Sunday, June 19, 2011

മുടിയാട്ടം

ചെണ്ടയുടെ രൌദ്രതാളം കേട്ടാണ് കണ്ണ് തുറന്നത് . തലയ്ക്കു വല്ലാത്ത ഭാരം . രാത്രി കിടക്കാന്‍ ഒരുപാട് വൈകി . നോട്ട്സ് ഇനിയും എഴുതി തീര്‍ന്നിട്ടില്ല . രണ്ടു ദിവസം പനിച്ചു കിടന്നതിന്റെ ശിക്ഷ . എഴുതിയില്ലെങ്കില്‍ പിന്നെ ക്ലാസ്സില്‍ പോകാതിരിക്കുന്നതാണ് നല്ലത് . ഒന്നും ഒട്ടു മനസ്സിലാവേം ഇല്ല . ചുമ്മാ സാറിന്റെ മുഖത്ത് നോക്കി ഇരിക്കാം . അത്ര തന്നെ .

കീര്‍ത്തന പുതപ്പ് മാറ്റി എണീറ്റു . കണ്ണ് തിരുമ്മി മൂരി നിവര്‍ത്തു . ചെണ്ട മേളം നിലച്ചിട്ടില്ല .

" എന്താമ്മേ ആ ചെണ്ടകൊട്ട് കേള്‍ക്കുന്നത് ? " കീര്‍ത്തന വിളിച്ചു ചോദിച്ചു .

പാത്രങ്ങളുടെ കലപില ശബ്ദത്തോടൊപ്പം അമ്മയുടെ മറുപടിയെത്തി . " ഇന്ന് നമ്മടെ മുണ്ടിയമ്മേടെ ശ്രാദ്ധമാണത്രേ. നിനക്കോര്‍മ്മയില്ലേ മുണ്ടിയമ്മയെ ? കൊടുതിത്തറയില്‍ ഇന്ന് പ്രത്യേക പൂജേം വഴിപാടും ഒക്കെ ഉണ്ട് .. "

" ഈശ്വരാ ... എത്ര പെട്ടെന്നാ ഒരു വര്‍ഷം കഴിഞ്ഞേ ... !!! . എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു "

ബ്രഷിലേക്ക് പേസ്റ്റ്‌ പകര്‍ന്ന് ബാത്രൂമിലേക്ക് കയറി . പല്ല് തേക്കുമ്പോള്‍ മനസ്സ് പിന്നിലേക്ക്‌ പാഞ്ഞു . കരിങ്കുട്ടിത്തറയുടെ ചുറ്റും ചെണ്ടയുടെ മേളത്തിനൊപ്പിച്ച് മുടിയഴിച്ചാടുന്ന സ്ത്രീകള്‍ക്കിടയില്‍ അവര്‍

മുണ്ടിയമ്മ .

തലയെല്ലാം പഞ്ഞിക്കെട്ടു പോലെ നരച്ച അവരെ ഏതു ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാം . പ്രായം തളര്‍ത്തിയ ശരീരവും കാലം തളര്‍ത്താത്ത മനസ്സും ഉള്ള സ്ത്രീ . വടി കുത്തിയാണ് നടക്കുന്നതെങ്കിലും കാഴ്ച പാതിയിലധികം വാര്‍ധക്യം കവര്‍ന്നെടുത്തെങ്കിലും ചെണ്ടപ്പുറത്ത് കോല് വീഴുന്ന ശബ്ദം എവിടെയെങ്കിലും കേട്ടാല്‍ പിന്നെ അവിടെ ഉണ്ടാവും അവര്‍ . നാട്ടുകാര്‍ക്ക് മനസ്സില്‍ പതിഞ്ഞ ഒരു ആചാരം പോലെ മുണ്ടിയമ്മയില്ലാത്ത ഉത്സവം ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും വയ്യ .

