Thursday, December 9, 2010

ശ്യാമാംബരം
കണ്ണ് തുറന്നത് അമ്മയുടെ നിര്‍ത്താതെ ഉള്ള വിളി കേട്ടാണ്‌.. എണീല്‍ക്കാന്‍ തോന്നിയില്ല. പുതപ്പിനുള്ളില്‍ തല പൂഴ്ത്തി കിടക്കാന്‍ നല്ല സുഖം. പല തരം പക്ഷികളുടെ കള കൂജനം ഒരു താരാട്ട് പാട്ടിന്റെ സുഖം നല്‍കി. മനസ്സ് ശൂന്യമാണല്ലോ എന്ന് ഒട്ടൊരു അത്ഭുതത്തോടെ ആണ് ചിന്തിച്ചത്‌. എഴുന്നേല്‍ക്കണമല്ലോ എന്നാലോചിച്ചപ്പോള്‍ ഒട്ടൊരു മടിയും."എന്താ കുട്ട്യേ ഇത്? നേരം എത്ര്യായെന്നാ വിചാരം? .. ഇന്ന് എകാദശിയാ.. മറന്ന്വോ അത്? .. വേഗം എണീറ്റ്‌ കുളിച്ചു അമ്പലത്തില്‍ പോയി തൊഴുതിട്ടു വന്നോളൂ ന്‍റെ കുട്ട്യേ.. "അമ്മയുടെ സ്വരം പുറത്തു കേട്ടു.. അറിയാതെ ഓര്‍ത്തു .. എന്നും ഒരു വേവലാതി മുഴച്ചു നില്‍ക്കും അമ്മയുടെ സംസാരത്തില്‍. ആത്മഹത്യാ മുനമ്പില്‍ നിന്നും മൂന്നു പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് ജീവിതത്തിന്റെ പരുക്കന്‍ പാതയിലേക്ക് ചങ്കൂറ്റത്തോടെ; ഒരു ആണിന്റെ മനസ്തൈര്യത്തോടെ പൊരുതിക്കയറിയ അമ്മ. കുത്ത് വാക്കുകളോടും അവഗണനകളോടും മത്സര ബുദ്ധിയോടെ എതിരിട്ട അമ്മയെ കൈ കൂപ്പി തൊഴണം.'ദേ പെണ്ണെ .. നീ എഴുന്നെല്‍ക്കുന്നുണ്ടോ .. ഇല്യാച്ചാ ന്‍റെ വായീന്ന് നീ നല്ലത് കേക്കും. വേഗം എണീറ്റ്‌ പോയി കുളിക്കെടീ" ..ചിന്തകളുടെ ചെപ്പ് പൊട്ടിച്ചിതറി. ഇനിയും കിടന്നാല്‍ അമ്മ ഭൂകമ്പം ഉണ്ടാക്കും. പുതപ്പു മാറ്റി എണീറ്റു. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ബ്രഷും പേസ്റ്റും സോപ്പും എടുത്ത് കുളക്കടവിലേക്ക് നടന്നു. വിശാലമായ കുളം. കാലം ബാക്കി വച്ച ഗ്രാമത്തിന്റെ തിരു ശേഷിപ്പുകളില്‍ ഒരെണ്ണം. പല്ല് തേപ്പു കഴിഞ്ഞു ഒന്ന് മുങ്ങിയപ്പോള്‍ ശരീരം പൊട്ടി തരിക്കുന്ന പോലെ.... ഗ്രാമത്തിന്റെ വിശുദ്ധി തന്നെ വലയം ചെയ്യുന്ന പോലെ. കുളത്തിന്റെ പാതി വരെ പായല്‍ നീക്കി വെടിപ്പാക്കിയിട്ടുന്ദ്‌. ഒന്ന് നീന്തിപ്പതച്ചു. പാപങ്ങളെല്ലാം അലിഞ്ഞു തീരട്ടെ എന്ന് വെറുതെ എങ്കിലും ചിന്തിച്ചു. സെറ്റ് സാരി ഉടുത്ത്‌ തലയില്‍ തുളസിക്കതിര്‍ ചൂടി ക്ഷേത്രത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് ചാറ്റല്‍ മഴ തുടങ്ങിയത്." കുട എടുത്തോളൂ കുട്ട്യേ.. മഴ നനഞ്ഞു പനി പിടിക്കണ്ട ഇനി "" വേണ്ടമ്മേ.. ചാറുന്നതല്ലേ ഉള്ളൂ.. കുടയൊന്നും വേണ്ട. ഈ മഴ നനഞ്ഞാലൊന്നും എനിക്ക് പനി പിടിക്കില്ല. "അമ്മയുടെ ആകുലത നിറഞ്ഞ മുഖം കണ്ടില്ലെന്നു നടിച്ച് നടന്നു. പാട വരമ്പത്ത് കൂടെ നടക്കുമ്പോള്‍ കണ്ട പച്ചപ്പ്‌ മനസ്സിലേക്കും പടര്‍ന്നു കയറി. ഏകാദശി ആയതുകൊണ്ടാവാം.. ക്ഷേത്രത്തില്‍ നല്ല തിരക്ക്. പലരും ഒട്ടൊരു അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ സന്തോഷം അലതല്ലി." ദെവക്യമ്മെടെ മോളാ.. ഇപ്പൊ പൊറം നാട്ടിലൊക്കെ പോയി പണിയെടുത്ത്‌ വല്യ നെലേല്‍ ആയി "ആരൊക്കെയോ കുശുകുശുക്കുന്നത് കേട്ടു. നോക്കാന്‍ പോയില്ല. കൃഷ്ണനെ കൈ കൂപ്പി തോഴുമ്പോള്‍ എന്തോ ഒരു ചൈതന്യം മനസിലേക്ക് അലയടിച്ചു കയറി. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അറിഞ്ഞില്ല. പ്രസാദം വാങ്ങി നെറ്റിയില്‍ അണിഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ വിസ്മയത്തോടെ നോക്കിയവര്‍ക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു."