Monday, May 23, 2011

ഗന്ധര്‍വ യാമം
നവര നെല്ല് ഇടിച്ചു കുത്തി ചളുങ്ങിയ അലൂമിനിയ പാത്രത്തിലേക്ക് തവിട് കളഞ്ഞു ഇടുമ്പോള്‍ അശ്വതിയുടെ കൈ പതറി ഒരല്‍പം അരി താഴെ വീണു . 

"ക്ഷമിക്കണേ ഭഗവാനെ ... !!! "

മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ട് അശ്വതി ആ അരിമണികള്‍ പെറുക്കിയെടുത്തു കലത്തിലേക്ക് ഇട്ടു . കലം ഒന്ന് കുടഞ്ഞു നിവര്‍ത്തിയ ശേഷം അശ്വതി എണീറ്റു . 

മൂന്നു മണി ആയതെ ഉള്ളൂ സമയം. എങ്കിലും ഇരുട്ട് മൂടിയ പോലെ . രണ്ടു ദിവസമായി ഇതാണ് സ്ഥിതി . മഴക്കാറ് മൂടി പെട്ടെന്ന് ഇരുട്ടാകുന്ന പ്രതീതി . 

" ആതിരേച്ചീ ... ഒന്നിങ്ങട് വര്വോ ? .."

അശ്വതി അകത്തേക്ക് നോക്കി വിളിച്ചു .

" എന്താ അച്ചൂട്ടീ ? .. ഞാന്‍ കുളിച്ചോണ്ടിരിക്യാ .. "

" ഓ .. എന്നാ വേണ്ട . ഞാന്‍ പശൂനെ അഴിക്കാന്‍ പോവ്വാ ട്ടോ . നല്ല മഴക്കാറ്ണ്ട് . ചെലപ്പോ പെയ്തേക്കും "

"ശരി ... " 

അശ്വതി അരിക്കലം അടുക്കളയിലെ ഒരു പലകയിലേക്ക് വച്ചു . അഴയില്‍ കിടന്ന ഒരു തോര്‍ത്തും എടുത്തുകൊണ്ട് പറമ്പിലേക്ക് ഓടി . 

" കുട എടുത്തോണ്ട് പോ അച്ചൂട്ട്യെ .... "

പിന്നില്‍ നിന്നും ആതിരയുടെ സ്വരം കേട്ടില്ലെന്നു നടിച്ചു . അധികം ദൂരെ ഒന്നും അല്ലല്ലോ . 

മഴ വീണു തുടങ്ങി . ചീറിയടിക്കുന്ന തണുത്ത പിശറന്‍ കാറ്റില്‍ അശ്വതിയുടെ വസ്ത്രങ്ങള്‍ ഉലഞ്ഞു . 

" അച്ചൂട്ട്യെ ... എങ്ങടാ ഓടണെ ? അതും കുട പോലും എടുക്കാണ്ട് ? "

രാമേട്ടനാണ് . രാവിലെ പെയ്ത മഴയില്‍ ഇടിഞ്ഞു പോയ വരമ്പ് ശരിയാക്കുകയാണ് . പാടത്ത്‌ നിന്നും ചെളി കോരി വരമ്പിലേക്ക് വെക്കുന്ന രാമേട്ടന്റെ തലയിലെ കൂമ്പാള തൊപ്പിയില്‍ നിന്നും മഴവെള്ളം ഒലിച്ചു ചെന്നിയിലൂടെ ഒഴുകുന്നു ...

" പശൂനെ അഴിക്കാന്‍ പോവ്വാ രാമേട്ടാ .. "

അശ്വതി വേഗം കൂട്ടി .

കാവിനടുത്താണ് പശുവിനെ കെട്ടിയിരിക്കുന്നത് . എത്ര പറഞ്ഞാലും ചേച്ചി കേള്‍ക്കില്ല . ഒരു നൂറാവര്‍ത്തി പറഞ്ഞിട്ടുള്ളതാണ് കാവിനടുത്തു പശുവിനെ കെട്ടരുതെന്ന് . എന്തോരം കഥകളാ കാവിനെപ്പറ്റി ഉള്ളത് .. പേടിപ്പെടുത്തുന്ന കഥകള്‍ . 

