ചെയ്തു .

അവശരായ അന്തേവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

" ഇതൊക്കെ അറിഞ്ഞിട്ടും ന്റെ മോന്‍ ഒന്ന് വിളിച്ചത് പോലും ഇല്ല്യ ന്റെ ദാക്ഷായന്യേ ... !!! "

വിലാസിനിയമ്മ ദാക്ഷായണിയമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് പൊട്ടിക്കരഞ്ഞു .

ദാക്ഷായണിയമ്മ തളര്‍ന്ന് ചുമരിലേക്ക് ചാരി . മാലതി നടുങ്ങി നില്‍ക്കുകയാണ് .

" നാളെ നീയും എന്നെ അതെ പോലെ ഒരിടത്തേക്ക് പറഞ്ഞയക്ക്യോ മാലതീ? ..... "

ദാക്ഷായണിയമ്മ വ്യഥയോടെ മാലതിയെ നോക്കി . 

നടുങ്ങിയുലഞ്ഞ മാലതി നേര്‍ത്തൊരു വിലാപത്തോടെ അമ്മയെ ചേര്‍ത്തുപിടിച്ചു പൊട്ടിക്കരഞ്ഞു . 

Sunday, May 29, 2011

ഭരണ ചക്രം


ക്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍ .... ക്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍ ....

ഭരണ ചക്രം അനങ്ങുന്നില്ല . എന്ത് ചെയ്യും ? ഇത് തിരിയാതെ എങ്ങനെ കാര്യങ്ങള്‍ നടക്കും ?

കപ്പിത്താന്‍മാര്‍ എല്ലാരും ചേര്‍ന്ന് ആഞ്ഞു ശ്രമിച്ചു .

അനങ്ങുന്നില്ല . 

ലോകോത്തര മെക്കാനിക്കുകള്‍ വന്നു നോക്കി . യോഗം ചേര്‍ന്നു . ചര്‍ച്ച ചെയ്തു ...

കവടി നിരത്തി . പ്രശ്നം വച്ചു .

" ജനങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും വീണ് ചക്രം പ്രവര്‍ത്തന രഹിതമായതാണ് !! . ഭാരതാംബ ക്ഷോഭിച്ചിരിക്കുന്നു "

"ശ്ശോ ... !!! "

" അന്ന് മുതല്‍ ഇന്ന് വരെ ഭരണ ചക്രം തിരിച്ചു കൊണ്ടിരുന്ന എല്ലാവരും ഇന്ധനത്തിന് പകരം ഉപയോഗിച്ചത് ജനങ്ങളുടെ കണ്ണീരും വിയര്‍പ്പും രക്തവും ആണ് . ഇനി അത് മാറണം . ജനങ്ങളുടെ സമാധാനവും സന്തോഷവും സുഖവും ആയിരിക്കണം ഇനി മേല്‍ ഭരണ ചക്രത്തിനുള്ള ഇന്ധനം . "

" ശരി . അങ്ങനെ തന്നെ !! " 

ഇന്ധനം തീര്‍ന്നു തുടങ്ങിയപ്പോള്‍ ജനങ്ങളുടെ രക്തത്തിനു പകരം ഭാരതത്തിന്‍റെ രക്തമൂറ്റി നേതാക്കള്‍ ഭരണ ചക്രം തിരിച്ചു . 

Monday, May 23, 2011

കടലാസു തോണി


" ഏട്ടാ .. എനിച്ചൊരു തോണീണ്ടാക്കി തര്വോ ? .. "

കുഞ്ഞു പെങ്ങള്‍ ഏട്ടന്റെ അടുത്തേക്ക് ചെന്ന് ചിണുങ്ങി 

" അച്ചോടാ .. ന്റെ പാറൂന് എത്ര തോണി വേണം ? ഏട്ടന്‍ ഉണ്ടാക്കി തരാല്ലോ !!! "

കുഞ്ഞു പാറുവിന്റെ കയ്യില്‍ നിന്നും കടലാസു വാങ്ങി ഏട്ടന്‍ തോണി ഉണ്ടാക്കാന്‍ തുടങ്ങി . 

കര്‍ക്കിടകം അലച്ചു തല്ലി പെയ്യുന്ന മുറ്റം . ഓടില്‍ നിന്നും വെള്ളം വീണു ചാലുകളായി മാറിയ ഇറയത്ത് കലക്ക വെള്ളം പതഞ്ഞൊഴുകുന്നു. 

