Wednesday, April 27, 2011

എന്റെ നിള
" പുഴ മരിക്കുന്നു .. !!! "
 വലിയ തലക്കെട്ടിനു താഴെ വിശാലമായ മണല്‍പ്പരപ്പിന്റെ ചിത്രം . അവിടവിടെയായി ചെറിയ നീരൊഴുക്ക് .. നിള . മലയാളത്തിന്റെ പുണ്യം .
അസഹനീയതയോടെ പത്രം വലിച്ചെറിഞ്ഞു . നേരില്‍ കാണണം മരിക്കുന്ന പുഴയെ ..
വിജനമായ മണലിലൂടെ നടന്നു . ഇരുള്‍ പരക്കാന്‍ തുടങ്ങിയിരിക്കുന്നു . മുഖത്ത് വീശിയടിക്കുന്ന വരണ്ട കാറ്റ് .
പെട്ടെന്നൊരു തേങ്ങല്‍ ശബ്ദം ഉയര്‍ന്നോ ? ... ഭീതിയാല്‍ ശരീരമാകെ ഒന്ന് നടുങ്ങിയുലഞ്ഞു . രോമകൂപങ്ങള്‍ തുടിച്ചുയര്‍ന്നു .
ചുറ്റും വിഹ്വലതയോടെ നോക്കവേ ....
ശാന്തമായി ഒഴുകുന്ന നീര്‍ച്ചാലില്‍ നിന്നും ഒരു സ്ത്രീ രൂപം മുങ്ങി നിവര്‍ന്നു . നീണ്ട മുടിയിഴകളില്‍ നിന്നും ജല കണങ്ങള്‍ ഇറ്റിറ്റു വീഴുന്നു . ആ രൂപം തന്റെ മുന്നിലെക്കാണോ വരുന്നത് ?
ആ സ്ത്രീ രൂപത്തെ നോക്കി . പരിപൂര്‍ണ നഗ്ന .
" ആരാണ് നീ ? " ശബ്ദം അല്പം വിറച്ചു .
" ഞാന്‍ നിള ... !!! " ക്ഷീണിതയായ അവളുടെ സ്വരം
"നിളയോ ? ... " നടുക്കം പൂര്‍ണ്ണം
" അതെ .. നിങ്ങള്‍ അറിയുന്ന അതെ നിളാ നദി തന്നെ ഞാന്‍ !"
" നിങ്ങള്‍ അല്ലെ മരിച്ചുകൊണ്ടിരിക്കുന്നു എന്ന് ജനങ്ങള്‍ പറയുന്നത് ? "
" മരിക്കുകയാണോ ? കൊല്ലുകയല്ലേ ? " ചാട്ടുളി പോലെ അവളുടെ ശബ്ദം .
" കൊല്ലുകയോ ? മനസിലായില്ല ... "
" മനസിലായില്ലേ ? ഞാന്‍ മരിക്കുകയല്ല . എന്നെ കൊല്ലുകയാണ് "
" ആട്ടെ . നിങ്ങളുടെ വസ്ത്രം എവിടെ ? എന്താണ് നിങ്ങള്‍ നഗ്നയായി നില്‍ക്കുന്നത് ? "
" എന്റെ വസ്ത്രങ്ങള്‍ മണലൂറ്റുകാര്‍ അഴിച്ചെടുത്തു . ഈ മണല്‍തരികളാണ് എന്റെ വസ്ത്രം . "
" നിങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല ? എന്തുകൊണ്ട് ഉറക്കെ കരഞ്ഞില്ല ? "
" തടയാനുള്ള എന്റെ കൈകള്‍ പണ്ടേ നിങ്ങളെല്ലാവരും വെട്ടിയെടുത്തില്ലേ ? എന്റെ കൈവഴികള്‍ മുഴുവന്‍ നിങ്ങള്‍ മണ്ണിട്ട്‌ നികത്തിയില്ലേ ? എന്റെ നാവിനെ ബന്ധിച്ചു എന്നെ നിശബ്ദയാക്കി എന്നെക്കുറിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചു നിങ്ങള്‍ നിങ്ങളുടെ കീശ വീര്‍പ്പിചില്ലേ ? "
അവളുടെ ശബ്ദത്തില്‍ നിസ്സഹായതയും രോഷവും മുഴച്ചു നിന്നു . വികാരാധിക്യത്താല്‍ കിതച്ചു കിതച്ചു അവളുടെ ശബ്ദം നേര്‍ത്ത് വന്നു .
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയിരിക്കുന്നു . ചുണ്ടില്‍ കണ്ണീരിന്റെ ഉപ്പുരസം .
" നിങ്ങള്‍ എന്തിനാണ് കരയുന്നത് ? "
" ഞാന്‍ നിളയെ സ്നേഹിക്കുന്നത് കൊണ്ട് "
" നിങ്ങള്‍ക്കതിനുള്ള അവകാശമില്ല . ഈ ബാക്കിയുള്ള ശരീരത്തെ കൂടി വെട്ടി മുറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍ക്ക് സ്നേഹിക്കാന്‍ എന്തവകാശം ? "
" ഇല്ല .. ഞാന്‍ മനസിലാക്കുന്നു .. എനിക്കതിനുള്ള അവകാശമില്ല .. അര്‍ഹതയില്ല ... !!! "
" എങ്കില്‍ പൊയ്ക്കോളൂ . എനിക്ക് വേണ്ടി കള്ളക്കണ്ണീര്‍ ഒഴുക്കരുത് . കപട സ്നേഹം എനിക്ക് വേണ്ട . പൊയ്ക്കോളൂ !!! "
നീര്‍ചാലിലേക്ക് തിരികെ ഇറങ്ങിപ്പോകുന്ന അവളെ കാണാന്‍ കണ്ണുകളില്‍ മൂടിയ കാപട്യത്തിന്റെ ആവരണം അനുവദിക്കുന്നില്ല.. അവളുടെ വാക്കുകള്‍ പ്രപഞ്ചം മുഴുവന്‍ അലയടിക്കുന്നു ..
" ഞാന്‍ മരിക്കുകയല്ല .. എന്നെ കൊല്ലുകയാണ് !!! "
തിരിഞ്ഞു നടക്കുമ്പോള്‍ ഒരു കാര്യം മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ..
ഇനിയെങ്കിലും കൊല്ലാക്കൊല ചെയ്യാതിരിക്കാം .. നമ്മുടെ നിളയെ .. നമ്മുടെ പൈതൃകത്തെ .. നമ്മുടെ സ്വന്തം .............. !!!