മുത്തപ്പന് കൊടുക്കുന്ന ചടങ്ങിന് മുന്‍പന്തിയില്‍ ഉണ്ടാവും അവര്‍ . മുത്തപ്പന് ഏറെ പ്രിയങ്കരമാണത്രേ കള്ള് . വീടുകളിലും മുത്തപ്പന്‍ തറയിലും മറ്റും വലിയ ആഘോഷത്തോടെ നടത്തുന്ന ചടങ്ങാണ് മുത്തപ്പന്‍ കൊടുതി . മുത്തപ്പന്‍ തറയില്‍ വച്ച് അറുത്ത കരിങ്കോഴിയും കടലയും തേങ്ങാക്കൊത്തും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവവും കള്ളും ആണ് മുത്തപ്പന് നേദിക്കുന്നത് . നേദിച്ച പ്രസാദം എല്ലാര്‍ക്കും പങ്കിട്ടു കൊടുക്കും . ആണുങ്ങള്‍ കള്ളും റാക്കും ( വാറ്റുചാരായം ) കുടിക്കും . മുണ്ടിയമ്മ കള്ളുകുടിക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് . ആണുങ്ങള്‍ കുടിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഒരു സ്ത്രീ കള്ളുകുടിക്കുന്നത് കണ്ടപ്പോള്‍ ആദ്യമൊക്കെ ഒരു വല്ലായ്മ തോന്നിയിരുന്നു . അമ്മയോട് അത്ഭുതത്തോടെയാണ് ആ രഹസ്യം പറഞ്ഞത് . അമ്മ ചിരിച്ചു അപ്പോള്‍ .

" മുണ്ടിയമ്മ ദേവീ ചൈതന്യം ഉള്ള സ്ത്രീയാ . അതാ കാവിലൊക്കെ വെളിച്ചപ്പാട് സമയത്ത് അവര്‍ മുടിയഴിച്ചാടുന്നെ !!! "

അല്‍പ്പം ഭീതിയോടെയും അതിലേറെ ആരാധനയോടെയുമേ താന്‍ പിന്നെ മുണ്ടിയമ്മയെ കണ്ടിട്ടുള്ളൂ . ഇടക്കൊക്കെ അവര്‍ വീട്ടില്‍ വരും . വരുമ്പോള്‍ തന്നെ അടുത്ത് വിളിച്ചിരുത്തി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കും . " കീത്തനൂട്ടീ ... " നീട്ടി വിളിച്ച് തലയില്‍ തലോടും . മടിക്കുത്തില്‍ നിന്നും തെങ്ങാപ്പൂള്കള്‍ എടുത്ത് തനിക്ക് നീട്ടും .

ആദ്യമൊക്കെ അവരുടെ അടുത്ത് പോവാന്‍ പേടിയായിരുന്നു . അവരെ കാണുമ്പോള്‍ കള്ള് കുടിക്കുന്നതും , തറയിലും കാവിലും മുടിയഴിച്ച് ആടുന്നതും മനസ്സിലേക്ക് ഓടിയെത്തും . പക്ഷെ ആ ഭയമെല്ലാം അവരുടെ കുഞ്ഞിനെപ്പോലെ ഉള്ള നിഷ്കളങ്കമായ ചിരിയില്‍ അലിഞ്ഞു തീര്‍ന്നു .

ഒരു ദിവസം കൊടുതിത്തറയില്‍ തല പൊട്ടി മരിച്ചു കിടക്കുന്ന മുണ്ടിയമ്മയെയാണ് നാട്ടുകാര്‍ കണ്ടത് . കള്ളുകുടിച്ച് വീണു മരിച്ചതാണെന്നും ഗുരുതിത്തറയില്‍ തല തല്ലി മരിച്ചതാണെന്നും അതല്ല ദേവി തിരികെ വിളിച്ചതാണെന്നും നാട്ടുകാര്‍ക്കിടയില്‍ കഥകള്‍ പ്രചരിച്ചു .

