Friday, April 29, 2011

മാപ്പിളൈ - ഒരു ചെറിയ അവലോകനം




ചിത്രം - മാപ്പിളൈ

സംവിധാനം - സുരാജ്

സംഗീതം - മണിശര്‍മ്മ

കാസറ്റ്‌ ആന്‍ഡ്‌ ക്ര്യൂ - ധനുഷ്‌ , ഹന്‍സിക , മനീഷ, വിവേക്‌ , മനോബാല തുടങ്ങിയവര്‍


എന്റെ കാഴ്ചപ്പാട്

20 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ രാജനികാന്തും , അമലയും , ശ്രീവിദ്യയും തകര്‍ത്തഭിനയിച്ച , ചിരഞ്ജീവി നിര്‍മ്മിച്ച്‌ ഇളയരാജ സംഗീതം നല്‍കിയ മാപ്പിളൈ എന്ന ബ്ലോക്ക്‌ ബസ്റ്റര്‍ ചിത്രത്തിന്റെ പുനരാവിഷ്കരണം ആണ് ധനുഷിന്റെ മാപ്പിളൈ . പുതിയ തലമുറയ്ക്ക് വേണ്ടി അഭ്ര പാളികളില്‍ എത്തുന്നത്‌ ധനുഷിനോപ്പം ഹന്‍സിക , മനീഷ വിവേക്‌ എന്നിവരാണ് . സംവിധാനം സുരാജ് , സംഗീതം മണിഷര്‍മ്മ . പഴയ രജനിയുടെ ചിത്രം കണ്ടവര്‍ക്ക് പുതിയ ചിത്രവും കഥാപാത്രങ്ങളുടെ അഭിനയവും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല . 

കഥ : 

ഒരു പക്കാ റൌഡി ആയ നായകന്‍. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നിരന്തരം തലവേദന ഉണ്ടാക്കുന്ന മകനെ വീട്ടില്‍ നിന്ന് കുറച്ചു ദിവസത്തേക്ക് അകറ്റി നിര്‍ത്താന്‍ തീരുമാനിക്കുന്നു അച്ഛനും അമ്മയും . വീട്ടില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ നാട്ടുകാര്‍ പുത്രന് അന്ത്യ കൂദാശ നല്‍കും . അങ്ങനെ മകന്‍ ചെന്നൈ യില്‍ ഉള്ള ബന്ധുവിന്റെ അടുത്തേക്ക് താമസം മാറ്റുന്നു . അവിടെ മൂപ്പര്‍ ഭയങ്കര ഭക്തന്‍ ആയിട്ടാണ് അറിയപ്പെടുന്നത് . വഴക്കില്ല. ചീത്ത സ്വഭാവം ഇല്ല ... ഒരു നല്ല നായകന്‍ . അവിടത്തെ പ്രധാന വായ്നോക്കികള്‍ ആണ് ചൈല്‍ഡ്‌ ചിന്നയും കൂട്ടാളികളും . ചിന്നയെ അവതരിപ്പിക്കുന്നത്‌ വിവേക്‌ ആണ് . ചിന്നയുടെ തലമുടിയും സ്ലാങ്ങും തന്നെ ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത . 

പെട്ടെന്ന് പണക്കാരനാവാന്‍ എന്ത് ചെയ്യണം എന്ന ചിന്നയുടെ ചോദ്യത്തിന് പണക്കാരി പെണ്ണിനെ ലൈനടിച്ചു കല്യാണം കഴിച്ചാല്‍ മതി എന്ന് നായകന്‍ പറയുന്നു . അങ്ങനെ ചിന്ന ലൈനടിക്കാന്‍ കണ്ടു വെക്കുന്ന പെണ്ണിനെ നായകന്‍ പ്രേമിക്കുന്നു ( നേരെ മറിച്ചാണ് . നായിക നായകനെ പ്രേമിക്കുന്നു )

പെണ്ണിന്റെ അമ്മ മനീഷ കാര്യം അറിയുന്നു . മകളെ നായകന് കെട്ടിച്ചു കൊടുക്കാന്‍ ഒരുങ്ങുന്നു . അപ്പോഴാണ്‌ നായകന്‍ ഭയങ്കര സംഭവം ആണ് എന്ന് അറിയുന്നത് . മനീഷ നേരെ ചെന്ന് ആശിഷ്‌ വിദ്യാര്‍ഥിയുടെ മകനെകൊണ്ട് മകളെ കെട്ടിക്കാന്‍ ഒരുങ്ങുന്നു . നായകന്‍ ഇതറിഞ്ഞു തന്ത്രപൂര്‍വ്വം നായികയെ കെട്ടുന്നു . 