തുടക്കം ... ഒടുക്കം ....
" പിറവിക്ക് മുന്നേ ഒടുങ്ങാനാണ് നിന്റെ വിധി  "

അമ്മയുടെ വയറിനു മേലെ എന്റെ ദേഹത്ത് തല ചായ്ച്ചു കൊണ്ട് അച്ഛന്‍ മനസ്സില്‍ പറഞ്ഞ വാചകങ്ങള്‍ ഞാന്‍ വ്യക്തമായി തൊട്ടറിഞ്ഞു . 

" പെണ്‍കുഞ്ഞാണെങ്കില്‍ നമുക്കിത് വേണ്ട ....!!!"

അമ്മയുടെ നിര്‍വികാരമായ സ്വരം ഒരിക്കല്‍ കൂടി എന്നെ നടുക്കി 

ഡോക്റ്റര്‍മാരുടെ കത്തിയുടെയും കത്രികയുടെയും ശബ്ദ വിന്യാസം ഒരിക്കല്‍ കൂടി നടുങ്ങാനുള്ള പ്രേരണ മനസ്സിന് നല്‍കിയെങ്കിലും നടുങ്ങാനുള്ള ബാല്യം ഉദരത്തിനുള്ളില്‍ പോലും എനിക്കില്ലായിരുന്നു.

ചിതറിയ മാംസത്തുണ്ടുകളായി കിടക്കുമ്പോള്‍ എനിക്കരികിലൂടെ പാഞ്ഞു പോയ ഒരു മാരുതി വാന്‍ വീണ്ടും എന്റെ ചിന്തകളെ അലോസരപ്പെടുത്തിയോ?