രാത്രി കാലങ്ങളില്‍ കൊടുതിത്തറക്കടുത്ത് കൂടി പോവുന്നവരില്‍ പലരും മുണ്ടിയമ്മയെ കണ്ടിട്ടുണ്ടത്രേ . തറയ്ക്ക് മുന്നില്‍ ഇരുന്നു വിമ്മിക്കരയുന്ന മുണ്ടിയമ്മയെ . പലരും പനിച്ചു വിറച്ചു കിടന്നു . മന്ത്രവാദികള്‍ വന്നു ഹോമവും പൂജയുമെല്ലാം നടത്തി . പക്ഷെ രാത്രികാലങ്ങളില്‍ മുണ്ടിയമ്മയെ കാണുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു .

അവസാനം ഏതോ മന്ത്രവാദി പറഞ്ഞതനുസരിച്ച് മുണ്ടിയമ്മക്ക് ശ്രാദ്ധം ചെയ്യണം . അവര്‍ മരിച്ചു കിടന്ന തറയില്‍ പൂജയും വഴിപാടും നടത്തണം !!!

ചെണ്ടമേളം നിലച്ചിട്ടില്ല . കീര്‍ത്തന കുളിച്ച് തുവര്‍ത്തി .ഡ്രസ്സ്‌ മാറി അടുക്കളയിലേക്കു നടന്നു . പ്രാതലിനുള്ള വിഭവങ്ങള്‍ എല്ലാം അമ്മ ഒരുക്കി വച്ചിട്ടുണ്ട് .

" അച്ഛന്‍ എന്ത്യേ അമ്മേ ? ... " ആവി പറക്കുന്ന ദോശയില്‍ നിന്നും ഒരു കഷ്ണം എടുത്ത് ചവച്ചുകൊണ്ട് കീര്‍ത്തന അമ്മയോട് ചോദിച്ചു .

അച്ഛന്‍ അവിടേക്ക് പോയതാ ... " അമ്മ കുരുതിത്തറയുടെ ഭാഗത്തേക്ക് മുഖം തിരിച്ചു . " അല്ല നീ എന്തെ ഇത്രേം വൈകിയേ ? "

കീര്‍ത്തന അത് ശ്രദ്ധിക്കാതെ ഫ്ലാസ്കില്‍ നിന്നും അല്പം ചായ ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാന്‍ തുടങ്ങി .

" നീ പോയി ഒന്ന് തൊഴുതിട്ട് വാ കീര്‍ത്തനേ ... !!! "

" ഓ എനിക്കെങ്ങും വയ്യ . ഒരുപാട് എഴുതാനുണ്ടമ്മേ ... " കീര്‍ത്തന അമ്മയെ ചുറ്റിപ്പിടിച്ച് കൊഞ്ചി .

" അങ്ങനെ പറയാതെ മോളേ .. ആയമ്മക്ക് ഒരുപാട് ഇഷ്ടായിരുന്നില്ലേ നിന്നെ ? എന്റെ മോള് ചെല്ല് . നല്ല കുട്ടിയല്ലേ ? " അമ്മ വാല്‍സല്യത്തോടെ കീര്‍ത്തനയുടെ മുടിയില്‍ തലോടി .

" ഉം .. ശരി !! " മനസ്സില്ലാ മനസ്സോടെ സമ്മതിച്ച് കീര്‍ത്തന തറയുടെ അടുത്തേക്ക് നടന്നു . ഒരുപാട് പേര്‍ ഉണ്ട് . ഒരു ഉത്സവത്തിന്റെ ആള്‍ക്കൂട്ടം . കീര്‍ത്തനയുടെ കണ്ണുകള്‍ ആള്‍ക്കൂട്ടത്തില്‍ അച്ഛനെ പരതി .

അപ്പുമാഷോട് എന്തോ സംസാരിച്ചു നില്‍ക്കുന്ന അച്ഛന്റെ അടുത്തേക്ക് കീര്‍ത്തന നീങ്ങി .

" ആ ... മോള് വന്നോ ? നീ ഒന്ന് തോഴുതിട്ട് വാ . " ഭണ്ഡാരത്തില്‍ ഇടാനുള്ള ചില്ലറത്തുട്ടുകള്‍ അച്ഛന്‍ അവള്‍ക്കു നല്‍കി . കൊടുതിത്തറയുടെ മുന്നില്‍ കണ്ണടച്ച് തൊഴുതു .