അമ്മയിയമ്മക്ക് ബിപി കൂടി . മരുമകനെ വെല്ലു വിളിക്കുന്നു . മകളെക്കൊണ്ട് നിന്നെ വേണ്ട എന്ന് പറയിപ്പിക്കും എന്ന് അമ്മായിയമ്മ . അത് നടക്കില്ലെന്നും നിങ്ങളുടെ ഈ പണം കൊണ്ടുള്ള അഹങ്കാരം തീര്‍ത്തു എന്നെ മാപ്പിളൈ എന്ന് നല്ല മനസ്സോടെ വിളിപ്പിക്കും എന്ന് മരുമകന്‍ 

ജുദ്ധം സ്റ്റാര്‍ട്ട്‌ ...

ബാക്കി എല്ലാം വെള്ളിത്തിരയില്‍ 

കഥയുടെ കാര്യം ഞാന്‍ പറയേണ്ടല്ലോ . ഒരു കാലത്ത് ഗംഭീര വിജയം നേടിയ ഒരു ചിത്രം എന്ന നിലയില്‍ കഥ നല്ലതായിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല . പക്ഷെ പുതിയ വേര്‍ഷനില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റ് പറ്റിയോ ? അതോ അവര്‍ക്ക് നല്‍കിയ വേഷത്തില്‍ അല്‍പ്പം അതിഭാവുകത്വം കലര്ന്നോ ? ഓരോരുത്തരെ ആയി പറയാം

ധനുഷ്‌ :

അഭിനയിക്കാന്‍ അറിയാം എന്ന് ആടുകാലം , യാരടി നീ മോഹിനി , എന്നീ ചിത്രങ്ങളിലൂടെ ധനുഷ്‌ തെളിയിച്ചിട്ടുള്ളതാണ് . മാപ്പിളൈ എന്നാ ചിത്രത്തിലും അദ്ദേഹത്തിനാല്‍ കഴിയുന്ന രീതിയില്‍ അദ്ദേഹം നീതി പുലര്‍ത്തിയിട്ടുണ്ട് . പക്ഷെ നല്ലവനായ നായകനില്‍ നിന്നും ലോക്കല്‍ ഗുണ്ടയിലേക്കുള്ള കൂടുമാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല . ധനുഷ്‌ അടിച്ചു വീഴ്ത്തുന്ന ആളുകളുടെ ശരീര പ്രകൃതി തന്നെ ആ ദഹനക്കേടിന് കാരണം . കാരണം വില്ലന്മാര്‍ ഒന്ന് തുമ്മിയാല്‍ പറന്നു പോകാവുന്ന അത്രയെ ഉള്ളൂ ധനുഷ്‌ . ആ ധനുഷിന്റെ മേല്‍ ഇത്തരം ഒരു വേഷം കെട്ടി വച്ചത് ശരിയായോ ? ( തമിഴില്‍ .. ഇപ്പോള്‍ മലയാളത്തിലും .. ഇതൊന്നും വലിയ പുത്തരി അല്ലല്ലോ . അത് കൊണ്ട് നമുക്ക് അക്കാര്യം വിടാം )

മനീഷ :

മനീഷയുടെ ഒരു തിരിച്ചു വരവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം . ഒരു അമ്മായിയമ്മ മരുമകന്‍ മത്സരമായ ചിത്രത്തില്‍ രണ്ടുപേരും തകര്‍ത്തു അഭിനയിച്ചിട്ടുണ്ട് ( അഭിനയം എന്ന് ഒരു അരങ്ങിനു വേണ്ടി പറഞ്ഞതാണ് .. സത്യത്തില്‍ അങ്ങനെ ഒരു കാര്യം ആരെങ്കിലും ഈ ചിത്രത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് വിവേക്‌ , നായകന്‍റെ അച്ഛന്‍ , അമ്മ , കള്ളാ സ്വാമി ആയി അഭിനയിച്ച മനോബാല എന്നിവരാണ് )

പക്ഷെ മനീഷയുടെ കഥാപാത്രത്തിന് പുതിയ ഉടുപ്പ് തുന്നിയപ്പോള്‍ അതില്‍ പടയപ്പയിലെ നീലാംബരിയെ ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ചത് വകതിരിവില്ലാത്ത ഒരു കാര്യം ആയിപ്പോയി . മനീഷയെ ഇന്ട്രോഡ്യൂട് ചെയ്യുന്ന സമയത്ത് ഒരു നീലാംബരി പ്രേതം മനീഷയില്‍ കടന്നു കൂടി എന്ന് എനിക്ക് തോന്നിയത് എന്റെ തെറ്റാവാം ചിലപ്പോള്‍ . ക്ഷമിക്കുക .