ആ വാനിനുള്ളില്‍ നിന്നും ഉയര്‍ന്നു കേട്ട ഒരു പെണ്‍കുട്ടിയുടെ ആര്‍ത്ത നാദം അപ്പുറത്ത് എവിടെയോ കിടന്ന എന്റെ കര്‍ണങ്ങളില്‍ പതിക്കവേ പുഴുവരിച്ചു കിടന്ന ഹൃദയം ദീര്‍ഘമായി ഒന്ന്  നിശ്വസിച്ചു .

" അമ്മേ ... നിങ്ങളുടെ തീരുമാനമാണ് ശരി . പിറവിയെടുക്കുന്നതിലും നല്ലതാണ് പിറവിക്ക് മുന്നേ ഒടുങ്ങുന്നത് ...... !!!"

ഹവിസ്സ്
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണല്‍പ്പരപ്പിലേക്ക് നിരഞ്ജന്‍ പകച്ചു നോക്കി. തന്റെ മനസ് പോലെ വരണ്ടുണങ്ങി കിടക്കുന്ന നിളാ നദി. ഹൃദയത്തില്‍ നിന്നൂറി വരുന്ന ചോരച്ചാലുകള്‍ പോലെ അവിടവിടെ മാത്രം വിളറി വെളുത്ത് ജീവിതത്തിന്‍റെ വക്ര തലങ്ങള്‍ പോലെ ഒഴുകുന്ന നീര്‍ച്ചാലുകള്‍ .

എവിടെ? .. എവിടെപ്പോയി അവള്‍ ?.. എന്റെ ഹൃദയത്തിന്റെ തന്ത്രികള്‍ സപ്ത സ്വരങ്ങളും ചേര്‍ത്തു മീട്ടി എന്റെ ജന്മം കുളിര്‍പ്പിച്ചവള്‍ . ഒരു നിസ്വനമായ് വന്നെന്റെ സിരകളില്‍ അനുരാഗത്തിന്റെ പൊന്‍ കിരണം വിരിയിച്ചവള്‍ . അനാഥത്വം ഇരുള്‍ പടര്‍ത്തിയ വഴിത്താരയില്‍ വച്ച് ഒരു സ്വപ്നാടകയെപ്പോലെ വന്നെത്തിയ യാമിനി. പുലരിയുടെ തീനാമ്പുകള്‍ തൊട്ടുണര്‍ത്തിയ മനസിന്റെ ആത്മ ബലിയായി വിടപറയാതെ മരണത്തിന്റെകാണാക്കയത്തിലേക്ക് എടുത്തു ചാടിയവള്‍ . വൈദ്യശാസ്ത്രത്തിനു പോലും പകച്ചു നില്‍ക്കേണ്ടി വന്ന അഭിശപ്ത നിമിഷങ്ങള്‍ . യൌവനത്തിന്റെ തീഷ്ണതയില്‍ നിന്നും മരണത്തിന്റെ നീരാളിപ്പിടുത്തത്തിലേക്ക് പതിച്ചവള്‍ ... യാമിനി....

 കയ്യിലെ ചിതാ ഭസ്മ കുംഭത്തിലേക്ക്‌ നോക്കിയ നിരന്ജന് യാമിനി തന്നെ സാകൂതം ഇമ ചിമ്മാതെ നോക്കുന്നത് പോലെ തോന്നി. തന്നെ ഈ നവാമുകുന്ദന്റെ തിരു സന്നിധിയില്‍ എന്നെന്നേക്കുമായി കുടിയിരുത്തുകയാണോ?... ആ മനസ്സില്‍ നിന്ന് പോലും എന്നെ കുടിയിറക്കുകയാണോ?... അവളുടെ കണ്ണില്‍ നിന്നും ബ്രഹ്മാസ്ത്രം കണക്കെ തന്റെ മുന്നിലേക്ക്‌ മൂകമായി ചോദ്യ ശരങ്ങള്‍ പതിക്കുകയാണെന്നു നിരന്ജന് തോന്നി. 

