Friday, April 29, 2011

വഴിത്താരകള്‍




കത്തി ജ്വലിക്കുന്ന സൂര്യന്‍ . വിണ്ടു കീറി പൊളിഞ്ഞിളകിയ റോഡില്‍ നഗ്ന പാദങ്ങള്‍ പതിയുമ്പോള്‍ പൊള്ളുന്നത് കാല്‍വെള്ള മാത്രമല്ല . മനസ്സ് കൂടി ആണ് .

അമ്മയുടെ കൈ പിടിച്ചു ശൂന്യമായ മനസ്സോടെ നടക്കുമ്പോള്‍ കാലിന്റെ പൊള്ളല്‍ അറിയുന്നില്ലെന്നോ ? ചുമലില്‍ തൂക്കിയ തുണിസഞ്ചിയുടെ ഭാരം കാലുകളെ തളര്‍ത്തുന്നു . അമ്മയുടെ മുഖത്തേക്ക് നോക്കി .

നിര്‍വികാരമായ മുഖം . കണ്ണുകളില്‍ പൊഴിയാന്‍ വെമ്പി നില്‍ക്കുന്ന രണ്ടു തുള്ളി ചുടുകണങ്ങള്‍ . ചേച്ചി നന്നേ ക്ഷീണിച്ചിരിക്കുന്നു . പൊള്ളുന്ന കാലുകള്‍ ഇടയ്ക്കിടെ കുടയുന്നു . 

മുന്നില്‍ നീണ്ടു പരന്നു കിടക്കുന്ന പാത . അനന്തതയിലേക്ക് തന്നെ അല്ലെ ഈ യാത്രയും ? എവിടെ ചെന്നെത്തി നില്‍ക്കും ? 

" പതിനാറു കഴിഞ്ഞില്ലേ ? നിങ്ങള്‍ പോകുന്നില്ലേ ? " അച്ഛമ്മയുടെ അസഹിഷ്ണുതയോടെ ഉള്ള സ്വരം . മടുത്തിരിക്കുന്നു അവര്‍ക്ക് . അച്ഛന്‍ മരിച്ചതിനു ശേഷം പതിനാറു ദിവസം എന്തൊക്കെ കുത്തുവാക്കുകള്‍ കേട്ടു . അപ്പോള്‍ അമ്മ എത്ര കേട്ടിട്ടുണ്ടാവും ? സ്വന്തം മകന്റെ ഭാര്യയും മക്കളും ആണെന്ന് ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ല അച്ഛമ്മ . അച്ഛമ്മ മാത്രം അല്ല . ചിറ്റപ്പനും ഇളയമ്മയും ആരും . ഏതോ അഭയാര്‍ഥികളോട് പെരുമാറുന്ന പോലെ . 

അമ്മ ഇടയ്ക്കു പറഞ്ഞു . " അവര്‍ എന്ത് വേണമെങ്കില്‍ പറഞ്ഞോട്ടെ . നീ ഒന്നും പറയാന്‍ നില്‍ക്കണ്ട . നാട്ടുകാരെ ബോധ്യപ്പെടുത്താനെങ്കിലും അടിയന്തിരം കഴിയുന്നത് വരെ ഇവിടെ നില്‍ക്കണം . " 

സഹനത്തിന്റെ കഠിന പാതകളില്‍ നിരന്തരം സഞ്ചരിച്ച അമ്മയുടെ സ്വരത്തില്‍ കരച്ചിലിന്റെ ധ്വനി ഉണ്ടായിരുന്നു . 

എടുക്കാനുള്ള തുണിയും മറ്റും എടുത്തു ഞങ്ങളുടെ കൈ പിടിച്ചു അമ്മ ഇറങ്ങി . അച്ഛമ്മയുടെയും മറ്റും മുഖത്ത് ഒരു ശല്യം ഒഴിവായി എന്ന ഭാവം ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി മനസ്സില്‍ കിടന്നു .

വീട്ടിലേക്കുള്ള ഇടവഴിയിലേക്കു കയറി . നോക്കിയാല്‍ കാണാം . തകര്‍ന്നു വീഴാറായ ഓല കൊണ്ട് മറച്ച വീട് . മുറ്റത്തേക്ക് കയറാന്‍ വയ്യ . ചപ്പു ചവറുകള്‍ കുന്നു കൂടി കിടക്കുന്ന മുറ്റം .
പതിനാറു ദിവസം കൊണ്ട് ഒരു വീടിനു ഇത്രയും മാറ്റങ്ങള്‍ സംഭവിക്കുമോ ? അമ്മയെ നോക്കി . നടുങ്ങിയിട്ടെന്ന പോലെ നില്‍ക്കുകയാണ് അമ്മ . ചേച്ചി തളര്‍ന്നു കൂനി മുറ്റത്തിന്റെ ഒരു കോണില്‍ ഇരുന്നു . വാടിതളര്‍ന്നിരിക്കുന്നു അവള്‍ . ഇടയ്ക്കിടെ വരുന്ന അപസ്മാരം അവളെ ഒരൊറ്റ നോട്ടത്തില്‍ തന്നെ ഒരു രോഗിയാക്കി മാറ്റിയിട്ടുണ്ട് .