കടലാസു തോണികളുമായി പാറു ഉമ്മറതിണ്ടില്‍ ഇരുന്നു . മുന്നോട്ടാഞ്ഞപ്പോഴേക്കും ഏട്ടന്റെ സ്വരം

" മോളേ .. വെള്ളത്തിലേക്ക്‌ ഇറങ്ങല്ലേ .. ഇടിമിന്നല്‍ ഉള്ളതാ .. "

" ആം .. " പാറു തല കുലുക്കി .

പൊടുന്നനെ ഒരു ഇടി മിന്നി . പാറുവിന്റെ കണ്ണ് മഞ്ഞളിച്ചു പോയി .

ഒരു നിമിഷത്തെ ഇരുട്ട് .. പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നത് പോലെ പാറു തിരിഞ്ഞ് ഏട്ടനെ നോക്കി .

" ഏട്ടാ .. ഇടി മിന്നല്‍ കൊണ്ടാല്‍ അമ്മേടെ അടുത്തേക്ക് എനിച്ചും പോയ്ക്കൂടെ ? ... !!! "

മിന്നലിന് പിറകെ ഒരു ഇടി കൂടി മുഴങ്ങി . ഏട്ടന്‍ വ്യഥയോടെ കുഞ്ഞു പെങ്ങളെ ചേര്‍ത്തു പിടിച്ചു . മുറ്റത്ത്‌ കരുവാളിച്ചു കിടന്ന അമ്മയുടെ ശരീരത്തിന്റെ പിന്മുറക്കാരിയെന്നോണം  ഒരു കടലാസു തോണി മഴയില്‍ കുതിര്‍ന്നലിഞ്ഞു .

കടപ്പാടിന്‍റെ നേര്‍ രേഖ

ഈ പാഴ് ജന്മത്തില്‍
എനിക്കാരോടാണ് കടപ്പാട് ..
എന്നെ
ഈ ഭൂമിയിലേക്ക്‌ ദൌത്യത്തിനായി
തള്ളി വിട്ട ദൈവത്തിനോടോ

ഒരു ചെറു ബീജമായ്
നാട വിര പോല്‍ ജനിച്ചു കൈകാല്‍ കുടഞ്ഞു
ഗോളാകൃതിയില്‍
എനിക്ക് പ്രാണന്‍റെ ആദ്യ പാഠം
ചൊല്ലിതന്ന
ഗര്‍ഭ പാത്രത്തിനോടോ

അമിഞ്ഞപാലിന്‍റെ മാധുര്യം
എന്‍റെ നാവിന്‍ തുമ്പില്‍
ജീവാമൃതമായ് സ്നേഹവും ലാളനയും
സമം ചേര്‍ത്ത് നല്‍കിയ
അമ്മ തന്‍ വാല്‍സല്യത്തിനോടോ

ജീവിച്ചു തുടങ്ങും മുമ്പേ
ജീവിതത്തെക്കാള്‍ വലിയ ഭാരം
ചുമടായ് ചുമന്നു രക്തം ചുടു വിയര്‍പ്പായ്‌
ഒഴുക്കി എനിക്ക് അന്നം നല്‍കിയ
അച്ഛന്‍റെ വിയര്‍പ്പു തുള്ളികളോടോ ...

ഒരു നേര്‍ത്ത തെന്നല്‍ പോലെ
ധമനികളില്‍ പ്രേമത്തിന്‍ മുദ്രകള്‍ ചാര്‍ത്തി
സൌഹൃദത്തിന്റെ മൂട് പടം
അണിയിച്ചു ഹൃദയം
പിച്ചി പറിച്ചു കണ്‍ മുന്നിലൂടെ
തകര്‍ന്ന മനസ്സില്‍ ചവിട്ടി അനന്തതയിലേക്ക്
നടന്നു കയറിയ പ്രണയത്തോടോ .....

ഒരു നുള്ള് കുങ്കുമം സീമന്ത രേഖയിലും
താലി ചരടിന്റെ പരുക്കന്‍ ബാന്ധവം
കഴുത്തിലും വലം കയ്യിലേക്ക് ചേര്‍ത്ത് വച്ച് തന്ന
മറു കയ്യിന്‍റെ സംരക്ഷണയില്‍
വലതു കാല്‍ വച്ച് ജീവിതത്തിലേക്ക്
നടന്നു കയറിയ
ജീവിതത്തിന്‍റെ മറു പാതിയോടോ ....