ദേവ്യേ.. അവടോന്നു നിന്നേ.. ഒരൂട്ടം പറയട്ടെ. " ചിരപരിചിതമായ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. ജയേട്ടന്‍.." ഇപ്പൊ വല്യ കാശുകാരായപ്പോ നമ്മളെ ഒന്നും കണ്ടാ മിണ്ടില്ലാന്നായോ? "സ്വത സിദ്ധമായ ചെറു പുഞ്ചിരിയോടെ ഉള്ള ചോദ്യം കേട്ടു ആദ്യം ചിരിയാണ് വന്നത്. ജയേട്ടന്‍ എന്നും ഇങ്ങനെ തന്നെ ആയിരുന്നല്ലോ.. എത്ര ദേഷ്യം ഉണ്ടായാലും ചിരിച്ചുകൊണ്ടേ സംസാരിക്കാറുള്ളൂ." അങ്ങനെ ഒന്നും ഇല്ല ജയേട്ടാ.. ഓരോ ചിന്തകളില്‍ പെട്ട് അങ്ങനെ നടന്നു. ഞാന്‍ കണ്ടില്ലായിരുന്നു.. കണ്ടിരുന്നെങ്കില്‍ ഞാന്‍ മിണ്ടാതെ പോകുമോ? " ക്ഷമാപണത്തിന്റെ സ്വരത്തില്‍ അങ്ങനെ പറയാനാണ് തോന്നിയത്‌." ഞാന്‍ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ.. വീട്ടിലെക്കല്ലേ? .. നടന്നോളൂ.. ഞാനും ആ വഴിക്കാ. എഴുത്തച്ഛനെ ഒന്ന് കാണണം. ഒന്ന് രണ്ടു പുസ്തകങ്ങള്‍ എടുക്കണം."കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല ജയേട്ടന്. അധ്യാപനവും വായനയും അല്ലറ ചില്ലറ കലാ പ്രവര്‍ത്തനവും എഴുത്തച്ഛന്റെ വീട്ടിലെ സാഹിത്യ സദസ്സും... അങ്ങനെ അങ്ങനെ.. എന്നും ജയേട്ടന്‍ തനിക്കൊരു അത്ഭുതം ആയിരുന്നല്ലോ എന്ന് വിസ്മയത്തോടെ ചിന്തിച്ചു. അതായിരുന്നല്ലോ തമ്മിലുള്ള അടുപ്പം പ്രണയം എന്ന് പറയാവുന്ന തലത്തിലേക്ക് വളര്‍ന്നത്‌.. ജയേട്ടന്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.. കേള്‍ക്കാന്‍ നല്ല രസം തോന്നി. നാണിയമ്മ മരിച്ചത്... കുന്നെക്കാവിലെ മൂവാണ്ടന്‍ മാവ് കടപുഴകി വീണത്‌.. സാവിത്രിയുടെയും വിനോദിന്റെയും കല്യാണം കഴിഞ്ഞത്... സ്കൂളിന് പുതിയ ചുറ്റുമതില്‍ കെട്ടിയത്... കാട്ടുവാചിറ അമ്പലത്തിലെ എഴുന്നള്ളത്തിനിടയില്‍ ആന ഇടഞ്ഞത്.. എല്ലാം മനക്കണ്ണില്‍ കാണുകയായിരുന്നു.. വീടെത്തിയത് അറിഞ്ഞില്ല.."ഇനി എന്നാ തിരിച്ച്? " ചോദ്യം പ്രതീക്ഷിച്ചതായിരുന്നെന്കിലും കേട്ടപ്പോള്‍ അറിയാതെ ഞെട്ടി."പോണം. പോയല്ലേ പറ്റൂ.. അടുത്ത് തന്നെ പോകും " വാക്കുകള്‍ എന്നില്‍ നിന്ന് തന്നെ ആണോ വന്നതെന്ന് സംശയിച്ചു. കൌതുകത്തോടെ നോക്കിയ ജയേട്ടന്റെ മുന്നില്‍ നിന്നും ഓടി രക്ഷപെടാനാണ് തോന്നിയത്. ഒറ്റക്കിരുന്നു കുറച്ചു നേരം കരയണം. ജയേട്ടനോട് യാത്ര പറഞ്ഞ് കളപ്പുരയിലേക്ക് നടന്നു. ഇതാണ് പറ്റിയ സ്ഥലം. അല്പം ഉച്ചത്തില്‍ കരഞ്ഞാലും ആരും കേള്‍ക്കില്ലല്ലോ. അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു. മതിയാവോളം കരഞ്ഞു. മനസ്സില്‍ അടക്കിപ്പിടിച്ചിരുന്ന വിങ്ങലുകളെല്ലാം കണ്ണിലൂടെ അണപൊട്ടി ഒഴുകി.തന്‍ നശിച്ചാലും തന്റെ കുടുംബം രക്ഷപെട്ടല്ലോ എന്ന് ഓര്‍ത്തപ്പോള്‍ അല്പം സമാധാനം തോന്നി. പേര്‍സണല്‍ സെക്രട്ടറി എന്നാ പേര് അക്ഷരാര്‍ത്ഥത്തില്‍ പേര്‍സണല്‍ ആക്കിയ ബോസ്സ്. തന്നെ വെറും വില്‍പ്പന ചരക്കാക്കി കോടികളുടെ ബിസിനസ്‌ പിടിച്ചെടുക്കുന്ന സമര്‍ത്ഥന്‍. പക്ഷെ അയാള്‍ അറിയുന്നില്ലല്ലോ ഒരു പാവം മലയാളി പെണ്‍കൊടിയുടെ ജീവിതം ആണ് തന്‍ പൂക്കുല പോലെ ചിതറിച്ചു കളയുന്നതെന്ന്.. അവള്‍ നെയ്തു കൂട്ടിയ