അശ്വതി പശുവിനെ അഴിച്ചു . കാവിന്റെ നേരെ നോക്കാന്‍ ഭയം തോന്നി അവള്‍ക്ക് . മഴയും ഇരുട്ടും കൂടിക്കലര്‍ന്നു ഒരു പ്രേതഭൂമിയുടെ അന്തരീക്ഷം സൃഷ്ടിച്ചു അവിടം . മുത്തശി പണ്ട് പറഞ്ഞു തന്നിട്ടുള്ള കഥകളിലെ വാചകങ്ങള്‍ അശ്വതിയുടെ മനസ്സില്‍ പ്രതിധ്വനിച്ചു , 

" മരിച്ചിട്ടും ഗതി കിട്ടാതെ നടക്കുന്ന ആത്മാക്കളുടെ താവളമാ അത് . പണ്ട് വലിയൊരു മാന്ത്രികന്‍ ജീവിച്ചിരുന്നു ആ കാവിനടുത്തുള്ള മനയില്‍ . ആ മാന്ത്രികന്‍ പ്രേതാത്മാക്കളെ  ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്നത് ആ കാവിലാ . രാത്രി കാലങ്ങളില്‍ ആ കാവില്‍ അവറ്റകള്‍ വിഹരിക്കും . ചിലപ്പോള്‍ അവിടന്ന് കരച്ചിലും അലര്‍ച്ചയും എല്ലാം കേള്‍ക്കാം ... രാത്രി ആ വഴിക്ക് പോവുന്ന ആളുകളെ യക്ഷികള്‍ കൊന്നു ചോര കുടിക്കും . ... പ്രത്യേകിച്ച് പെണ്‍കുട്ടികളെ .... "

ഒരുപാട് പേര്‍ മരിച്ചു കിടന്നിട്ടുള്ള കാവിന്റെ മുന്നിലാണ് താന്‍ നില്‍ക്കുന്നത് . അശ്വതിയുടെ സിരകളില്‍ നടുക്കത്തിന്റെ ദ്യുതി മിന്നി . 

" ഈശ്വരാ .. കാത്തോളണെ ... !! " അശ്വതി മനസ്സില്‍ പ്രാര്‍ഥിച്ചു . തലയില്‍ ഇട്ട തോര്‍ത്ത്‌ നനഞ്ഞു കുതിര്‍ന്നിരുന്നു . ഒരു കൈ കൊണ്ട് അവള്‍ തോര്‍ത്തെടുത്ത് പിഴിഞ്ഞു . ആ കൈ കൊണ്ട് തന്നെ വീണ്ടും തലയില്‍ വിതര്‍ത്തിയിട്ടു.പശുവിനെയും കൊണ്ട് വേഗത്തില്‍ നടന്നു. 

" ആ .............................. !!!!! "

പൊടുന്നനെ കാവില്‍ നിന്നും ഹൃദയം നടുക്കുന്ന ഒരു അലര്‍ച്ച ഉയര്‍ന്നു . 

നടുങ്ങി വിറച്ച അശ്വതി നിലവിളിച്ചു പോയി . നടുക്കവും തണുപ്പും കാരണം ഒരു ചെറിയ ശബ്ദമേ പുറത്തു വന്നുള്ളൂ . 

അശ്വതിയുടെ രോമകൂപങ്ങള്‍ ഷോക്കടിച്ച പോലെ എഴുന്നു നിന്നു . മുന്നോട്ടു കുതിക്കാന്‍ തുടങ്ങിയ അവളെ തല്‍ക്ഷണം രണ്ടു ബലിഷ്ഠ കരങ്ങള്‍ വരിഞ്ഞു മുറുക്കി . നൊടിയിടയില്‍ അശ്വതി കാവിനുള്ളിലേക്ക് വലിച്ചിഴക്കപ്പെട്ടു . 

ശ്വാസം കിട്ടാതെ ഉള്ള പിടച്ചില്‍ ശബ്ദം കാവിനെ നടുക്കി . വെട്ടേറ്റ മൃഗത്തിന്‍റെത് പോലെ ഉള്ള ഒരു ആക്രന്തനം മഴയിലേക്ക് തുളഞ്ഞിറങ്ങി . ഒരു നിമിഷം പ്രകൃതി നിശ്ചലമായത് പോലെ . കെട്ടഴിഞ്ഞ പശു പ്രാന ഭീതിയാലെന്നോണം വിരണ്ടോടി .

പിറ്റേ ദിവസം തണുത്തു വിറങ്ങലിച്ച അശ്വതിയുടെ മൃതദേഹം കാണാന്‍ വന്ന ആള്‍ക്കൂട്ടത്തില്‍ ആ ഗന്ധര്‍വ്വനും ഉണ്ടായിരുന്നു . ആര്‍ത്തി പൂണ്ട അയാളുടെ കണ്ണുകള്‍ അടുത്ത കന്യകയെ ആള്‍ക്കൂട്ടത്തില്‍ പരതി .

1 comment:

  1. :huh: ... onnu bhayapeduthi... mizhiiiiiii kolaamto.......

    ReplyDelete