മാതൃത്വത്തിന്‍ ആനന്ദം
കൈ കാലുകള്‍ കുടഞ്ഞു
ലോകത്തെ നോക്കി അലറിക്കരഞ്ഞു
പിഞ്ചു കൈകളാല്‍
മാതൃത്വത്തെ തൊട്ടുണര്‍ത്തിയ
കടിഞ്ഞൂല്‍ കുരുന്നിനോടോ .....

അമ്മെ എന്നാദ്യം കൊഞ്ചി
അമ്മിഞ്ഞ പാലിന്റെ കൂടെ
ജീവനും ജീവിതവും പകുത്തു വാങ്ങി
മാതൃത്വത്തിന്റെ താപം ശമിപ്പിച്ച
പിന്ജിളം ചുണ്ടിനോടോ ...

വാര്‍ധക്യത്തിന്റെ തണുത്തു മരവിച്ച
പായിലിരുന്ന് മരണത്തെ കൈ നീട്ടി
വിളിച്ചു അനന്ത വിഹായസ്സിലേക്ക് പറന്നുയരുമ്പോള്‍
അത് വരെ എനിക്ക് കൂട്ടിരുന്ന
മുഷിഞ്ഞു നാറിയ കീറിപ്പറിഞ്ഞ
പുല്‍ പായയോടോ ....

ചിതയിലോടുങ്ങും മുന്‍പേ
നാവില്‍ വീണ അരി മണികളും ഗംഗാ ജലവും
അഷ്ട ഗന്ധവും സാമ്പ്രാണിയും
ചന്ദന തിരികളും നിലവിളക്കും
എന്‍റെ കടപ്പാടിന്‍റെ അംശം
കൈക്കൊള്ളാനായി കാത്തു നില്‍ക്കില്ലേ ....

തെക്കേ ചിതയില്‍ എന്നെ ജ്വലിപ്പിക്കുന്ന
മൂവാണ്ടന്‍ മാവിനോടോ ...
ആരോടാണ് എനിക്ക് അവസാന കടപ്പാട് ...
അറിയില്ല ...

ഈ ജന്മം എനിക്ക് മരണത്തെ വരിക്കാനാവില്ല
കടങ്ങളും കടപ്പാടുകളും ജീവിതത്തിന്‍റെ
ഏകാന്ത നിമിഷങ്ങളും
സ്നേഹത്തിന്‍ ദ്യുതി ഉച്ചി മുതല്‍ ഉടല്‍ വരെ
എനിക്കായ് നല്‍കിയ എന്നെ അറിഞ്ഞ ഞാന്‍ അറിഞ്ഞ
ഓരോ പുല്‍ക്കൊടിയോടും ഉള്ള
കടപ്പാടുകളുടെ ആകെത്തുക
ഈ ജന്മമാണ് ...
ഇത് നിങ്ങള്‍ എടുക്കുക ...
ഈ ജന്മമാണ് നിങ്ങള്‍ക്ക് ഞാന്‍
നല്‍കുന്ന എന്‍റെ പ്രത്യുപകാരം ...

അമ്മേ ഞാന്‍ ഇവിടെ തനിച്ചാണ്അനന്തതയിലേക്ക് മിഴി ചേര്‍ത്ത് തേങ്ങുമ്പോള്‍
ഹൃദയത്തില്‍ വിരിയുന്നു അമ്മതന്‍ സ്നേഹം
പര ശത സഹസ്ര ദലങ്ങളായ് പൂക്കുന്നു
വറ്റാത്തോരുറവയാം വാത്സല്യ സാഗരം

കണ്ണീരിന്‍ ചാലുകള്‍ പലരറിയും എന്നാല്‍
കരളിന്റെ വേദന ആരറിയും ?
അമ്മക്കിനാവിന്റെ സാന്ത്വന മേഘങ്ങള്‍
ആശ്വാസ ഗീതമായ് വന്നുവെങ്കില്‍ ....