സ്വപ്‌നങ്ങള്‍.. ഒരു പാവം വാധ്യാരുമൊത്തുള്ള ജീവിതം.. എല്ലാം പുല്ലില്‍ ചിതറിയ തവിട് പോലെ ആയതു അയാള്‍ ആസ്വദിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എത്രയെത്ര മനുഷ്യര്‍ ... എത്രയെത്ര മുഖങ്ങള്‍ ... ഇനിയും ആ ചെളിക്കുഴിയിലേക്ക് തന്നെ മടങ്ങിപ്പോകണമല്ലോ എന്നോര്‍ത്തപ്പോള്‍ അറിയാതെ ഒരു ഉള്‍ക്കിടിലം. കളപ്പുരയുടെ മൂലയില്‍ വച്ചിരിക്കുന്ന വിഷക്കുപ്പി തന്നെ നോക്കി പല്ലിളിക്കുന്നതായി ദേവിക്ക് തോന്നി. ഭ്രാന്തമായ ഒരു മുഴക്കം തലച്ചോറിനെ ബാധിക്കുന്നു...ഇനി ഒരു തിരിച്ച് പോക്ക് എങ്ങോട്ട് ?... ജീവിതം എന്ന അഴുക്കു ചാലിലേക്കോ അതോ....കളപ്പുരയിലെ നേര്‍ത്ത ഇരുട്ട് തന്റെ മനസ്സിലേക്കും വ്യാപിക്കുന്നത് അവള്‍ ഒരു ഉന്മാദത്തോടെ അറിഞ്ഞു. പകലോന്‍ അപ്പോഴും പുറത്ത്‌ പുഞ്ചിരി തൂകുകയായിരുന്നു.


Share:

2 comments:

 1. എന്ത് ന്യായം പറഞ്ഞാലും ഇത്തരക്കാര്‍ മരിക്കുകയാണ് നല്ലത് ?
  ഒരു തവണ എന്തിന്റെ പേരിലാണെങ്കിലും തെറ്റ് ചെയ്താല്‍ ആരും ക്ഷമിക്കും , വീണ്ടും അതാര്‍വര്‍ത്തിച്ചാല്‍ അത് മനപ്പൂര്‍വമല്ലേ ?
  എഴുത്ത് നന്നായിട്ടുണ്ട് .........തുടരുക ...........

  സസ്നേഹം
  മധുമാമന്‍

  ReplyDelete