വയ്യ... കണ്ണില്‍ ഊറിക്കൂടിയ കണ്ണീരിന്റെ പാട.. മുന്നിലെ കാഴ്ചകള്‍ മറയ്ക്കുന്നുവോ? മുടിയഴിച്ചാടുന്ന യക്ഷികളെപ്പോലെ മണല്‍പ്പരപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുല്‍ക്കൊടികള്‍ കാറ്റിന്റെ കൈ പിടിച്ചു തുള്ളി വിറയ്ക്കുന്നു.. ആ മണ്‍ കുടം നെഞ്ചില്‍ ചേര്‍ത്തു വച്ച് നിരഞ്ജന്‍ ആ വിശാലമായ മണല്‍പ്പരപ്പില്‍ നീണ്ടു നിവര്‍ന്നു കിടന്നു. അക്കരെ ക്ഷേത്രത്തില്‍ നിന്നുള്ള ദീപ ശകലങ്ങള്‍ നോക്കി അവന്‍ പതിയെ കണ്ണുകളടച്ചു ... കാതുകളില്‍ കൊലുസിന്റെ മന്ത്രണം ... ഹൃദയത്തില്‍ രഥോത്സവത്തിന്റെ ആരവം ...

മനസ്സില്‍ ശാന്തി മന്ത്രം അലയടിച്ചുയരുന്നു... മണ്‍ ചെരാതുകളില്‍ തെളിയുന്ന ദീപ പ്രഭയില്‍ അഗ്രഹാരങ്ങളുടെ നവ്യ ദര്‍ശനം . ഇടയ്ക്കയുടെ നാദ മാധുരിയില്‍ ദീപാരാധന തൊഴുതു നില്‍ക്കുന്ന ഭക്ത ജനാവലി... അര്‍ദ്ധ നിമീലിത നേത്രനായി പ്രാര്‍ഥിച്ചു തിരിയുമ്പോള്‍ ജീവ ധമനിയിലേക്ക് ഒരു കൊള്ളിയാന്‍ മിന്നിയ പോലെ... തന്നെ അല്പം ഒരു അമ്പരപ്പോടെ നോക്കി നില്‍ക്കുന്ന രണ്ടു നയനങ്ങള്‍ .. അവയില്‍ നിന്നുള്ള ജ്വാല വജ്ര സൂചികള്‍ പോലെ ഹൃദയത്തിലേക്ക് പാഞ്ഞു കയറിയോ?... എവിടെയോ കണ്ടു മറന്ന മുഖം ... നുണകുഴികള്‍ ചെന്താമര വിരിയിക്കുന്ന അരുണ കപോലങ്ങള്‍ ...തിരിഞ്ഞു നടക്കാനാഞ്ഞ പാദങ്ങള്‍ ആരോ പിടിച്ചു നിര്‍ത്തുന്ന പോലെ.. അവളുടെ കണ്ണുകള്‍ തന്റെ ജീവനിലേക്കിറങ്ങി വന്നു പിടിച്ചു നിര്‍ത്തുകയാണോ?.. ആ കണ്ണുകളിലേക്കു നോക്കി നില്‍ക്കുമ്പോള്‍ ആരാധ്യ മൂര്‍ത്തിയുടെ മുന്നില്‍ ആത്മാവ് തന്നെ സമര്‍പ്പിച്ചു ധ്യാനിച്ച്‌ നില്‍ക്കുന്ന പ്രതീതി....

അവള്‍ ആരെന്നറിയണം ... എവിടെ വച്ചാണ് കണ്ടതെന്നറിയണം ... എല്ലാം അറിയണം ... ക്ഷേത്രത്തിനു പുറത്തു കാത്തു നിന്നു. ഒരു ദേവാംഗനയേപ്പോലെ അവള്‍ ഇറങ്ങി വരുന്നു.. ദാവണി ചുറ്റി ഒരു തുളസിക്കതിരിന്റെ നൈര്‍മല്യത്തോടെ അവള്‍ ... ഏതോ മാന്ത്രികന്റെ മായാജാലം കൊണ്ടെന്നപോലെ അവള്‍ തന്റെ അടുത്തേക്ക് വരുന്നത് ഒട്ടൊരു ഭയത്തോടെയാണ് നോക്കി നിന്നത്. ഏതോ മുജ്ജന്മ ബന്ധം ... ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പം .. 