പിറവി മുതലിന്നു വരെയും ശാപത്തിന്‍
വിത്തുകള്‍ എറിയുന്നു ബാന്ധവരോക്കെയും
എകാന്തതയിലാനെന്റെ ബാല്യം
ഇരുളും നിലാവുമാനെന്റെ തോഴര്‍

ദേഹത്തിന്‍ മുറിവുകള്‍ മായ്ച്ചു കളയാം പക്ഷെ
ദേഹി തന്‍ മുറിവുകള്‍ ആരുണക്കും?
കൂരമ്പ്‌ പോലത്തെ വാക്കുകളേറ്റെന്റെ
മനസ് മുറിയുന്നതും അമ്മേ നീ അറിയുന്നുവോ

അമ്മ തന്‍ മാറില്‍ തല ചായ്ച്ചുറങ്ങാന്‍
അമ്മിഞ്ഞ പാലിന്റെ മാധുര്യം നുണയാന്‍
താരാട്ട് പാട്ടിന്റെ ഈണങ്ങള്‍ കേള്‍ക്കാന്‍
കഴിയാത്തൊരീ ജന്മം എന്തിനു നല്‍കി നീ

ഇനിയൊരു ജന്മമുന്ടെന്കിലെനിക്കെന്റെ
അമ്മക്കിനാവിന്റെ സ്നേഹാമൃതമുണ്ണണം
ശാപത്തിന്‍ കറകളെ ഈ ജീവിതം തീര്‍ത്ത
കണ്ണീരിനാല്‍ മായ്ച്ചു വിട വാങ്ങിടുന്നു ഞാന്‍ 

ഗന്ധര്‍വ യാമം
നവര നെല്ല് ഇടിച്ചു കുത്തി ചളുങ്ങിയ അലൂമിനിയ പാത്രത്തിലേക്ക് തവിട് കളഞ്ഞു ഇടുമ്പോള്‍ അശ്വതിയുടെ കൈ പതറി ഒരല്‍പം അരി താഴെ വീണു . 

"ക്ഷമിക്കണേ ഭഗവാനെ ... !!! "

മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് അശ്വതി ആ അരിമണികള്‍ പെറുക്കിയെടുത്തു കലത്തിലേക്ക് ഇട്ടു . കലം ഒന്ന് കുടഞ്ഞു നിവര്‍ത്തിയ ശേഷം അശ്വതി എണീറ്റു . 

മൂന്നു മണി ആയതെ ഉള്ളൂ സമയം. എങ്കിലും ഇരുട്ട് മൂടിയ പോലെ . രണ്ടു ദിവസമായി ഇതാണ് സ്ഥിതി . മഴക്കാറ് മൂടി പെട്ടെന്ന് ഇരുട്ടാകുന്ന പ്രതീതി . 

" ആതിരേച്ചീ ... ഒന്നിങ്ങട് വര്വോ ? .."

അശ്വതി അകത്തേക്ക് നോക്കി വിളിച്ചു .

" എന്താ അച്ചൂട്ടീ ? .. ഞാന്‍ കുളിച്ചോണ്ടിരിക്യാ .. "

" ഓ .. എന്നാ വേണ്ട . ഞാന്‍ പശൂനെ അഴിക്കാന്‍ പോവ്വാ ട്ടോ . നല്ല മഴക്കാറ്ണ്ട് . ചെലപ്പോ പെയ്തേക്കും "

"ശരി ... " 

അശ്വതി അരിക്കലം അടുക്കളയിലെ ഒരു പലകയിലേക്ക് വച്ചു . അഴയില്‍ കിടന്ന ഒരു തോര്‍ത്തും എടുത്തുകൊണ്ട് പറമ്പിലേക്ക് ഓടി . 

" കുട എടുത്തോണ്ട് പോ അച്ചൂട്ട്യെ .... "

പിന്നില്‍ നിന്നും ആതിരയുടെ സ്വരം കേട്ടില്ലെന്നു നടിച്ചു . അധികം ദൂരെ ഒന്നും അല്ലല്ലോ . 

മഴ വീണു തുടങ്ങി . ചീറിയടിക്കുന്ന തണുത്ത പിശറന്‍ കാറ്റില്‍ അശ്വതിയുടെ വസ്ത്രങ്ങള്‍ ഉലഞ്ഞു . 

