Monday, May 23, 2011

കടപ്പാടിന്‍റെ നേര്‍ രേഖ

ഈ പാഴ് ജന്മത്തില്‍
എനിക്കാരോടാണ് കടപ്പാട് ..
എന്നെ
ഈ ഭൂമിയിലേക്ക്‌ ദൌത്യത്തിനായി
തള്ളി വിട്ട ദൈവത്തിനോടോ

ഒരു ചെറു ബീജമായ്
നാട വിര പോല്‍ ജനിച്ചു കൈകാല്‍ കുടഞ്ഞു
ഗോളാകൃതിയില്‍
എനിക്ക് പ്രാണന്‍റെ ആദ്യ പാഠം
ചൊല്ലിതന്ന
ഗര്‍ഭ പാത്രത്തിനോടോ

അമിഞ്ഞപാലിന്‍റെ മാധുര്യം
എന്‍റെ നാവിന്‍ തുമ്പില്‍
ജീവാമൃതമായ് സ്നേഹവും ലാളനയും
സമം ചേര്‍ത്ത് നല്‍കിയ
അമ്മ തന്‍ വാല്‍സല്യത്തിനോടോ

ജീവിച്ചു തുടങ്ങും മുമ്പേ
ജീവിതത്തെക്കാള്‍ വലിയ ഭാരം
ചുമടായ് ചുമന്നു രക്തം ചുടു വിയര്‍പ്പായ്‌
ഒഴുക്കി എനിക്ക് അന്നം നല്‍കിയ
അച്ഛന്‍റെ വിയര്‍പ്പു തുള്ളികളോടോ ...

ഒരു നേര്‍ത്ത തെന്നല്‍ പോലെ
ധമനികളില്‍ പ്രേമത്തിന്‍ മുദ്രകള്‍ ചാര്‍ത്തി
സൌഹൃദത്തിന്റെ മൂട് പടം
അണിയിച്ചു ഹൃദയം
പിച്ചി പറിച്ചു കണ്‍ മുന്നിലൂടെ
തകര്‍ന്ന മനസ്സില്‍ ചവിട്ടി അനന്തതയിലേക്ക്
നടന്നു കയറിയ പ്രണയത്തോടോ .....

ഒരു നുള്ള് കുങ്കുമം സീമന്ത രേഖയിലും
താലി ചരടിന്റെ പരുക്കന്‍ ബാന്ധവം
കഴുത്തിലും വലം കയ്യിലേക്ക് ചേര്‍ത്ത് വച്ച് തന്ന
മറു കയ്യിന്‍റെ സംരക്ഷണയില്‍
വലതു കാല്‍ വച്ച് ജീവിതത്തിലേക്ക്
നടന്നു കയറിയ
ജീവിതത്തിന്‍റെ മറു പാതിയോടോ ....

മാതൃത്വത്തിന്‍ ആനന്ദം
കൈ കാലുകള്‍ കുടഞ്ഞു
ലോകത്തെ നോക്കി അലറിക്കരഞ്ഞു
പിഞ്ചു കൈകളാല്‍
മാതൃത്വത്തെ തൊട്ടുണര്‍ത്തിയ
കടിഞ്ഞൂല്‍ കുരുന്നിനോടോ .....

അമ്മെ എന്നാദ്യം കൊഞ്ചി
അമ്മിഞ്ഞ പാലിന്റെ കൂടെ
ജീവനും ജീവിതവും പകുത്തു വാങ്ങി
മാതൃത്വത്തിന്റെ താപം ശമിപ്പിച്ച
പിന്ജിളം ചുണ്ടിനോടോ ...

വാര്‍ധക്യത്തിന്റെ തണുത്തു മരവിച്ച
പായിലിരുന്ന് മരണത്തെ കൈ നീട്ടി
വിളിച്ചു അനന്ത വിഹായസ്സിലേക്ക് പറന്നുയരുമ്പോള്‍
അത് വരെ എനിക്ക് കൂട്ടിരുന്ന
മുഷിഞ്ഞു നാറിയ കീറിപ്പറിഞ്ഞ
പുല്‍ പായയോടോ ....

ചിതയിലോടുങ്ങും മുന്‍പേ
നാവില്‍ വീണ അരി മണികളും ഗംഗാ ജലവും
അഷ്ട ഗന്ധവും സാമ്പ്രാണിയും
ചന്ദന തിരികളും നിലവിളക്കും
എന്‍റെ കടപ്പാടിന്‍റെ അംശം
കൈക്കൊള്ളാനായി കാത്തു നില്‍ക്കില്ലേ ....

തെക്കേ ചിതയില്‍ എന്നെ ജ്വലിപ്പിക്കുന്ന
മൂവാണ്ടന്‍ മാവിനോടോ ...
ആരോടാണ് എനിക്ക് അവസാന കടപ്പാട് ...
അറിയില്ല ...

ഈ ജന്മം എനിക്ക് മരണത്തെ വരിക്കാനാവില്ല
കടങ്ങളും കടപ്പാടുകളും ജീവിതത്തിന്‍റെ
ഏകാന്ത നിമിഷങ്ങളും
സ്നേഹത്തിന്‍ ദ്യുതി ഉച്ചി മുതല്‍ ഉടല്‍ വരെ
എനിക്കായ് നല്‍കിയ എന്നെ അറിഞ്ഞ ഞാന്‍ അറിഞ്ഞ
ഓരോ പുല്‍ക്കൊടിയോടും ഉള്ള
കടപ്പാടുകളുടെ ആകെത്തുക
ഈ ജന്മമാണ് ...
ഇത് നിങ്ങള്‍ എടുക്കുക ...
ഈ ജന്മമാണ് നിങ്ങള്‍ക്ക് ഞാന്‍
നല്‍കുന്ന എന്‍റെ പ്രത്യുപകാരം ...

5 comments:

 1. കടപ്പാടിന്റെ നേർ രേഖ, ഈ ചോദ്യതിനുള്ള മറുവടി ആർ തരും ????ആരോടാണ് എനിക്ക് അവസാന കടപ്പാട് ...
  അറിയില്ല ...
  നല്ല വരികൾ , ചിന്തിപ്പിക്കുന്ന വാചകങ്ങൾ, അഭിനന്ദനം
  സഹോദരി

  ReplyDelete
 2. ഈ കവിത എനിക്ക് ഇഷ്ട്ടപ്പെട്ടു

  ReplyDelete
 3. നന്ദി ഷംസു ഇക്കാ

  ReplyDelete
 4. നന്ദി ഓഷ്യന്‍ . ഇത് വഴി വന്നതിനും അക്ഷരങ്ങളിലൂടെ കണ്ണോടിച്ചത്തിനും സന്തോഷം

  ReplyDelete
 5. excellent...... valare nalloru aashayam.. manoharamaya aakhyana reethi.. bcz manasine onnu pidichiruthunu varikal... mizhiiiiiiiii :good: ineem ezhuthuuuuuu....

  ReplyDelete