" കീത്തനൂട്ടീ ..... !!! "

കാറ്റിന്റെ മന്ത്രണം പോലെ ആ വിളിയൊച്ച കേട്ട് കീര്‍ത്തന നടുങ്ങിപ്പോയി . കണ്ണ് തുറന്നു ചുറ്റും നോക്കി . പുരുഷാരം മാത്രം . തോന്നിയതായിരിക്കും . വീണ്ടും അവള്‍ കണ്ണടച്ചു .

" കീത്തനൂട്ടീ ..... !!! " വീണ്ടും മുണ്ടിയമ്മയുടെ സ്വരം കാതില്‍ . കീര്‍ത്തനയുടെ രോമകൂപങ്ങള്‍ ഭീതിയാല്‍ എഴുന്നു നിന്നു . മുണ്ടിയമ്മയുടെ ചിരിയുടെ അലയൊലികള്‍ കാതില്‍ മുഴങ്ങുന്നു . " കീത്തനൂട്ടീ ..... !!! " എന്നുള്ള വിളിയൊച്ച ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നു ...

" അടുത്ത ദേവി നീയാ ..... " മുണ്ടിയമ്മയുടെ സ്വരം തലച്ചോറിനെ മന്ദീഭവിപ്പിച്ചുവോ ? കീര്‍ത്തനയെ വിറയ്ക്കാന്‍ തുടങ്ങി . തന്റെ ചുറ്റും ഉള്ള പുരുഷാരം മങ്ങി മങ്ങി ഇല്ലാതാവുന്നു . ചെണ്ടയുടെ രൌദ്ര താളം അന്തരീക്ഷത്തില്‍ ലയിച്ചു ചേരുന്നു . ശൂന്യത മാത്രം ...

" അമ്മേ .... ദേവീ ..... !!!!! " കീര്‍ത്തനയില്‍ നിന്നും ഒരു നിലവിളി പോലെ ആ ശബ്ദം ഉയര്‍ന്നു . ആളുകള്‍ നടുങ്ങി നോക്കി നില്‍ക്കെ കീര്‍ത്തന മുടിയഴിച്ച് കുരുതിത്തറയ്ക്ക് മുന്നില്‍ ആടാന്‍ തുടങ്ങി .

അവളുടെ കാതില്‍ അച്ഛന്റെ നിലവിളിയേക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ മുണ്ടിയമ്മയുടെ ചിരി മുഴങ്ങുകയായിരുന്നു അപ്പോള്‍ .

5 comments:

  1. മുടിയാട്ടം ഞാൻ കണ്ടിട്ടുണ്ടായിരുന്നു, നിത്താതെയുള്ള ആട്ടം കാണുംബോൽ ഈ സ്ത്രീക്ക് തല കറക്കമൊന്നും വരില്ലേ എന്നൊക്കെ ചിന്തിക്കും, വയസ്സായ സ്ത്രീകൾ കൾൽ കുടിച്ചാണു ആടുന്നതെന്നും പറയുന്നത് കേട്ട്ങ്കിലും വിശ്വാസം വന്നില്ല, ഇപ്പോൽ മിഴിയുടെ വരികളിലേക്ക് കണ്ണോടിച്ചപ്പോൾ അന്ന് പലരും പറഞ്ഞത് ശരിയാണെന്ന് തോന്നി,
    നന്നായിരിക്കുന്നു, അഭിനന്ദനം മിഴി,

    ReplyDelete
  2. മിഴി,കഥ ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. കഥ നന്നായിരിക്കുന്നു....ആശംസകള്‍.....

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. മുടിയാട്ടം എനിക്ക് ഇതു വരെ കാണാൻ സാധിച്ചിട്ടില്ല….നന്നായി എഴുതിയതു കാരണം കന്മുന്നിൽ കണ്ട പോലെ…

    ReplyDelete