" അച്ചൂട്ട്യെ ... എങ്ങടാ ഓടണെ ? അതും കുട പോലും എടുക്കാണ്ട് ? "

രാമേട്ടനാണ് . രാവിലെ പെയ്ത മഴയില്‍ ഇടിഞ്ഞു പോയ വരമ്പ് ശരിയാക്കുകയാണ് . പാടത്ത്‌ നിന്നും ചെളി കോരി വരമ്പിലേക്ക് വെക്കുന്ന രാമേട്ടന്റെ തലയിലെ കൂമ്പാള തൊപ്പിയില്‍ നിന്നും മഴവെള്ളം ഒലിച്ചു ചെന്നിയിലൂടെ ഒഴുകുന്നു ...

" പശൂനെ അഴിക്കാന്‍ പോവ്വാ രാമേട്ടാ .. "

അശ്വതി വേഗം കൂട്ടി .

കാവിനടുത്താണ് പശുവിനെ കെട്ടിയിരിക്കുന്നത് . എത്ര പറഞ്ഞാലും ചേച്ചി കേള്‍ക്കില്ല . ഒരു നൂറാവര്‍ത്തി പറഞ്ഞിട്ടുള്ളതാണ് കാവിനടുത്തു പശുവിനെ കെട്ടരുതെന്ന് . എന്തോരം കഥകളാ കാവിനെപ്പറ്റി ഉള്ളത് .. പേടിപ്പെടുത്തുന്ന കഥകള്‍ . 

അശ്വതി പശുവിനെ അഴിച്ചു . കാവിന്റെ നേരെ നോക്കാന്‍ ഭയം തോന്നി അവള്‍ക്ക് . മഴയും ഇരുട്ടും കൂടിക്കലര്‍ന്നു ഒരു പ്രേതഭൂമിയുടെ അന്തരീക്ഷം സൃഷ്ടിച്ചു അവിടം . മുത്തശി പണ്ട് പറഞ്ഞു തന്നിട്ടുള്ള കഥകളിലെ വാചകങ്ങള്‍ അശ്വതിയുടെ മനസ്സില്‍ പ്രതിധ്വനിച്ചു , 

" മരിച്ചിട്ടും ഗതി കിട്ടാതെ നടക്കുന്ന ആത്മാക്കളുടെ താവളമാ അത് . പണ്ട് വലിയൊരു മാന്ത്രികന്‍ ജീവിച്ചിരുന്നു ആ കാവിനടുത്തുള്ള മനയില്‍ . ആ മാന്ത്രികന്‍ പ്രേതാത്മാക്കളെ  ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്നത് ആ കാവിലാ . രാത്രി കാലങ്ങളില്‍ ആ കാവില്‍ അവറ്റകള്‍ വിഹരിക്കും . ചിലപ്പോള്‍ അവിടന്ന് കരച്ചിലും അലര്‍ച്ചയും എല്ലാം കേള്‍ക്കാം ... രാത്രി ആ വഴിക്ക് പോവുന്ന ആളുകളെ യക്ഷികള്‍ കൊന്നു ചോര കുടിക്കും . ... പ്രത്യേകിച്ച് പെണ്‍കുട്ടികളെ .... "

ഒരുപാട് പേര്‍ മരിച്ചു കിടന്നിട്ടുള്ള കാവിന്റെ മുന്നിലാണ് താന്‍ നില്‍ക്കുന്നത് . അശ്വതിയുടെ സിരകളില്‍ നടുക്കത്തിന്റെ ദ്യുതി മിന്നി . 

" ഈശ്വരാ .. കാത്തോളണെ ... !! " അശ്വതി മനസ്സില്‍ പ്രാര്‍ഥിച്ചു . തലയില്‍ ഇട്ട തോര്‍ത്ത്‌ നനഞ്ഞു കുതിര്‍ന്നിരുന്നു . ഒരു കൈ കൊണ്ട് അവള്‍ തോര്‍ത്തെടുത്ത് പിഴിഞ്ഞു . ആ കൈ കൊണ്ട് തന്നെ വീണ്ടും തലയില്‍ വിതര്‍ത്തിയിട്ടു.പശുവിനെയും കൊണ്ട് വേഗത്തില്‍ നടന്നു. 

" ആ .............................. !!!!! "

പൊടുന്നനെ കാവില്‍ നിന്നും ഹൃദയം നടുക്കുന്ന ഒരു അലര്‍ച്ച ഉയര്‍ന്നു . 

നടുങ്ങി വിറച്ച അശ്വതി നിലവിളിച്ചു പോയി . നടുക്കവും തണുപ്പും കാരണം ഒരു ചെറിയ ശബ്ദമേ പുറത്തു വന്നുള്ളൂ . 