എങ്കിലും മനീഷ തന്റെ റോള്‍ ഭംഗിയാക്കി എന്ന് തന്നെ വേണം പറയാന്‍ ( പഴയ വേര്‍ഷനില്‍ നമ്മുടെ സ്വന്തം വിദ്യാമ്മ ( ശ്രീവിദ്യ ) അവിസ്മരണീയമാക്കിയ രാജ രാജെശ്വരിക്ക് പുതു ജീവന്‍ നല്‍കിയപ്പോള്‍ അത് വിദ്യാമ്മയുടെ ഒരു നിഴല്‍ മാത്രം ആയി എന്ന് മിഴിപക്ഷം )

ഹന്‍സിക :

ഇപ്പോള്‍ തമിഴ്‌ , മലയാളം സിനിമകളില്‍ നായികമാര്‍ എന്താണോ ചെയ്യുന്നത് അത് തന്നെയേ ഹന്സികക്കും ഇതില്‍ ചെയ്യാനുള്ളൂ . നായകനെ പ്രേമിക്കുക , നാല് മരം ചുറ്റി പ്രേമ ഗാനങ്ങള്‍ . തീര്‍ന്നു . എന്തിനു ബോളിവുഡില്‍ നിന്നും ഈ താരത്തെ തമിഴില്‍ കൊണ്ട് വന്നു എന്ന് എനിക്ക് മനസിലായില്ല . ഒരു സാദാ നായിക . നോ കമ്മന്റ്സ്

വിവേക്‌ :

ഞെട്ടിച്ചു കളഞ്ഞു . ഉത്തമ പുത്തിരന് ശേഷം വിവേക്‌ പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുക തന്നെ ആണ് . ഉത്തമ പുത്തിരനിലെ ഇമോഷണല്‍ എകാംബരം നമ്മെ പൊട്ടിച്ചിരിയുടെ പുതിയൊരു മേഖലയിലേക്ക് കൊണ്ട് പോയത് എങ്ങനെയോ അതിനേക്കാള്‍ ഒരുപടി മേലെ ആണ് ഈ ചിത്രത്തിലെ ചൈല്‍ഡ്‌ ചിന്ന . രൂപത്തിലും ഭാവത്തിലും ശൈലിയിലും ഓരോ നിമിഷവും പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കാന്‍ വിവേകിന് കഴിയുന്നുണ്ട് . പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അറിയാതെ സംശയിച്ചു .ഇതോരു ധനുഷ്‌ പടമോ അതോ വിവേക്‌ പടമോ ? സംശയിക്കാന്‍ കാരണം ഉണ്ട് . അത്രയ്ക്ക് മികച്ച റോള്‍ ആണ് വിവേകിന് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത് .

കണ്ടിരിക്കാന്‍ പറ്റിയ ഒരു നല്ല ചിത്രം . സംഘട്ടന രംഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു നല്ല എന്റര്‍ടെയ്നര്‍ .

വാല്‍ക്കഷണം : ഒറിജിനല്‍ മാപ്പിളയുമായി താരതമ്യപ്പെടുതാതിരിക്കുക . ധനുഷിന്റെ പടം കാണാന്‍ വേണ്ടി പോവുക. അല്ലാതെ രജനി പടത്തിന്റെ അതെ ഗുണത്തില്‍ കാണണം എന്ന ആവേശവുമായി ആണ് ഈ ചിത്രം കാണുന്നതെങ്കില്‍ നിരാശയായിരിക്കും ഫലം .

ഒരു കാര്യം പറയാന്‍ മറന്നു പോയി . സംഗീതവും സംവിധാനവും . രണ്ടും ആവറെജ് . അതിനപ്പുറം ഇല്ല .

No comments:

Post a Comment