Wednesday, June 8, 2011

സമ്മാനം


ഇന്നെന്‍ ജന്‍മദിനം
ഭൂമിയെ കാണാന്‍ കൊതിച്ചു
വര്‍ണത്തിന്‍ വെളിച്ചത്തിലേയ്ക്കു ഞാന്‍
ഊളിയിട്ടിറങ്ങിയിട്ടിന്നു
ഒരു വര്‍ഷമാകുന്നു
അമ്മിഞ്ഞപ്പാലിന്‍ മാധുര്യം ; ചുണ്ടില്‍
മാതൃത്വത്തിന്‍ വാത്സല്യം
പറിച്ചു മാറ്റപ്പെട്ടിട്ടു ഇന്നേക്ക്
നാളേറെ കഴിയുന്നു
വര്‍ണ വിളക്കുകള്‍ തെളിഞ്ഞ
വീടിന്റെ ചുറ്റിലും
വിരുന്നുകാര്‍ വന്നെത്തി
വിളിച്ചവരും വിളിക്കാത്തവരും
കൌതുകം കണ്ണില്‍ വിരുന്നിനെത്തി
വിളക്കിന്‍ ചുവട്ടില്‍
ഈയം പാറ്റ പോലെ ഞാനെന്ന
വിളക്കിന്‍ മുന്നില്‍ പൊതിയുന്നു പുരുഷാരം
ഹാപ്പി ബര്‍ത്ത് ഡേ പാടി എല്ലാവരും
അര്‍ത്ഥമെന്തെന്നറിയാത്ത
കൊച്ചു കിടാങ്ങള്‍ അതേറ്റു ചൊല്ലി
കൈ കൊട്ടി പാടുമ്പോഴും അവരുടെ കണ്ണില്‍
വിരിയുന്നു എന്നെക്കാളേറെ
മുന്നില്‍ വച്ചിരിക്കുന്ന
മെഴുകു തിരി കാലുകള്‍ നാട്ടിയ
കേക്കിന്റെ സൌരഭ്യം
അച്ഛന്റെ കൈയില്‍ തിളങ്ങും
കത്തിയാല്‍ വെട്ടിമുറിച്ച്
മധുരത്തിന്‍ തുള്ളികള്‍ തെറിപ്പിക്കെ
ഒരു വാക്കിനാല്‍ എന്റെ പിറന്നാള്‍
ഒതുക്കിയവര്‍
മധുരത്തിനായി
മല്‍പ്പിടിത്തം നടത്തുന്നു
ബഹളത്തില്‍ പിന്നിലേക്കെറിയപ്പെട്ട
പിഞ്ചിളം കണ്ണുകള്‍ ചുറ്റിലും പരതവേ
പീള മൂടിയ കണ്ണുകള്‍ വലം വെക്കുന്നു
മുത്തശ്ശി എന്നാണതിന് പേരെന്ന്
ആരോ ചൊല്ലി തന്നതോര്‍ക്കുന്നു
പഴയ ചാക്കുകള്‍ അടുക്കിയ മുറിയില്‍
ഇരുള്‍ മൂടിയ പുക പിടിച്ച
ചുമരുകള്‍ക്കുള്ളില്‍
ഞാനും ഒരു ജന്മമാണെന്നു
ദീന ദീനം കേഴുന്ന
വിളര്‍ത്തു മെലിഞ്ഞ ഒരു അസ്ഥി പഞ്ജരം
മുത്തശ്ശി എന്ന വിരോധാഭാസം
അതിഥികള്‍ പോകും വരെ
മുറിയില്‍ കിടക്കണം
പുറത്തേക്കു വരരുത്.
അപമാനമാണ് ഞങ്ങള്‍ക്കത്
അച്ഛന്റെ ആജ്ഞ മുത്തശ്ശിയുടെ കണ്‍കളില്‍
ദിവാ സ്വപ്നത്തിന്റെ ഭീതി നിറക്കെ
കണ്ണുകള്‍ തേടുന്നു
വിശപ്പ്‌ മണക്കുന്ന സുഭിക്ഷമായ
പാത്രങ്ങളിലേക്ക്
വിശപ്പിന്‍ മൂര്‍ധന്യതയില്‍
ആര്‍ത്തിയോടെ നോക്കുന്ന മുത്തശ്ശി
കയ്യില്‍ ഇപ്പോഴും ബാക്കി കിടക്കുന്ന 
മധുരത്തിന്‍ തുണ്ടുമായ് ഇരുള്‍ വീണ
ഇടനാഴിയിലൂടെ ആ കയ്യിലേക്ക്
പകരവേ അറിയുന്നു ഞാന്‍
ഇതാണെന്‍ സമ്മാനം. മുത്തശ്ശിയുടെ വിറയാര്‍ന്ന
കൈകളാല്‍ തലയില്‍ തലോടലിന്‍
വാത്സല്യം വിളമ്പിയ ഈ സ്നേഹമാണെനിക്ക്
ലഭിച്ച അമൂല്യ സമ്മാനം

3 comments:

  1. മുത്തശി ഒരു മധുരമാണ് അല്ലെ എനിക്ക് അത് മധുര മുള്ള ഒര്മയുമാണ് n

    ReplyDelete
  2. ഹ് മം, നന്നായിയിക്കുന്നു

    ReplyDelete
  3. കവിത ഇഷ്ടായി..... പക്ഷേ മുകളിലുള്ള ഉണ്ടക്കണ്ണ് പേടിപ്പിക്കുന്നു..

    ReplyDelete