അശ്വതിയുടെ രോമകൂപങ്ങള്‍ ഷോക്കടിച്ച പോലെ എഴുന്നു നിന്നു . മുന്നോട്ടു കുതിക്കാന്‍ തുടങ്ങിയ അവളെ തല്‍ക്ഷണം രണ്ടു ബലിഷ്ഠ കരങ്ങള്‍ വരിഞ്ഞു മുറുക്കി . നൊടിയിടയില്‍ അശ്വതി കാവിനുള്ളിലേക്ക് വലിച്ചിഴക്കപ്പെട്ടു . 

ശ്വാസം കിട്ടാതെ ഉള്ള പിടച്ചില്‍ ശബ്ദം കാവിനെ നടുക്കി . വെട്ടേറ്റ മൃഗത്തിന്‍റെത് പോലെ ഉള്ള ഒരു ആക്രന്തനം മഴയിലേക്ക് തുളഞ്ഞിറങ്ങി . ഒരു നിമിഷം പ്രകൃതി നിശ്ചലമായത് പോലെ . കെട്ടഴിഞ്ഞ പശു പ്രാന ഭീതിയാലെന്നോണം വിരണ്ടോടി .

പിറ്റേ ദിവസം തണുത്തു വിറങ്ങലിച്ച അശ്വതിയുടെ മൃതദേഹം കാണാന്‍ വന്ന ആള്‍ക്കൂട്ടത്തില്‍ ആ ഗന്ധര്‍വ്വനും ഉണ്ടായിരുന്നു . ആര്‍ത്തി പൂണ്ട അയാളുടെ കണ്ണുകള്‍ അടുത്ത കന്യകയെ ആള്‍ക്കൂട്ടത്തില്‍ പരതി .

Wednesday, May 11, 2011

പാവകളിട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

"................... "

ശരി സര്‍ .. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാം സര്‍

പടക്

കോണ്‍സ്റ്റബിള്‍ .. വേഗം റെഡി ആകൂ . മണല്‍ മാഫിയ പിന്നെയും രംഗത്ത് . ഉടന്‍ പോയി പിടികൂടണം . ഐജി യുടെ ഓര്‍ഡര്‍ ..

യെസ് സര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍

ഊ ... ഊ .... ഊ ... ഊ .... ഊ ... ഊ ....

ഓടിക്കോ ... പോലീസ്‌ ...

അറസ്റ്റ് ദെം ..

ലോക്കപ്പിലിട്ടു പൂട്ടിയെക്കൂ .. ആര് പറഞ്ഞാലും തുറന്നു വിടണ്ട .

ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

"............... "

സര്‍ അത് .....

"............... "

ശരി സര്‍ ...

തുറന്നു വിട്ടെക്കടോ അവന്മാരെ .. ഐജി യാ വിളിച്ചത് ..

ഇനീം കാണാം സാറേ ..

ട്ര്ര്‍നീം ട്ര്ര്‍നീം

ഹലോ .. എസ് ഐ വേലപ്പന്‍ സ്പീക്കിംഗ് ..

".............."

സര്‍ ....

".............."

സോറി സര്‍

".............."

പിടിക്കാന്‍ പറയുന്നതും വിടാന്‍ പറയുന്നതും സര്‍ തന്നെ . പിടിച്ച ഉടനെ വിടാനാണെങ്കില്‍ പിന്നെ എന്തിനാ സര്‍ വെറുതെ മെനക്കെടുന്നത് ?

".............."

സര്‍ ..

പടക്

കോണ്‍സ്റ്റബിള്‍ ... റെഡി ?

റെഡി സര്‍ ...

ഊ ... ഊ .... ഊ ... ഊ .... ഊ ... ഊ ....

പരലോക ചിന്തകള്‍
നീ മരിച്ചാല്‍ നിനക്ക് സ്വര്‍ഗത്തില്‍ പോണോ അതോ നരകത്തില്‍ പോണോ ?

സ്വര്‍ഗം എന്താ? നരകം എന്താ? 

സ്വര്‍ഗം എന്നാല്‍ .. നിനക്കൊരിക്കലും സങ്കടപ്പെടേണ്ടി വരില്ല . എന്നും ഇപ്പോഴും സന്തോഷം സുഖം .