" നീ ആ ചൂലെടുത്തു മുറ്റം ഒക്കെ വൃത്തിയാക്ക് . അകത്തേക്ക് കയറണ്ട. ചിലപ്പോ എല്ലാം കൂടി തലയിലേക്ക് വീഴും . അമ്മൂനെ നോക്കിക്കോ " 

പറഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് കയറി . എല്ലാം വൃത്തിയാക്കി വന്നപ്പഴേക്കും തളര്‍ന്നു തൂങ്ങി . 

" നാളെ വിഷു അല്ലെ അമ്മെ ? " 

കിടക്കുമ്പോള്‍ കാതുകളില്‍ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം വന്നലച്ചു . 

"ഉം .... !!! " അമ്മ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് പുറംതിരിഞ്ഞു കിടന്നു .
എപ്പോഴോ ഉറങ്ങിപ്പോയി . കാതടപ്പിക്കുന്ന ഒരു മുഴക്കം കേട്ടുകൊണ്ടാണ് ഞെട്ടിയുണര്‍ന്നത് .
പുറത്തു നിന്നും " കണി ... കണി ... " എന്നുള്ള ശബ്ദഘോഷം . 

കലാവേദിക്കാര്‍ ഓരോ വീട്ടിലും കണി ഒരുക്കി കൊണ്ട് പോകും . വീട് വീടാന്തരം കയറി ഇറങ്ങി കണി കാണിച്ചു ദക്ഷിണയും വാങ്ങി പോകും . കണി ഒരുക്കാത്തവര്‍ക്ക് ഒരു നല്ല കാര്യമാണ് അവര്‍ ചെയ്യുന്നത് . മുറ്റത്ത്‌ നിന്നും ഉള്ള ഭജന ഉച്ചത്തിലായി .

" അമ്മെ .. അമ്മേ ... എനീക്ക് .. കനിയും കൊണ്ട് വന്നിരിക്കുന്നു .... !!! "

" എണീക്കണ്ട . ആരും ഇല്ലെന്നു കരുതി അവര് പോയ്ക്കോളും . "
അമ്മ ഉണര്‍ന്നിരിക്കുകയായിരുന്നോ ? 

" അപ്പൊ കണി കാണണ്ടേ അമ്മേ ? "

" അവര്‍ക്ക് ദക്ഷിണ വെക്കാന്‍ പൈസ ഇല്ല ... " ഗദ്ഗദം അമ്മയുടെ വാക്കുകളെ മുറിച്ചു .
പതിയെ എണീറ്റു . ശബ്ദമുണ്ടാക്കാതെ ഓലമറയുടെ വിടവിലൂടെ കോലായില്‍ വച്ചിരിക്കുന്ന കണി കണ്ടു . ശബ്ദമുണ്ടാക്കാതെ തന്നെ വന്നു കിടക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു . 
******************************************************************************
കുളി കഴിഞ്ഞു വന്നപ്പോഴേക്കും അമ്മ ചേച്ചിയെ കുളിപ്പിച്ചിരുന്നു ,
" നീ ഇവളെ നോക്ക് . ഞാനൊന്ന് മുങ്ങിയിട്ട് വരാം " എന്റെ കയ്യില്‍ നിന്ന് സോപ്പും തോര്‍ത്തും വാങ്ങി അമ്മ കുളത്തിലേക്ക്‌ പോയി . ചായ തിളപ്പിച്ച്‌ ചേച്ചിക്ക് കൊടുത്ത ശേഷം അരി ഇട്ടു വച്ച പാത്രത്തിന്റെ മൂടി തുറന്നു . 

ശൂന്യം ... !!!

വിഷുവിനു ചോറ് വെക്കാന്‍ അരി ഇല്ല . അമ്മ വരട്ടെ . അമ്മയുടെ കയ്യില്‍ പൈസ ഇല്ലെന്നാണല്ലോ രാവിലെ പറഞ്ഞത് . എന്താ ഇനി ചെയ്യാ ?

" അമ്മേ .. അരി തീര്‍ന്നു . വാങ്ങിക്കണ്ടേ ? " 

കുളി കഴിഞ്ഞു വന്ന അമ്മ ഒന്ന് മൂളിക്കൊണ്ട് അകത്തേക്ക് കയറി . പഴയ തകരപ്പാട്ടയില്‍ നിന്ന് ഏതാനും ചില്ലറത്തുട്ടുകള്‍ പെറുക്കിയെടുത്തു . ആകെ അതില്‍ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ . കുറച്ചു നേരം അമ്മ ആ ചില്ലറത്തുട്ടുകളിലേക്ക് ഇമവെട്ടാതെ നോക്കി . 