ആകാശ താഴ്വരയില്‍ ദേവ കന്യയുടെ സ്നേഹ പ്രവാഹത്തില്‍ അലിഞ്ഞു ചേര്‍ന്ന ദിനങ്ങള്‍ .. മനസ്സില്‍ പാലക്കാടന്‍ കാറ്റിന്റെ വന്യത.. കാറ്റില്‍ അലിഞ്ഞു ചേരുന്ന കരിമ്പനകള്ളിന്റെ വീര്യം ... യാമിനി.. കല്പാത്തി ആഗ്രഹാരത്തിന്റെ സുകൃതം.. മുജ്ജന്മങ്ങളില്‍ താന്‍ ചെയ്ത പുണ്യം .. ഒരു പുണ്യാഹമായി തന്റെ നെറുകയില്‍ പതിച്ച സ്നേഹ ഗംഗ. പ്രണയത്തിന്റെനാള്‍വഴികളില്‍ നാദ ബ്രഹ്മമായി അലയടിച്ച എന്റെ പ്രിയ യാമിനി. ദൈവത്തിനു പോലും അസൂയ തോന്നിയിട്ടുണ്ടാവാം തങ്ങളുടെ സ്നേഹം കണ്ട്. 

ആശുപത്രി കിടക്കയില്‍ ഓപ്പറേഷന്‍ ചെയ്തു കിടത്തിയിരിക്കുന്ന യാമിനിയെ ഒരൊറ്റ നോക്കെ കണ്ടുള്ളൂ... ഒരു അസ്ഥി പഞ്ജരമായി കിടക്കുന്ന... ദിവസങ്ങള്‍ മാത്രം ഇനി ജീവിതത്തില്‍ ബാക്കിയുള്ള എന്റെ പ്രിയ സഖി.. ഹൃദയം പൊടിഞ്ഞ് കണ്ണീര്‍ ലാവ പോലെ കവിളിനെ ചുട്ടു പൊള്ളിച്ചു കുതിച്ചൊഴുകുമ്പോള്‍  ആ കണ്ണീരിനിടയിലൂടെ അവളുടെ വിളറിയ കണ്ണുകള്‍ കണ്ടു.. ശുഷ്കിച്ച വിരലുകള്‍ കൊണ്ട് തന്റെ കൈത്തലം അവള്‍ തന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ഒരിക്കലും എന്നെ വിട്ടു പോകരുതേ എന്നുള്ള അവളുടെ മനസിന്റെ അലമുറ ആ ശ്വാസ ഗതിയില്‍ തന്റെ വിരലുകള്‍ തൊട്ടറിഞ്ഞ നിമിഷം . അവളുടെ സ്നേഹം കണ്ണീരായി ഒഴുകിയിറങ്ങി.. വിങ്ങി വിതുമ്പുന്ന ചുണ്ടുകള്‍ കടിച്ചു പിടിച്ചു അവള്‍ തന്റെ കണ്ണിലേക്കു തന്നെ നോക്കി. പൊട്ടി വന്ന കരച്ചില്‍ പണിപ്പെട്ടു അടക്കി.... അനന്തതയിലേക്കുള്ള പ്രയാണം അവള്‍ ആരംഭിച്ചു കഴിഞ്ഞുവോ?...

നിരന്ജനില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു. താന്‍ കരയുകയായിരുന്നോ?... മണലില്‍ നിന്നു എണീറ്റു .. ക്ഷേത്രത്തില്‍ നിന്നും സുപ്രഭാത ധ്വനി മുഴങ്ങി.. പതിയെ അവന്‍ അക്കരേയ്ക്ക് നടന്നു. തര്‍പ്പണം ചെയ്യാനുള്ള രശീതി എടുത്തതിനാല്‍ അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. വിരലില്‍ ദര്‍ഭ അണിഞ്ഞ് തര്‍പ്പണം ചെയ്യുമ്പോള്‍ തലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന ജല കണങ്ങളില്‍ കണ്ണീര്‍ ഒളിപ്പിക്കാന്‍ ഒരു വിഫല ശ്രമം നടത്തി. എള്ളും അരിയും പൂവും ബലി പിണ്ഡത്തിലേക്ക് സമര്‍പ്പിക്കുമ്പോള്‍ ഹൃദയം പ്രകമ്പനം കൊള്ളുന്നു. കണ്ണുകള്‍ ചുട്ടു പഴുക്കുന്നു.. 