നരകം എന്നാല്‍ .. ദു:ഖം ദുരിതം , രോഗം .. എണ്ണയില്‍ ഇട്ടു പൊരിക്കും . തീയിലിട്ടു ചുടും . വിഷപ്പാമ്പുകളെക്കൊണ്ട് കടിപ്പിക്കും .... എന്നും വേദന മാത്രം ...

എനിക്ക് സ്വര്‍ഗത്തില്‍ പോയാല്‍ മതി ..

എങ്കില്‍ നല്ല കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കൂ ..

അങ്ങനെ ഒരുനാള്‍ ഞാന്‍ മരിച്ചു ... പരലോകത്തെത്തി. 

അത്ഭുതപ്പെട്ടുപോയി . വെള്ള മേഘങ്ങള്‍ നിറഞ്ഞ ഒരു സ്ഥലം . അവിടവിടെ ചില രൂപങ്ങള്‍ . 

പുതിയ ആള്‍ വന്നല്ലോ ... ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ ..........

നിങ്ങളൊക്കെ ? 

നിനക്ക് മുന്നേ മരിച്ചു വന്നവരാ ...

അപ്പൊ നിങ്ങള്‍ സ്വര്‍ഗത്തിലും നരകത്തിലും പോയില്ലേ ?

അത് നീ ദൈവത്തിനോട് ചോദിക്ക് ..

അതിനു ദൈവം എവിടെ ?

അയാള്‍ ഒരു ദിക്കിലേക്ക് ചൂണ്ടി . അവിടെ ഒരു മഞ്ഞു മറ പോലെ എന്തോ .....

അവിടേക്ക് നടന്നു .. 

ദൈവമേ .....

എന്താണ് ? ചോദിച്ചോളൂ .. സ്നേഹമസൃണമായ സ്വരം ...

അങ്ങാണോ ദൈവം ?

അതെ .. ഞാന്‍ തന്നെ ..

അങ്ങയെ കാണാന്‍ കഴിയില്ലേ ?

ഇല്ല .. എനിക്ക് രൂപമില്ല ... നിറമില്ല .. ഗന്ധമില്ല .. എന്തെന്നാല്‍ ഞാന്‍ നിങ്ങളില്‍ ഓരോരുത്തരുടെയും ജീവവായു ആണ് ..

പക്ഷെ ഭൂമിയില്‍ മനുഷ്യര്‍ ദൈവത്തിനെ പല പേരിലും രൂപത്തിലും ആരാധിക്കുന്നല്ലോ ...

നോക്കൂ .. ഞാന്‍ മനുഷ്യരെ സൃഷ്ടിച്ചതോടൊപ്പം ചെകുത്താനെയും സൃഷ്ടിച്ചു . ദൈവത്തിന്റെ പേരില്‍ അടി കൂടുന്നവര്‍ ചെകുത്താന്റെ സന്തതികള്‍ . ദൈവത്തിന്റെ പേരിലോ അല്ലാതെയോ പരസ്പരം സ്നേഹിക്കുന്നവര്‍ മനുഷ്യര്‍ ..

ആട്ടെ .. ഈ സ്വര്‍ഗ്ഗവും നരകവും എവിടെയാണ് ? 

നിന്റെ ഇടതു ഭാഗത്തേക്ക് നോക്കൂ .. അതാണ്‌ നരകം .. നിന്റെ വലതു ഭാഗത്തേക്ക് നോക്കൂ .. അതാണ്‌ സ്വര്‍ഗം ..

ഇടം വലം നോക്കി ... ശൂന്യം !!!!

ഒന്നും ഇല്ലല്ലോ ഇവിടെ !!!

അതെ .. ഒന്നും ഇല്ല . എന്തെന്നാല്‍ സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ തന്നെ ....

അപ്പോള്‍ ജീവിതകാലം മുഴുവന്‍ സങ്കടങ്ങള്‍ അനുഭവിക്കുന്നവന്‍ ? ജീവിതകാലം മുഴുവന്‍ സുഖസൌഭാഗ്യങ്ങള്‍ അനുഭവിക്കുന്നവന്‍ ? ദൈവവും പക്ഷഭേദം കാണിച്ചു തുടങ്ങിയോ ? 

