Tuesday, December 21, 2010

മറവി



ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ 
ഞാന്‍ ആരാണ് .. എന്താണ് ...
മറവിയുടെ കാണാക്കയങ്ങളില്‍ 
ഓര്‍മയുടെ 
നേര്‍ത്ത വെള്ളി രേഖകള്‍ 
ഇടറി വീഴുന്നതും 
ഇരുട്ടില്‍ അവ വീണ്ടും 
മറവിയുടെ അഗാധതയിലേക്ക്‌ 
ലയിക്കുന്നതും 
കൌതുകം സ്ഫുരിക്കുന്ന മനസ്സോടെ ...
അല്ല ...
മനസ്സെന്ന ഒന്ന് ഇല്ലല്ലോ തനിക്ക് 
മനസ്സെന്ന ഒന്ന് ഉണ്ടായിരുന്നെങ്കില്‍ 
മറവിയുടെ കൂടെ ഓര്‍മ്മകള്‍ കൂടി
ഉണ്ടായിരുന്നേനെ 

മറവിയുടെ മൂടുപടം അണിയുമ്പോഴും 
ജീവിതത്തില്‍ തോല്‍വിയുടെ 
മാറാപ്പുകള്‍ ചുമന്നു വീണ്ടും വീണ്ടും
പരാജയങ്ങളിലേക്കു കൂപ്പു കുത്തുമ്പോഴും 
ഓര്‍മ്മകള്‍ കുത്തി നോവിക്കാറുണ്ട് 

ഇരുളിന്റെ തണുപ്പില്‍
ഗര്‍ഭ ഗൃഹത്തില്‍ പ്രാണന്‍ സരുക്കൂട്ടി
വെളിച്ചത്തിന്റെ അസത്യതിലേക്ക്
കാലൂന്നിയപ്പോഴാനു
മറവി തുടങ്ങിയത്
അല്ല .. ഓര്‍മ്മകള്‍ നശിച്ചത് 

ഗര്‍ഭ പാത്രത്തെ ;
പൊക്കിള്‍ കൊടിയെ മറന്നുകൊണ്ടായിരുന്നു
തുടക്കം 
ചിതലരിച്ച ഓര്‍മകളില്‍ നിന്നും മുഖങ്ങള്‍ 
പുറത്തു വരാന്‍
മടി കാണിച്ചു തുടങ്ങിയപ്പോള്‍
മറവിയുടെ നിത്യ നിശബ്ദതയിലേക്ക്
പല മുഖങ്ങള്‍ ഇടറി വീണു കൊണ്ടിരുന്നു 

തോളോട് തോള്‍ ചേര്‍ന്ന് ബാല്യത്തിന്റെ
വര്‍ണങ്ങള്‍ തനിക്കായ് പകുത്തു 
നല്‍കിയ ചങ്ങാതി മറവിയുടെ 
ഇരയായി ഒടുങ്ങി 
പ്രണയത്തിന്റെ നാള്‍ വഴികളില്‍
ഇതാണെന്റെ ജീവിതം
ഇവളാണെന്റെ ജന്മം 
ഇവളാണെന്റെ ...... 
അട്ടഹാസങ്ങള്‍
മറവിയുടെ പടു കുഴിയിലേക്ക് അലര്‍ച്ചയോടെ
വീണു ആത്മഹത്യ ചെയ്തു 

കണ്ണിനു മീതെ കൈപ്പടം വച്ച് കാഴ്ച്ചയെ 
മാടി വിളിക്കുന്നത്‌ അമ്മയാണെന്ന് 
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച 
പതിത മനസിനെ മറവിയുടെ
കരാള ഹസ്തങ്ങള്‍ 
കഴുത്ത് ഞെരിച്ചു .

ചുളുങ്ങിയ അലൂമിനിയ
പിഞ്ഞാണത്തില്‍ ഭക്ഷണമെന്ന പേരില്‍
മരുമകളും മകനും
കൂടി നല്‍കിയ വാര്‍ധക്യ ജീവിതത്തെ
മറക്കാന്‍ കാലമൊരുപാട്
വേണ്ടി വന്നു 

ഇന്നൊരു വെള്ളത്തുണിയില്‍
നീണ്ടു നിവര്‍ന്നു കിടക്കവേ 
അറിയുന്നു ഞാന്‍ 
ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതാണ് പുണ്യം 
മറവിയുടെ അന്ധകാരം തന്നെയാണ് വേദം 

മറവിയുടെ ലോകത്ത് മറക്കാന്‍ മറന്നു പോയ
ഈ ഓര്‍മക്കുറിപ്പും
മറവിയുടെ വാതായനങ്ങളിലൂടെ 
അലസ ഗമനം നടത്തട്ടെ 

No comments:

Post a Comment