"ആ ചിതാ ഭസ്മം നിളയിലേക്ക് സമര്‍പ്പിച്ചോളൂ.. എന്നിട്ട് മൂന്നുരു മുങ്ങി വന്നോളൂ. പിന്നെ അധികം താഴേക്ക്‌ ഇറങ്ങണ്ട. അടിയൊഴുക്കുള്ള സ്ഥലാ...സൂക്ഷിച്ചോളൂ " തിരുമേനിയുടെ മുന്നറിയിപ്പ് ..

തന്റെ ജീവനെ താന്‍ നിളയ്ക്ക് സമര്‍പ്പിക്കുകയാണ്. നീയില്ലെങ്കില്‍ ഞാനില്ലെന്നു പഞ്ച ഭൂതങ്ങളെ സാക്ഷിയാക്കി മന്ത്രിച്ചത് നിരഞ്ജന്‍ ഒട്ടൊരു വ്യഥയോടെ ഓര്‍ത്തു. പിന്നെ പതിയെ ആ മണ്‍ കുടത്തില്‍ ഉറങ്ങിക്കിടക്കുന്ന യാമിനിയെ കലങ്ങി മറിഞ്ഞു കിടക്കുന്ന ജലത്തിലേക്ക് ചൊരിഞ്ഞു... പുഞ്ചിരിയോടെ ആ കുടവും അവന്‍ നിളയ്ക്ക് നല്‍കി. ഒരു പ്രാവശ്യം മുങ്ങി നിവര്‍ന്നു. രണ്ടാമതും മുങ്ങി... വെള്ളത്തിനടിയില്‍ ഒരു അപ്സരസ്സിനെപ്പോലെ തന്നെ നോക്കി നില്‍ക്കുന്ന യാമിനി... നിവര്‍ന്നു തിരിഞ്ഞു നോക്കി... തര്‍പ്പണം ചെയ്യാന്‍ വന്ന ഒരാളോട് സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന തിരുമേനി.. പ്രഭാപൂരിതനായി അനുഗ്രഹ വര്‍ഷം ചൊരിഞ്ഞു നില്‍ക്കുന്ന നാവാമുകുന്ദന്‍  ... മൂന്നാം പ്രാവശ്യവും നിരഞ്ജന്‍ നിളയുടെ മടിത്തട്ടില്‍ തന്റെ മുഖം ഒളിപ്പിച്ചു. ഓളപ്പരപ്പില്‍ നിരവധി കുമിളകള്‍ വന്നു പൊട്ടി. ആഴങ്ങളിലേക്ക് ഒരു ചുഴി പടര്‍ന്നിറങ്ങി... നിള പിന്നെയും ശാന്തമായൊഴുകി.. എല്ലാത്തിനും സാക്ഷിയായി ആ വിശാലമായ മണല്‍പ്പരപ്പ്‌ മാത്രം മൂകയായി നിലകൊണ്ടു. ആലിലകളില്‍ നിന്നും ഒരു ചെറു തെന്നല്‍ ക്ഷേത്രത്തിന്റെ കവാടം കടന്നു ദേവന്റെ പാദങ്ങളില്‍ വിശ്രമിച്ചു.

ഗ്രഹനില
ജാതകത്തില്‍ ശനിയുടെ അപഹാരം ..

ജ്യോല്‍സ്യന്‍ അട്ടഹസിച്ചു . 

പ്രതിവിധി ? 

ബലിയാട് കേണു .

അപഹാരം മാറ്റണം . പണപ്പെട്ടി വലിയതൊരെണ്ണം . 

ഗ്രഹത്തിന്റെ മുതലാളിയുടെ കല്പന ...

പെട്ടിയിലടച്ച ഗ്രഹങ്ങളുടെ കണ്ണീരു വീണു കവടി നനഞ്ഞു . 

ഗ്രഹങ്ങള്‍ പ്രസാദിച്ച സന്തോഷത്തില്‍ വില്ലനായ ശനിയെ പ്രാകിക്കൊണ്ട് അപഹാരമേറ്റവന്‍ തിരിഞ്ഞു നടന്നു .

ഇതൊന്നുമറിയാതെ കറങ്ങുന്ന കോമേഡിയനായ ശനിയെയും കവടിയിലിരിക്കുന്ന വില്ലനായ ശനിയെയും കണ്ടു സൂര്യനും ചന്ദ്രനും ഊറിച്ചിരിച്ചു .