നിനക്ക് തെറ്റി . ഒരാള്‍ ദു:ഖം അനുഭവിക്കുന്നു എങ്കില്‍ അതിലിരട്ടി സന്തോഷവും അയാള്‍ അനുഭവിക്കുന്നുണ്ട് . ഒരു നേരത്തെ ഭക്ഷണത്തിന് കൊതിക്കുന്നവന് ഭക്ഷണം കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം .. അതീ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമാണ് . 

സുഖം അനുഭവിക്കുന്നവന്‍ അതിനേക്കാള്‍ വലിയ ദു:ഖം അനുഭവിക്കുന്നുണ്ട് . അപമാന ഭയത്താല്‍ പുറത്തു പറയുന്നില്ലെന്ന് മാത്രം .. 

എങ്കിലും ........

എങ്കിലും എന്നതിന് പ്രസക്തി ഇല്ല . എങ്കിലും എന്നത് മനസ്സിന്റെ തോന്നലാണ് . ചിന്തകള്‍ക്ക് കടിഞ്ഞാണിടൂ ... എന്നിട്ട് വിശ്രമിക്കൂ .... സ്വസ്ഥമായി .. ഇത്രയും കാലം നീ ഉറങ്ങാതിരുന്നതിനു പ്രതിഫലമായി നീ ഉറങ്ങുക ... എന്നെന്നേക്കുമായി ....

കാഴ്ച മങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ തേടി ...

എവിടെ സ്വര്‍ഗം ? എവിടെ നരകം ? ....

Thursday, May 5, 2011

നമ്മുടെ നാട് .... അല്പം കൂടി കഴിഞ്ഞാല്‍ ....കാളേ ... നടകാളേ  ..... 

ചന്തയിലേക്കുള്ള പോക്കാണ് . ഇന്നൊരു അത്ഭുത വസ്തു വരുന്നുണ്ട് . 

സകല ആളുകളുടെയും പോക്ക് ചന്തയിലേക്ക് തന്നെ . വേഗം എത്തണം . ഇല്ലെങ്കില്‍ മുന്‍വശത്ത് നില്‍ക്കാന്‍ പറ്റില്ല . 

ആദ്യം കാണണം ആ കാഴ്ച . കണ്‍കുളിര്‍ക്കെ ... രണ്ടു തലമുറകളായി ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വസ്തു ഇന്ന് കാണണം ...

ആഹ്ലാദത്തോടെ വീണ്ടും 

" കാളേ ... നടകാളേ  ..... "

ചന്ത മുക്ക് ജനസമുദ്രം ... സൂചി കുത്താന്‍ ഇടമില്ല . കാള സ്റ്റാന്‍ഡില്‍ കാളകളെ കെട്ടി ഇട്ടു . പാര്‍ക്കിംഗ് സ്ലിപ് വാങ്ങി പോക്കറ്റില്‍ ഇട്ടു . തുടര്‍ന്ന് ആള്‍ക്കൂട്ടത്തിലേക്ക് ..

" വരുന്നുണ്ടേ ................... വരുന്നുണ്ടേ .............. " ഏതോ ഒരു ഭാഗത്ത്‌ നിന്നും അലര്‍ച്ച ... 

ജനം ഏറ്റു പിടിച്ചു .

" വരുന്നുണ്ടേ .... വരുന്നുണ്ടേ ..... " 

അതാ വരുന്നു .... മന്ദം മന്ദം  ഒരു ... ഒരു ... 

ഒരു കാര്‍ ........................

ഹോണ്‍  അടിച്ചു പയ്യെ പയ്യെ വരികയാണത് .  ജനം പരിസരം മറന്നു നില്ക്കുന്നു .. ചിലര്‍ ഭക്തിപൂര്‍വ്വം തൊഴുന്നു .... 

ഉരുണ്ടുരുണ്ട് ആ കാര്‍ പതിയെ കണ്ണില്‍ നിന്ന് മറഞ്ഞു ...

ഇനിയെന്നു കാണും ഇതുപോലൊരു അത്ഭുത കാഴ്ച ? ....

ഇനി അടുത്ത അത്ഭുതം കാണും വരെ ചന്തയോട് വിട ...

നട കാളേ .... നട നട .....

അവലംബം : ഡീസലിന് മൂന്നും പെട്രോളിന് നാലും രൂപ കൂട്ടിയേക്കും [ വാര്‍ത്ത ]

ഈ പോക്ക് പോയാല്‍ കുറച്ചു കാലത്തിനു ശേഷം ഉള്ള നാട് .. ഒരു സങ്കല്പം