" നീ പോയി അരക്കിലോ അരി വാങ്ങിച്ചു കൊണ്ട് വാ " അമ്മ ആ പൈസ എന്റെ നേരെ നീട്ടി 
" അരക്കിലോ അരി എങ്ങനെയാ അമ്മേ വാങ്ങിക്കുക ? ഇന്ന് വിഷു അല്ലെ ? കടക്കാര്‍ എന്ത് വിചാരിക്കും ? "

അമ്മ ഒന്ന് ഞെട്ടിയത് പോലെ തോന്നി . 

" എങ്കില്‍ ...... അരക്കിലോ പച്ചരി വാങ്ങിച്ചോ ..... "

പൊട്ടി വന്ന കരച്ചില്‍ അമ്മ പണിപ്പെട്ടു അടക്കിയത് ആര്‍ത്തലയ്ക്കുന്ന ഹൃദയത്തോടെ ആണ് കണ്ടത് .

അറിയും വാങ്ങി തിരിച്ചു വരുമ്പോള്‍ അയല്വക്കത്തെ വീടുകളില്‍ കുട്ടികള്‍ കമ്പിത്തിരിയും മത്താപ്പും ചക്രവുമെല്ലാം കത്തിക്കുന്നത് കൊതിയോടെ ഇത്തിരി നേരം നോക്കി നിന്നു . 
അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ...... 
അറിയാതെ വിതുമ്പി .

" നിനക്ക് വേണോ ... ? " കുട്ടികളില്‍ ആരോ വിളിച്ചു ചോദിച്ചു .

വേണം ... വേണം ... മനസ്സ് കുതി കുതിച്ചു . എങ്കിലും നാവില്‍ നിന്നു വീണത്‌ വേണ്ട എന്നാണു .

പച്ചരിച്ചോറും പച്ചമുളകും തേങ്ങയും ചേര്‍ത്തരച്ച ചമ്മന്തിയും കൂട്ടി വിഷു സദ്യ ഉണ്ണുമ്പോള്‍ അമ്മയുടെ മിഴികളില്‍ നിന്നും ചോറിലേക്ക് ഹൃദയം വെന്തു ചോര പെയ്തു . 

ഒരു പൊട്ടിക്കരച്ചിലോടെ അമ്മ എന്നെയും ചേച്ചിയും മാറോട് ചേര്‍ത്ത് അമര്‍ത്തി .

ഗദ്ഗദം തൊണ്ടയില്‍ പിടുത്തമിട്ട നിമിഷം വായിലിട്ട ചോറുരുള പുറത്തേക്കു വിക്കി .

ആ വിഷുസദ്യക്ക് കണ്ണീരിന്‍റെ ഉപ്പുണ്ടായിരുന്നു . അച്ഛന്റെ ചോരയുടെ ഗന്ധം ഉണ്ടായിരുന്നു . എത്ര നല്ല സദ്യ ഉണ്ടാലും ആ ഒരു പിടി പച്ചരിച്ചോറിന്റെയും ചമ്മന്തിയുടെയും രുചി തന്നെ ജീവിതത്തിലെ ഏറ്റവും രുചിയുള്ള നിമിഷം 

2 comments:

  1. ശരിക്കും മനസ്സിനെ നല്ല വണ്ണം വേദനിപ്പിച്ച അനുഭവ കുറിപ്പ്
    അരിയും വാങ്ങി തിരിച്ചു വരുമ്പോള്‍ അയല്വക്കത്തെ വീടുകളില്‍ കുട്ടികള്‍ കമ്പിത്തിരിയും മത്താപ്പും ചക്രവുമെല്ലാം കത്തിക്കുന്നത് കൊതിയോടെ ഇത്തിരി നേരം നോക്കി നിന്നു .
    അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ......
    അറിയാതെ വിതുമ്പി .
    *********************** മുകളിലെ വരികളിലേക്ക് കണ്ണോടിച്ചപ്പോൾ എന്റേയും കണ്ണ് നിറഞ്ഞത് പോലെ , ഇതൊക്കെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന്,
    അച്ഛനില്ലാത്ത വിശമങ്ങൾ ഇത്തരം സന്ദർഭങ്ങളിലാണു മനസ്സിലാകുക,
    വായിച്ചപ്പോൾ വായിക്കണ്ടാന്ന് തോന്നിപ്പോയി , ശരിക്കും കണ്ണ് നനയിച്ചു മിഴി,
    ഇതൊക്കെ മനസ്സിൽ എന്നും മായാതെ നിൽക്കും, മറക്കാൻ ശ്രമിച്ചാലും ഒരിക്കലും നടക്കാത്ത അനുഭവങ്ങളിൽ ഒന്ന്.

    ReplyDelete
  2. vayich kazhinjapo sankadaayi.. sherikum kannu niranju.. mizheeeesss :sad: keep writinggg......

    ReplyDelete